മുട്ടിനിൽക്കാനാവാതെ ടാറ്റയും ഹ്യുണ്ടായിയും, മെയ് മാസം 1.78 ലക്ഷം കാറുകൾ വിറ്റഴിച്ച് മാരുതി
ഇന്ത്യയിൽ ചെറുകാറുകളിലൂടെ വിപ്ലവം തീർത്തവരാണ് മാരുതി സുസുക്കി (Maruti Suzuki). സാധാരണക്കാരെ മനസിൽകണ്ട് വാഹനങ്ങൾ പുറത്തിറക്കുന്നതിൽ മാരുതിയുടെ അത്രയും വൈദഗ്ധ്യം മറ്റൊരു ബ്രാൻഡിനും അവകാശപ്പെടാനുമാവില്ല. പപ്പടം, സേഫ്റ്റിയില്ല എന്നൊക്കെ ആളുകൾ പറയുമെങ്കിലും ഒരു കാർ വാങ്ങാൻ തീരുമാനിച്ചാൽ വിശ്വസിച്ച് കൂടെക്കൂട്ടാനാവുന്നത് മാരുതിയാണെന്ന കാര്യം പലരും മനസിലാക്കിയ വസ്‌തുതയാണ്.
വർഷങ്ങളായി രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായി വിലസുന്നവരാണ് മാരുതി സുസുക്കി. ഇന്നേവരെ ഇക്കാര്യത്തിൽ ഇവരെ വെല്ലാൻ ഒരാൾക്കും സാധിച്ചിട്ടില്ല. രണ്ടാം സ്ഥാനത്തിനായി ഹ്യുണ്ടായിയും ടാറ്റയുമെല്ലാം മത്സരമുണ്ടെങ്കിലും രണ്ട് കമ്പനികൾക്കും ഉടനെങ്ങും വിൽപ്പനയുടെ കാര്യത്തിൽ മാരുതിയുടെ ഒന്നാം സ്ഥാനം സ്വപ്നം കാണാനാവില്ല. ആഭ്യന്തര തലത്തിൽ തങ്ങളെ വെല്ലാൻ ആരുമില്ലെന്ന് ഓരോ ദിവസവും മാരുതി തെളിയിക്കുകയാണ്. 2023 മെയ് മാസത്തെ കണക്കുകൾ ഇതിന് അടിവരയിടുന്ന മറ്റൊരു സംഗതിയാണ്.

കഴിഞ്ഞ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ലക്ഷങ്ങളുടെ വില്‍പ്പനയുമായി മാരുതി സുസുക്കി ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വിപണിയിലെ ആധിപത്യം എതിരാളികൾക്ക് മുന്നിൽ ഊട്ടിയുറപ്പിച്ചു. പോയ മാസം മൊത്തം 1,78,083 കാറുകളുടെ വിൽപ്പനയാണ് മാരുതി സുസുക്കിയെ തേടിയെത്തിയത്. ഇതിൽ ഇന്ത്യയിൽ 1,46,596 കാറുകളും ടൊയോട്ടക്ക് കൊടുത്ത 5,010 യൂണിറ്റുകളും 26,477 യൂണിറ്റ് വാഹനങ്ങളുടെ കയറ്റുമതിയും ഉൾപ്പെടുന്നതാണ് ഈ കണക്കുകൾ.
ചിപ്പ് ക്ഷാമം കഴിഞ്ഞ മാസം വാഹന നിർമാണത്തെ ചെറിയ തോതിൽ ബാധിച്ചതായി രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കൾ അറിയിച്ചിരുന്നു. ആൾട്ടോയും എസ്-പ്രെസോയും ഉൾപ്പെടുന്ന മിനി സെഗ്‌മെന്റിൽ 12,236 കാറുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. 2022 മെയ് മാസത്തെ 17,408 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വിഭാഗത്തിൽ ചെറിയ ഇടിവ് മാരുതി സുസുക്കിക്ക് സംഭവിച്ചിട്ടുണ്ട്.

ബലേനോ, സെലേറിയോ, ഡിസയർ, ഇഗ്‌നിസ്, സ്വിഫ്റ്റ്, ടൂർ എസ്, വാഗൺആർ പോലുള്ള മോഡലുകൾ ഉൾപ്പെടുന്ന കോംപാക്‌ട് കാർ വിഭാഗത്തിൽ 71,419 യൂണിറ്റ് വാഹനങ്ങളാണ് ബ്രാൻഡ് വിപണനം ചെയ്‌തത്. കഴിഞ്ഞ വർഷം വിറ്റഴിച്ച 67,947 യൂണിറ്റുകളിൽ നിന്നും കാര്യമായ വർധനവ് സെഗ്മെന്റിൽ നേടിയെടുക്കാൻ മാരുതിക്ക് കഴിഞ്ഞത് വലിയ നേട്ടമാണ്. അങ്ങനെ മിനി-കോംപാക്‌ട് ശ്രേണിയിലെ വിൽപ്പന 2022 മെയ് മാസത്തിലെ 85,355 യൂണിറ്റുകളിൽ നിന്ന് 83,655 കാറുകളായി ഉയർന്നു.
പ്രധാന എതിരാളികളായ ഹ്യുണ്ടായി, ടാറ്റ മോട്ടോർസ് എന്നീ ബ്രാൻഡുകളുടെ ഒരു മാസത്തെ മൊത്ത വിൽപ്പനയുമായി താരതമ്യം ചെയ്‌താൽ പോലും അവർക്ക് ഇത്രയും വലിയ കണക്കുകൾ എത്തിപ്പിടിക്കാൻ ഇതുവരെ ആയിട്ടില്ല. സിയാസ് മിഡ്-സൈസ് സെഡാന് ഇത്തവണ 992 ഉപഭോക്താക്കളെയാണ് കണ്ടെത്താനായത്. കഴിഞ്ഞ വർഷത്തെ 586 യൂണിറ്റുകളിൽ നിന്ന് ചെറിയ വർധനവുണ്ടായത് ശ്രദ്ധേയമായിട്ടുണ്ട്.

അതേസമയം ബ്രെസ, എർട്ടിഗ, ഫ്രോങ്ക്സ്, ഗ്രാൻഡ് വിറ്റാര, XL6 എന്നീ യൂട്ടിലിറ്റി വാഹനങ്ങളുടെ 46,243 യൂണിറ്റുകളാണ് 2023 മെയ് മാസത്തിൽ വിറ്റഴിച്ചത്. 2022 മെയിൽ ഇത് 28,051 യൂണിറ്റുകൾ മാത്രമായിരുന്നു. അതേസമയം ഈക്കോ വാൻ 10,482 യൂണിറ്റുകളിൽ നിന്ന് 12,818 യൂണിറ്റുകളാണ് വിറ്റഴിച്ചത്. അങ്ങനെ മെയ് മാസത്തെ മാരുതി സുസുക്കിയുടെ വിൽപ്പന ഒരു വർഷത്തിൽ 1,24,474 യൂണിറ്റിൽ നിന്ന് 1,43,708 യൂണിറ്റായി കുതിച്ചുയർന്നു.
ഇനി വാണിജ്യ വിഭാഗത്തിലേക്ക് നോക്കിയാൽ ഈ ശ്രേണിയിലെ മാരുതിയുടെ ഒരേയൊരു മോഡലായ സൂപ്പർ ക്യാരി LCV 2023 മെയ് മാസത്തിൽ 2,888 യൂണിറ്റുകളുടെ വിൽപ്പന നേടി. പോയ വർഷം ഇതേ കാലയളിൽ ഈ ലൈറ്റ് കൊമേഴ്‌സ്യൽ വാഹനത്തിന്റെ 3,526 യൂണിറ്റുകൾ ബ്രാൻഡ് വിറ്റിരുന്നു. അങ്ങനെ ഒരു വർഷയക്കാലയളിൽ മാരുതിയുടെ പാസഞ്ചർ കാറുകളുടെ വിൽപ്പനയും ചെറു വാണിജ്യ വാഹനങ്ങളുടെയും സഞ്ചിത വിൽപ്പന 1,28,000 യൂണിറ്റിൽ നിന്ന് 1,46,596 യൂണിറ്റായി വളർന്നു.

ടൊയോട്ടയിലേക്കുള്ള OEM വിതരണവും മെയ് മാസത്തെ കയറ്റുമതിയും മൊത്തം ആഭ്യന്തര വിൽപ്പനയും കണക്കിലെടുത്താൽ മാരുതി സുസുക്കി 1,61,413 യൂണിറ്റുകളിൽ നിന്ന് മൊത്തം 1,78,083 യൂണിറ്റ് വിൽപ്പനയാണ് മൊത്തം കൈവരിച്ചത്. നിലവിൽ കൂടുതൽ വലിയ എസ്‌യുവികൾ പുറത്തിറക്കി ഈ സെഗ്മെന്റും തൂക്കാനുള്ള പുറപ്പാടിലാണ് ഏവരുടേയും പ്രിയപ്പെട്ട മാരുതി. ഫ്രോങ്ക്‌സ്, ഗ്രാൻഡ് വിറ്റാര, ജിംനി എന്നിവയുടെയെല്ലാം വരവ് ഇതിനൊരു തെളിവാണ്.


Click it and Unblock the Notifications








