25 കി.മീ. മൈലേജുള്ള ഈ എസ്‌യുവി ഇതുവരെ വാങ്ങിയത് 10 ലക്ഷം പേർ, ടാറ്റയ്ക്ക് പറ്റുവോ ഈ വേഗം
ഇന്ത്യയിലെ ആദ്യകാല എസ്‌യുവികളിൽ ഒന്നാണ് മാരുതി സുസുക്കി ബ്രെസ. ഡീസൽ എഞ്ചിനോടെയെത്തി അരങ്ങുവാണിരുന്ന കാലത്ത് ടാറ്റ നെക്സോൺ ഒന്നും ചിത്രത്തിൽ പോലുമില്ലായിരുന്നു. സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെ സാധ്യത തേടി രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ വിറ്റാര ബ്രെസയെന്ന ആദ്യ മോഡലിന് രൂപംകൊടുത്തതോടെ ഇന്ത്യക്കാർക്ക് കിട്ടിയത് കിടിലനൊരു വണ്ടിയായിരുന്നു.
മാരുതി സെഗ്മെന്റ് ഹിറ്റാക്കിയതോടെ പിന്നീട് കോംപാക്‌ട് എസ്‌യുവികളുടെ സാധ്യതകൾ തേടി എല്ലാ പ്രമുഖ ബ്രാൻഡുകളും കളത്തിലെത്തി. എന്നിട്ടും കൂടുതൽ ആളുകൾ തേടിയെത്തുന്ന മോഡലായി ഇന്നും ബ്രെസയ്ക്ക് കഴിയുന്നുണ്ടെന്നതാണ് മാസ്. ഇക്കാലയളവിനുള്ളിൽ ഡീസലിൽ നിന്നും പെട്രോൾ മാത്രമുള്ള വാഹനമായി മാറിയെന്നു മാത്രമല്ല പേരിലും വെട്ടിച്ചുരുക്കലിന് ബ്രെസ വിധേയമായിട്ടുണ്ട്. എങ്കിലും ആളുകൾക്ക് ഇവൻ ഇന്നും പ്രിയപ്പെട്ടവൻ തന്നെയാണ്.

ദേ ഇപ്പോൾ പുതിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് മാരുതിയുടെ സ്വന്തം ബ്രെസ. എന്താണന്നല്ലേ, ഇന്ത്യയിൽ 10 ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തിയാക്കിയിരിക്കുകയാണ് എസ്‌യുവി. സെഗ്മെന്റിലെ പല എതിരാളികൾക്കും സ്വപ്‌നം പോലും കാണാനാവാത്ത നേട്ടമാണ് ബ്രെസ നേടിയെടുത്തിരിക്കുന്നത്. 9 ലക്ഷം യൂണിറ്റുകളുടെ സഞ്ചിത വിൽപ്പന രേഖപ്പെടുത്തി വെറും എട്ട് മാസങ്ങത്തിനുള്ളിലാണ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത് എന്നകാര്യവും ശ്രദ്ധേയമാണ്.
2016 മാർച്ചിൽ ലോഞ്ച് ചെയ്‌ത മാരുതി ബ്രെസ 94 മാസം അല്ലെങ്കിൽ 7 വർഷവും എട്ട് മാസവും എടുത്താണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ശരാശരി പ്രതിമാസ വിൽപ്പന 13,921 യൂണിറ്റുകൾ അല്ലെങ്കിൽ ആഴ്ച്ചയിൽ 3,480 യൂണിറ്റുകളാണ്. ഇനി ദിവസക്കണക്ക് നോക്കിയാൽ എല്ലാ ദിവസവും 497 ബ്രെസകളാണ് രാജ്യത്ത് വിറ്റഴിക്കപ്പെടുന്നത്. മോഡേൺ ഡിസൈൻ, മികച്ച മൈലേജ്, കാര്യക്ഷമമായ എഞ്ചിൻ, സ്പേസ് പോലുള്ള കാര്യങ്ങളാണ് ബ്രെസയെ ജനപ്രിയമാക്കുന്ന കാര്യങ്ങൾ.

തുടക്കത്തിൽ ബ്രെസ പുറത്തിറക്കിയപ്പോൾ അതിന്റെ സ്റ്റൈലിംഗായിരുന്നു ഏറ്റവും വലിയ വിൽപന പോയിന്റ്. ആനുപാതികമായ കോംപാക്ട് എസ്‌യുവിയോട് സാമ്യമുള്ള തരത്തിലാണ് മാരുതി സുസുക്കി ബ്രെസ ഡിസൈൻ ചെയ്‌തിരിക്കുന്നത്. ഫ്ലാറ്റ് ബോണറ്റ്, ബോക്‌സി ഡിസൈൻ ഭാഷ്യം, പ്രൊമിനന്റ് വീൽ ആർച്ചുകൾ, വീതിയേറിയ സ്‌കിഡ് പ്ലേറ്റുകൾ, മസ്‌കുലാർ ബമ്പർ, മെലിഞ്ഞതും എന്നാൽ നേരായതുമായ ഹെഡ്‌ലാമ്പുകൾ എന്നിവ ഉപയോഗിച്ച് ബ്രെസ വേഗം ജനമനസുകൾ കീഴടക്കി.
ഫീച്ചറുകളെ പോലെ തന്നെ സേഫ്റ്റിക്കും മുൻഗണ നൽകിയാണ് മാരുതി വാഹനത്തെ പണികഴിപ്പിച്ചിരിക്കുന്നത്. സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിയിൽ എല്ലാ വേരിയന്റുകളിലും 6 എയർബാഗുകൾ വരെ കമ്പനി സ്റ്റാൻഡേർഡായും നൽകുന്നുണ്ട്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, നാവിഗേഷൻ, വോയ്‌സ് കമാൻഡുകൾ എന്നിവയെ പിന്തുണയ്‌ക്കുന്ന 9 ഇഞ്ച് സ്‌മാർട്ട്‌പ്ലേ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് അകത്തളത്തെ ഹൈലൈറ്റ്.

അതോടൊപ്പം 360-ഡിഗ്രി ക്യാമറ, സൺറൂഫ്, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും വൈപ്പറുകളും, പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും എൽഇഡി ലൈറ്റിംഗും, റിവേഴ്‌സിംഗ് ക്യാമറ, റിയർവ്യൂ മിററിനുള്ളിൽ ഓട്ടോ-ഡിമ്മിംഗ്, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതും മടക്കാവുന്നതുമായ പുറത്തെ റിയർവ്യൂ മിററുകൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് പോലുള്ള സമഗ്രമായ ഫീച്ചറുകളും വാഹനത്തിലുണ്ട്.
മുമ്പ് ഡീസൽ എഞ്ചിനിലും ലഭ്യമായിരുന്നെങ്കിലും ബിഎസ്-VI കാലഘട്ടത്തോടെ പൂർണമായും പെട്രോൾ എഞ്ചിൻ മോഡലായി മാരുതിയുടെ പടക്കുതിര മാറുകയായിരുന്നു. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ബ്രെസയ്ക്ക് ഇപ്പോൾ തുടിപ്പേകുന്നത്. ഇത് 102 bhp കരുത്തിൽ പരമാവധി 136.8Nm torque വരെ ഉത്പാദിപ്പിക്കാനാവും. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളാണ് എസ്‌യുവിക്കൊപ്പം വരുന്നത്.

എഞ്ചിനും ഗിയർബോക്സും സിറ്റി ഉപയോഗത്തിനായി പ്രത്യേകം ട്യൂൺ ചെയ്തിരിക്കുന്നതിനാൽ മൈലേജിലും ഇവൻ പുലിയാണ്. ലിറ്ററിന് ഏകദേശം 18.76 കിലോമീറ്റർ ഇന്ധനക്ഷമതയാണ് മാരുതി സുസുക്കി ബ്രെസയിൽ അവകാശപ്പെടുന്നത്. കൂടുതൽ മൈലേജ് വേണ്ടവർക്ക് ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റ് ഉപയോഗിച്ചും വാഹനത്തെ വീട്ടിലെത്തിക്കാം. ഇതിന് 25.51 കിലോമീറ്ററോളം മൈലേജാണ് നൽകാനാവുക.
ഇന്ത്യയിലെ സബ്-4 മീറ്റർ എസ്‌യുവി സെഗ്മെന്റിൽ ടാറ്റ നെക്സോൺ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV300, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ പോലുള്ള വമ്പൻമാരുമായാണ് മാരുതി സുസുക്കി ബ്രെസയുടെ മത്സരം. നിലവില്‍ ഓരോ മാസവും മാരുതി സുസുക്കി ബ്രെസ 14,000-15,000 യൂണിറ്റ് വില്‍പ്പന നേടുന്നുണ്ട്. നേരത്തെ 3.5 മുതല്‍ 4.5 മാസം വരെ കാത്തിരിക്കേണ്ടിയിരുന്ന ബ്രെസയുടെ ബുക്കിംഗ് കാലയളവും കുറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications