ജീവൻ ഇനി വൈദ്യുതിയിൽ, ഓട്ടോ എക്സ്പോയിൽ തിളങ്ങിയ ഇലക്ട്രിക് കാറുകൾ
ഇന്ത്യൻ വാഹന പ്രേമികൾക്ക് എക്കാലവും ആവേശമാവുന്ന മേളയാണ് ഓട്ടോ എക്സ്പോ. കൊവിഡിൽ കഴിഞ്ഞ തവണത്തെ പരിപാടി മുങ്ങി പോയെങ്കിലും ഒരു വർഷത്തിനിപ്പുറം വിരുന്നെത്തിയപ്പോൾ സംഭവം കളറായെന്നു വേണം പറയാൻ. ഇന്നു മുതൽ പൊതുജനങ്ങൾക്കായി എക്സ്പോയുടെ പതിനാറാം പതിപ്പ് തുറന്നുകൊടുക്കുമ്പോൾ ആവേശത്തിന്റെ കൊടുമുടിയിലെത്താൻ കാഴ്ച്ചകൾ ഒരുപാടുണ്ട്.
പുതിയ കൺസെപ്റ്റുകളും പ്രൊഡക്ഷൻ റെഡി വാഹനങ്ങളും ഓട്ടോ എക്സ്പോയുടെ 2023 പതിപ്പിലും നിറഞ്ഞാടിയിരുന്നു. വാഹന വ്യവസായം വൈദ്യുതീകരണത്തിലേക്ക് കുതിക്കുമ്പോൾ എക്‌സ്‌പോയുടെ പതിനാറാം പതിപ്പിൽ സ്വാഭാവികമായും പാസഞ്ചർ വാഹന വിഭാഗത്തിലും ഇരുചക്ര വാഹന, വാണിജ്യ വാഹന മേഖലയിലും ഇലക്ട്രിക് വാഹനങ്ങളുടെ ആധിപത്യത്തിന് സാക്ഷ്യം വഹിച്ചു. ആയതിനാൽ ഇത്തവണത്തെ മേളയിൽ ശ്രദ്ധനേടിയ ഏറ്റവും പുതിയ 5 ഇലക്ട്രിക് മോഡലുകളെ നമുക്ക് ഒന്നു പരിചയപ്പെട്ടാലോ?

ടാറ്റ ഹാരിയർ ഇവി
ടാറ്റ മോട്ടോർസ് മൂന്ന് കൺസെപ്റ്റ് കാറുകളാണ് ഇത്തവണത്തെ വാഹന മേളയിൽ പ്രദർശിപ്പിച്ചത്. അവയിൽ രണ്ടെണ്ണം ഇലക്ട്രിക് യൂട്ടിലിറ്റി വാഹനങ്ങളായ അവിന്യയും കർവും ആയിരുന്നു. ഇത് നേരത്തെ തന്നെ പരിചപ്പെടുത്തിയിട്ടുണ്ടെങ്കിലും 2023 ഓട്ടോ എക്സ്പോയിൽ ഞെട്ടിച്ചത് ഹാരിയർ എസ്‌യുവിയുടെ ഇവി പതിപ്പിയിരുന്നു. ഒരു സർപ്രൈസ് ഫാക്‌ടർ കൊണ്ടുവരാൻ കമ്പനിക്ക് ഇതിലൂടെ സാധിച്ചുവെന്നു വേണം പറയാൻ. ഡീസൽ എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന എസ്‌യുവിയുമായി താരതമ്യപ്പെടുത്തുമ്പോൾ ടാറ്റ ഹാരിയർ ഇവി വളരെ വ്യത്യസ്തമായ രൂപകൽപ്പനയാണ് സ്വീകരിച്ചിരിക്കുന്നത്. ഹാരിയർ ഇവി 2024-ൽ ഇന്ത്യയിൽ അവതരിപ്പിക്കും.
മാരുതി സുസുക്കി eVX കൺസെപ്റ്റ്
ശരിക്കും ഇത്തവണത്തെ ഓട്ടോ എക്സ്പോയിൽ ഞെട്ടിച്ചത് മാരുതി സുസുക്കിയും ടാറ്റ മോട്ടോർസുമാണെന്ന കാര്യത്തിൽ ആർക്കും ഒരു തർക്കവും കാണാനിടയില്ല. ജിംനിക്കും ഫ്രോങ്ക്‌സിനും ശേഷം ഏവരും ശ്രദ്ധിച്ച മോഡലാണ് eVX ഇലക്ട്രിക് കൺസെപ്റ്റ്. ഇമാജിനെക്സ്റ്റ് തത്ത്വചിന്തയ്ക്ക് കീഴിലാണ് eVX രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. കൂടാതെ ഇത് ഷാർപ്പ് ക്യാരക്ടർ ലൈനുകൾ, ഫ്ലാറ്റ് ഫാസിയ, എൽഇഡി ലൈറ്റുകൾ എന്നിവ ഉപയോഗിച്ച് സ്റ്റൈലിഷാക്കാനും കമ്പനിക്കായിട്ടുണ്ടെന്നു വേണം പറയാൻ.

സ്‌കിഡ് പ്ലേറ്റുകൾ, സ്‌പോർട്ടി വീലുകൾ, ഫ്ലേർഡ് ഫെൻഡറുകൾ, സൈഡ് സിൽസ് എന്നിവയാണ് ഇവി കൺസെപ്റ്റിന് പരുക്കൻ രൂപം സമ്മാനിക്കുന്നത്. 'ഇമോഷണൽ വെർസറ്റൈൽ ക്രൂയിസർ' എന്ന സമഗ്രമായ ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് eVX ഇലക്ട്രിക് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന് രൂപംകൊടുത്തിരിക്കുന്നത്. ഇതിന് ഏകദേശം 4.2 മീറ്റർ നീളം ഉണ്ടായിരിക്കും. വരാനിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ ഇവിയുടെ എതിരാളിയായി സ്ഥാപിക്കുന്നതിനാലാണ് ഈ വലിപ്പം കൺസെപ്റ്റ് കാറിന് സമ്മാനിച്ചിരിക്കുന്നത്.
കിയ EV9 കൺസെപ്റ്റ്
2023 ഓട്ടോ എക്‌സ്‌പോയിൽ കിയ മോട്ടോർ ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന EV9 കൺസെപ്റ്റും പ്രദർശിപ്പിച്ചു. ഇലക്ട്രിക് കൺസെപ്റ്റ് എസ്‌യുവി ഷാർപ്പ് രൂപരേഖകളും മുന്നിലും പിന്നിലും എൽഇഡി ലൈറ്റിംഗുകളും ആയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹ്യുണ്ടായി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കിയ തങ്ങളുടെ വരാനിരിക്കുന്ന എല്ലാ ഇലക്ട്രിക് എസ്‌യുവികളിലും ഉൾപ്പെടുത്തിയിരിക്കുന്ന ദക്ഷിണ തങ്ങളുടെ ഫ്യൂച്ചർ ഡിസൈൻ ഭാഷ്യം ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് EV9 കൺസെപ്റ്റിലൂടെ ഉദ്ദേശിക്കുന്നത്.

ഔഡി ഇ-ട്രോൺ, മെർസിഡീസ് EQS എന്നിവയ്ക്ക് എതിരാളിയായി എത്തുന്ന ഈ ഇലക്ട്രിക് എസ്‌യുവി D2 സെഗ്‌മെന്റിൽ സ്ഥാനം പിടിക്കും. മൂന്ന്-വരി ഇരിപ്പിടങ്ങൾ, ബാറ്ററികൾ റീചാർജ് ചെയ്യാതെ അധിക റേഞ്ചിനായി മേൽക്കൂരയിൽ സോളാർ പാനലുകൾ, പോപ്പ്-അപ്പ് സ്റ്റിയറിംഗ് വീൽ, അൾട്രാ-ലാർജ് 27 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ തുടങ്ങിയ സവിശേഷതകളുണ്ട്. എന്നിരുന്നാലും ഈ സവിശേഷതകളെല്ലാം പ്രൊഡക്ഷൻ മോഡലിൽ ലഭ്യമാകാൻ സാധ്യതയില്ല. സൂയ്‌സൈഡിക്കൽ ഡേറുകൾ, പനോരമിക് സൺറൂഫ്, സീറ്റുകളിലെ സുസ്ഥിര സാമഗ്രികൾ, അപ്ഹോൾസ്റ്ററി എന്നിവയും ഇതിലുണ്ട്.
ഹ്യുണ്ടായി അയോണിക് 5
2023 ഓട്ടോ എക്‌സ്‌പോയിലെ ഹ്യുണ്ടായി പവലിയനിൽ ഏറ്റവും ആവേശകരമായി മാറിയ ഉൽപ്പന്നങ്ങളിലൊന്നാണ് അയോണിക് 5. ഇന്ത്യയിൽ 44.95 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് പ്രീമിയം കാറിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഹ്യുണ്ടായി ഗ്രൂപ്പിന്റെ അതേ ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോം (E-GMP) അടിസ്ഥാനമാക്കിയാണ് ഈ കാർ നിർമിച്ചിരിക്കുന്നത്. സെൻസസ് സ്‌പോർട്ടിനസ് ഡിസൈൻ ഭാഷ്യത്തെ അടിസ്ഥാനമാക്കിയാണ് പ്രീമിയം ഇലക്ട്രിക് കാറിനെ അണിയിച്ചൊരുക്കിയിരിക്കുന്നതും.
ഹ്യുണ്ടായി അയോണിക് 5 പഴയ പോണി കാറുകളെ അനുസ്മരിപ്പിച്ചാലും തെറ്റു പറയാനാവില്ല. പാരാമെട്രിക് പിക്സൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, ടെയിൽലൈറ്റുകൾ, ക്ലാംഷെൽ ബോണറ്റ്, ഓട്ടോ-ഫ്ലഷ് ഡോർ ഹാൻഡിലുകൾ, ആക്റ്റീവ് എയ്‌റോ അലോയ് വീലുകൾ തുടങ്ങിയ ഡിസൈൻ ഹൈലൈറ്റുകളാണ് ഇവിയിൽ പണികഴിപ്പിച്ചിരിക്കുന്നത്. ഗ്രാവിറ്റി ഗോൾഡ് മാറ്റ്, ഒപ്റ്റിക് വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക് പേൾ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ പ്രീമിയം ഇലക്‌ട്രിക് എസ്‌യുവി സ്വന്തമാക്കാനുമാവും.
ടൊയോട്ട bZ4X
ടൊയോട്ട തങ്ങളുടെ ആദ്യത്തെ പ്യുവർ ഇലക്ട്രിക് കാർ bZ4X ഇത്തവണത്തെ ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചു. ചൈനയിൽ ഇതിനകം അനാച്ഛാദനം ചെയ്‌ത പുതിയ b3ZX ഉൾപ്പെടെ ഏഴ് മോഡലുകൾ സൃഷ്ടിക്കുന്ന bZ സീരീസിൽ നിന്നുള്ള കമ്പനിയുടെ ഇവി നിരയിൽ നിന്നുള്ള ആദ്യ കാർ കൂടിയാണിത്. ടൊയോട്ടയുടെ e-TNGA ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള സമർപ്പിത പ്ലാറ്റ്‌ഫോമാണിത്. കണക്‌റ്റഡ് എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽലൈറ്റുകളും പോലുള്ള ഡിസൈൻ ഘടകങ്ങളാണ് കാറിന് ലഭിക്കുന്നത്. അത് മനോഹരവും ആധുനികവുമായ ഫീലാണ് കാഴ്ച്ചക്കാർക്ക് സമ്മാനിക്കുന്നത്.


Click it and Unblock the Notifications








