ആർക്കും വേണ്ടാത്ത മാരുതി കാറോ? 20 കി.മീ. മൈലേജുണ്ടായിട്ടും ഇതാണല്ലോ ഗതി
മാരുതി സുസുക്കി കാറുകളെന്നു വെച്ചാൽ ആളുകൾ കൊത്തിക്കോണ്ട് പോവുന്ന കാഴ്ച്ചയാണ് നമുക്ക് കാണാനാവുന്നത്. ആൾട്ടോ K10 മുതൽ ഗ്രാൻഡ് വിറ്റര വരെ നീളുന്ന നിരയിൽ കമ്പനിക്ക് അഭിമാനം കൊള്ളാം. ജനങ്ങളുടെ പൾസറിഞ്ഞ് വണ്ടികൾ പണിയാൻ അറിയാവുന്ന ബ്രാൻഡിനും ചില പാളിച്ചകൾ പറ്റിയിട്ടുണ്ടെന്ന് വേണം പറയാൻ. കിസാഷി, എസ്-ക്രോസ് പോലുള്ള മോഡലുകളെല്ലാം ഇതിനുള്ള ഉദാഹരണങ്ങളാണ്.
ഇപ്പോഴും മാരുതിയുടെ നിരയിൽ കാര്യമായ ഡിമാന്റില്ലാത്തൊരു വണ്ടി കൂടിയുണ്ട്. സിയാസ് എന്ന മിഡ്-സൈസ് സെഡാനാണത്. ഇറങ്ങിയ കാലത്ത് ചൂടപ്പം പോലെയാണ് വിറ്റഴിച്ചിരുന്നതെങ്കിലും എസ്‌യുവികളുടെ വരവോടെ സിയാസിന്റെ ശോഭ മങ്ങിയെന്നു വേണം പറയാൻ. പക്ഷേ സെഗ്മെന്റിൽ ഹ്യുണ്ടായി വെർണയും, ഫോക്‌സ്‌വാഗൺ വെർട്ടിസും ഹോണ്ട സിറ്റിയുമെല്ലാം മോശമാക്കാതെ ആളെപ്പിടിക്കുന്നുണ്ട്.

എന്നിട്ടും മാരുതിക്ക് ഇതിന് കഴിയാത്തത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.കാലികമായി സെഡാനെ പരിഷ്ക്കരിക്കാൻ കമ്പനിക്കാവാത്തത് തന്നെ ഏറ്റവും വലിയ പോരായ്‌മ. എൻട്രി ലെവൽ കാറുകൾക്കും ഹാച്ച്ബാക്കുകൾക്കും വരെ വിൽപ്പനയിടിവ് നേരിട്ട മാരുതി സുസുക്കി 2023 നവംബർ മാസം സിയാസിന്റെ കാര്യത്തിലും തലകുനിക്കേണ്ടി വന്നു. സിയസിന്റെ ആവശ്യം ക്രമേണ കുറയുകയാണെന്ന് വിൽപ്പന കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.
ഈ വർഷം ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ പ്രതിമാസ വിൽപ്പനയാണ് സി-സെഗ്മെന്റ് സെഡാന് ലഭിച്ചിരിക്കുന്നത്. നവംബറിൽ മോഡലിന്റെ വെറും 278 യൂണിറ്റുകൾ മാത്രമാണ് കമ്പനി നിരത്തിലെത്തിച്ചത്. കഴിഞ്ഞ വർഷം ഇതേ മാസത്തെ സിയാസ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ (1,554 യൂണിറ്റുകൾ) ഇത് 82 ശതമാനത്തിലധികം ഇടിവിലേക്കാണ് വിരൽ ചൂണ്ടുന്നത്. കൂടാതെ ഈ വർഷം മാർച്ചിൽ രേഖപ്പെടുത്തിയ 300 യൂണിറ്റുകളുടെ ഏറ്റവും കുറഞ്ഞ പ്രതിമാസ വിൽപ്പനയെ പോലും മറികടക്കുന്നു.

2014 ഒക്ടോബറിൽ അവതരിപ്പിച്ച സിയാസിനെ പ്രായം ബാധിച്ചുവെന്നാണ് പറയേണ്ടത്. കഴിഞ്ഞ വർഷം വരെ നാലക്ക പ്രതിമാസ വിൽപന വരെ നേടിക്കൊണ്ടിരുന്നിടത്തു നിന്നാണ് ഈ നഷ്ടം കമ്പനിക്ക് നേരിടേണ്ടി വന്നത്. എന്നിരുന്നാലും, സെഡാനുകളുടെ മൊത്തത്തിലുള്ള ആവശ്യം കുറഞ്ഞുവരികയാണെന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാവ് അഭിപ്രായപ്പെടുന്നത്. ഇത് നവംബറിലെ സിയാസിന്റെ മോശം പ്രകടനത്തെ പ്രതിഫലിപ്പിക്കുന്നു.
വിൽപ്പന ഇടിവ് സംഭവിക്കുന്നുണ്ടെങ്കിലും കാറിനെ ഉടനടി പിൻവലിക്കാനുള്ള നീക്കമൊന്നും കമ്പനിയിൽ നിന്നും ഉണ്ടാവില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. എങ്കിലും ഒരു പതിറ്റാണ്ടോളം പഴക്കമുള്ള സെഡാന്റെ ഭാവി എന്തായിരിക്കുമെന്ന് ഇപ്പോൾ വ്യക്തമല്ല. നിലവിൽ, മാരുതിയുടെ ശ്രേണിയിലെ രണ്ട് സെഡാനുകളിൽ ഒന്നാണ് സിയാസ്. മറ്റൊന്ന് കൂടുതൽ ജനപ്രിയമായ ഡിസയറാണ്.

ഇത് 'ടൂർ എസ്' എന്ന പേരിൽ ഫ്ലീറ്റ് ഉപഭോക്താക്കൾക്കിടയിൽ ഏറെ ജനപ്രീതിയുള്ള കാറാണ്. നവംബറിൽ ഇന്ത്യയുടെ സെഡാൻ വിപണിയിൽ 50 ശതമാനത്തിലധികം വിഹിതം കൈവശം വെച്ചക്കുന്നത് മാരുതിയാണ്. എന്നാൽ ഇത് ഡിസയറിന്റെ വിൽപ്പനയെ ആശ്രയിച്ചാണിരിക്കുന്നതെന്ന് മാത്രം. സിയാസിന് കാര്യമായ യാതൊരുവിധ റോളും ഇക്കാര്യത്തിലില്ല. 2014-ൽ പുറത്തിറങ്ങിയെങ്കിലും ഇക്കാലയളവിനുള്ളിൽ ഒരേയൊരു ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരം മാത്രമാണ് വണ്ടിക്ക് കിട്ടിയിട്ടുള്ളത്.
തുടക്കത്തിൽ ഇത് പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ ലഭ്യമായിരുന്നെങ്കിൽ ഇന്ന് മറ്റ് മാരുതി സുസുക്കി ഓഫറുകൾ പോലെ സിയാസും പെട്രോൾ മാത്രമുള്ള മോഡലാണ്. സെഗ്‌മെന്റിലെ മറ്റ് കാറുകളായ ഹോണ്ട സിറ്റി, ഹ്യുണ്ടായി വെർണ, ഫോക്‌സ്‌വാഗൺ വെർട്ടിസ്, സ്‌കോഡ സ്ലാവിയ എന്നിവയ്ക്ക് പവർട്രെയിൻ ചോയ്‌സുകളുടെ അഭാവം ഒരു പ്രശ്‌നമല്ല. കാരണം ഇവയ്‌ക്കെല്ലാം തിരഞ്ഞെടുക്കാൻ കുറഞ്ഞത് രണ്ട് എഞ്ചിൻ ഓപ്ഷനുകളെങ്കിലും ഉണ്ടെന്നതാണ്.

1.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് കാറിലുള്ളത്. ഇത് 103.25 bhp കരുത്തിൽ 138 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും വാഹനത്തിലുണ്ട്. 20.65 കിലോമീറ്റർ മൈലേജ് വരെയാണ് കമ്പനി പറയുന്നത്. 9.30 ലക്ഷം രൂപ മുതൽ 12.29 ലക്ഷം രൂപ വരെയാണ് നിലവിൽ സിയാസിന്റെ എക്സ്ഷോറൂം വില വരുന്നത്. മാരുതി സുസുക്കിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്‌സ വഴിയാണ് സെഡാൻ വിപണിയിലെത്തുന്നത്.


Click it and Unblock the Notifications








