ലുക്കിൽ അടിപൊളി ഇൻവിക്റ്റോ, ഇന്നോവ സൈഡാകുമോ? എംപിവിയുടെ ചിത്രങ്ങൾ പുറത്ത്
വിപണിയിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മാരുതി ഇൻവിക്റ്റോയുടെ വാർത്തകളാകെ ഇന്റർനെറ്റിൽ നിറയുകയാണ്. ടൊയോട്ട ഇന്നോവ മാരുതിയുടെ അഡ്രസിലേക്ക് മാറുന്നത് തന്നെയാണ് ഇത്രയും ആകാംക്ഷയോടെ എംപിവിയെ കാത്തിരിക്കാനുള്ള കാരണം. ടീസർ ചിത്രങ്ങളിലൂടെ മാത്രം പരിചിതമായ വാഹനത്തെ കാണാൻ ആളുകൾ കൊതിയോടെ കാത്തിരിക്കുകയാണ്.
എന്തെല്ലാം മാറ്റങ്ങളോടെയാവും മാരുതി സുസുക്കിയുടെ പ്രീമിയം എംപിവി ഇൻവിക്റ്റോ നിരത്തിലിറങ്ങുന്ന എന്നത് ആകാംക്ഷയുണർത്തുന്ന കാര്യം തന്നെയാണ്. ജൂലൈ അഞ്ചിന് വിപണിയിൽ എത്തുന്നതിന്റെ മുന്നോടിയായി ഇൻവിക്റ്റോയുടെ പൂർണ രൂപം വെളിപ്പെടുത്തുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനപ്പെടുത്തിയാണ് വാഹനം നിർമിക്കുന്നതെങ്കിലും ഹൈബ്രിഡ് എഞ്ചിൻ വേരിയന്റിൽ മാത്രമാവും എംപിവി വിൽപ്പനയ്ക്ക് എത്തുക.

ഇത് ടൊയോട്ടയുടെ തന്ത്രമാണെങ്കിലും മാരുതിക്ക് ഇതൊരു ലോട്ടറിയായാണ് പലരും കാണുന്നത്. എന്തായാലും ഇവിടുത്തെ വിഷയം സ്പൈ ചിത്രങ്ങളായതിനാൽ അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കാം. ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ പ്രീമിയം എംപിവിയുടെ ഏറ്റവും വ്യക്തമായ കാഴ്‌ചയാണ് നൽകുന്നത്. ടൊയോട്ട ഹൈക്രോസിൽ നിന്നും ചെറുതും എന്നാൽ പ്രധാനവുമായ മാറ്റങ്ങളാണ് അവതരിപ്പിക്കുന്നത്.
മാരുതി നെക്‌സ വാഹനങ്ങളിൽ കാണുന്ന ത്രീ ഡോട്ട് പാറ്റേൺ ഡിആർഎൽ, ഹെഡ്‌ലാമ്പ്, നെക്‌സയിലൂടെ വിൽക്കുന്ന കാറുകളിൽ കാണാവുന്ന ട്രിപ്പ്-ടയർ റാപ്പറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ, ഹണികോമ്പ് ഫിനിഷിലുള്ള പുതിയ ഗ്രിൽ, ഹെഡ്‌ലാമ്പിനെ യോജിപ്പിച്ചുകൊണ്ടുള്ള ക്രോം സ്ട്രിപ്പ് എന്നിവയാണ് പ്രധാന പരിഷ്ക്കാരങ്ങൾ. അതേസമയം വശക്കാഴ്ച്ചയിൽ പുതിയ ഡിസൈനിലുള്ള ഡ്യുവൽടോൺ അലോയ് വീലുകൾ, ഇന്റീരിയർ എന്നിവ മാരുതി സുസുക്കി ഇൻവിക്റ്റോയുടെ ഭാഗമാവും.

മുൻവശത്തെ ഗ്രിൽ ഹൈക്രോസിനെക്കാളും അൽപം പ്രീമിയം ഫീൽ ഇതിന് നൽകുന്നുണ്ടെന്നതിൽ സംശയമൊന്നുമില്ല. അതേസമയം മുൻ-പിൻ ബമ്പറുകൾ, ഹോറിസോണ്ടൽ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഫോഗ് ലാമ്പ് ഹൗസുകൾ, സെൻട്രൽ എയർ ഇൻടേക്ക് എന്നിവ ഇന്നോവ ഹൈക്രോസിന് സമാനമായി തുടരുന്നതും കാണാം. റൂഫ്‌ലൈൻ, ബോഡി പാനലുകൾ എന്നിവയും ടൊയോട്ടക്ക് സമാനമാണ്.
ഇനി ഇൻ്റീരിയറിലേക്ക് കടന്നാൽ ഉള്ളിൽ ഇന്നോവ ഹൈക്രോസിലെ ബ്രൗൺ ഫിനിഷിൽ നിന്ന് വ്യത്യസ്തമായി കറുത്ത ലെതർ സീറ്റ് അപ്‌ഹോൾസ്റ്ററി മാരുതി സുസുക്കി ഇൻവിക്‌റ്റോ അവതരിപ്പിക്കും. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ചാർജർ, പനോരമിക് സൺറൂഫ്, ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകൾ, ലേയേർഡ് ഡാഷ്‌ബോർഡ്, മൾട്ടിപ്പിൾ എയർബാഗുകൾ, രണ്ടാം നിരയിലെ ഒട്ടോമൻ ഫംഗ്‌ഷൻ എന്നിവയായിരിക്കും എംപിവിയിലെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ.

ഇൻവിക്റ്റോ ഏഴ്, എട്ട് സീറ്റുകളുള്ള കോൺഫിഗറേഷനുകളിലാവും വിപണിയിൽ ഇടംപിടിക്കുക. ഇ-സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ 2.0 ലിറ്റർ നാല് സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ മാത്രമാവും ഏക ഓപ്ഷൻ. ലിറ്ററിന് 21 കിലോമീറ്ററിലധികം ഇന്ധനക്ഷമത കിട്ടുന്നത് മാരുതി കാറുകളോട് നീതിപുലർത്തുന്ന കാര്യമാണ്. ഇതുതന്നെയാവും വാഹനത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ടൊയോട്ടയുടെ ബെംഗളൂരുവിലെ ബിഡഡി ശാലയിലാണ് വാഹനം നിർമിച്ച് നൽകുന്നത്.
പ്രീമിയം ഡീലര്‍ഷിപ്പ് ശൃംഖലയായ നെക്‌സ വഴി വിപണനം ചെയ്യുന്ന ഇന്‍വിക്‌റ്റോയുടെ ബുക്കിംഗ് മാരുതി സുസുക്കി ആരംഭിച്ചിട്ടുണ്ട്. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 25,000 രൂപ ടോക്കണ്‍ തുക നല്‍കി പ്രീമിയം മള്‍ട്ടി പര്‍പ്പസ് വാഹനം ഇപ്പോള്‍ തന്നെ പ്രീ-ബുക്ക് ചെയ്യാവുന്നതാണ്. വില പ്രഖ്യാപനം ലോഞ്ചിനോട് അനുബന്ധിച്ച് നടക്കുമെങ്കിലും ഏകദേശം 26 മുതല്‍ 28 ലക്ഷം രൂപ വരെയാണ് മാരുതി ഇന്‍വിക്‌റ്റോയുടെ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








