മാരുതി പോലും മോഹിക്കുന്ന മാറ്റം, 17 കൊല്ലം പഴക്കമുള്ള ആൾട്ടോയുടെ കണ്ടീഷൻ കണ്ടോ
സാധാരണക്കാർക്കും കാർ എന്ന സ്വപ്‌നം യാഥാർഥ്യമാക്കി കൊടുത്തവരാണ് മാരുതി സുസുക്കി. 800 നിരത്തുകൾ വാണ് പിൻവാങ്ങാൻ സമയമായപ്പോൾ പകരക്കാരനായി കമ്പനി കണ്ടെത്തിയത് ആൾട്ടോ എന്ന ഇതിഹാസത്തെയായിരുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിച്ചിട്ടുള്ള കാര്‍ എന്ന സ്റ്റാറ്റസ് സ്വന്തമാക്കിയിട്ടുള്ള ആള്‍ട്ടോ 45 ലക്ഷം വീടുകളിൽ എത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ. ആദ്യതലമുറ മോഡൽ രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും വരെ ഓടിക്കയറിയിട്ടുണ്ട്.
2000-ത്തില്‍ ആണ് ആദ്യ ആള്‍ട്ടോ മാരുതിയില്‍ നിന്ന് എത്തുന്നത്. ആദ്യ നാല് വര്‍ഷം വിപണിയില്‍ വലിയ തോതിൽ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കില്‍ 2004-ല്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കുന്ന വാഹനമായി ആള്‍ട്ടോ മാറി. പിന്നീട് പിടിച്ചാൽ കിട്ടാത്ത വിൽപ്പന കണക്കുകളാണ് ബ്രാൻഡിന് മുന്നോട്ടുവെക്കാനായത്. എൻട്രി ലെവൽ ഹാച്ച്ബാക്ക് മോഡലായ ആൾട്ടോ 800 നിർത്തലാക്കിയെങ്കിലും K10 എന്ന പുതുലമുറക്കാരൻ വിപണിയിൽ ഹിറ്റ് ആവർത്തിക്കുകയാണ്.

ഇന്ന് സെക്കൻഡ് ഹാൻഡ് വിപണിയിൽ ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്ന കാർ കൂടിയാണ് ആൾട്ടോ. മോഡിഫൈ ചെയ്‌ത് കൊണ്ടുനടക്കാനായാലും, വണ്ടിയോടിച്ച് പഠിക്കുന്നവർക്കുമെല്ലാം പ്രിയങ്കരനാണ് ഇവൻ. ഇപ്പോഴിതാ 17 വർഷം പഴക്കമുള്ള ആൾട്ടോയെ റീപെയിന്റ് ചെയ്‌ത് റീസ്റ്റോർ ചെയ്‌ത വീഡിയോയാണ് യൂട്യൂബിൽ വൈറലായിരിക്കുന്നത്. ബിഎംഡബ്ല്യു സ്‌നാപ്പർ റോക്ക്‌സ് ബ്ലൂ മെറ്റാലിക് കളർ ഓപ്ഷനിൽ ഒരുക്കിയിരിക്കുന്ന വണ്ടി ആദ്യ കാഴ്ച്ചയിൽ തന്നെ ഗൃഹാതുരത്വം ഉണർത്തും.
ബ്രോട്ടോമോട്ടിവ് യൂട്യൂബ് ചാനലിലാണ് ആൾട്ടോയുടെ കംപ്ലീറ്റ് റീസ്റ്റോറേഷൻ വീഡിയോയും പുറത്തുവിട്ടിരിക്കുന്നത്. നിലവിലെ ഉടമയുടെ പരേതനായ അച്ഛൻ 17 കൊല്ലങ്ങൾക്ക് മുമ്പാണ് ഈ വാഹനം വാങ്ങുന്നത്. ആയതിനാൽ നിലവിലെ ഉടമയ്ക്ക് ഈ കാറിനോട് പ്രത്യേക ഇഷ്‌ടമുണ്ട് താനും. അങ്ങനെയാണ് പഴഞ്ചനായി തുടങ്ങിയ കാറിനെ പുതിയ ഭാവത്തിലേക്ക് കൊണ്ടുവരാൻ തീരുമാനമെടുക്കുന്നത്. എക്സ്റ്റീരയറിൽ റീപെയിന്റ് ചെയ്‌തത് മാറ്റി നിർത്തിയാൽ മറ്റ് മാറ്റങ്ങളൊന്നും കാണാനാവില്ല.

അതേസമയം ഇന്റീരിയറിൽ ചില കസ്റ്റമൈസേഷൻ വർക്കുകൾ നടത്തിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിലേക്ക് വരുന്നതിനു മുമ്പ് റീസ്റ്റോറേഷന് വിധേയമാത്തിയ കാറിന്റെ പുറംഭാഗത്തെ പരിഷ്ക്കാരങ്ങളിൽ നിന്നും തുടങ്ങാം. ബിഎംഡബ്ല്യു സ്‌നാപ്പർ റോക്ക്‌സ് ബ്ലൂ മെറ്റാലിക് കളർ ഓപ്ഷനാണ് ഓണർ തന്റെ ആൾട്ടോയ്ക്കായി തെരഞ്ഞെടുത്തത്. ഇത് മാരുതി സ്റ്റോക്കായി ഒരുകാലത്ത് നൽകിയിരുന്ന നിറത്തിന് ഏതാണ്ട് സമാനമാണെന്ന് വേണം പറയാൻ.
റീസ്റ്റോറേഷൻ തുടങ്ങുന്നത് വീഡിയോയിലൂടെ കാണാം. പാനലുകളും വിൻഡ്ഷീൽഡും നീക്കം ചെയ്തുകൊണ്ട് സംഘം കാർ ഡിസ്അസംബ്ലിംഗ് ചെയ്യാൻ തുടങ്ങിയപ്പോൾ, മുൻവശത്തെ വിൻഡ്ഷീൽഡിന് താഴെയുള്ള മെറ്റൽ ഫ്രെയിമിൽ കനത്ത തുരുമ്പ് കണ്ടെത്തി. മറ്റ് പാനലുകളൊന്നും തുരുമ്പിന്റെ പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്നില്ലെന്ന് കണ്ടെത്തിയത് അനുഗ്രഹമായി. അങ്ങനെ പൂർണമായും പൊളിച്ചെടുത്താണ് റീപെയിന്റ് വർക്കുകൾ ആരംഭിക്കുന്നത്.

ഫ്രെയിമിൽ തുരുമ്പെടുത്ത ഭാഗം നീക്കം ചെയ്യുകയും അതിന്റെ സ്ഥാനത്ത് ഒരു പുതിയ പീസ് വെച്ച് വെൽഡ് ചെയ്യുകയുമാണ് ചെയ്‌തതെന്ന് വീഡിയോയിൽ പറയുന്നുണ്ട്. കാറിന്റെ പഴയ പെയിന്റ് സാന്റ് പേപ്പറിട്ട് കളയുകയും ഡെന്റുകൾ ഇല്ലാതാക്കാൻ ഒരു ഡെന്റ് പുള്ളർ മെഷീൻ ഉപയോഗിക്കുകയും ചെയ്‌തിട്ടുണ്ട്. ബാധിത പ്രദേശങ്ങളിൽ സുഗമമായ ഫിനിഷിനായി പുട്ടിയുടെ നേർത്ത കോട്ട് പ്രയോഗിക്കുകയും ചെയ്‌തിട്ടുണ്ട്.
തുടക്കത്തിൽ 17 കൊല്ലം പഴക്കമുള്ള തന്റെ മാരുതി ആൾട്ടോ കാറിന് ലംബോർഗിനി ഉറസിൽ നിന്നുള്ള ബ്ലൂ എലിയോസ് ഷേഡ് നിറം നൽകാനാണ് തീരുമാനിച്ചിരുന്നതെങ്കിലും സോഷ്യൽ മീഡിയയിൽ ബ്രോട്ടോമോട്ടീവിന്റെ മറ്റൊരു വീഡിയോ കണ്ടതിന് ശേഷം ഓണർ ഇതിനു പകരം ബിഎംഡബ്ല്യു കാറുകളിൽ കാണപ്പെടുന്ന സ്നാപ്പർ റോക്ക് ബ്ലൂ മെറ്റാലിക് കളർ നൽകാമെന്ന് വർക്ഷോപ്പിൽ അറിയിച്ചു. അങ്ങനെയാണ് ലോർഡ് ആൾട്ടോ ഈ കളറിൽ തിളങ്ങിയത്.

ഡോറുകൾ, ബോണറ്റ്, ടെയിൽഗേറ്റ്, ബോഡി എന്നീ ഘടകൾക്കെല്ലാം ഫാക്‌ടറി ഗുണനിലവാരം കൈവരിക്കുന്നതിന് പ്രത്യേകം പെയിന്റ് ചെയ്യുകയും ചെയ്‌തു. പണിപൂർത്തിയായപ്പോൾ ഉടമ പ്രതീക്ഷിച്ചതിലും മികച്ച രീതിയിലാണ് ഹാച്ച്ബാക്ക് പുറത്തുവന്നത്. ആൾട്ടോ ഓണറിന്റെ അഭ്യർഥന പ്രകാരം സ്റ്റോക്ക് ഹെഡ്‌ലാമ്പുകൾ മാറ്റി ആഫ്റ്റർ മാർക്കറ്റ് പ്രൊജക്ടർ യൂണിറ്റുകൾ ഉപയോഗിച്ച് മാറ്റി സ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്.
കൂടാതെ, യാത്രകൾ കൂടുതൽ മികച്ചതാക്കാനായി പുതിയ സീറ്റ് കവറുകൾ കൊണ്ട് ഇന്റീരിയർ അലങ്കരിക്കുകയും ചെയ്‌തു. നീല നിറത്തിലുള്ള ഇൻസെർട്ടുകളുള്ള വെളുത്ത കവറുകളാണ് സീറ്റിന് നൽകിയിരിക്കുന്നതെന്ന് വീഡിയോയിൽ കാണാം. ഇത് മൊത്തത്തിലുള്ള ആകർഷണം വർധിപ്പിക്കുന്നുണ്ട്. ഇനിയൊരു അലോയ് വീൽ കൂടിയിട്ടാൽ വണ്ടി കളറാവുമെന്ന് കമന്റുകളും വീഡിയോയ്ക്ക് താഴെ വന്നു നിറയുന്നുണ്ട്.


Click it and Unblock the Notifications








