Maruti Suzuki ചെറുകാർ വിഭാഗത്തിലും വില കൂട്ടി, വാങ്ങാൻ ഇനിയും ആളെത്തുമോ?
ചെറുകാർ വിഭാഗത്തിൽ വിപ്ലവം തീർത്തവരാണ് മാരുതി സുസുക്കി. എൻട്രി ലെവൽ മുതൽ തുടങ്ങുന്ന വിഭാഗത്തിൽ ഇറക്കിയ എല്ലാ മോഡലുകളും വൻഹിറ്റാണ്. ആൾട്ടോ 800 പടിയിറങ്ങിയെങ്കിലും ബാറ്റൺ K10 പതിപ്പിന് കൈമാറിയാണ് വിടപറഞ്ഞത്. K10-ന് പുറമെ എസ്-പ്രെസോ, സെലോറിയോ, വാഗൺആർ, സ്വിഫ്റ്റ് തുടങ്ങിയ അരീന ശ്രേണിയിലും താരങ്ങൾ ഒരുപാടാണ്.
പുതിയ RDE മലിനീകരണ മാനദണ്ഡങ്ങളും ഉയർന്നു വരുന്ന ഇൻപുട്ട് ചെലവുകളും കാരണം ഏപ്രിൽ ഒന്നു മുതൽ മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച കമ്പനി കൃത്യമായ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. ചെറുകാർ ശ്രേണിയിൽ വാഗൺആർ, സെലേറിയോ, സ്വിഫ്റ്റ് മോഡലുകളുടെ വില പരിഷ്ക്കാരമാണ് കമ്പനി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ചെറിയ വർധനവ് മാത്രമാണ് ബജറ്റ് കാർ സെഗ്മെന്റിൽ ലഭിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമാവുന്ന കാര്യം.

മൈലേജിന്റെ കാര്യത്തിലെ പുലിയായ സെലേറിയോയുടെ വില വർധനവിലേക്ക് നോക്കിയാൽ ഇന്ത്യൻ വിപണിയിൽ LXi, VXi, ZXi, ZXi+ എന്നീ നാല് വേരിയന്റുകളിൽ ലഭ്യമായ കോംപാക്‌ട് ഹാച്ച്ബാക്കിന്റെ എല്ലാ വകഭേദങ്ങൾക്കും 1,500 രൂപയുടെ വർധനവാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ നടപ്പിലാക്കിയിരിക്കുന്നത്. പുതുക്കിയ വിലകൾ പ്രകാരം കാർ സ്വന്തമാക്കണമെങ്കിൽ 5.38 ലക്ഷം രൂപ മുതൽ ZXi+ AMT വേരിയന്റിന് 7.16 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.
ഇനി ഫാമിലി കാർ എന്ന വിശേഷണവുമായി വിപണിയിൽ എത്തുന്ന വാഗൺആറിലും ഏപ്രിൽ ഒന്നു മുതൽ വില വർധനവുണ്ടായിട്ടുണ്ട്. 5.54 ലക്ഷം രൂപ മുതൽ 7.42 ലക്ഷം രൂപ വരെയാണ് ടോൾബോയ് ഹാച്ചിന്റെ വിലയിൽ മാരുതി സുസുക്കി വർധനവ് വരുത്തിയിരിക്കുന്നത്. അതായത് സെലേറിയോയ്ക്ക് സമാനമായി നാമമാത്രമായി 1,500 രൂപയുടെ വില മാത്രമാണ് ഇനി മുതൽ അധികം മുടക്കേണ്ടി വരികയെന്ന് സാരം.

മാരുതി സുസുക്കി വാഗൺആറിനും സെലേറിയോയ്ക്കും 1.0 ലിറ്റർ പെട്രോൾ എഞ്ചിനും 1.0 ലിറ്റർ പെട്രോൾ-സിഎൻജി എഞ്ചിനുമാണ് തുടിപ്പേകുന്നത്. എന്നാൽ വാഗൺആറിന് 1.2 ലിറ്റർ യൂണിറ്റ് അധികമായി ലഭിക്കും. അഞ്ച് സ്പീഡ് മാനുവലും അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി രണ്ട് കാറുകളും സ്വന്തമാക്കാം. 1.0 ലിറ്റര്‍, K10C പെട്രോള്‍ എഞ്ചിന്‍ 66.6 bhp കരുത്തിൽ പരമാവധി 89 Nm torque വരെ നൽകും.
അതേസമയം വാഗൺആറിലെ 1.2 ലിറ്റർ 82 bhp പവറിൽ 113 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അടുത്തിടെ നടന്ന ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 1-സ്റ്റാർ റേറ്റിംഗോടെ ഹാച്ച്ബാക്ക് പരാജയപ്പെട്ട വാർത്തയും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇന്ത്യൻ കാർ നിർമാതാക്കളിൽ നിന്നുള്ള ജനപ്രിയ ഹാച്ച്ബാക്ക് മുതിർന്നവരുടെ ഒക്കപ്പൻറ് പ്രൊട്ടക്ഷനിൽ 34-ൽ 19.69 പോയിന്റും കുട്ടികളുടെ സംരക്ഷണത്തിൽ 49-ൽ 3.40 പോയിന്റും മാത്രമാണ് സ്കോർ ചെയ്‌തിരിക്കുന്നത്.

ഇനി സ്വിഫ്റ്റ്, ഡിസർ മോഡലുകളുടെ വില വർധനവിലേക്ക് നോക്കിയാൽ 7,500 രൂപയാണ് രണ്ട് കാറുകൾക്കും ഇനി അധികമായി ചെലവഴിക്കേണ്ടി വരിക. ഇതോടെ സ്വിഫ്റ്റിന്റെയും ഡിസയറിന്റെയും പുതിയ പ്രാരംഭ വിലകൾ യഥാക്രമം 5.99 ലക്ഷം രൂപ, 6.51 ലക്ഷം രൂപ എന്നിങ്ങനെയായി മാറി. LXi, VXi, ZXi, ZXi പ്ലസ് എന്നിവയുൾപ്പെടെ നാല് വേരിയന്റുകളിൽ എത്തുന്ന സ്വിഫ്റ്റ് ഹാച്ച്ബാക്കിന് 5,000 രൂപയാണ് ഉയർത്തിയിരിക്കുന്നത്.
ഹാച്ച്ബാക്കിന്റെ LXi, ZXi പ്ലസ് ഡ്യുവൽ ടോൺ, ZXi പ്ലസ് AMT ഡ്യുവൽ ടോൺ വേരിയന്റിൽ ഉൾപ്പടെ ഈ വില വർധനവ് ബാധകമാണ്. ഇനി മുതൽ സ്വിഫ്റ്റ് സ്വന്തമാക്കണമെങ്കിൽ 5.99 ലക്ഷം രൂപ മുതൽ 8.97 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. ഡിസയറിനെ സംബന്ധിച്ചിടത്തോളം LXi, VXi, ZXi, ZXi പ്ലസ് എന്നിവയുൾപ്പെടെ നാല് വേരിയന്റ് ലെവലുകളിൽ വാഗ്‌ദാനം ചെയ്യുന്ന കോംപാക്‌ട് സെഡാന് 7,500 രൂപയാണ് വില ഉയർത്തിയിരിക്കുന്നത്.

പുതിയ വർധനവ് പ്രകാരം 6.51 ലക്ഷം രൂപ മുതൽ 9.38 ലക്ഷം രൂപ വരെയാണ് കാറിന് അധികമായി ചെലവഴിക്കേണ്ടി വരിക. കാറുകൾ സ്വന്തമാക്കാൻ വരുന്ന ഉയർന്ന ചെലവ് വാഹന വിപണിയെ കാര്യമായി ബാധിക്കുമെന്നാണ് വിധഗ്ദരുടെ അഭിപ്രായം. അതേസമയം കൂടുതൽ ആളുകളും സെക്കൻഡ് ഹാൻഡ് മോഡലുകളിലേക്ക് ചേക്കേറാനും കാരണമാവും. ഉടനെങ്ങും ഇൻപുട്ട ചെലവുകൾ കമ്പനികൾക്ക് പിടിച്ചുനിർത്താനായില്ലെങ്കിൽ രാജ്യത്ത് പുതുതായി കാർ വാങ്ങുവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാവും.


Click it and Unblock the Notifications








