വണ്ടികിട്ടാൻ നല്ല വെയ്റ്റാ... ബ്രെസ സിഎൻജി സ്വന്തമാക്കാൻ 6 മാസം വരെ കാത്തിരിക്കണം
ഇന്ത്യയിൽ സിഎൻജി കാറുകൾക്ക് പ്രത്യേക പരിഗണനയാണുള്ളത്. കാരണം മൈലേജ് തന്നെ! എന്നാൽ ഇലക്ട്രിക് വാഹനങ്ങളുടേയും ഹൈബ്രിഡ് സാങ്കേതികവിദ്യയുടേയും ഇക്കാലത്ത് സിഎൻജി മോഡലുകൾ അർഥവത്താണോയെന്നാണ് ചിലരുടെ ആശങ്ക. അതിനുള്ള ഉത്തരം അതത് മോഡലുകൾ തന്നെ തരും. താങ്ങാനാവുന്ന വിലയിൽ ഏത് സാധാരണക്കാരനും കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് കാറുകൾ സ്വന്തമാക്കാം.
എന്നാൽ മറുവശത്ത് ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾക്ക് 15 ലക്ഷം രൂപ വരെയെങ്കിലും എക്സ്ഷോറൂം വിലയായി മുടക്കേണ്ടതുണ്ട്. ഭാവിയിൽ ഇത്തരം കാറുകൾ സാധാരണക്കാരിലേക്ക് കുറഞ്ഞ വിലയിൽ എത്തുമെങ്കിലും അതുവരെ സിഎൻജി കാറുകൾക്ക് പ്രത്യേക സ്ഥാനം തന്നെയുണ്ട്. സാധാരണ ഒരു വാഹനം ഉപയോഗിക്കുന്ന അതേ സൗകര്യങ്ങളോടെ ഇവ കൊണ്ടുനടക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. സിഎൻജി കാറുകളുടെ രംഗത്തും മാരുതി സുസുക്കി തന്നെയാണ് അതികായകൻമാർ. അടുത്തിടെ ജനപ്രിയമായ ബ്രെസയുടെ സിഎൻജി പതിപ്പും ബ്രാൻഡ് പുറത്തിറക്കി.

9.14 ലക്ഷം രൂപ മുതൽ 12.05 ലക്ഷം രൂപ വരെ വിലയുള്ള LXi, VXi, ZXi, ZXi ഡ്യുവൽ ടോൺ എന്നീ നാല് വകഭേദങ്ങളിലാണ് സിഎൻജി ബ്രെസയെ മാരുതി അവതരിപ്പിച്ചിരിക്കുന്നത്. എങ്കിലും എസ്‌യുവി സ്വന്തമാക്കണമെങ്കിൽ 6 മാസം വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് ഡീലർഷിപ്പുകളിൽ നിന്നും ലഭിക്കുന്ന വിവരം. ഇത്രയും അധികം നാൾ വാഹനത്തിനായി കാത്തിരിക്കുന്നത് ഉപഭോക്താക്കളെ സംബന്ധിച്ച് മടുപ്പുളവാക്കിയേക്കാവുന്ന ഇക്കാര്യം മാരുതി പരിഗണിക്കേണ്ടതായി വരും.
ഇന്ത്യയിൽ മിക്ക ബ്രാൻഡുകളും ഇലക്ട്രിക്കിന് പിന്നാലെ പായുമ്പോൾ സാധാരണ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാനാണ് മാരുതിയുടെ ശ്രമം. ബ്രെസയുടെ സിഎൻജി മോഡൽ അവതരിപ്പിച്ചതോടെ കമ്പനി ഇതര ഇന്ധന സാങ്കേതികവിദ്യയ്ക്ക് എത്രത്തോളം പ്രാധാന്യം നൽകുന്നു എന്നതിനും അടിവരയിടുന്നു. ഒരു കിലോ ഇന്ധനത്തിന് ഏകദേശം 25.51 കിലോമീറ്റർ മൈലേജാണ് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. അതായത് ഒരു ഹൈബ്രിഡ് കാറിൽ കമ്പനികൾ വാഗ്‌ദാനം ചെയ്യുന്ന അതേ കണക്കുകളാണിത്.

നമുക്ക് ഏറെ പരിചിതമായ 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ബ്രെസ സിഎൻജിക്ക് തുടിപ്പേകുന്നത്. സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ ഇത് 87 bhp കരുത്തിൽ പരമാവധി 121.5 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം പെട്രോൾ മോഡിൽ എഞ്ചിൻ 102 bhp, 136 Nm torque എന്നിവയും നൽകും. ഗിയർബോക്‌സ് ഓപ്ഷനിൽ അഞ്ച് സ്പീഡ് മാനുവലാണ് മാരുതി സുസുക്കി ഒരുക്കിയിരിക്കുന്നത്. ഓട്ടോമാറ്റിക് എത്തുമെന്ന അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും ആദ്യ ഘട്ടത്തിൽ അവതരിപ്പിക്കേണ്ടതെന്ന തീരുമാനത്തിലായിരുന്നു കമ്പനി.
എന്നാൽ അടുത്ത ഘട്ടത്തിൽ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സിനെ ബ്രെസ സിഎൻജിയിലേക്ക് എത്തിക്കുമോ എന്ന കാര്യം കാത്തിരുന്നു കാണേണ്ടി വരും. ഒരു സിഎൻജി വാഹനത്തിന്റെ ഏറ്റവും വലിയ യുഎസ്പികളിലൊന്ന് അതിന്റെ പ്രവർത്തനച്ചെലവാണ്. അക്കാര്യത്തിൽ മാരുതി കാറുകൾ വേറെ ലെവലാണെന്ന് പണ്ടേ തെളിയിച്ച കാര്യമാണ്. കുറഞ്ഞ മെയിന്റനെൻസും കൂടുതൽ മൈലേജും ഒരുക്കുന്നതിൽ ബ്രെസയും അതേ നിലവാരം പുലർത്തുമെന്ന് ഉറപ്പാണ്.

സിഎൻജി വാഹനമാണെങ്കിലും ഫീച്ചറുകളിലൊന്നും യാതൊരുവിധ പിശുക്കും കാട്ടാതെയാണ് ബ്രെസയെ മാരുതി വിപണിയിൽ എത്തിച്ചത്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 7.0 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, ക്രൂയിസ് കൺട്രോൾ, കണക്റ്റഡ് കാർ ടെക്, ഇലക്ട്രിക് സൺറൂഫ്, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്റുകൾ, പവർഡ് റിയർ തുടങ്ങിയ സവിശേഷതകളോടെയാണ് വാഹനത്തെ ഒരുക്കിയിരിക്കുന്നത്.
ബ്രെസ സിഎൻജിയുടെ എല്ലാ വേരിയന്റുകൾക്കും ഇത്രയും വലിയ ബുക്കിംഗ് പിരീഡുള്ളത് തീർച്ചയായും നിരാശപ്പെടുത്തുന്ന കാര്യം തന്നെയാണ്. പുതിയൊരു വാഹനം പുത്തനൊരു സാങ്കേതികവിദ്യയുമായി എത്തുമ്പോൾ നീണ്ട കാത്തിരിപ്പ് നൽകുന്നത് എതിരാളി സംബന്ധിച്ച് മുതലെടുക്കാനാവുന്ന കാര്യമാണ്. കിയയോ ഹ്യുണ്ടായിയോ ഈ അവസരം വിനിയോഗിച്ചാൽ മാരുതിക്ക് പിന്നീട് അതൊരു പണിയാകുമെന്ന് ഉറപ്പാണ്. ആയതിനാൽ സിഎൻജി ബ്രെസയുടെ ഡെലിവറിക്ക് ബ്രാൻഡ് കൂടുതൽ പരിഗണന നൽകേണ്ടതുണ്ട്.


Click it and Unblock the Notifications








