പഞ്ച് ഇവിക്ക് മുട്ടൻപണി, 550 കിലോമീറ്റർ റേഞ്ചുള്ള മാരുതി ഇലക്‌ട്രിക് കാറും ഇന്ത്യയിൽ പരീക്ഷണം തുടങ്ങി
ഇന്ത്യൻ വിപണിയും പതിയ ഇലക്‌ട്രിക് കാറുകളിലേക്ക് തിരിയാൻ തുടങ്ങിയിരിക്കുകയാണ്. നേരത്തെ 20 ലക്ഷത്തിന് മുകളിൽ മുടക്കിയാൽ മാത്രമായിരുന്നു ഇവി വാങ്ങാനായിരുന്നത് എങ്കിൽ ടിയാഗോയുടെയും കോമെറ്റിന്റെയും വരവോടു കൂടി സാധാരണക്കാർക്കും വൈദ്യുത വാഹനമെന്ന സ്വപ്‌നം യാഥാർഥ്യമാക്കാനാവും. സമീപകാലത്തായി നിരവധി വാഹന നിര്‍മാതാക്കളാണ് ഇന്ത്യന്‍ ഇലക്ട്രിക് വാഹന രംഗത്തേക്ക് ചുവടുവെക്കുന്നത്.
ടാറ്റയും ഹ്യുണ്ടായിയുമെല്ലാം ഈ രംഗത്തേക്ക് ഇറങ്ങിയെങ്കിലും രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇപ്പോഴും ഇലക്ട്രിക്കിലേക്ക് ചുവടുവെക്കാത്തത് പലരിലും നിരാശയുളവാക്കുന്നുണ്ട്. ഭാവിയിൽ ഇവിയിലേക്ക് ചേക്കേറാൻ പ്ലാനിട്ടിരിക്കുന്നവരും മാരുതിയുടെ വരവിനായി കാത്തിരിക്കുകയാണ്. നിരവധി പ്രീമിയം ഇവികള്‍ ഇന്ന് വിപണിയില്‍ ഉണ്ടെങ്കിലും ഇന്ത്യക്കാര്‍ക്ക് ആവശ്യം ബജറ്റ് വിലയിലുള്ള എന്‍ട്രി ലെവല്‍ വാഹനങ്ങളാണ്. ഇതിന് മാരുതിക്കേ സാധിക്കൂവെന്നാണ് പലരുടേയും ധാരണ.

എന്നാൽ ഇപ്പോൾ സിഎൻജിയിലും ഹൈബ്രിഡിലുമെല്ലാം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന കമ്പനി അധികം വൈകാതെ ഒരു സമ്പൂർണ ഇലക്‌ട്രിക് എസ്‌യുവി പുറത്തിറക്കുമെന്നതാണ് സന്തോഷം നൽകുന്ന കാര്യം. ചെറുകാര്‍ വില്‍പ്പനയിലൂടെ ഇന്ത്യന്‍ കാര്‍ വിപണിയുടെ രാജാവായ മാരുതി ഇവി സെഗ്മെന്റിലും തരംഗം സൃഷ്‌ടിക്കുമെന്നാണ് വിലയിരുത്തൽ. 2023 ഓട്ടോ എക്‌സ്‌പോയില്‍ മാരുതി തങ്ങളുടെ ആദ്യ ഇലക്ട്രിക് കാറായ eVX കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചിരുന്നു.
പിന്നീട് മാരുതിയുടെ ഇലക്ട്രിക് കാറിന്റെ വിശേഷങ്ങളും വാർത്തകളും ഊഹാപോഹങ്ങളുമെല്ലാം അറിയാനായി ആളുകൾ കാത്തിരിക്കുകയുമായിരുന്നു. അടുത്തിടെ ടോക്കിയോയിൽ നടന്ന 2023 ജപ്പാൻ മൊബിലിറ്റി ഷോയിൽ കാറിന്റെ പ്രൊഡക്ഷൻ പതിപ്പിനെ സുസുക്കി അവതരിപ്പിക്കുകയും ചെയ്‌തു. ഇതിനു പിന്നാലെയിതാ ഇപ്പോൾ ഇന്ത്യയിലും വാഹനത്തെ എത്തിച്ചിരിക്കുകയാണ് മാരുതി.

അവതരണത്തിന് മുന്നോടിയായുള്ള പരീക്ഷണയോട്ടത്തിനായാണ് eVX ഇവിയെ കമ്പനി രാജ്യത്തെത്തിച്ചിരിക്കുന്നത്. നിരത്തുകളിൽ പരീക്ഷണം നടത്തുന്ന കാറിന്റെ ആദ്യ സ്പൈ ചിത്രങ്ങളും പുറത്തുവന്നിരിക്കുകയാണിപ്പോൾ. മാരുതി സുസുക്കി ഇന്ത്യയുടെ ഗുഡ്ഗാവ് പ്ലാന്റിന് സമീപമാണ് ഇലക്ട്രിക് എസ്‌യുവിയുടെ ടെസ്റ്റിംഗ് നടക്കുന്നത്. ടൊയോട്ടയുടെ 40PL ഇലക്ട്രിക് സ്കേറ്റ്ബോർഡ് ആർക്കിടെക്ചറിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു പ്ലാറ്റ്ഫോമിലാണ് പുതിയ eVX നിർമിക്കുന്നത്.
ഗുജറാത്തിലെ മാരുതി സുസുക്കി പ്ലാന്റിലാവും ഇലക്ട്രിക് കാറിന്റെ നിർമാണം പൂർണമായും നടത്തുക. പ്രാദേശികവൽക്കരണത്തിന്റെ ഗണ്യമായ തലം കാരണം വാഹനത്തിന് മത്സരാധിഷ്ഠിത വില നൽകുമെന്ന് തന്നെ പ്രതീക്ഷിക്കാം. eVX ഇവി എസ്‌യുവിയുടെ മറ്റ് വിശദാംശങ്ങളിലേക്ക് കടന്നാൽ ഏകദേശം 4,300 മില്ലീമീറ്റർ നീളവും 1,800 മില്ലീമീറ്റർ വീതിയും 1,600 മില്ലീമീറ്റർ ഉയരവും 2,700 മില്ലീമീറ്റർ വീൽബേസുമാണ് വാഹനത്തിനുള്ളത്.

ഡിസൈനിന്റെ കാര്യത്തിലും ആർക്കും ഇഷ്‌ടപ്പെടുന്ന രൂപമായിരിക്കും മോഡലിനുണ്ടാവുക. നിവർന്നുനിൽക്കുന്ന ഫ്രണ്ട് ഫാസിയ, കവർ ചെയ്ത ഫ്രണ്ട് ഗ്രിൽ, എൽ ആകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, റാപ് എറൗണ്ട് ടെയിൽ ലാമ്പുകൾ, സി-പില്ലറുകളിൽ ഘടിപ്പിച്ച പിൻവശത്തെ ഡോർ ഹാൻഡിലുകൾ, ഇന്റഗ്രേറ്റഡ് റൂഫ് സ്‌പോയിലർ എന്നിവ ഉൾക്കൊള്ളുന്ന എക്സ്റ്റീരിയർ ഡിസൈൻ കൺസെപ്റ്റ് പതിപ്പിനോട് സാമ്യമുള്ളതാണ്.
eVX ഇവിയുടെ റൂഫ്‌ലൈൻ ഫ്രോങ്ക്‌സിൽ കണ്ടതുപോലെ പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന ശൈലിയാണ് പിന്തുടർന്നിരിക്കുന്നത്. അങ്ങനെ ഒരു കൂപ്പെ എസ്‌യുവി നിലപാട് പിടിക്കാനാണ് മാരുതി ശ്രമിച്ചിരിക്കുന്നത്. അകത്തളത്തിലും കാര്യങ്ങൾ ഉഷാറായിരിക്കും. ടൂ സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, പവർ വിൻഡോ സ്വിച്ചുകൾ, ക്രമീകരിക്കാവുന്ന പവർ സീറ്റുകൾ, വിശാലമായ സ്റ്റോറേജ്, വെർട്ടിക്കലായി സ്ഥാപിച്ചിരിക്കുന്ന എസി വെന്റുകൾ എന്നിവയെല്ലാം ഇലക്ട്രിക് എസ്‌യുവിയെ കിടിലമാക്കും.

ഇതിനു പുറമെ ഫ്ലോട്ടിംഗ് സെൻട്രൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളുള്ള ഉയരമുള്ള ഡാഷ്‌ബോർഡ് ഡിസൈൻ, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് പാനൽ, 360-ഡിഗ്രി ക്യാമറ, ആംബിയന്റ് ലൈറ്റിംഗ്, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, റിയർവ്യൂ മിറർ, റോട്ടറി ഡ്രൈവ് മോഡ് സെലക്ടർ തുടങ്ങിയ സവിശേഷതകളും മാരുതി eVX ഇവിയുടെ പ്രത്യേകതയായിരിക്കും. അങ്ങനെ മൊത്തത്തിൽ ഫീച്ചർ റിച്ച് ഇന്റീരിയറായിരിക്കും വാഹനത്തിനുണ്ടായിരിക്കുക.
സിൽവർ ഫിനിഷ് ചെയ്ത മൾട്ടി-സ്‌പോക്ക് അലോയ് വീലുകളിലാണ് സ്പൈ ചിത്രത്തിൽ പതിഞ്ഞിരിക്കുന്ന ഇലക്ട്രിക് എസ്‌യുവിക്കുള്ളത്. യാത്രക്കാരുടെ സുരക്ഷയ്ക്കായി ഒന്നിലധികം എയർബാഗുകളും അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളും (ADAS) വാഗ്ദാനം ചെയ്യും. മാരുതി സുസുക്കി eVX കൺസെപ്‌റ്റിൽ 60 kWh ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് 550 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ ശേഷിയുള്ളതാണ്.

എന്നിരുന്നാലും പ്രൊഡക്ഷൻ പതിപ്പിൽ 48 kWh ബാറ്ററി പായ്ക്ക് ഉപയോഗിച്ചേക്കാമെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ഏകദേശം 400 കിലോമീറ്റർ റിയൽ വേൾഡ് റേഞ്ച് വാഗ്ദാനം ചെയ്യാൻ ഇവിക്കാവും. ഒരു മിഡ്-സൈസ് സ്പോർട് യൂട്ടിലിറ്റി ഇലക്ട്രിക് മോഡലായതിനാൽ തന്നെ 18 മുതൽ 22 ലക്ഷം രൂപ വരെ വിലയും പ്രതീക്ഷിക്കാം. 10 ലക്ഷം രൂപയിൽ താഴെ വിലയിൽ ഇവി പുറത്തിറങ്ങില്ലെന്ന കാര്യം ടാറ്റ മോട്ടോർസിന് കരുത്താവുകയും ചെയ്യും.


Click it and Unblock the Notifications








