ട്വിസ്റ്റ്, ട്വിസ്റ്റ്, ട്വിസ്റ്റ്...! ഇന്നോവയുടെ മാരുതി പതിപ്പിന്റെ പേര് എൻഗേജ് എന്നല്ല, ഇതാണ്
ടൊയോട്ടയുടെ അഡ്രസിലേക്ക് മാറിയ മാരുതി കാറുകൾ നമുക്ക് സുപരിചിതമായെങ്കിലും ഇതുവരെ ഒരു ടൊയോട്ട മോഡൽ പോലും എന്തുകൊണ്ട് മാരുതി ബാഡ്‌ജ് അണിഞ്ഞില്ലെന്ന് ആലോചിച്ചവർ നമുക്കിടയിലുണ്ടാവും. പക്ഷേ ഒരു സാധാരണക്കാരന് താങ്ങാനാവുന്ന വാഹനങ്ങളൊന്നും ഇന്ത്യയിൽ ടൊയോട്ടക്ക് ഇല്ലായിരുന്നു എന്നതായിരുന്നു അതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്.
പക്ഷേ ഇതിനിടയിൽ ഇന്നോവ ക്രിസ്റ്റ മാരുതി ഏറ്റെടുക്കുമെന്ന വാർത്തകളും പുറത്തുവന്നിരുന്നു. പക്ഷേ തലമുറ മാറിയെത്തിയ ഇന്നോവയുടെ ഏറ്റവും പുത്തൻ മോഡലായ ഹൈക്രോസിനെയാണ് തങ്ങളുടെ അഡ്രസിലേക്ക് മാറ്റാൻ മാരുതി സുസുക്കി തെരഞ്ഞെടുത്തത്. എംപിവി വിഭാഗത്തിൽ എർട്ടിഗയിലൂടെ വിസ്‌മയം തീർത്ത കമ്പനി പുതിയ പ്രീമിയം മൾട്ടി പർപ്പസ് വാഹനത്തിലൂടെ എന്ത് മായാജാലമാണ് കാട്ടുകയെന്നാണ് ഇനി ആളുകൾ കാത്തിരിക്കുന്നത്. മാരുതി ഇന്നോവയുടെ അവതരണം ജൂലൈ അഞ്ചിന് നടക്കുമെന്ന വിവരം കമ്പനി ഇതിനോടകം സ്ഥിരീകരിച്ചിരുന്നു.

എന്നാൽ ഇതിനെ എൻഗേജ് എന്നപേരിലായിരിക്കും അറിയപ്പെടുകയെന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഇത് തള്ളിക്കൊണ്ട് ടൊയോട്ട ഹൈക്രോസിന്റെ മാരുതി പതിപ്പിനെ ഇൻവിക്‌റ്റോ എന്ന പേരിലാവും വിപണനം ചെയ്യുകയെന്ന് കമ്പനിയിപ്പോൾ സ്ഥിരീകരിച്ചിരിക്കുകയാണ്. പുതിയ മാരുതി ഇൻവിക്‌റ്റോയുടെ പ്രൊഡക്ഷൻ ഹബ്ബായി ടൊയോട്ടയുടെ ബിഡാഡി സൗകര്യം പ്രവർത്തിക്കും. ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഇൻഡോ-ജാപ്പനീസ് വാഹന നിർമ്മാതാക്കൾക്ക് വാർഷികാടിസ്ഥാനത്തിൽ ഇന്നോവ ഹൈക്രോസിന്റെ 9,000 മുതൽ 10,000 യൂണിറ്റുകൾ നൽകുമെന്നതാണ് മറ്റൊരു സ്ഥിരീകരണം.
മാരുതിയുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായിട്ടായിരിക്കും ഇൻവിക്റ്റോ വിൽപ്പനയ്ക്ക് എത്തുക. മാരുതി ഇൻവിക്ടോയുടെ സ്പൈ ചിത്രങ്ങൾ ഇതിനോടകം തന്നെ ഇന്റർനെറ്റിൽ വൈറലായിരുന്നു. ടൊയോട്ട ഹൈക്രോസിൽ നിന്ന് വ്യത്യസ്തമാക്കുന്നതിന് പുതിയ ഫ്രണ്ട് ബമ്പർ, ഗ്രിൽ, പുതിയ ഹെഡ്‌ലാമ്പുകൾ, ടെയിൽലാമ്പുകൾ ഇൻസെർട്ടുകൾ, അലോയ് വീൽ ഡിസൈൻ എന്നിവയെല്ലാം ഇത് അവതരിപ്പിക്കും. ബ്രാൻഡ്-നിർദ്ദിഷ്ട സ്റ്റൈലിംഗ് ട്വീക്കുകൾ മാരുതി ഇൻവിക്ടോയ്ക്ക് ലഭിക്കുന്നത് ശരിക്കും മികച്ച തീരുമാനമായിരിക്കും.

അകത്തളത്തിൽ കാര്യമായ പരിഷ്ക്കാരങ്ങൾ ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും പുതുമ നൽകാനായി അപ്ഹോൾസ്റ്ററിയിലും ഫീച്ചറുകളിലും ചെറിയ മാറ്റങ്ങൾ നമുക്ക് പ്രതീക്ഷിക്കാം. ഇൻവിക്ടോ എംപിവി, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്‌ഷനോടെ മാത്രം ലഭ്യമാകുന്ന ആദ്യത്തെ മാരുതി സുസുക്കി കാറാവും. കൂടാതെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ലഭിക്കുന്ന ആദ്യത്തെ മാരുതി വാഹനവുമായിരിക്കുമെന്നതാണ് ശ്രദ്ധേയമായ കാര്യം.
അതേസമയം സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനും പനോരമിക് സൺറൂഫുമായി വരുന്ന രണ്ടാമത്തെ മാരുതി മോഡലായിരിക്കും ഇത്. 13 മുതൽ 16 കിലോമീറ്റർ വരെ മൈലേജുള്ള മാരുതി ഇൻവിക്റ്റോ 2.0 ലിറ്റർ ഹൈബ്രിഡ് പവർട്രെയിനിൽ 183 bhp കരുത്തോളമാവും നൽകുക. സിവിടി ഗിയർബോക്‌സുമായി വരുന്ന 2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും മാരുതി വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്നോവ ഹൈക്രോസിന് സമാനമായി പുതിയ ഫ്ലാഗ്ഷിപ്പ് എംപിവിക്ക് 7-സീറ്റ് അല്ലെങ്കിൽ 8-സീറ്റ് കോൺഫിഗറേഷനിൽ ലഭിക്കും. സുരക്ഷയുടെ കാര്യത്തിലേക്ക് നോക്കിയാൽ മോഡൽ 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷൻ കൺട്രോൾ എന്നിവയെല്ലാം ഇൻവിക്ടോ എംപിയിൽ ഒരുക്കും. മറ്റ് ഫീച്ചറുകളുടെ കാര്യത്തിലും വാഹനം ഇന്നോവ ഹൈക്രോസിന് സമാനമായിരിക്കും.
ഫീച്ചർ നിരയിൽ 10.1 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്രൈവർ സീറ്റുകൾക്കുള്ള മെമ്മറി ഫംഗ്‌ഷൻ, ആംബിയന്റ് ലൈറ്റിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, 9-സ്പീക്കർ JBL ഓഡിയോ സിസ്റ്റം, 360 ഡിഗ്രി ക്യാമറ, പാഡിൽ ഷിഫ്റ്ററുകൾ എന്നിവയെല്ലാം മാരുതി ഇൻവിക്റ്റോയിൽ ഉണ്ടാവുമെന്ന് ഉറപ്പ്.


Click it and Unblock the Notifications








