മൈലേജിൽ ഹൈബ്രിഡിനെ വെല്ലും! ഓട്ടോമാറ്റിക്കില്ലാതെ ബ്രെസ സിഎൻജി വിപണിയിൽ; വില 9.14 ലക്ഷം മുതൽ
മൈലേജുകളുടെ കാര്യത്തിൽ വിപ്ലവം രചിക്കുന്ന ഹൈബ്രിഡ് വാഹനങ്ങൾ ഇന്ത്യയിൽ ട്രെൻഡാവുമ്പോൾ ഇന്ധനക്ഷമതയുടെ കാര്യത്തിൽ ഇവരെ വെല്ലുന്ന സിഎൻജി കാറുകളും വിപണിയിൽ കുമിഞ്ഞുകൂടുകയാണ്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി തന്നെ ഈ വിപ്ലവത്തിന് ചുക്കാൻ പിടിക്കുമ്പോൾ ഉപഭോക്താക്കൾ എങ്ങനെ ഏറ്റുപിടിക്കാതിരിക്കും.
എസ്‌യുവി സെഗ്മെന്റിൽ കേട്ടുപരിചയമില്ലാത്ത സിഎൻജി എഞ്ചിൻ ഓപ്ഷൻ ദേ ഇപ്പോൾ ജനപ്രിയനായ ബ്രെസയിലും നൽകി ഞെട്ടിച്ചിരിക്കുകയാണ് മാരുതി സുസുക്കി. കോംപാക്‌ട് സ്പോർട്ട് യൂട്ടിലിറ്റി വാഹനത്തിന്റെ എല്ലാ വേരിയന്റിലും ഈ ഫ്യുവൽ ഓപ്ഷൻ അവതരിപ്പിക്കുന്നുവെന്നതാണ് ശ്രദ്ധേയം. ഒപ്പം ഓട്ടോമാറ്റിക് വേരിയന്റും സിഎൻജിയിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും അത് ഇത്തവണ സംഭവിച്ചിട്ടില്ല എന്നത് നിരാശാജനകമാണ്.

9.14 ലക്ഷം പ്രാരംഭ വിലയിൽ തുടങ്ങി 12.05 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ സിഎൻജി പതിപ്പിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. സാധാരണ പെട്രോൾ എഞ്ചിൻ വേരിയന്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അതാത് സിഎൻജി പതിപ്പുകൾക്ക് ഏകദേശം 1 ലക്ഷം രൂപ മാത്രമാണ് അധികം മുടക്കേണ്ടി വരിക. ബ്രെസയുടെ സിഎൻജി മോഡൽ അവതരിപ്പിച്ചതോടെ മാരുതി സുസുക്കി ഇതര ഇന്ധന സാങ്കേതികവിദ്യയ്ക്ക് എത്രത്തോളം പ്രാധാന്യം നൽകുന്നു എന്നതിലേക്ക് വീണ്ടും വിരൽ ചൂണ്ടുന്നുമുണ്ട്.
ഒരു കിലോ ഇന്ധനത്തിന് ഏകദേശം 25.51 കിലോമീറ്റർ മൈലേജാണ് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. LXi, VXi, ZXi, ZXi ഡ്യുവൽ ടോൺ എന്നീ നാല് വകഭേദങ്ങളിലാണ് കിറ്റ് വാഗ്ദാനം ചെയ്യുന്നതെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ബ്രെസ സിഎൻജിയുടെ ടോപ്പ് എൻഡ് വേരിയന്റുകളിൽ ഇലക്ട്രോണിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള സ്മാർട്ട്പ്ലേ പ്രോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകൾ തുടർന്നും മാരുതി നൽകും.

തീർന്നില്ല, ഇവയ്ക്ക് പുറമെ കീലെസ് പുഷ് ബട്ടൺ സ്റ്റാർട്ട്, ഇൻ-കാർ കണക്റ്റീവ് ഫീച്ചറുകൾ, വോയ്‌സ് അസിസ്റ്റൻസ്, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മൗണ്ടഡ് കൺട്രോളുകളുള്ള സ്റ്റിയറിംഗ് വീൽ, ആറ് എയർബാഗുകൾ എന്നിവയുടെ അകമ്പടിയും ബ്രെസ സിഎൻജിക്ക് ലഭിക്കും. ഇനി ഡിസൈനിലേക്ക് നോക്കിയാൽ എസ്-സിഎൻജി ബാഡ്ജ് ചേർത്തത് മാറ്റിനിർത്തിയാൽ ബ്രെസയുടെ സ്റ്റാൻഡേർഡ് പതിപ്പുകൾക്ക് സമാനമാണ് കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റും.
എന്നാൽ സിഎൻജി ടാങ്ക് ബൂട്ട് സ്പേസിന്റെ വലിയ പങ്ക് അപഹരിച്ചിട്ടുണ്ട്. മറ്റ് പ്രത്യേകതകളിലേക്ക് നോക്കിയാൽ സംയോജിത പെട്രോൾ, സിഎൻജി ഫ്യുവൽ ലിഡ്, സമർപ്പിത സിഎൻജി ഡ്രൈവ് മോഡ്, ഡിജിറ്റൽ, അനലോഗ് സിഎൻജി ഫ്യുവൽ ഗേജുകൾ, സ്വിച്ച് ഓവർ ഇൽയുമിനേറ്റഡ് ഫ്യൂവൽ ചേഞ്ച് എന്നിങ്ങനെയുള്ള സിഎൻജി-നിർദ്ദിഷ്ട സവിശേഷതകളോടെയാണ് മാരുതി സുസുക്കിയുടെ 14-ാമത് എസ്-സിഎൻജി വാഹനം വിപണിയിൽ എത്തിയിരിക്കുന്നത്.

ഇനി എഞ്ചിൻ വിശദാംശങ്ങളിലേക്ക് നോക്കിയാൽ മാരുതി സുസുക്കിയുടെ തന്നെ XL6, എർട്ടിഗ മോഡലുകളിൽ കാണപ്പെടുന്ന പരിചിതമായ 1.5 ലിറ്റർ ഫോർ-സിലിണ്ടർ K15C പെട്രോൾ എഞ്ചിനാണ് ബ്രെസ സിഎൻജിയും ഉപയോഗിച്ചിരിക്കുന്നത്. പെട്രോൾ മോഡിൽ ഇത് പരമാവധി 100 bhp പവറിൽ 136 Nm torque ഉത്പാദിപ്പിക്കുമ്പോൾ സിഎൻജി മോഡിൽ വാഹനം യഥാക്രമം 88 bhp, 121.5 Nm torque എന്നിവയാണ് നൽകുന്നത്.
ഗിയർബോക്‌സ് ഓപ്ഷനിൽ ഓട്ടോമാറ്റിക് വരെ ഉൾപ്പെടുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അഞ്ച് സ്പീഡ് മാനുവൽ മാത്രമാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ പിന്നീടുള്ള ഘട്ടത്തിൽ ഓട്ടോമാറ്റിക് പതിപ്പും ബ്രെസയ്ക്ക് കിട്ടിയേക്കും. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ബ്രെസ സിഎൻജി എസ്‌യുവിക്കായുള്ള ബുക്കിംഗും ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 25,000 രൂപ ടോക്കൺ തുക നൽകി വാഹനം പ്രീ-ബുക്ക് ചെയ്യാനാവും.


Click it and Unblock the Notifications








