അങ്ങനെ ദേ ബുക്കിംഗും തുടങ്ങുന്നു, മാരുതിയുടെ പ്രീമിയം വണ്ടി ഇൻവിക്ടോ റെഡി മക്കളേ...
കൊവിഡിന് ശേഷം ഇന്ത്യൻ വിപണിയിൽ കാര്യമായ വാഹനങ്ങളൊന്നും പുറത്തിറക്കാതിരുന്ന ഏവരുടേയും പ്രിയപ്പെട്ട മാരുതി സുസുക്കി 2021 നവംബറിൽ സെലേറിയോ പുറത്തിറക്കി ഒരു പുതിയ തുടക്കത്തിനാണ് തുടക്കമിട്ടത്. ഇഗ്നിസ് ഒഴികെയുള്ള മോഡലുകളെല്ലാം പുതുക്കിപണിത് കമ്പനി ഇങ്ങ് 2023 ജൂൺ വരെ സജീവമായി നിൽക്കുകയാണ്. എന്നാൽ ഈ മാസംകൊണ്ട് ഒന്നും അവസാനിക്കുന്നില്ലെന്ന് ഊന്നിപ്പറയുകയാണ് മാരുതി.
ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീബാഡ്‌ജ് പതിപ്പുമായി ജൂലൈ മാസം അവതരിക്കാനാണ് മാരുതിയുടെ അടുത്ത പ്ലാൻ. അടുത്ത മാസം അഞ്ചാം തീയതി തങ്ങളുടെ വാഹന നിരയിലെ പ്രീമിയം മോഡലിനെ പുറത്തിറക്കി കളംനിറയാനാണ് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കൾ മനസിൽ കുറിച്ചിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി മാരുതി ഇന്നോവയുടെ പേരും കമ്പനി വെളിപ്പെടുത്തിയിരിക്കുകയാണ്. എൻഗേജ് എന്നപേരിലായിരിക്കും അറിയപ്പെടുക എന്ന റിപ്പോർട്ടുകളെ കാറ്റിൽ പറത്തികൊണ്ട് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് എംപിവിക്ക് ഇൻവിക്ടോ എന്നാണ് ബ്രാൻഡ് പേരിട്ടിരിക്കുന്നത്.

ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനപ്പെടുത്തി ടൊയോട്ടയുമായി ചേർന്ന് വികസിപ്പിക്കുന്ന വാഹനം നെക്‌സ വഴിയാണ് വിൽപ്പനയ്ക്കെത്തുക. ബുക്കിംഗും വില പ്രഖ്യാപനവും കാത്തിരിക്കുന്നവർക്കായും മാരുതി പുതിയ തീരുമാനങ്ങൾ കൈകൊണ്ടിട്ടുണ്ട്. അതിൽ വരാനിരിക്കുന്ന ഇൻവിക്ടോ എംപിവിയുടെ ബുക്കിംഗ് ജൂൺ 19 മുതൽ ആരംഭിക്കുമെന്നാണ് വാഹന നിർമാതാക്കൾ സ്ഥിരീകരിച്ചിരിക്കുന്നത്. 20 ലക്ഷം രൂപയ്ക്ക് മുകളിൽ വില വരുന്ന മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ആദ്യ മോഡൽ കൂടിയായിരിക്കുമിത്.
പതിറ്റാണ്ടുകളായി ഇന്നോവയും ഇന്നോവ ക്രിസ്റ്റയും ആധിപത്യം പുലർത്തുന്ന വിഭാഗത്തിൽ ഇൻവിക്‌ടോയ്ക്കും തന്റേതായ ഇടം കണ്ടെത്താനാവുമെന്നാണ് മാരുതിയുടെ പ്രതീക്ഷ. ടൊയോട്ടയുടെ ബെഗളൂരുവിലെ ബിഡാദി ശാലയിലാണ് വാഹനം നിർമിക്കുന്നത്. ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നതെങ്കിലും മാരുതി സുസുക്കിയുടെ ശൈലി പിന്തുടരാനായി ഗ്രില്ലിലും അലോയ് വീലിലുമെല്ലാം ചെറിയ പരിഷ്ക്കാരങ്ങളുമായാവും ഇൻവിക്‌ടോ പണികഴിപ്പിക്കുക.

ടൊയോട്ടയുടെ TNGA-C പ്ലാറ്റ്ഫോമിലാണ് എംപിവിയുടെ നിർമാണം പൂർത്തിയാക്കുക. മോണോകോക്ക് ബോഡി, ഹൈബ്രിഡ് എഞ്ചിൻ തുടങ്ങിയവയെല്ലാം ഹൈക്രോസിന് ഇന്ത്യയിൽ മൈലേജായിട്ടുണ്ട്. 18.55 ലക്ഷം രൂപ മുതല്‍ 29.99 ലക്ഷം രൂപ വരെയാണ് ഹൈക്രോസിന്റെ എക്‌സ്‌ഷോറൂം വില. മാരുതി ബാഡ്‌ജിലേക്ക് കുടിയേറുമ്പോൾ ഇതിലും അൽപം വില മുടക്കേണ്ടി വരുമെന്നത് മനസിൽ കരുതണേ. 183 bhp പവറുള്ള ഹൈക്രോസിന്റെ 2.0 ലിറ്റർ സ്ട്രോംഗ്-ഹൈബ്രിഡ് എഞ്ചിനാവും ഇൻവിക്ടോയിലും പ്രവർത്തിക്കുക.
ഇ-സിവിടി ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് ടൊയോട്ടയുടെ ഹൈക്രോസില്‍ ഉറപ്പുനല്‍കിയിട്ടുള്ളതിന് സമാനമായി 21 കിലോ മീറ്റര്‍ ഇന്ധനക്ഷമത തന്നെയായിരിക്കും ഉണ്ടാവുക. അതേസമയം 173 bhp കരുത്തുള്ള 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ മാരുതി പുത്തൻ പ്രീമിയം എംപിയുടെ എൻട്രി ലെവൽ വേരിയന്റുകളിൽ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സിവിടി ട്രാൻസ്മിഷനുമായാണ് വരുന്നത്.

ചുരുക്കി പറഞ്ഞാൽ മാരുതി ഇൻവിക്‌ടോ ഓട്ടോമാറ്റിക് ഗിയർബോക്‌സ് മാത്രം നൽകുന്ന കമ്പനിയുടെ ആദ്യത്തെ വാഹനം കൂടിയാവും. ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീബാഡ്‌ജ് മോഡലും 7, 8 സീറ്റർ കോൺഫിഗറേഷനുകളിൽ തന്നെ സ്വന്തമാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ADAS ലഭിക്കുന്ന ആദ്യത്തെ മാരുതി വാഹനമായിരിക്കുമെന്നതും ഹൈലൈറ്റാണ്.
ടൊയോട്ട സേഫ്റ്റി സെൻസ് 3.0 (TSS) എന്നറിയപ്പെടുന്ന ഈ സംവിധാനത്തിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ക്രാഷ് റിസ്ക് കുറയ്ക്കാൻ സഹായിക്കുന്ന പ്രീ-കൊളീഷൻ സിസ്റ്റം, ലെയ്ൻ ഡിപ്പാർച്ചർ അലേർട്ട്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളാണ് ലഭ്യമാവുക. ടൊയോട്ട കിർലോസ്‌കർ മോട്ടോർ മാരുതിക്ക് വാർഷികാടിസ്ഥാനത്തിൽ ഇന്നോവ ഹൈക്രോസിന്റെ 9,000 മുതൽ 10,000 യൂണിറ്റുകൾ നൽകുമെന്നാണ് കരാർ.


Click it and Unblock the Notifications








