ഇനി നിരത്തുകൾ ജിംനി വാഴും, ഡെലിവറി തുടങ്ങി മാരുതി; ഥാറിന് ക്ഷീണമാവാം...
വർഷങ്ങളായുള്ള കാത്തിരിപ്പുകൾ അവസാനിപ്പിച്ചുകൊണ്ട് മാരുതി സുസുക്കി ജിംനിയെ ഇന്ത്യയിൽ അവതരിപ്പിച്ചു കഴിഞ്ഞു. അവതരണം മാത്രമല്ല, വില പ്രഖ്യാപനവും ഇന്നലെയോടെ പൂർത്തിയാക്കിയ കമ്പനി ദേ ഇപ്പോൾ എസ്‌യുവിയുടെ ഡെലിവറിയും തുടങ്ങിയിരിക്കുകയാണ്. ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡ് എസ്‌യുവിയുടെ വിതരണം രാജ്യത്തുള്ള എല്ലാ നെക്‌സ ഡീലർഷിപ്പുകളിലൂടെയും ഇന്നലെ മുതലാണ് ആരംഭിച്ചത്.
ഏതൊരു വണ്ടിഭ്രാന്തനും ഒന്നു സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന 5-ഡോർ ജിംനിക്ക് 12.74 ലക്ഷം രൂപ മുതൽ 15.05 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. കൃത്യമായി പറഞ്ഞാൽ സീറ്റ, ആൽഫ എന്നീ രണ്ട് വകഭേദങ്ങിൽ എത്തുന്ന എസ്‌യുവിയുടെ സീറ്റ മാനുവലിന് 12.74 ലക്ഷവും, സീറ്റ ഓട്ടോമാറ്റിക്കിന് 13.94 ലക്ഷവുമാണ് മുടക്കേണ്ടി വരുന്നത്. അതേസമയം മാനുവൽ ട്രാൻസ്മിഷനോടുകൂടിയ ജിംനി ആൽഫ വേരിയന്റിന് 13.69 ലക്ഷമാണ് വില വരുന്നത്.

അതേസമയം ആൽഫ ഓട്ടോമാറ്റിക് വാങ്ങണമെങ്കിൽ 14.89 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി നൽകണം. ടോപ്പ് എൻഡ് പതിപ്പായ ജിംനി ആൽഫ ഡ്യുവൽ ടോണിന് 15.05 ലക്ഷം രൂപയായാണ് മാരുതി സുസുക്കി നൽകിയിരിക്കുന്നത്. അതായത് മഹീന്ദ്ര ഥാറിനെയും ഫോഴ്‌സ് ഗൂർഖയെയും വരെ നാണിപ്പിക്കുന്ന വില നിർണയമാണ് സെഗ്മെന്റിൽ മാരുതിയുടെ തുറുപ്പുചീട്ട്.
അല്ലെങ്കിലും പണ്ടുമുതൽ ഇക്കാര്യത്തിൽ മാരുതിയെ തോൽപ്പിക്കാൻ ഒരുത്തനും വളർന്നിട്ടില്ല. അഞ്ച് പതിറ്റാണ്ടിലേറെയായി സുസുക്കിയുടെ ആഗോള ലൈനപ്പിലെ പ്രധാന മോഡലാണ് ജിംനി. ഇന്ത്യയിൽ നിർമിച്ചിട്ടും ഏറെക്കാലം നമുക്ക് തരാതെ കൊണ്ടുനടന്ന ജിംനിയെ എസ്‌യുവി വിപണി പിടിക്കാനായാണ് മാരുതി നിയോഗിച്ചിരിക്കുന്നത്. ഫ്രോങ്ക്‌സ്, ഗ്രാൻഡ് വിറ്റാര, ജിംനി എന്നീ മൂന്നു മോഡലുകളുടെ വരവ് കമ്പനിയുടെ മൈലേജും ഉയർത്തിയിട്ടുണ്ട്.

വിദേശത്തുള്ള ത്രീ-ഡോർ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ നൂതനമായ ഫീച്ചറുകളും, വിശാലമായ ക്യാബിനും, രണ്ട് അധിക ഡോറുകളും, നീളമേറിയ വീൽബേസുമാണ് 5-ഡോർ വേരിയന്റിനെ വേറിട്ടുനിർത്തുന്നത്. ജനുവരിയിൽ 2023 ഓട്ടോ എക്‌സ്‌പോയിൽ ജിംനി 5-ഡോർ അരങ്ങേറ്റം കുറിച്ചതു മുതൽ കമ്പനി ബുക്കിംഗുകളും സ്വീകരിച്ചു തുടങ്ങിയിരുന്നു. ഇതേവരെ എസ്‌യുവിയെ തേടി 30,000 ബുക്കിംഗുകളാണ് എത്തിയിരിക്കുന്നതെന്നും കമ്പനി പറയുന്നു.
വില നിർണയം മികച്ചതായതിനാൽ ഇനിയും ജിംനിയെ തേടി ബുക്കിംഗുകൾ എത്തുമെന്നാണ് വിലയിരുത്തൽ. ഇക്കഴിഞ്ഞ മെയ് മാസം മുതൽ വാഹനത്തിനായുള്ള ഉത്പാദനവും മാരുതി സുസുക്കി ആരംഭിച്ചിരുന്നു. ഓർഡറുകളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ ജിംനിക്കായുള്ള ബുക്കിംഗ് പിരീഡ് ആറു മുതൽ എട്ടു മാസം വരെ നീളാമെന്നാണ് തോന്നുന്നത്. 33,550 രൂപ പ്രതിമാസം നൽകിയാൽ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനിലും ജിംനി വീട്ടിലെത്തിക്കാം.

എർട്ടിഗ, XL6 പോലുള്ള വലിയ വാഹനങ്ങളിൽ ഈ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ നൽകി മാരുതി വലിയ വിജയം കൈവരിച്ചിരുന്നു. 105 bhp പവറിൽ 134 Nm torque നൽകുന്ന 1.5 ലിറ്റർ K-സീരീസ് പെട്രോൾ എഞ്ചിനാണ് ജിംനി 5-ഡോർ മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 4-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കി ഇതുവാങ്ങാം.
2WD ഹൈ, 4WD ഹൈ, 4WD ലോ എന്നീ മൂന്ന് മോഡുകളുള്ള മാനുവൽ ട്രാൻസ്ഫർ കേസും ലോ റേഞ്ച് ഗിയർബോക്സും സഹിതം സുസുക്കി ഓൾഗ്രിപ്പ് പ്രോ 4WD സിസ്റ്റവും ഇതിന് ലഭിക്കുന്നു. 16.94 കിലോമീറ്റർ മൈലേജാണ് ജിംനിയിൽ കമ്പനി പറയുന്നത്. സേഫ്റ്റിയിലും ആളിച്ചിരി മുറ്റാണ്. മൊത്തം 6 എയർബാഗുകളാണ് ജിംനിയിലുള്ളത്.
ഇതിൽ സൈഡ്, കർട്ടൻ, ഫ്രണ്ട് എന്നിവയാണ് ഉൾപ്പെടുന്നത്. ബ്രേക്ക് അസിസ്റ്റ്, ഹിൽ ഹോൾഡ് അസിസ്റ്റ്, റിയർ വ്യൂ ക്യാമറ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, ഇബിഡിയുള്ള എബിഎസ് എന്നിവയും ജിംനിയുടെ ഭാഗമാണ്. ഇലക്ട്രോണിക് ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും ത്രീ-ലിങ്ക് റിജിഡ് ആക്‌സിൽ സസ്പെൻഷനുമാണ് ജിംനിയെ വ്യത്യസ്‌തമാക്കുന്ന മറ്റൊരു കാര്യം.


Click it and Unblock the Notifications








