മൈലേജ് കാറുകൾ വാങ്ങാൻ കൈപൊള്ളും, ഞെട്ടിക്കുന്ന തീരുമാനവുമായി നമ്മുടെ മാരുതി
രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളാരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ ഏവർക്കും. അത് മാരുതി സുസുക്കി എന്നുതന്നെയാവും. ഇത്രയും പോപ്പുലറായ കാറുകൾ ഇന്ത്യയിൽ തന്നെയില്ലെന്നു വേണം പറയാൻ. ആൾട്ടോ മുതൽ ഇൻവിക്റ്റോ വരെയുള്ള നിരയിലെ ഓരോ മോഡലുകളും ചൂടപ്പം പോലെയാണ് വിറ്റഴിക്കപ്പെടുന്നത്. അത്രയേറെ വിശ്വാസമാണ് ആളുകൾക്ക് ഈ ബ്രാൻഡിനോട്.
ഇനിയിപ്പോൾ സെക്കൻഡ് ഹാൻഡ് വണ്ടിയെടുക്കാനായാലും മാരുതി തന്നെ മതിയെന്ന് പറയുന്നവരാണ് ഭൂരിഭാഗം ആളുകളും. ബജറ്റ് വാഹനങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന കമ്പനി അടുത്തിടെയായി പ്രീമിയം എസ്‌യുവികൾ പുറത്തിറക്കുന്ന തിരക്കിലാണ്. ഫ്രോങ്ക്‌സ്, ബ്രെസ, ജിംനി, ഗ്രാൻഡ് വിറ്റാര പോലുള്ള കിടുക്കൻ വണ്ടികളിലൂടെ സ്പോർട് യൂട്ടിലിറ്റി വാഹന നിരയും മാരുതി കൈവശപ്പെടുത്തിയിരുന്നു.

ഇങ്ങനെ മുന്നോട്ടു പോവുന്ന അവസരത്തിൽ അധികം വൈകാതെ മാരുതി സുസുക്കിയുടെ കാറുകളിൽ ഏതെങ്കിലും ഒന്ന് വാങ്ങാൻ നിങ്ങൾ പദ്ധതിയിട്ടിട്ടുണ്ടെങ്കിൽ അൽപം നിരാശപ്പെടേണ്ടി വന്നേക്കാം. എന്താണന്നല്ലേ, ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമാതാക്കളായ മാരുതി തങ്ങളുടെ മോഡലുകളുടെ വില വർധിപ്പിക്കാൻ പോവുകയാണെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
പുതുവർഷം മുതൽ അതായത് 2024 ജനുവരി മുതൽ മോഡ നിരയിൽ വില വർധനവ് നടപ്പിലാക്കുമെന്ന് കമ്പനി നവംബർ 27-ന് ഔദ്യോഗികമായി അറിയിച്ചു.അടുത്ത വർഷം ജനുവരി ഒന്നു മുതൽ പുതിയ വിലകൾ പ്രാബല്യത്തിൽ വരും. എന്നിരുന്നാലും പുതിയ വില വർധന എല്ലാ മോഡലുകൾക്കും ബാധകമാണോ എന്നും വില വർധനവിന്റെ നിരക്കും മാരുതി സുസുക്കി വ്യക്തമാക്കിയിട്ടില്ല.

ഉത്പാദനച്ചെലവ് വർധിക്കുന്നതിനാലാണ് കാർ വിലയിൽ മാറ്റമുണ്ടാവാൻ പോവുന്നതെന്നാണ് വിവരം. മാരുതിക്ക് പുറമെ മറ്റ് പ്രമുഖ ബ്രാൻഡുകളും പുതുവത്സരം മുതൽ വാഹനങ്ങൾക്ക് വില കൂട്ടുമെന്ന് ഉറപ്പാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ ട്രെൻഡ് നിലവിലുണ്ട്. മൊത്തത്തിലുള്ള പണപ്പെരുപ്പവും വർധിച്ചുവരുന്ന ചരക്ക് വിലയും മൂലമുള്ള ചെലവുകളുടെ സമ്മർദ്ദം മൂലമാണ് വില പുതുക്കൽ ആവശ്യമായി വന്നതെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗിലൂടെ പറയുന്നു.
ഉപഭോക്താക്കളെ കാര്യമായി ബാധിക്കാത്ത വിധം വില ഉയര്‍ത്താനാണ് പദ്ധതിയിടുന്നതെന്ന് മാരുതി അറിയിച്ചിട്ടുണ്ടെന്നതും ശുഭസൂചനയാണ്. അതിനിടെ ചെലവ് ചുരുക്കുവാനും കമ്പനി ശ്രമിക്കുന്നുണ്ട്. ചെലവ് ചുരുക്കി കാറുകളുടെ വില വര്‍ധിപ്പിക്കുന്ന പരിധി പിടിച്ചുനിര്‍ത്താനുള്ള ശ്രമമാണ് നടത്തുന്നത്. എങ്കിലും ചെറിയ തോതില്‍ വില വര്‍ധന വിപണിയിലേക്ക് കൈമാറേണ്ടി വരുമെന്നും കമ്പനി ഓര്‍മ്മിപ്പിക്കുന്നു.

നിർദിഷ്ട വില വർധനയുടെ അളവ് മാരുതി സുസുക്കി വ്യക്തമാക്കിയിട്ടില്ല. എങ്കിലും കാര്യമായ വർധനവ് ഉണ്ടാവാൻ സാധ്യതയില്ലെന്നാണ് സൂചന. ഏകദേശം 1,000 മുതൽ 4,000 രൂപ വരെയുള്ള വില പരിഷ്ക്കാരമാണ് മാരുതി സുസുക്കിയിൽ നിന്നും പ്രതീക്ഷിക്കുന്നത്. 3.54 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ആൾട്ടോ K10 ആണ് നിലവിൽ ബ്രാൻഡിന്റെ എൻട്രി ലെവൽ മോഡൽ.
അതേസമയം ടൊയോട്ട ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കിയുള്ള ഇൻവിക്റ്റോ എംപിവിയാണ് മാരുതി വിൽക്കുന്ന ഏറ്റവും വലിയ പ്രീമിയം കാർ. ഇതിന് 24.80 ലക്ഷം രൂപ മുതലാണ് നിലവിലെ എക്സ്ഷോറൂം വില വരുന്നത്. ബലേനോ, സ്വിഫ്റ്റ്, വാഗൺആർ തുടങ്ങിയ മോഡലുകളാണ് മാരുതി നിരയിൽ നിന്നും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മൂന്ന് കാറുകൾ. മറ്റ് പല പ്രമുഖ കാർ ബ്രാൻഡുകളേയും പോലെ ഇവി രംഗത്തേക്ക് പ്രവേശിക്കുവാനുള്ള ഒരുക്കത്തിലാണ്.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ മാരുതിയിൽ നിന്നും അഞ്ചോളം പുത്തൻ കാറുകൾ പുറത്തിറങ്ങുമെന്നാണ് വിവരം. ഇതിൽ ആദ്യത്തേത് ഗ്രാൻഡ് വിറ്റാര അടിസ്ഥാനമാക്കിയുള്ള മൂന്നുവരി എസ്‌യുവിയായിരിക്കും. ഇതിനു ശേഷം രണ്ട് പുത്തൻ ഹാച്ച്ബാക്കുകളും കമ്പനി നിരയിലേക്ക് എത്തും. 10 ലക്ഷം രൂപയിൽ താഴെ ചെലവ് വരുന്ന മോഡലുകളായിരിക്കും ഇവയെന്നതും ശ്രദ്ധേയമാണ്.
XL6, ഇൻവിക്റ്റോ എന്നിവയ്ക്കിടയിൽ പുതിയ എംപിവിയും മാരുതി സുസുക്കി അവതരിപ്പിക്കുമെന്നാണ് വിവരം. ഇന്ത്യൻ വിപണിയിൽ വളരെ പ്രചാരമുള്ള കിയ കാരെൻസിന്റെ എതിരാളിയായി ആയിട്ടാവും ഇതിനെ പുറത്തിറക്കുക. അങ്ങനെ മൊത്തത്തിൽ വിപണി കീഴടക്കാൻ ഇന്തോ-ജാപ്പനീസ് ബ്രാൻഡ് മൊത്തത്തിൽ ഒരുങ്ങി കഴിഞ്ഞിട്ടുണ്ട്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഹൈബ്രിഡ്, സിഎൻജി, പെട്രോൾ, ഇലക്ട്രിക് എന്നീ രംഗങ്ങളിൽ മാരുതി തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കും.


Click it and Unblock the Notifications