Maruti Suzuki കുട്ടിക്കാറുകളിലും ഇനി ഈ ഫീച്ചർ, കൂടുതൽ മിടുക്കൻമാരായി മാരുതി മോഡലുകൾ
രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളിൽ ഒരാളായ മാരുതി സുസുക്കി (Maruti Suzuki) പുത്തൻ കാറുകൾ വിപണിയിൽ അവതരിപ്പിച്ച് തങ്ങളുടെ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിക്കുകയാണ്. ഫ്രോങ്ക്‌സിന്റെ (Fronx) വില പ്രഖ്യാപനത്തിന് ശേഷം ഇനി ഏവരുടേയും കാത്തിരിപ്പ് വീരനായ ജിംനിയുടെ (Jimny)വരവിനായാണ്. വിലയിലായാലും മറ്റ് കാര്യങ്ങളിലായാലും ഇന്ത്യക്കാരുടെ മനസറിഞ്ഞ് തീരുമാനമെടുക്കാൻ മാരുതിക്കറിയാം.
ഏതു സെഗ്മെന്റിൽ പുതിയ മോഡൽ കൊണ്ടുവന്നാലും ഹിറ്റടിക്കാനുള്ള മന്ത്രം മാരുതിയുടെ പക്കലുണ്ടെന്നാണ് പൊതുവേയുള്ള അടക്കം പറച്ചിൽ. സേഫ്റ്റിയുടെ കാര്യം പറഞ്ഞ് പലരും കളിയാക്കാറുണ്ടെങ്കിലും പുത്തൻ കാറുകളിൽ കൂടുതൽ സുരക്ഷയൊരുക്കാൻ കമ്പനിക്കായിട്ടുണ്ട്. അടുത്തിടെ പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം നടപ്പിലാക്കിയതിന്റെ ഭാഗമായി മോഡൽ നിരയിലാകെ വൻ മാറ്റങ്ങളാണ് ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നത്.

2023 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന പുതിയ റിയൽ ഡ്രൈവിംഗ് എമിഷൻ മാനദണ്ഡങ്ങൾക്കനുസൃതമായാണ് മാരുതിയുടെ മുഴുവൻ കാർ, എസ്‌യുവി, വാണിജ്യ വാഹന ശ്രേണിയും പ്രവർത്തിക്കുന്നത്. കൂടാതെ ഇന്ത്യയിൽ വിൽക്കുന്ന എല്ലാ മാരുതി മോഡലുകളും ഇപ്പോൾ എഥനോൾ മിശ്രിതമായ E20 ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കാനും അനുയോജ്യമാണ്. കാറുകളുടെ എമിഷൻ കൺട്രോൾ സിസ്റ്റങ്ങൾ തത്സമയം നിരീക്ഷിക്കാൻ മെച്ചപ്പെടുത്തിയ ഓൺബോർഡ് ഡയഗ്‌നോസ്റ്റിക്‌സ് (OBD) സംവിധാനവുമായാണ് വാഹനങ്ങളെല്ലാം വരുന്നത്.
എന്തെങ്കിലും തകരാർ കണ്ടെത്തിയാൽ ഇത് ഡ്രൈവർമാരെ അറിയിക്കുമെന്നും മാരുതി സുസുക്കി പറയുന്നു. മലിനീകരണ ചട്ടങ്ങളുമായി ബന്ധപ്പെട്ട നവീകരണങ്ങൾക്കൊപ്പം എല്ലാ മോഡലുകളും ഇപ്പോൾ സ്റ്റാൻഡേർഡായി ഇലക്ട്രിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP) സവിശേഷതയുമായാണ് വരുന്നതെന്നും കമ്പനി അവകാശപ്പെടുന്നു. പെട്ടെന്നുള്ള തിരിവുകളും വഴുവഴുപ്പുള്ള റോഡുകളും പോലുള്ള വെല്ലുവിളി നിറഞ്ഞ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ വാഹന നിയന്ത്രണം നിലനിർത്താൻ സഹായിക്കുന്ന ഒരു ഫീച്ചറാണ് ഇലക്ട്രോണിക് സ്റ്റൈബിലിറ്റി കൺട്രോൾ അല്ലെങ്കിൽ പ്രോഗ്രാം.

എസ്-പ്രെസോ, സെലേറിയോ, വാഗൺആർ തുടങ്ങിയ എല്ലാ അരീന ബജറ്റ് മോഡലുകളിലും ഉൾപ്പെടെയാണ് മാരുതി സുസുക്കി ESC സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്. നിലവിൽ ഇന്ത്യയിലെ മാരുതി സുസുക്കി ലൈനപ്പ് 3.99 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന ആൾട്ടോ K10 മുതൽ 19.95 ലക്ഷം രൂപ വരെയുള്ള ഗ്രാൻഡ് വിറ്റാര ഹൈബ്രിഡ് സിവിടി എസ്‌യുവി വരെയാണ് നീളുന്നത്.
2021 നവംബർ മുതൽ ആരംഭിച്ച മോഡൽ പരിഷ്ക്കരണം കമ്പനി ഇപ്പോൾ പുതിയ മോഡലുകളുടെ അവതരണത്തിലേക്ക് നീട്ടിയിരിക്കുകയാണ്. ഈ വർഷം ഫ്രോങ്ക്സും ജിംനിയും തന്നെയാവും മാരുതിയുടെ രണ്ട് പുത്തൻ കാറുകൾ. 7.47 ലക്ഷം രൂപയിൽ നിന്നാണ്. കൂപ്പെ സ്റ്റൈലിലുള്ള ഫ്രോങ്ക്സിന്റെ വില ആരംഭിക്കുന്നത്. അതേസമയം ടോപ്പ് എൻഡ് വേരിയന്റിനായി 13.13 ലക്ഷം രൂപ വരെയും മുടക്കേണ്ടി വരും.

സിഗ്മ, ഡെൽറ്റ, ഡെൽറ്റ പ്ലസ്, സീറ്റ, ആൽഫ എന്നിങ്ങനെ അഞ്ചു വകഭേദങ്ങളിൽ ഫ്രോങ്ക്സ് തെരഞ്ഞെടുക്കാനാവും. ബലേനോ RS പെർഫോമൻസ് കാറിലുണ്ടായിരുന്ന ടർബോ ബൂസ്റ്റർജെറ്റ് എഞ്ചിന്റെ തിരിച്ചുവരവാണ് ഫ്രോങ്ക്സിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്ന്. ഇനി ജിംനി കൂടിയെത്തുമ്പോൾ ഇന്ത്യയിലെ എസ്‌യുവി ലൈനപ്പ് തൂക്കാൻ മാരുതിക്കാവുമെന്നാണ് ഏവരുടേയും പ്രതീക്ഷ.
ജിംനിക്കും താങ്ങാനാവുന്ന വിലയിട്ട് വിപണി പിടിക്കാനാവുമെന്നാണ് വിലയിരുത്തൽ. മഹീന്ദ്ര ഥാറിന് ഒത്ത എതിരാളിയാവുമ്പോൾ കുറഞ്ഞ വിലയും കിടിലൻ മൈലേജ് കണക്കുകളും തന്നെയാവും ഈ ഇതിഹാസ മോഡലിന്റെ ഹൈലൈറ്റ്. 2023 മെയ് മാസത്തിൽ എസ്‌യുവി നിരത്തിലിറങ്ങും. പുതുക്കിയ എമിഷൻ മാനദണ്ഡങ്ങൾ അനുസരിച്ച് എല്ലാ കാറുകളും മോഡിഫൈഡ് ഇന്ത്യൻ ടെസ്റ്റ് സൈക്കിൾ (MIDC) ലാബിലും റോഡിലെ യഥാർഥ സാഹചര്യങ്ങളിലും പരീക്ഷിക്കേണ്ടതുണ്ട്. ആയതിനാൽ മുമ്പത്തേതുപോലെ കമ്പനി പറയുന്ന മൈലേജായിരിക്കണം ഇനി ഉപഭോക്താക്കൾക്ക് കാറിൽ നിന്നും ലഭിക്കേണ്ടത്.


Click it and Unblock the Notifications








