ഇവിടെയും ഒന്നാമൻ! വിദേശ നിരത്തുകളിൽ ഓടുന്നത് 25 ലക്ഷം മാരുതി കാറുകൾ
ഇന്ത്യയിലെ പാസഞ്ചർ കാർ വിഭാഗത്തിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളാണ് മാരുതി സുസുക്കി. വിൽപ്പനയുടെ കാര്യത്തിൽ വെല്ലുവിളിക്കാൻ ഇതുവരെ ഒരു എതിരാളിക്കുമാവാതെ ഈ ഇന്തോ-ജാപ്പനീസ് ബ്രാൻഡ് മുന്നോട്ടു കുതിക്കുകയാണ്. പ്രധാന എതിരാളികളായ ഹ്യുണ്ടായിയും ടാറ്റയുമെല്ലാം മാരുതിയുടെ വിൽപ്പനയുടെ പകുതി പോലും ഒരു മാസം വിൽക്കുന്നില്ലെന്നതാണ് ശ്രദ്ധേയം.
സാധാരണക്കാരുടെ പൾസറിഞ്ഞ് വാഹനം പുറത്തിറക്കാനുള്ള മാരുതി സുസുക്കിയുടെ കഴിവാണ് ഇവിടെ കാണേണ്ടത്. കുറഞ്ഞ മെയിന്റനെൻസ്, കിടിലൻ മൈലേജ്, ബ്രാൻഡിന്റെ വിശ്വാസീയത, മികച്ച റീസെയിൽ വാല്യു എന്നീ ഘടകങ്ങളാണ് ആളുകളെ മാരുതി കാറുകളിലേക്ക് ആകർഷിക്കുന്നത്. ഇന്ത്യയിൽ നിർമിച്ച് കാറുകൾ കയറ്റുമതി ചെയ്യുന്നതിലും നമ്പർ വണ്ണാണ് ബ്രാൻഡ്. 2022-23 സാമ്പത്തിക വർഷത്തിൽ വിദേശ രാജ്യങ്ങളിലേക്ക് മെയ്ഡ്-ഇൻ-ഇന്ത്യ കാറുകൾ ഏറ്റവും കൂടുതൽ കയറ്റി അയച്ചതും മാരുതി തന്നെ.

അതായത് ഇന്ത്യയിലെ വിൽപ്പന കണക്കുകളിൽ മാത്രമല്ല വിദേശത്തേക്ക് കാറുകൾ കയറ്റുമതി ചെയ്യുന്നതിലും മാരുതി സുസുക്കിയെ വെല്ലാൻ ആളില്ലെന്ന് ചുരുക്കം. തുടർച്ചയായ രണ്ടാം വർഷമാണ് എക്സ്പോർട്ടിംഗിന്റെ കാര്യത്തിലും കമ്പനി ഒന്നാമനായി നാടുവാഴുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിനും ഈ വർഷം ഫെബ്രുവരിക്കുമിടയിൽ മാരുതി 2.26 ലക്ഷം യൂണിറ്റുകൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു. മുഖ്യ ശത്രുവായ ഹ്യുണ്ടായിയുടെ കണക്കുകളേക്കാൾ 83,991 യൂണിറ്റുകൾ മുന്നിലാണ് മാരുതിയിപ്പോൾ.
മാർച്ചിലെ കയറ്റുമതി വിവരങ്ങൾ ഇനിയും വരാനിരിക്കുന്നതിനാൽ മാരുതി സുസുക്കി സാമ്പത്തിക വർഷം മികച്ച രീതിയിൽ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. 36 വർഷം മുമ്പ് ആഗോളതലത്തിൽ കാറുകൾ കയറ്റുമതി ചെയ്യാൻ തുടങ്ങിയതിനുശേഷം 25 ലക്ഷത്തിലധികം കാറുകൾ മൊത്തത്തിൽ കയറ്റിയയച്ച റെക്കോർഡും ഈ സാമ്പത്തിക വർഷത്തോടെ ബ്രാൻഡ് കൈവരിച്ചു. 1986-87 സാമ്പത്തിക വർഷത്തിലാണ് കമ്പനി വാഹനങ്ങൾ കയറ്റുമതി ചെയ്യാൻ തുടങ്ങിയത്.

1987 സെപ്റ്റംബറിൽ 500 കാറുകളുടെ ആദ്യത്തെ വലിയ ചരക്ക് ഹംഗറിയിലേക്കും പിന്നീട് ബംഗ്ലാദേശിലേക്കും നേപ്പാളിലേക്കും എക്സ്പോർട്ട് ചെയ്‌തു. പിന്നീട് മാതൃ കമ്പനിയായ സുസുക്കി മോട്ടോർ കോർപ്പറേഷന്റെ പിന്തുണയോടെ മാരുതി ക്രമേണ മറ്റ് രാജ്യങ്ങളിൽ സാന്നിദ്ധ്യം വിപുലീകരിക്കുന്നതിലും വിജയിച്ചു. ഇപ്പോൾ പുതിയ ഗ്രാൻഡ് വിറ്റാര എസ്‌യുവി ഉൾപ്പെടെ 17 മോഡലുകൾ മാരുതി സുസുക്കി ലോകമെമ്പാടുമുള്ള 100 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.
മാരുതി സുസുക്കി ഈ വർഷം ജനുവരി മുതലാണ് ഗ്രാൻഡ് വിറ്റാര എസ്‌യുവി കയറ്റുമതി ചെയ്യാൻ തുടങ്ങിയത്. ലാറ്റിനമേരിക്ക, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ആസിയാൻ മേഖലകളിലുടനീളം 60-ലധികം രാജ്യങ്ങളിലേക്ക് ഈ സ്ട്രോംഗ് ഹൈബ്രിഡ് എസ്‌യുവി കയറ്റുമതി ചെയ്യാനാണ് നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ ലക്ഷ്യമിടുന്നത്. മാരുതിയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ കയറ്റിയയക്കുന്ന മോഡലുകളിൽ ചിലത് സ്വിഫ്റ്റ്, ഡിസയർ, എസ്-പ്രെസോ, ബലേനോ, ബ്രെസ എന്നിവയാണ്.

ഫ്രോങ്കസ്, ജിംനി എന്നിങ്ങനെ രണ്ട് പുതിയ മോഡലുകൾ കൂടി ഉടൻ തന്നെ ബ്രാൻഡ് നിരയിൽ ചേരുമെന്ന് സ്ഥിരീകരിച്ചതോടെ മാരുതിയുടെ കയറ്റുമതി കൂടുതൽ വളരും. ജിംനിയും ഫ്രോങ്ക്സും ഇന്ത്യയെ ഉദ്ദേശിച്ചുള്ള ആഗോള മോഡലുകളാണ്. രണ്ട് വണ്ടികളും അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ നിരത്തിലെത്തും. അടുത്ത മാസം ഫ്രോങ്ക്സ് വിൽപ്പനയ്ക്ക് എത്തുമ്പോൾ ജിംനി വേനൽക്കാലത്തിന്റെ അവസാനത്തോടെ യാഥാർഥ്യമാവും.
5 ഡോർ ജിംനി ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിക്ക് 25,000 ബുക്കിംഗുകളോളം ലഭിച്ചുവെന്നാണ് മാരുതി അവകാശപ്പെടുന്നത്. അതേസമയം സബ്-4 മീറ്റർ ക്രോസ്ഓവറായി രൂപമെടുത്തിരിക്കുന്ന ഫ്രോങ്ക്‌സ് 16,000 ബുക്കുംഗുകളോളം നേടിയിട്ടുമുണ്ട്. ജനപ്രിയനായ ബലേനോയുടെ ക്രോസ്ഓവർ പതിപ്പാണിത്. 1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോ പെട്രോൾ, 1.2 ലിറ്റർ ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് (NA) പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാവും വാഹനം എത്തുക.

എസ്‌യുവി മോഡലുകൾക്ക് രാജ്യത്ത് നിന്നും ലഭിക്കുന്ന സ്വീകാര്യത മുതലെടുത്ത് ഈ വിഭാഗത്തിലും ആധിപത്യം സ്ഥാപിക്കാനുള്ള മാരുതിയുടെ ഈ നീക്കങ്ങൾ വിജയം കൈവരിക്കുമെന്നാണ് ഈ നീക്കങ്ങളെല്ലാം സൂചന നൽകുന്നത്. നിലവിൽ ബ്രെസയും ഗ്രാൻഡ് വിറ്റാരയും മാത്രമാണ് മാരുതിയുടെ നിരയിലെ എസ്‌യുവികൾ. പുത്തൻ കാറുകൾ കൂടുയെത്തുമ്പോൾ ഇത് നാലായി ഉയരും. ഇതിനൊപ്പം അധികം വൈകാതെ ഒരു ഇലക്ട്രിക് സ്പോർട്ട് യൂട്ടിലിറ്റി വാഹനവും കമ്പനി യാഥാർഥ്യമാക്കും.


Click it and Unblock the Notifications