പപ്പടമെന്ന് വിളിക്കല്ലേ ഭായ്, മാരുതി കാറുകൾ പുറത്തിറക്കുന്നത് 50-ലധികം സുരക്ഷാ പരിശോധനകൾക്ക് ശേഷം
ഇന്ത്യക്കാർക്ക് എസ്‌യുവികളോട് പ്രിയം കൂടുന്നതു മനസിലാക്കി രണ്ട് പുത്തൻ മോഡലുകളെ മാരുതി സുസുക്കി സമ്മാനിച്ച വർഷമായിരുന്നു 2023. ഏവരും കാത്തിരുന്ന ഓഫ്-റോഡ് കിങ് ജിംനിയോടൊപ്പം സർപ്രൈസായി ഫ്രോങ്ക്‌സും അരങ്ങേറിയതാണ് കമ്പനിയുടെ ഇമേജ് തന്നെ മാറ്റിയത്. ഒരേസമയം ഹാച്ച്ബാക്കിന്റേയും എസ്‌യുവിയുടേയും ഗുണം ചെയ്യുന്ന ഒരു വാഹനമായാണ് ഈ ഇടിവെട്ട് മോഡൽ നിരത്തിലിറങ്ങിയത്.
ശരിക്കും ബലേനോയെ അടിസ്ഥാനമാക്കി നിർമിച്ച കൂപ്പെ സ്റ്റൈൽ എസ്‌യുവി മോഡലാണ് ഫ്രോങ്ക്‌സ്. ഒട്ടേറെ പ്രത്യേകതകളുമായി എത്തിയ വാഹനത്തെ ആദ്യ കാഴ്ച്ചയിൽ തന്നെ ഇന്ത്യക്കാർ നെഞ്ചിലേറ്റി. കിടുക്കൻ ഡിസൈനിനൊപ്പം പെർഫോമൻസ് മാത്രമല്ല, സേഫ്റ്റിയും കോർത്തിണക്കിയിട്ടുണ്ടെന്നായിരുന്നു മാരുതിയുടെ വശം. പപ്പടമെന്ന വിളിയെല്ലാം മറികടക്കാനായി കമ്പനി കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്ന് സാരം.

ഇതിനായി ഇന്ത്യയിലെ മുൻനിര വാഹന നിർമാതാക്കൾ തങ്ങളുടെ ഏറ്റവും പുതിയ ഫ്രോങ്ക്സ് എസ്‌യുവിയുടെ ഇന്റേണൽ ക്രാഷ് ടെസ്റ്റ് നടത്തിയിരിക്കുകയാണിപ്പോൾ. ഇതുവഴി വാഹനത്തിന്റെ മികവുറ്റ സുരക്ഷ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും മാരുതി സുസുക്കി ശ്രമം ആരംഭിച്ചിട്ടുണ്ട്. അതിന്റെ വിശേഷങ്ങളിലേക്ക് കടക്കാം. കർശനമായ സുരക്ഷാ പരിശോധനാ നടപടിക്രമങ്ങളാണ് ഈ കൂപ്പെ സ്റ്റൈൽ മോഡലിൽ പൂർത്തിയാക്കിയിരിക്കുന്നതെന്ന് വീഡിയോയിലൂടെ മനസിലാക്കാം.
അപ്രതീക്ഷിതമായുണ്ടാവുന്ന റോഡ് അപകടങ്ങൾക്കുള്ള മുൻനിര സുരക്ഷാ നടപടികൾ ഉറപ്പാക്കാനായാണ് മാരുതി സുസുക്കി തങ്ങളുടെ സ്വന്തം അത്യാധുനിക ക്രാഷ് ടെസ്റ്റിംഗ് സൗകര്യത്തിൽ കാറുകളെ ഇടിപ്പരീക്ഷണത്തിന് വിധേയമാക്കുന്നത്. സുരക്ഷിതത്വത്തോടുള്ള ബ്രാൻഡിന്റെ പ്രതിബദ്ധതയാണ് വീഡിയോയിലൂടെ പറഞ്ഞുവെക്കുന്നത്. വാഹനത്തിലെ യാത്രക്കാരെ സംരക്ഷിക്കാൻ സ്വീകരിച്ച വിപുലമായ നടപടികളും വീഡിയോയിലൂടെ എടുത്തുകാണിക്കുന്നുണ്ട്.

കാറിന്റെ സുരക്ഷാ സവിശേഷതകൾ സൂക്ഷ്മമായി പരിശോധിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒന്നിലധികം ക്രാഷ് ടെസ്റ്റുകളാണ് ഈ സുരക്ഷാ മൂല്യനിർണയത്തിന്റെ കാതൽ. യഥാർഥ അപകടങ്ങളിൽ നടക്കുന്ന പ്രത്യാഘാതങ്ങൾ അനുകരിക്കാൻ പ്രത്യേകം കാലിബ്രേറ്റ് ചെയ്ത ഡമ്മികളാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. അപകടസമയത്ത് വാഹനം അതിലെ യാത്രക്കാരെ എങ്ങനെ സംരക്ഷിക്കുന്നു എന്നതിന്റെ കൃത്യമായ വിലയിരുത്തൽ ഇതുവഴി സാധ്യമാക്കുകയും ചെയ്യുന്നു.
ഇന്ത്യൻ റെഗുലേഷനുകൾ പാലിക്കുന്ന ഫ്രണ്ട്, സൈഡ് ഇംപാക്ട് അസസ്‌മെന്റുകൾ ഉൾപ്പെടെയുള്ള ക്രാഷ് ടെസ്റ്റുകളാണ് ഇവിടെ നടക്കുന്നത്. വാഹനങ്ങൾ തമ്മിൽ കൂട്ടിയിടി നടക്കുന്ന സമയത്ത് യാത്രക്കാരുടെ സുരക്ഷ പരമാവധി വർധിപ്പിക്കുക എന്നതാണ് ഈ സമഗ്ര സമീപനം ലക്ഷ്യമിടുന്നത്. വിപണിയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് ഓരോ കാറും 50-ലധികം സമഗ്രമായ ക്രാഷ് ടെസ്റ്റുകൾക്ക് വിധേയമാകുന്നുണ്ട്.

എയർബാഗുകളുടെ വിന്യാസവും ഫലപ്രാപ്തിയും, സീറ്റുകളുടെ കേടുപാടുകൾ, ഇന്റീരിയർ ഘടകങ്ങളിലെ സ്വാധീനം എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങളാണ് ഈ വിലയിരുത്തലുകളിലൂടെ നടത്തിവരുന്നത്. വാഹന സുരക്ഷ വർധിപ്പിക്കുന്നതിനുള്ള മാരുതി സുസുക്കിയുടെ പ്രതിബദ്ധത നിയന്ത്രണ ആവശ്യകതകൾക്കപ്പുറമാണ്. സ്ഥിരമായി ക്രാഷ് ടെസ്റ്റുകളും കർശനമായ വിലയിരുത്തലുകളും നടത്തുന്നതിലൂടെ സുരക്ഷിതമായ ഡ്രൈവിംഗ് അനുഭവം നൽകുന്ന വാഹനങ്ങൾ രൂപകൽപ്പന ചെയ്യാനും നിർമിക്കാനുമാണ് ബ്രാൻഡ് ശ്രമിക്കുന്നത്.
പുതിയ ഭാരത് NCAP ക്രാഷ് ടെസ്റ്റിനായി പ്രാരംഭ ഘട്ടത്തിൽ കുറഞ്ഞത് മൂന്ന് മോഡലുകളെങ്കിലും അയക്കുമെന്ന് മാരുതി സുസുക്കി വെളിപ്പെടുത്തിയിരുന്നു. ഈ വർഷമാദ്യം MoRTH ആരംഭിച്ച ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം (BNCAP) ഇന്ത്യയിൽ സുരക്ഷിതമായ കാറുകൾ പ്രോത്സാഹിപ്പിക്കാനും വാങ്ങുന്നവരെ അറിവോടെയുള്ള തീരുമാനമെടുക്കാനും സഹായിക്കുന്ന സംരംഭമാണ്.

ഇപ്പോൾ ഫ്രോങ്ക്‌സിൽ സ്വയം നടത്തിയ ക്രാഷ് ടെസ്റ്റിന് കമ്പനി സ്റ്റാർ റേറ്റിംഗുകളൊന്നും സ്വയമേ നൽകിയിട്ടില്ല. കാർ വാങ്ങുന്നവർക്ക് സുരക്ഷ ഒരു പരമപ്രധാനമായ ആശങ്കയായി മാറിയതോടെ ഭാരത് NCAP റേറ്റിംഗുകളുടെയും മാരുതി സുസുക്കിയുടെ സജീവമായ സുരക്ഷാ നടപടികളുടെയും സംയോജനം ഉപഭോക്തൃ വികാരത്തിൽ നല്ല മാറ്റത്തിന് കാരണമായേക്കും. എന്തായാലും ഫ്രോങ്ക്സ് ഉൾപ്പടെയുള്ള മാരുതി കാറുകളുടെ പുതിയ BNCAP സ്റ്റാർ റേറ്റിംഗ് ഫലങ്ങൾ ഉടനെ അറിയാൻ കഴിയുമെന്നാണ് വിശ്വാസം.


Click it and Unblock the Notifications








