എന്തേ വൈകിയേ...? ഏപ്രിൽ മുതൽ കാറുകൾക്ക് വില കൂട്ടുമെന്ന് മാരുതിയും
വില പ്രഖ്യാപനത്തിന്റെ ഒരു വലിയ നിര തന്നെയാണ് ഉടൻ വരാനിരിക്കുന്നത്. ഇന്നലെ ഫോക്‌സ്‌വാഗൺ വില പരിഷ്ക്കാരം പ്രഖ്യാപിച്ച് പടക്കത്തിന് തിരികൊളുത്തുകയും ചെയ്‌തു. പുതിയ സാമ്പത്തിക വർഷം തുടങ്ങാനിരിക്കുന്നതിന് മുന്നോടിയായാണ് ഇൻപുട്ട് ചെലവുകളിലെ വർധനവ് കാട്ടി വാഹന നിർമാതാക്കളെല്ലാം ഈ തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.
ഈ വിശദീകരണം ചൂണ്ടിക്കാട്ടി ഇപ്പോൾ അടിക്കടി കാറുകൾക്ക് വില കൂട്ടുന്നതും ഒരു ട്രെൻഡാണ്. പണ്ട് കൊല്ലത്തിൽ ഒരു തവണയൊക്കെ കൂടിയിരുന്ന വാഹന വില ഇപ്പോൾ മൂന്ന് മാസത്തിൽ ഒരിക്കൽ കൂടുന്ന സ്ഥിതിയാണുള്ളത്. അതിനാൽ ഇത്തരം വാർത്തകൾക്ക് അത്ര പുതുമയൊന്നുമില്ലെന്നതാണ് രസകരമായ കാര്യം. എത്ര വില കൂടിയാലും വണ്ടി വാങ്ങാൻ ആളുകൾ എത്തുമെന്ന് കമ്പനികൾക്കറിയാം. ഒരു ആഡംബര വസ്തുവിൽ നിന്നും അത്യാവിശ്യ കാര്യമായി കാറുകൾ നമുക്ക് മാറിയതും വളരെ വേഗമാണ്.

ഇന്ന് നമ്മുടെ കൊച്ചുകേരളത്തിൽ പോലും ഒരു കാർ ഇല്ലാത്ത കുടുംബങ്ങളോ വ്യക്തികളോ കുറവായിരിക്കും. ഫോക്‌സ്‌വാഗണ് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയും 2023 ഏപ്രിൽ മുതൽ തങ്ങളുടെ ജനപ്രിയ മോഡലുകൾക്ക് വില ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. വർധിച്ചുവരുന്ന പണപ്പെരുപ്പത്തിന്റെയും നിയന്ത്രണ ആവശ്യകതകളുടെയും ആഘാതം ഭാഗികമായി നികത്തുന്നതിനായി ഏപ്രിൽ മുതൽ മോഡൽ ശ്രേണിയുടെ വിലകൾ പുതുക്കുന്നതെന്നാണ് കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചിരിക്കുന്നത്.
എന്നിരുന്നാലും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വില വർധനവ് എത്ര ശതമാനമായിരിക്കുമെന്ന് കാർ നിർമാതാക്കൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മിക്കവാറും നിലവിലെ എക്സ്ഷോറൂം വിലയുടെ രണ്ട് ശതമാനം മുതലായിരിക്കും പരിഷ്ക്കാരം കൊണ്ടുവരികയെന്നാണ് ലഭിക്കുന്ന സൂചന. ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന RDE മാനദണ്ഡങ്ങൾ പോലുള്ള റെഗുലേറ്ററി ആവശ്യകതകളും കാറികളുടെ വിലയിൽ വർധനവുണ്ടാവാൻ കാരണമായിട്ടുണ്ട്. നിലവിലുള്ള എഞ്ചിനിൽ മാറ്റംകൊണ്ടുവരുന്നതാണ് ഈ ചെലവിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്ന കാര്യം.

ഏപ്രിൽ ഒന്നു മുതൽ തത്സമയ ഡ്രൈവിംഗ് എമിഷൻ അളവ് നിരീക്ഷിക്കാൻ വാഹനങ്ങൾക്ക് ഓൺ-ബോർഡ് സെൽഫ് ഡയഗ്നോസ്റ്റിക് ഉപകരണം ആവശ്യമാണ്. എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഈ ഉപകരണം വാഹനത്തിന്റെ പ്രധാന ഭാഗങ്ങളായ കാറ്റലറ്റിക് കൺവെർട്ടർ, ഓക്സിജൻ സെൻസറുകൾ എന്നിവ നിരന്തരം നിരീക്ഷിക്കും. ഇവയുടെ കൂട്ടിച്ചേർക്കലിനായി ഇപ്പോൾ എല്ലാ വാഹന നിർമാതാക്കളും അവരുടെ എഞ്ചിനുകളിൽ നവീകരണം നടപ്പിലാക്കി കഴിഞ്ഞിട്ടുണ്ട്. അങ്ങനെ ഈ ചെലവുകളും കണക്കിലെടുത്താണ് വില വർധനവ് പ്രഖ്യാപിക്കുന്നത്.
2021 ജനുവരി മുതൽ ചെറിയ തുകകളിലൂടെ കമ്പനി ഏഴ് വില വർധനവ് വരുത്തിയതായാണ് മാരുതി സുസുക്കിയുടെ മാർക്കറ്റിംഗ്, സെയിൽസ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ശശാങ്ക് ശ്രീവാസ്തവ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞത്. മാരുതിയെ കൂടാതെ ഹോണ്ട, ടാറ്റ മോട്ടോർസ്, ഹീറോ മോട്ടോകോർപ് തുടങ്ങിയ നിരവധി കമ്പനികളും ഏപ്രിൽ മുതൽ വില വർധിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഏറ്റവും പുതിയ എമിഷൻ മാനദണ്ഡങ്ങൾ യൂറോ6 മലിനീകരണ മാനദണ്ഡങ്ങൾക്ക് തുല്യമായതാണ്.

നിലവിൽ വലിയ വാഹന നിരയുള്ള മാരുതിയെ ഈ വില പരിഷ്ക്കാരം എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്നു തന്നെ കാണാം. പുതിയ കാർ വാങ്ങാൻ ആളുകൾ തിക്കുംതിരക്കും കാട്ടുമ്പോൾ ഇത്തരത്തിലുള്ള നീക്കങ്ങൾ ശരിക്കും തിരിച്ചടിയാവാനാണ് സാധ്യത തെളിയുന്നത്. ഒരു മോഡൽ ഇന്ന് ബുക്ക് ചെയ്‌താൽ ഡെലിവറി കിട്ടുമ്പോൾ ആ കാറിന് പുതിയ വിലയായിരിക്കുമെന്നതാണ് ഇപ്പോഴത്തെ യാഥാർഥ്യം. എന്നാൽ ഇത്തരം തീരുമാനങ്ങളിൽ പെട്ടുപോവാതിരിക്കാൻ ബ്രാൻഡുകളെല്ലാം എല്ലാ മാസവും ഉപോഭോക്താക്കൾക്കായി ഡിസ്‌കൗണ്ട് ഓഫറുകളും ആനുകൂല്യങ്ങളും അവതരിപ്പിക്കാറുമുണ്ട്.
മാരുതി സുസുക്കിയെല്ലാം ഇക്കാര്യത്തിൽ ഏറെ മുന്നിൽ നിൽക്കുന്നവരാണ്. ആയതിനാൽ ഈ വിലക്കയറ്റവും ഒരു പരിധി വരെ പിടിച്ചുനിർത്താൻ കമ്പനി പുതിയ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. കൂടാതെ അടുത്ത രണ്ട് മാസത്തിനുള്ളിൽ ഫ്രോങ്ക്‌സും ജിംനിയും ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തുകയും ചെയ്യും. രണ്ട് മോഡലുകളുടേയും വില അറിയാനായി ജനങ്ങൾ കാത്തിരിക്കുകയാണിപ്പോൾ.


Click it and Unblock the Notifications