ഇലക്‌ട്രിക് വിപണി കത്തും... ഇവി സങ്കൽപ്പങ്ങൾ മാറ്റിമറിക്കാൻ മാരുതിയും ടാറ്റയും
ശബ്‌ദമില്ലാത്ത കാറുകളും ഇരുചക്ര വാഹനങ്ങളും ഇന്ത്യൻ നിരത്തുകൾ ഭരിക്കുകയാണ്. അതെ ഇലക്‌ട്രിക് മോഡലുകളുടെ കാര്യം തന്നെയാണീ പറഞ്ഞുവരുന്നത്. ഇവി വിഭാഗത്തിൽ ടൂവീലറുകൾക്കാണ് ആധിപത്യം എങ്കിലും ഇലക്ട്രിക് പാസഞ്ചർ കാർ നിരയും പതിയെ വളർന്നുവരികയാണ്. ഇതിന് കാരണമായതാവട്ടെ ടാറ്റ മോട്ടോർസാണ്. വൈദ്യുത പാസഞ്ചർ വാഹനങ്ങൾക്ക് വിപണിയുണ്ടെന്ന് നെക്സോൺ ഇവിയിലൂടെയാണ് നമ്മുടെ സ്വന്തം ഇവി ബ്രാൻഡ് ഏവർക്കും കാട്ടിക്കൊടുത്തത്.
ഇന്ത്യയിൽ ഇലക്ട്രിക് കാർ പുറത്തിറക്കിയത് ആദ്യം ഹ്യുണ്ടായി ആണെങ്കിലും ടാറ്റ നെക്സോണാണ് ആളെക്കൂട്ടിയത്. ഇപ്പോൾ മാസ്-മാർക്കറ്റ് സെഗ്‌മെന്റിൽ ടാറ്റ മോട്ടോർസ് നെക്‌സോൺ ഇവി, ടിഗോർ ഇവി, ടിയാഗോ ഇവി എന്നിവ പുറത്തിറക്കി തങ്ങളുടെ അപ്രമാദിത്വം തെളിയിച്ചു. അങ്ങനെ ഇലക്ട്രിക് നിര പൂർണമായും തങ്ങളുടെ വരുതിയിലാക്കി ടാറ്റ കുതിക്കുമ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇതുവരെ ഈ വിഭാഗത്തിലേക്ക് പ്രവേശിച്ചിട്ടില്ല.

കളികളെല്ലാം കണ്ട് ഗ്യാലറിയിരിക്കുന്ന മാരുതി ഇപ്പോൾ സിഎൻജി, ഹൈബ്രിഡ് വാഹനങ്ങളിലേക്കാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. പക്ഷേ 2023 ജനുവരിയിൽ നടന്ന ഓട്ടോ എക്സ്പോയിൽ മാരുതിയും തങ്ങളുടെ ഒരു ഇലക്ട്രിക് കൺസെപ്റ്റ് കാറിനെ പുറത്തിറക്കിയത് ഞെട്ടലോടെയാണ് വാഹന ലോകം കണ്ടത്. ഇവിടെയും ആധിപത്യം സ്ഥാപിക്കാനായി മാരുതി കച്ചകെട്ടിയിറങ്ങുമ്പോൾ നെഞ്ചുപിടയ്ക്കുന്നത് ടാറ്റക്കു തന്നെ.
പക്ഷേ ഇതൊന്നും കണ്ട് വിറക്കുന്നവനല്ല ഈ ടാറ്റ മോട്ടോർസ് എന്ന ഭാവമാണ് ഇപ്പുറത്ത്. കാരണം ടാറ്റയുടെ ആവനാഴിയിൽ ഇനിയും പുറത്തെടുക്കാൻ അസ്ത്രങ്ങളുണ്ടെന്ന് സാരം. ഇന്ത്യയിൽ മൂന്ന് ഇലക്ട്രിക് കാറുകൾ അവതരിപ്പിച്ചതിന് ശേഷവും വിപ്ലവമാവാൻ പോവുന്ന മറ്റൊരു കാർ കമ്പനിയുടെ ആയുധപ്പുരയിൽ ഒരുങ്ങുന്നുണ്ട്. ഏറെ നാളായി കാത്തിരിക്കുന്ന ആൾട്രോസ് ഇവിയുടെ കാര്യമാണീ പറഞ്ഞുവരുന്നത്. 2019 ജനീവ മോട്ടോർ ഷോയിലും 2020 ഓട്ടോ എക്‌സ്‌പോയിലും ബ്രാൻഡ് കൺസെപ്റ്റ് പതിപ്പ് പ്രദർശിപ്പിച്ചിരുന്നു.

ഇന്ത്യയിലെ ഏറ്റവും പ്രതീക്ഷോടോയെ കാത്തിരിക്കുന്ന ഇലക്ട്രിക് കാറുകളിൽ ഒന്നാണ് ആൾട്രോസ് ഇവി. പക്ഷേ വരാനിരിക്കുന്ന മാരുതിയുടെ ഇവിയും നിസാരക്കാരനല്ലെന്നത് കണക്കിലെടുക്കുമ്പോൾ ഇന്ത്യാക്കാർക്ക് പ്രതീക്ഷിക്കാൻ വകയുണ്ട്. 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച മാരുതി eVX കൺസെപ്റ്റ് വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്. 2025-ൽ പുറത്തിറക്കാനിരിക്കുന്ന ബ്രാൻഡിന്റെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാർ കൂടിയാണിത്.
മഹീന്ദ്ര, ബിവൈഡി, എംജി, കിയ, ഹ്യുണ്ടായി തുടങ്ങിയ ബ്രാൻഡുകൾ ഇതിനകം തന്നെ ഇന്ത്യയിൽ അവരുടെ ഇവികൾ അവതരിപ്പിച്ചിരിക്കുന്ന സമയത്ത്, ടാറ്റ ആൾട്രോസ് ഇവി, മാരുതി സുസുക്കി eVX എന്നിവയുടെ ലോഞ്ച് വിപണിയെ കൂടുതൽ സമ്പന്നമാക്കും. വിപ്ലവം തീർക്കാൻ ഒരുങ്ങുന്ന ഈ രണ്ട് ഇലക്ട്രിക് കാറുകളുടെ കൂടുതൽ വിശേഷങ്ങളിലേക്ക് നമുക്ക് ഒന്നു കടന്നാലോ? 2023 ഓട്ടോ എക്‌സ്‌പോയിൽ ജിംനിക്കും ഫ്രോങ്ക്സിനുമൊപ്പം തന്നെ പരിചയപ്പെടുത്തിയ മാരുതി സുസുക്കി eVX മേളയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബ്രാൻഡിന്റെ ആദ്യത്തെ സ്ട്രാറ്റജിക് ഗ്ലോബൽ ഇവിയായി eVX വരുമെന്നാണ് ഇന്തോ-ജാപ്പനീസ് ബ്രാൻഡ് വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. വലിയ പ്രീമിയം വണ്ടിയൊന്നുമായിരിക്കില്ല ഇതെന്നത് മാരുതി ഉറപ്പാണ്. തങ്ങളുടെ കാറുകളുടെ വില താങ്ങാനാവുന്ന തരത്തിൽ നിലനിർത്തുന്നതിൽ മാരുതി സുസുക്കിയുടെ കഴിവ് കണക്കിലെടുക്കുമ്പോൾ വിപണിയിൽ എത്തിക്കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറുകളിലൊന്നായി eVX മാറുമെന്ന പ്രതീക്ഷകളുമുണ്ട്.
ഒറ്റ ചാർജിൽ 550 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്ന 60 kWh ബാറ്ററി പായ്ക്കിലാണ് വരുന്നതെന്നാണ് പ്രതീക്ഷ. കൺസെപ്റ്റ് മോഡലിന് 4,300 mm നീളവും 1,800 mm വീതിയും 1,600 mm ഉയരവുമാണ് മാരുതി സുസുക്കിയുടെ കൺസെപ്റ്റ് ഇലക്ട്രിക് കാറിനുള്ളത്. പ്രൊഡക്ഷൻ മോഡലും സമാന വലിപ്പത്തിലാവും ഒരുങ്ങുക.

ഇനി ആൾട്രോസിന്റെ കാര്യത്തിലേക്ക് വന്നാൽ ടാറ്റയുടെ രണ്ടാമത്തെ ഇലക്ട്രിക് കാറായി രൂപമെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന വാഹനമായിരുന്നു ഇത്. 2020 കൺസെപ്റ്റ് രൂപത്തിൽ ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ടാറ്റ ആൾട്രോസ് ഇവി ഇന്ത്യ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഇലക്ട്രിക് കാറുകളിലൊന്നാണ്. പ്രീമിയം ഹാച്ച്ബാക്കിന്റെ പ്യുവർ ഇലക്ട്രിക് പതിപ്പ് കൺസെപ്റ്റ് മോഡലിൽ കണ്ടതുപോലെ ICE പതിപ്പിന്റെ അതേ ഡിസൈൻ വഹിക്കുമെന്നാണ് വിവരം.
എന്നാൽ നെക്സോൺ, ടിഗോർ, ടിയോഗോ എന്നിവയുടെ വൈദ്യുത പതിപ്പുകളിൽ ദൃശ്യമാകുന്നതുപോലെ ചില വ്യതിരിക്തമായ സ്റ്റൈലിംഗ് ഘടകങ്ങൾ ഉണ്ടാകുമെന്നത് തീർച്ച. സിപ്‌ട്രോൺ പവർട്രെയിനായിരിക്കും മോഡലിനുണ്ടാവുക. ഇത് സിംഗിൾ സ്പീഡ് ട്രാൻസ്മിഷൻ വഴി ഫ്രണ്ട് വീലിലേക്ക് ഒരു പെർമെനൻ്റ് മാഗ്നറ്റ് എസി മോട്ടോർ ചാനലിംഗ് സംവിധാനവുമാവും അവതരിപ്പിക്കുക. അതായത് ഇതുവരെ കണ്ട ടാറ്റ കാറുകൾക്ക് സമാനമായ രീതിയിൽ തന്നെയാണെന്ന് സാരം.

ആൾട്രോസ് ഇവിയുടെ ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ഒറ്റ ചാർജിൽ ഏകദേശം 300 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നു, അത് ഫാസ്റ്റ് ചാർജിംഗ് ശേഷിയുമായി വരാം. ഇതോടൊപ്പം ടാറ്റയുടെ മുഖമുദ്രയായ സേഫ്റ്റിയും കൂടി ചേരുമ്പോൾ വാഹനം വേറെ ലെവൽ തന്നെയാവും. മാരുതിയുടെ eVX, ടാറ്റ ആൾട്രോസ് എന്നിവ ഇലക്ട്രിക് വിപണിയെ മാറ്റിമറിക്കുമെന്ന് ഉറപ്പാണ്. ഇതുപോലെ കാത്തിരിക്കുന്ന മറ്റ് വൈദ്യുത വാഹനങ്ങൾ ഇല്ലെന്നു വേണം പറയാൻ.


Click it and Unblock the Notifications








