XUV700, സഫാരി മോഡലുകളെ എതിരിടാൻ ഗ്രാൻഡ് വിറ്റാരയുടെ 7 സീറ്റർ ഒരുങ്ങുന്നു
ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് മാരുതിയുടെ അടയാളം രേഖപ്പെടുത്തിയ കൊമ്പനാണ് ഗ്രാൻഡ് വിറ്റാര. ആധുനിക സാങ്കേതികവിദ്യകളും ആഡംബര സംവിധാനങ്ങളും കോർത്തിണക്കിയ വാഹനം ഇതിനോടകം തന്നെ പേരെടുത്തു കഴിഞ്ഞുവെന്നു വേണം പറയാൻ. എതിരാളികളുമായി പോരാടി വിൽപ്പനയിൽ ഇതിനോടകം ചലനങ്ങൾ സൃഷിടിച്ചും കഴിഞ്ഞിട്ടുണ്ട്.
വിപണിയിൽ വൻതരംഗം സൃഷ്ടിച്ച് മുന്നേറുന്ന ഗ്രാൻഡ് വിറ്റാരയ്ക്ക് അടുത്തിടെ മാരുതി സുസുക്കി സിഎൻജി പതിപ്പും സമ്മാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്നത് മറ്റൊരു വാർത്തയാണ്. എന്താണന്നല്ലേ... ജനപ്രിയ മഹീന്ദ്ര XUV700, ടാറ്റ സഫാരി എന്നീ മോഡലുകൾക്ക് വെല്ലുവിളി ഉയർത്താൻ മാരുതി പുതിയ 7 സീറ്റർ വാഹനവുമായി എത്തുകയാണ്. പുതിയ മൂന്ന്-വരി എസ്‌യുവിയുടെ പ്രവർത്തനം ഇതിനകം തന്നെ കമ്പനി ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്.

ആന്തരികമായി മാരുതി Y17 എന്ന രഹസ്യനാമമുള്ള മോഡൽ ഈ വർഷം ആദ്യം വിൽപ്പനയ്‌ക്കെത്തിയ ഗ്രാൻഡ് വിറ്റാര എസ്‌യുവിയുടെ മൂന്ന്-വരി പതിപ്പായിരിക്കും എന്നതാണ് പുറത്തുവരുന്ന വാർത്തകൾ. വിദേശ വിപണിയിൽ അവതരിപ്പിക്കാൻ ഇതിന് ഒരു കയറ്റുമതി പതിപ്പും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിവരം. എന്നാൽ ഇതിന് ഒരു ടൊയോട്ട പതിപ്പ് ലഭിക്കുമോ എന്ന് ഇതുവരെ ഉറപ്പിച്ചിട്ടില്ല. സ്റ്റാൻഡേർഡ് ഗ്രാൻഡ് വിറ്റാരയും അതിന്റെ ബാഡ്ജ്-എഞ്ചിനിയറിംഗ് വകഭേദമായ ടൊയോട്ട ഹൈറൈഡറും ടൊയോട്ടയുടെ ബിദാദിയിലെ പ്ലാന്റിലാണ് നിർമിച്ചിരിക്കുന്നത്.
അതേസമയം ഹരിയാനയിലെ ഖാർഖോഡയിലുള്ള മാരുതിയുടെ പുതിയ പ്ലാന്റിൽ എസ്‌യുവിയുടെ മൂന്ന് നിര പതിപ്പ് നിർമിക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന. ഈ പുതിയ പ്ലാന്റ് 2025 ഓടെ പ്രവർത്തനക്ഷമമാകും. അങ്ങനെ ഗ്രാൻഡ് വിറ്റാരയുടെ 7 സീറ്റർ എസ്‌യുവി ഇവിടെ വൻതോതിൽ ഉത്പാദിപ്പിക്കുന്ന ആദ്യത്തെ മോഡലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പ്ലാന്റിന്റെ നിർമാണത്തിനും കമ്മീഷൻ ചെയ്യുന്നതിനുമായി 2023 സാമ്പത്തിക വർഷത്തിൽ 7,000 കോടി രൂപ ചെലവഴിക്കാനാണ് മാരുതി സുസുക്കി പദ്ധതിയിട്ടിരിക്കുന്നത്.
ഖാർഖോഡയിലെ പ്ലാന്റ് പൂർണതോതിൽ പ്രവർത്തനക്ഷമമാകുമ്പോൾ പ്രതിവർഷം 2,50,000 യൂണിറ്റുകളോടെ നിർമാണം ആരംഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. 2028 ഓടെ ബ്രാൻഡിനായി പ്രതിവർഷം രണ്ട് ദശലക്ഷം കാറുകൾ നിർമ്മിക്കാനുള്ള സംയോജിത ശേഷി സൃഷ്ടിക്കുന്ന മനേസർ, ഗുരുഗ്രാം നിർമ്മാണ പ്ലാന്റുകളിലേക്ക് ഇത് കൂട്ടിച്ചേർക്കും. അതേസമയം ഗ്രാൻഡ് വിറ്റാരയുടെ മൂന്നുവരി പതിപ്പിന്റെ 1.20 ലക്ഷത്തോളം മോഡലുകൾ പ്രതിവർഷം നിർമിക്കാനാണ് മാരുതി സുസുക്കിയുടെ നീക്കം.
ഗ്രാൻഡ് വിറ്റാരയ്ക്ക് പുറമെ വിപണിയിൽ എത്തുന്ന മാരുതി സുസുക്കിയുടെ 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള നാലാമത്തെ പുതിയ മോഡലായിരിക്കും ഇത്. ജിംനി, ഇന്നോവ ഹൈക്രോസിന്റെ പതിപ്പ്, ഈ മൂന്ന് നിര എസ്‌യുവി എന്നിവയായിരിക്കാം ഈ വില ശ്രേണിയിൽ ഉൾപ്പെടുന്ന മറ്റുള്ളവ. വരാനിരിക്കുന്ന YTB കൂപ്പെ എസ്‌യുവിയുടെ വലിയൊരു ഭാഗവും 10-15 ലക്ഷം രൂപ ബ്രാക്കറ്റിൽ ആയിരിക്കാൻ സാധ്യതയുണ്ട്. ഇത് 2023 ഉത്സവ സീസണോടെ വിപണിയിൽ അരങ്ങേറ്റം കുറിക്കാനാണ് സാധ്യത തെളിയുന്നത്.
മൂന്ന്-വരി ഗ്രാൻഡ് വിറ്റാരയുടെ കാര്യത്തിലേക്ക് മടങ്ങിവരുമ്പോൾ സ്റ്റാൻഡേർഡ് പതിപ്പിന് സമാനമായ അതേ ഗ്ലോബൽ സി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി തന്നെയായിരിക്കും കമ്പനി ഇതിനെയും ഒരുക്കുക. എന്നാൽ മൂന്നാം നിരയെ ഉൾക്കൊള്ളാൻ ഇതിന് അൽപ്പം നീളമുള്ള വീൽബേസ് ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എസ്‌യുവിക്ക് കൂടുതൽ സവിശേഷമായ രൂപം നൽകാനും രണ്ട് വരി വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമാക്കാനും ചില സ്റ്റൈലിംഗ് പരിഷ്ക്കാരങ്ങളും മാരുതി സമ്മാനിച്ചേക്കും.
മൊത്തം 6 എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയാണ് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ പ്രധാന സുരക്ഷാ സവിശേഷതകൾ. ഇതെല്ലാം മൂന്നുവരി മോഡലിലേക്കും കമ്പനി അതേപടി കൊണ്ടുവന്നേക്കും. ഒന്ന് രണ്ട് വർഷം കഴിഞ്ഞാണെങ്കിൽ കാലത്തിനൊത്ത മാറ്റങ്ങളും എസ്‌യുവിയിൽ പ്രതീക്ഷിക്കാം.
നിലവിലെ ഗ്രാൻഡ് വിറ്റാരയുടെ 5 സീറ്റർ മോഡലിന്റെ അതേ എഞ്ചിൻ ഓപ്ഷനുകളും ഇതിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ മൂന്നാം-വരി ഇരിപ്പിടം സൃഷ്ടിക്കുന്നതിന് മാരുതി എങ്ങനെ പരിഷ്ക്കാരങ്ങൾ കൊണ്ടുവരുമെന്നത് കാത്തിരുന്നു കാണാം. മാരുതിയുടെ ഇന്നോവ ഹൈക്രോസിന്റെ വകഭേദവും വരും മാസങ്ങളിൽ അരങ്ങേറ്റം കുറിച്ചേക്കും.


Click it and Unblock the Notifications








