അപാര മൈലേജിനൊപ്പം രാജകീയ യാത്രയും, 24.79 ലക്ഷത്തിന് മാരുതി ഇൻവിക്റ്റോ വിപണിയിൽ
രണ്ട് കമ്പനികൾ കൂടിച്ചേർന്ന് പുതിയ വാഹനങ്ങൾ പുറത്തിറക്കുന്ന ട്രെൻഡാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. മോട്ടോർസൈക്കിൾ സെഗ്മെന്റിൽ ഇത് വലിയ ചർച്ചയാവുമ്പോൾ കാർ വിപണിയിലും ഇതേ ട്രെൻഡ് നിലനിൽക്കുന്നുണ്ട്. അതിനുള്ള വലിയ ഉദാഹരണമാണ് ടൊയോട്ടയും മാരുതി സുസുക്കിയും തമ്മിലുള്ള പങ്കാളിത്തം. ഇതുവരെ മാരുതി മോഡലുകളെ മാത്രമാണ് ടൊയോട്ടയുടെ വേഷത്തിൽ കണ്ടതെങ്കിൽ പതിയെ നേരെ വിപരീതമായും കാണാം.
ഇന്നോവ മുതലാളിയായി വിലസുന്ന ടൊയോട്ട അൽപം പ്രീമിയം ബ്രാൻഡായാണ് രാജ്യത്ത് അറിയപ്പെടുന്നതെങ്കിലും സാധാരണക്കാരുടേയും മനസറിയാൻ കമ്പനിക്കായിട്ടുണ്ട്. ഈ വിശ്വാസമാണ് ഇപ്പോൾ മാരുതിയും ഉപയോഗപ്പെടുത്തുന്നത്. ഹൈക്രോസായി മൂന്നാംതലമുറയിലെത്തിയ ഇന്നോവയെ മാരുതി സുസുക്കി തങ്ങളുടെ ഉടുപ്പണിയിച്ച് വിപണിയിലെത്തിച്ചിരിക്കുകയാണ്. പലതവണ കേട്ട ഇന്നോവയുടെ മാരുതി മോഡലായ ഇൻവിക്റ്റോ ഒടുവിൽ വിപണനത്തിനെത്തുമ്പോൾ പ്രതീക്ഷകളും വാനോളമാണ്.

പക്ഷേ വില കേട്ട് ഞെട്ടരുതേ... 24.79 ലക്ഷം രൂപയാണ് ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ മാരുതി പതിപ്പിനായി നിശ്ചയിച്ചിരിക്കുന്ന എക്സ്ഷോറൂം വില. അതേസമയം പ്രീമിയം എംപിവിയുടെ ടോപ്പ് എൻഡ് വേരിയന്റിനായി 28.42 ലക്ഷം രൂപയാണ് മുടക്കേണ്ടി വരിക. സീറ്റ പ്ലസ് 7 സീറ്റർ, സീറ്റ പ്ലസ് 8 സീറ്റർ, ആൽഫ പ്ലസ് 7 സീറ്റർ എന്നിങ്ങനെ മൂന്നു വേരിയന്റുകളിൽ ഇൻവിക്റ്റോ സ്വന്തമാക്കാനാവും.
ടൊയോട്ട ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കിയുള്ള വാഹനം ഗ്രാൻഡ് വിറ്റാര, ഹൈറൈഡർ എന്നിവ പോലെ ടൊയോട്ടയുടെ ബിഡാദി പ്ലാന്റിലാവും മാരുതി ഇൻവിക്റ്റോ നിർമിക്കുക. മാരുതി സുസുക്കിയുടെ നെക്‌സ ഡീലർഷിപ്പിലെ എട്ടാമത്തെ ഉൽപ്പന്നമാണ് ഈ പുതിയ റീബാഡ്‌ജ്‌ഡ് എംപിവി എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇനി മുതൽ ബ്രാൻഡിന്റെ ഫ്ലാഗ്ഷിപ്പ് വാഹനമായും ഇൻവിക്റ്റോ അറിയപ്പെടും.

മാരുതിയുടെ അഡ്രസിലേക്ക് മാറ്റുമ്പോഴുണ്ടാവുന്ന പരിഷ്ക്കാരങ്ങൾ മാത്രമാണ് ടൊയോട്ട ഹൈക്രോസിൽ നിന്നുള്ള ആകെ മാറ്റം. അടിസ്ഥാനപരമായ രൂപം ഒന്നാണെങ്കിലും നെക്സയുടെ മറ്റു വാഹനങ്ങളിൽ കാണുന്ന ശൈലി പിന്തുടരാൻ മാരുതി സുസുക്കിക്ക് സാധിച്ചിട്ടുണ്ടെന്നത് വലിയ കാര്യമാണ്. വ്യത്യസ്തമായ ഗ്രില്ലും എന്നാൽ അൽപ്പം നവീകരിച്ച മെഷ് പാറ്റേണും പുതുമയേകുന്നുണ്ട്. ഹെഡ്‌ലൈറ്റുകളിലേക്ക് നീളുന്ന രണ്ട് കട്ടിയുള്ളതും തിരശ്ചീനവുമായ ക്രോം സ്ലാറ്റുകളും നെക്‌സ കാറുകൾക്ക് സമാനമാണ്.
നെക്‌സയുടെ മൂന്ന്-ബ്ലോക്ക് സിഗ്നേച്ചർ ഡേടൈം റണ്ണിംഗ് ലാമ്പുകളാണ് ഹെഡ്‌ലൈറ്റുകളുടെ സവിശേഷതയായി എടുത്തു പറയേണ്ടത്. മാരുതി സുസുക്കിയുടെ പുതിയ എംപിവിയിൽ വ്യത്യസ്തമായി രൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പറും ഫോക്സ് സ്കിഡ് പ്ലേറ്റുകളും ഉണ്ടെന്നതും ഹൈക്രോസിൽ നിന്നും വാഹനത്തിനെ വേറിട്ടു നിർത്താൻ സഹായിച്ചേക്കും. വശക്കാഴ്ച്ചയിലേക്ക് വരുമ്പോൾ 17 ഇഞ്ച് അലോയ് വീലുകളുടെ ഡിസൈനും ടൊയോട്ട ഹൈക്രോസിൽ നിന്നും ഏറെ പുതുമയോടെ നിലനിർത്താൻ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതിക്കായിട്ടുണ്ട്.

ഇതൊഴികെ വശങ്ങളിൽ കൈതൊടാൻ കമ്പനി തയാറായിട്ടില്ല. പിന്നിൽ ഇൻവിക്റ്റോയുടെ ടെയിൽ ലൈറ്റുകളും നെക്സയുടെ ത്രീ-ബ്ലോക്ക് ഡിസൈൻ അവതരിപ്പിക്കുന്നുണ്ട്. ബാക്കിയെല്ലാം ടൊയോട്ട എംപിവിയിൽ നിന്നും അതേപടി മുന്നോട്ടുകൊണ്ടുപോവുകയാണ്. വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാൽ മാരുതി ഇൻവിക്റ്റോയ്ക്ക് 4,755 മില്ലീമീറ്റർ നീളവും 1,850 മില്ലീമീറ്റർ വീതിയും 1,795 മില്ലീമീറ്റർ ഉയരവും 2,850 മില്ലീമീറ്റർ വീൽബേസുമാണുള്ളത്.
ഇനി ഇന്റീരിയറിലേക്ക് കയറിയാൽ ടൊയോട്ട ഇന്നോവ ഹൈക്രോസിൽ കാണുന്ന സിൽവർ ആക്‌സന്റുകളോട് കൂടിയ ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് ബ്രൗൺ തീം ഒഴിവാക്കി പകരം ഇൻവിക്റ്റോ ഒരു ഷാംപെയ്ൻ ഗോൾഡ് ആക്‌സന്റുകളോട് കൂടിയ ബ്ലാക്ക് തീമിലാണ് ഒരുക്കിയിരിക്കുന്നത്. മറ്റ് ഘടകങ്ങളെല്ലാം ഹൈക്രോസിന് സമാനമാണ്. പ്രീമിയം എംപിവിക്ക് 239 ലിറ്ററിന്റെ ബൂട്ട് സ്പേസാണുള്ളതെങ്കിലും മൂന്നാമത്തെ വരി മടക്കിവെച്ചുകൊണ്ട് ഇത് 690 ലിറ്റർ വരെ വികസിപ്പിക്കാം.

ഫീച്ചറുകളുടെ കാര്യത്തിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 50-ലധികം കണക്റ്റഡ് ഫീച്ചറുകൾ, 360 ഡിഗ്രി ക്യാമറ, റൂഫ് ആംബിയന്റ് ലൈറ്റിംഗുള്ള പനോരമിക് സൺറൂഫ്, പവർഡ് ഡ്രൈവർ സീറ്റ്, പവർഡ് ടെയിൽ ഗേറ്റ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും കപ്പ് ഹോൾഡറുകളും, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയെല്ലാമാണ് മാരുതി ഒരുക്കിയിരിക്കുന്നത്.
സേഫ്റ്റിയുടെ കാര്യത്തിലും ടൊയോട്ടയുടെ സ്റ്റാൻഡേർഡ് നിലനിർത്തിക്കൊണ്ട് ആറ് എയർബാഗുകൾ, എബിഎസ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിങ്ങനെയുള്ള സുരക്ഷാ സന്നാഹങ്ങളാണ് എംപിവിയിൽ ലഭിക്കുക. സ്ട്രോംഗ് ഹൈബ്രിഡ് സംവിധാനമുള്ള 2.0 ലിറ്റർ, ഫോർ സിലിണ്ടർ എഞ്ചിനാണ് മാരുതി ഇൻവിക്റ്റോയ്ക്ക് തുടിപ്പേകുന്നത്. ഇലക്ട്രിക് മോട്ടോറുമായി പ്രവർത്തിച്ച് ഇത് പരമാവധി 184 bhp കരുത്ത് വരെ നൽകാൻ പ്രാപ്‌തമാണ്.
ഒരു e-CVT ട്രാൻസ്‌മിഷൻ ഓപ്ഷൻ മാത്രമാണ് ഇൻവിക്റ്റോയ്ക്ക് ലഭിക്കുന്നത്. 9.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാവുന്ന മാരുതി പ്രീമിയം എംപിവിക്ക് കമ്പനി അവസാശപ്പെടുന്ന മൈലേജ് 23.24 കിലോമീറ്ററാണ്. ഇത് ആദ്യത്തെ ഹൈബ്രിഡ്-ഒൺലി, ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള മാരുതി സുസുക്കി കാറാണെന്നതും ശ്രദ്ധേയമാണ്. സ്ട്രോംഗ് ഹൈബ്രിഡ് ആയതിനാൽ എംപിവി ഒരു ഇലക്ട്രിക്-ഒൺലി മോഡും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇന്നോവ ഹൈക്രോസിലുള്ള ADAS ഫീച്ചറുകൾ ഇല്ലാതെയായിരിക്കും മാരുതി പതിപ്പ് വിപണിയിലെത്തുക എന്നത് നിരാശപ്പെടുത്തുന്ന കാര്യമാണ്. നെക്‌സ ബ്ലൂ, മജസ്റ്റിക് സില്‍വര്‍, സ്‌റ്റെല്ലര്‍ ബ്രൗണ്‍, മിസ്റ്റിക് വൈറ്റ് എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍. വാഹനത്തിനായുള്ള ബുക്കിംഗ് മാരുതി നെക്സ ഡീലർഷിപ്പുകളിലൂടെ ആരംഭിച്ചിട്ടുണ്ട്. വിപണിയിൽ നേരിട്ട് എതിരാളിയില്ലാത്തതിനാൽ ടൊയോട്ടയും മാരുതിയും ഇവിടെ കൂടുതൽ കരുത്തരാവും.


Click it and Unblock the Notifications








