മാരുതി കാർ ഉടമകൾ ശ്രദ്ധിക്കുക, ചെറിയൊരു പണിക്കായി രണ്ട് കാറുകളെ തിരികെവിളിച്ച് കമ്പനി
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ മാത്രമല്ല നമ്മുടെ മാരുതി സുസുക്കി (Maruti Suzuki). സാധാരണക്കാരന് കാർ എന്ന സ്വപ്‌നം യാഥാർഥ്യമാക്കി കൊടുക്കുന്നതിന്റെ പ്രധാന ചുമതലയും കമ്പനിക്കുള്ളതാണ്. ഏതെങ്കിലും വീട്ടിൽ പുതിയൊരു വാഹനം വാങ്ങാൻ തീരുമാനിച്ചാൽ തന്നെ ആദ്യം പരിഗണിക്കപ്പെടുന്നതും മാരുതിയുടെ മോഡലുകളാണ്.
വിശ്വസിച്ച് കൂടെക്കൂട്ടാം, കുറഞ്ഞ മെയിന്റനെൻസ്, കിടിലൻ മൈലേജ്, റീസെയിൽ വാല്യു എന്നിങ്ങനെയുള്ള മികവുകളും മാരുതി കാറുകളെ വേറിട്ടു നിർത്തുന്നുണ്ട്. ബ്രാൻഡ് നിരയിലെ ആൾട്ടോ K10, എസ്-പ്രെസോ, സെലേറിയോ എന്നിങ്ങനെയുള്ള ബജറ്റ് ഫ്രണ്ട്ലി എൻട്രി ലെവൽ വാഹനങ്ങളെല്ലാം വൻഹിറ്റാണ്. അങ്ങനെ ഉപഭോക്താക്കളുടെ പൾസറിഞ്ഞ് വാഹനങ്ങളിറക്കാൻ ഇത്ര മിടുക്കുള്ള ബ്രാൻഡ് വേറെയില്ലെന്നു വേണം പറയാൻ.

വിൽപ്പനയിൽ മാത്രമല്ല വിൽപ്പനാനന്തര സേവനങ്ങളിലും മാരുതി അടിപൊളിയാണ്. അധികം പരാതികളൊന്നുമില്ലാതെ രാജ്യത്തിന്റെ ഏതുമൂലയിലും സർവീസ് സെന്ററും മറ്റ് കാര്യങ്ങളുമുള്ള കമ്പനി ഉപഭോക്താക്കളെ ദൈവത്തിനെ പോലെയാണ് കാണുന്നത്. വാഹനങ്ങൾക്ക് എന്തെങ്കിലും പ്രശ്‌നങ്ങൾ കണ്ടെത്തിയാൽ അത് തിരികെ വിളിച്ച് പരിഹരിക്കാനും മാരുതി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു തിരിച്ചുവിളിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതി സുസുക്കി.
ചില തകരാറുകൾ കണ്ടെത്തിയതിനെ തുടർന്ന് എസ്-പ്രെസോ, ഇക്കോ വാൻ എന്നിവയുടെ 87,000 യൂണിറ്റുകളാണ് തിരിച്ചുവിളിച്ചിരിക്കുകയാണ് കമ്പനി. സ്റ്റിയറിംഗ് വീൽ സജ്ജീകരണത്തിലെ തകരാറാണ് മോഡലുകൾ തിരിച്ചുവിളിക്കാൻ കാരണമായിരിക്കുന്നത്. ഇതിനെ തുടർന്ന് ജൂലൈ 24 തിങ്കളാഴ്ച്ച ബ്രാൻഡ് ഒരു പ്രസ്താവനയിറക്കുകയും ചെയ്‌തിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ നിർമിച്ച മോഡലുകളിലാണ് പ്രശ്‌നങ്ങൾ കണ്ടെത്തിയിരിക്കുന്നത്.

എസ്-പ്രെസോ, ഈക്കോ എന്നിവയുടെ ബാധിത മോഡലുകളുടെ ഉടമകൾക്ക് പണം നൽകാതെ തന്നെ തകരാർ പരിഹരിക്കുന്നതിന് അടുത്തുള്ള ഡീലർമാരെ ബന്ധപ്പെടുകയാണ് വേണ്ടത്. രണ്ട് കാറുകളുടേയും 87,599 യൂണിറ്റുകളാണ് കമ്പനി തിരിച്ചുവിളിച്ചിരിക്കുന്നത്. ഈ വാഹനങ്ങളിലെ സ്റ്റിയറിംഗ് ടൈ റോഡിന് തകരാറുണ്ടെന്നാണ് മാരുതി സുസുക്കി കണ്ടെത്തിയിരിക്കുന്നത്.
കൃത്യമായി പറഞ്ഞാൽ 2021 ജൂലൈ അഞ്ചിനും ഫെബ്രുവരി 15-നും ഇടയിൽ നിർമിച്ച എസ്-പ്രെസോ, ഇക്കോ മോഡലുകളിലാവും ഈ തകരാർ ഉണ്ടാവുക. ഇത്തരം വാഹനങ്ങളിൽ ഉപയോഗിക്കുന്ന സ്റ്റിയറിംഗ് ടൈ റോഡിന്റെ ഒരു ഭാഗത്ത് തകരാർ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സംശയിക്കുന്നുവെന്നും ഇത് അപൂർവ സന്ദർഭങ്ങളിൽ വാഹനത്തിന്റെ സ്റ്റിയറബിലിറ്റിയെയും ഹാൻഡ്‌ലിംഗിനെയും തകരാറിലാക്കുമെന്നുമാണ് കമ്പനി പ്രസ്‌താവനയിൽ വ്യക്തമാക്കുന്നത്.

സമീപകാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി നടത്തിയിരിക്കുന്ന ഏറ്റവും വലിയ തിരിച്ചുവിളികളിലൊന്നാണിത്. രണ്ട് വർഷം മുമ്പ് മോട്ടോർ ജനറേറ്റർ യൂണിറ്റിന്റെ തകരാർ കാരണം സിയാസ്, വിറ്റാര ബ്രെസ, XL6 പെട്രോൾ വേരിയന്റുകളുൾപ്പെടെ വിവിധ മോഡലുകളുടെ രണ്ട് ലക്ഷത്തോളം യൂണിറ്റുകൾ തിരിച്ചുവിളിക്കാൻ മാരുതി സുസുക്കി നിർബന്ധിതരായിരുന്നു.
കഴിഞ്ഞ വർഷം വാഗൺആർ, ബലേനോ ഹാച്ച്ബാക്കുകളിലെ ഫ്യുവൽ പമ്പുകളിൽ തകരാറുള്ളതിനാൽ മാരുതി 1.34 ലക്ഷം യൂണിറ്റ് തിരിച്ചുവിളിച്ചിരുന്നു. അതേ വർഷം തന്നെ തകരാർ സംഭവിച്ച മോട്ടോർ ജനറേറ്റർ യൂണിറ്റിന് 63,493 യൂണിറ്റ് സിയാസ്, എർട്ടിഗ, XL6 പെട്രോൾ സ്മാർട്ട് ഹൈബ്രിഡ് (SHVS) വേരിയന്റുകളൂം കമ്പനി തിരിച്ചുവിളിച്ചിട്ടുണ്ടായിരുന്നു. വാഹന വ്യവസായത്തിൽ ഇതൊരു പുതുമയുള്ള കാര്യമല്ലെങ്കിലും ബ്രാൻഡുകൾ ഇത്തരത്തിൽ ഉപഭോക്താക്കളോടുള്ള അവരുടെ കടമ നിറവേറ്റുന്നത് കൈയടി അർഹിക്കുന്ന ഒന്നാണ്.

2019-ലാണ് മാരുതി സുസുക്കി എസ്-പ്രെസോ ആദ്യമായി വിപണിയിലെത്തിക്കുന്നത്. പിന്നീട് മികച്ച സിറ്റി കാറായി പേരെടുത്ത ഈ മൈക്രോ വാഹനത്തിന്റെ ലക്ഷക്കണക്കിന് യൂണിറ്റുകളാണ് ഒരു വർഷം നിരത്തിലിറങ്ങുന്നത്. പ്രത്യേകിച്ച് ആദ്യമായി കാർ വാങ്ങുന്നവർ ഇത് പ്രായോഗിക ഓപ്ഷനായി കണക്കാക്കുന്നുമുണ്ട്. വ്യത്യസ്‌ത വകഭേദങ്ങളെ ആശ്രയിച്ച് ഇതിന്റെ വില 4.25 ലക്ഷം മുതൽ ₹5.99 ലക്ഷം വരെയാണ് നീളുന്നതും.


Click it and Unblock the Notifications