നെക്സോൺ ചിത്രത്തിലില്ല, മത്സരം ബ്രെസയും പഞ്ചും തമ്മിൽ; പോയ മാസത്തെ ടോപ്പ് 10 എസ്‌യുവികൾ
ഇന്ത്യൻ വാഹന വിപണിയിൽ എസ്‌യുവി മോഡലുകളുടെ കുത്തൊഴുക്കാണിപ്പോൾ. ബജറ്റ് സെഗ്മെന്റ് മുതൽ ആഡംബര വിഭാഗത്തിൽ പോലും വിവിധ തരം സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളാണ് അണിനിരക്കുന്നത്. 2023 ഓഗസ്റ്റിലെ വിൽപ്പന കണക്കുകൾ പുറത്തുവന്നതോടെ, എസ്‌യുവി വിപണിയിൽ ഒരു മാറിക്കൊണ്ടിരിക്കുന്ന പ്രതിഭാസത്തിനാണ് വാഹനലോകം സാക്ഷ്യം വഹിച്ചിരിക്കുന്നത്.
വമ്പൻമാരുടെ വീഴ്ച്ചയും കുഞ്ഞൻമാരുടെ വളർച്ചയും പോയമാസത്തിന്റെ പ്രതേയകതയായിരുന്നു. ഓഗസ്റ്റ് മാസം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ടോപ്പ് 10 മോഡലുകൾ ഏതെല്ലാമെന്ന് ഒന്നു പരിശോധിച്ചാലോ? കഴിഞ്ഞ മാസം ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളുടെ പട്ടികയിൽ മാരുതി ബ്രെസയാണ് ഒന്നാം സ്ഥാനം നേടിയത്. അതായത് പോയ മാസത്തെ എസ്‌യുവി വിൽപ്പനയിൽ കിരീടം സ്വന്തമാക്കിയത് മാരുതിയുടെ ഈ മിടുക്കനാണെന്ന് സാരം.

പരമ്പരാഗത വൈരാഗികളായ ടാറ്റ നെക്സോണിനെയും ഹ്യുണ്ടായി ക്രെറ്റയെയും മറികടന്നാണ് മോഡൽ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. വിൽപ്പനയിൽ നേരിയ ഇടിവുണ്ടായിട്ടും ഒന്നാം സ്ഥാനം നിലനിർത്താൻ മാരുതി ബ്രെസയ്ക്ക് കഴിഞ്ഞു. 2023 ഓഗസ്റ്റിൽ കോംപാക്‌ട് എസ്‌യുവിയുടെ 14,572 യൂണിറ്റുകളാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 4.09 ശതമാനം ഇടിവാണ് ബ്രെസയ്ക്ക് ഉണ്ടായിരിക്കുന്നത്.
അതേസമയം ഇന്ത്യയിൽ കഴിഞ്ഞ മാസം ഏറ്റവും അധികം വിൽപ്പന നേടിയ രണ്ടാമത്തെ എസ്‌യുവി ടാറ്റ പഞ്ചാണ്. മാരുതി ബ്രെസയേക്കാൾ വെറും 49 യൂണിറ്റുകളുടെ കുറവ് മാത്രമാണ് ഓഗസ്റ്റിലെ പഞ്ചിന്റെ സഞ്ചിത വിൽപ്പന. അതായത് 2023 ഓഗസ്റ്റിൽ പഞ്ചിന്റെ 14,523 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. 2022 ഓഗസ്റ്റിനെ അപേക്ഷിച്ച് ശ്രദ്ധേയമായ 20.96 ശതമാനത്തിന്റെ വളർച്ചയും ഈ മൈക്രോ എസ്‌യുവി വാഹനം സ്വന്തമാക്കുകയുണ്ടായി. ജനപ്രിയമായ ക്രെറ്റയെ വരെ ഓവർടേക്ക് ചെയ്യാനായത് ടാറ്റയ്ക്ക് മൈലേജാവും.

13,832 യൂണിറ്റുകൾ വിറ്റഴിച്ച് 9.98 ശതമാനം വളർച്ചയോടെ ഹ്യുണ്ടായി ക്രെറ്റ മൂന്നാമതായി ഓടിയെത്തിയിട്ടുണ്ട്. 2023 ഓഗസ്റ്റിൽ വിപണി വിഹിതത്തിന്റെ 9.85 ശതമാനവും ക്രെറ്റയ്ക്ക് ലഭിച്ചു. അതേസമയം ഈ മിഡ്-സൈസ് എസ്‌യുവിക്ക് വെല്ലുവിളിയായി നാലാമനായി ഫിനിഷ് ചെയ്‌തത് മാരുതി സുസുക്കിയുടെ ഫ്രോങ്ക്‌സാണ്. ഈ കൂപ്പെ സ്റ്റൈൽ മോഡലിന്റെ 12,164 യൂണിറ്റുകളാണ് കമ്പനി കഴിഞ്ഞ മാസം വിറ്റഴിച്ചത്.
11,818 യൂണിറ്റുകളുടെ കണക്കുമായി 2023 ഓഗസ്റ്റിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അഞ്ചാമത്തെ എസ്‌യുവി മാരുതി ഗ്രാൻഡ് വിറ്റാരയാണ്. അങ്ങനെ ആദ്യ അഞ്ചിൽ മൂന്ന് സ്ഥാനവും മാരുതി സുസുക്കിയുടെ സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങൾ കൈയാളുന്നതിനാണ് പോയ മാസം സാക്ഷ്യംവഹിച്ചത്. ഇനി അവസാന അഞ്ചിലേക്ക് നോക്കിയാൽ 10,948 യൂണിറ്റുകളുമായി ആറാം സ്ഥാനത്ത് ഹ്യുണ്ടായി വെന്യുവാണുള്ളത്. 2022 ഓഗസ്റ്റിനെ അപേക്ഷിച്ച് മോഡലിന്റെ വിൽപ്പനയിൽ ഏകദേശം 2.60 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

2022 ഓഗസ്റ്റിൽ വെന്യുവിന്റെ 11,240 യൂണിറ്റുകളായിരുന്നു ഹ്യുണ്ടായി വിറ്റഴിച്ചിരുന്നത്. ഈ മാസത്തെ ഇടിവ് നികത്താനായി ADAS ടെക്കുമായി കോംപാക്‌ട് എസ്‌യുവിയെ ദക്ഷിണ കൊറിയൻ ബ്രാൻഡ് വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഇത് വരും ദിവസങ്ങളിൽ വാഹനത്തിന്റെ വിൽപ്പനയിൽ കുതിപ്പുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. 10,698 യൂണിറ്റുകൾ വിറ്റഴിച്ച് ഏഴാം സ്ഥാനത്ത് കിയ സെൽറ്റോസാണുള്ളത്. പോയ വർഷത്തെ ഇതേ മാസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 23.65 ശതമാനത്തിന്റെ വളർച്ച കൈവരിക്കാൻ ഈ ദക്ഷിണ കൊറിയൻ വണ്ടിക്കായിട്ടുണ്ട്.
മഹീന്ദ്ര സ്കോർപിയോ 9,898 യൂണിറ്റുകൾ വിറ്റഴിച്ച് അവിശ്വസനീയമായ 40.28 ശതമാനത്തിന്റെ കുതിപ്പോടെ ആദ്യ പത്തിൽ ഇടംനേടി. N, ക്ലാസിക് മോഡലുകളുടെ സഞ്ചിത വിൽപ്പന കണക്കുകളാണിവ. ആദ്യ പത്തിൽ നിന്നും പുറത്താവാതെ ടാറ്റ കെസോൺ 8,049 യൂണിറ്റുകളുമായി പിടിച്ചു നിന്ന മാസമായിരുന്നു 2023 ഓഗസ്റ്റ്. ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ വരാവാണ് ടാറ്റ എസ്‌യുവിയുടെ വിൽപ്പന കുറയാൻ കാരണമായത്. ഈ ക്ഷീണം വരും ദിവസങ്ങളിൽ കമ്പനി മറികടക്കുമെന്ന് ഉറപ്പാണ്.

രാജ്യത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയുടെ പട്ടികയിലേക്ക് ഹ്യുണ്ടായി എക്സ്റ്ററിന്റെ പേരും കൂട്ടിവായിക്കാം. ഏറ്റവും പുതിയ മൈക്രോ എസ്‌യുവിയുടെ 7,430 യൂണിറ്റുകളാണ് കഴിഞ്ഞ മാസം ബ്രാൻഡ് വിറ്റഴിച്ചത്. അവസാന സ്ഥാനത്താണ് എത്തിയതെങ്കിലും ചുരുങ്ങിയ കാലയളവിനുള്ളിൽ ഈ നേട്ടം കൈവരിക്കാനായത് എക്സ്റ്ററിനെ സംബന്ധിച്ച് വലിയ നേട്ടമാണ്.


Click it and Unblock the Notifications








