വരാനിരിക്കുന്നത് 3 എസ്‌യുവികളും 1 എംപിവിയും; കരയറിഞ്ഞ് കളിക്കാൻ മാരുതി
ഇന്ത്യൻ വാഹന വിപണി വെട്ടിപ്പിടിക്കാൻ ആർക്കുമാവുമെങ്കിലും അത് കാലാകാലങ്ങളായി നിലനിർത്തികൊണ്ടുപോവാൻ ഒറു റേഞ്ച് ഒക്കെ വേണം. ആ റേഞ്ചും ലെവലും നമുക്ക് കാണിച്ചു തന്നെവരാണ് മാരുതി സുസുക്കി. ഇന്നേവരെ രണ്ടാമനായും മൂന്നാമനായും പല ബ്രാൻഡുകളും ഓടിക്കയറിയിട്ടുണ്ടെങ്കിലും മാരുതി വാഴുന്ന ഒന്നാം സ്ഥാനത്ത് എത്തിപ്പെടാൻ ടാറ്റയ്ക്കും ഹ്യുണ്ടായിക്കും ഒന്നും ഒരിക്കൽ പോലുമായിട്ടില്ല.
പോയ വർഷം തങ്ങളുടെ നിലവിലുള്ള വാഹന നിര പുതുക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ച മാരുതി സുസുക്കി ഈ വർഷം ചില പുതിയ കളികളാണ് കളിക്കാൻ തയാറെടുക്കുന്നത്. സംഭവബഹുലമായ 2023 തന്നെയാണ് ഒരുക്കുന്നത് ഇക്കഴിഞ്ഞ ഓട്ടോ എക്സ്പോയിലൂടെ കമ്പനി കാണിച്ചും തന്നിട്ടുണ്ട്. ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന ജിംനി 5-ഡോർ വരെ വാഹനമേളയിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. ഇതിലൊന്നും അവസാനിക്കുന്നില്ലെന്ന് വ്യക്തമാക്കിയ മാരുതി വരുന്ന മാസങ്ങളിൽ മൂന്ന് പുതിയ എസ്‌യുവികളും ഒരു എംപിവിയും ഇന്ത്യൻ വിപണിയിലേക്ക് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന മാരുതിയുടെ ആ കിടിലൻ വാഹനങ്ങൾ ഏതെല്ലാമെന്ന് നമുക്ക് ഒന്നു പരിചയപ്പെട്ടാലോ?

ബ്രെസ സിഎൻജി
2023 ഓട്ടോ എക്‌സ്‌പോയിൽ ബ്രെസയുടെ സിഎൻജി പതിപ്പിനെ അവതരിപ്പിച്ച് മൈലേജ് പ്രേമികൾക്കായി വിരുന്നൊരുക്കിയവരാണ് മാരുതി. കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലേക്ക് ഇതാദ്യമായാണ് ഒരു കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് മോഡൽ എഴുന്നള്ളുന്നതു തന്നെ. നിലവിൽ വിശാലമായ സിഎൻജി ശ്രേണിയുള്ള മാരുതിക്ക് ബ്രെസയുടെ വരവ് കൂടുതൽ കരുത്താവും. പുതിയ എഞ്ചിൻ ഓപ്ഷനുമായി മോഡൽ ഉടൻ വിപണിയിലേക്ക് എത്തുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചന നൽകിയിരിക്കുന്നത്.
മാരുതി ഫ്രോങ്ക്‌സ്
ബലേനോ ഹാച്ചിന്റെ ഒരു ക്രോസ്ഓവർ വരുന്നുവെന്ന് കേട്ടപ്പോൾ വരാനിരിക്കുന്നത് ഇത്രയ്ക്ക് കേമനാണെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. ഓട്ടോ എക്സ്പോയിലെ ഏറ്റവും വലിയ സർപ്രൈസുകളിൽ ഒന്നായിരുന്നു മാരുതി ഫ്രോങ്ക്‌സിന്റെ അരങ്ങേറ്റം. 2023 മാർച്ചിലോ ഏപ്രിലിലോ ഇന്ത്യയിൽ അവതരിപ്പിക്കാനിരിക്കുന്ന വാഹനത്തിനായുള്ള ബുക്കിംഗ് എല്ലാം തകൃതിയായി നടക്കുമ്പോൾ വില പ്രഖ്യാപനം മാത്രമാണ് ഇനി ബാക്കി നിൽക്കുന്നത്. എന്തായാലും 10 ലക്ഷം രൂപയിൽ താഴെയാരിക്കും ഈ മിടുക്കനായി മുടക്കേണ്ടി വരികയെന്ന് ഉറപ്പാണ്.

ബലേനോയുടെ അതേ ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് ഒരുങ്ങിയിരിക്കുന്നതെങ്കിലും ബലേനോ RS വേരിയന്റിൽ നിന്നും പടിയിറങ്ങിയ 1.0 ലിറ്റർ ബൂസ്റ്റ്ജെറ്റ് ടർബോ എഞ്ചിൻ തിരികെയെത്തുന്നതാണ് ഏറ്റവും പ്രതീക്ഷ നൽകുന്ന കാര്യം. ഇതിനൊപ്പം 1.2 ലിറ്റർ ത്രീ സിലിണ്ടർ ഡ്യുവൽ ജെറ്റ് ഡ്യുവൽ വിവിടി പെട്രോൾ എഞ്ചിനും മാരുതി ഫ്രോങ്ക്‌സ് നൽകും. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ ലഭ്യമാകും. ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആറ് എയർബാഗുകൾ, ഇൻ-കാർ കണക്റ്റിവിറ്റി ഓപ്ഷനുകൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ഫീച്ചർ നിര.
മാരുതി ജിംനി
പ്രത്യേകിച്ച് ആമുഖമൊന്നും ഈ മിടുക്കന് ആവശ്യമില്ല. ഇന്ത്യൻ വിപണിയിൽ ഇല്ലായിരുന്നുവെങ്കിലും ജിംനിയുടെ പേരും പെരുമയുമെല്ലാം ലോകമെമ്പാടുമുണ്ട്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈ ഇതിഹാസ വാഹനം നമ്മുടെ നിരത്തുകളിലേക്ക് കാലുകുത്തുന്നത്. എങ്കിലും ആഗോളതലത്തിലുള്ള ജിംനിയിൽ നിന്നും വ്യത്യസ്‌തമായി 5-ഡോർ പതിപ്പിലാണ് എസ്‌യുവി രാജ്യത്ത് എത്തുന്നത്. മുമ്പ് ഇന്ത്യയിൽ പല മോഡലുകളിലും ഉപയോഗിച്ചിരുന്ന 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിനാണ് മോഡലിലും പ്രവർത്തിക്കുന്നത്.

ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാവും ജോടിയാക്കുക. അതുപോലെ തന്നെ മഹീന്ദ്ര ഥാറിനെയെല്ലാം വെല്ലുവിളിക്കാനായി ജിംനിക്ക് ഫോർ വീൽ ഡ്രൈവ് സംവിധാനവും 2H, 4H, 4L ലോ-റേഞ്ച് ട്രാന്‍സ്ഫര്‍ ഗിയര്‍ എന്നിവ ഉള്‍പ്പെടുന്ന ഓള്‍ഗ്രിപ്പ് പ്രോ സിസ്റ്റവും മറ്റ് ഓഫ്-റോഡിംഗ് കഴിവുകളുമുണ്ടായിരിക്കും. ഇതുവരെ 16,500-ലധികം ബുക്കിംഗുകള്‍ എസ്‌യുവിക്കായി ലഭിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍.
ഇന്നോവ ഹൈക്രോസിന്റെ മാരുതി പതിപ്പ്
മാരുതി സുസുക്കി ഒരു സി-സെഗ്‌മെന്റ് എംപിവിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന വാർത്തകൾ പുറത്തുവരാൻ തുടങ്ങിയിട്ട് നാളുകൾ കുറച്ചായി. എന്നാൽ ഇത് അധികം വൈകാതെ യാഥാർഥ്യമാവാൻ പോവുകയാണ്. XL6 എംപിവിക്ക് മുകളിൽ സ്ഥാനംപിടിക്കാൻ പോവുന്ന ഇത് ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ മാരുതി പതിപ്പായിരിക്കും. ഗ്രാൻഡ് വിറ്റാരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാവും ഡിസൈൻ പൂർത്തിയാക്കുക. എന്നാൽ ഹൈക്രോസിന് സമാനമായ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാവും ഈ വാഹനത്തിലുമുണ്ടാവുക.


Click it and Unblock the Notifications