ടാറ്റയും ഹ്യുണ്ടായിയും ഒന്നിച്ച് നോക്കിയാലും പറ്റൂല്ലാ... മാർച്ചിൽ മാരുതി വിറ്റത് 1.70 ലക്ഷം കാറുകൾ
വർഷങ്ങളായി രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായി വിലസുന്നവരാണ് മാരുതി സുസുക്കി. ഇന്നേവരെ ഇക്കാര്യത്തിൽ ഇവരെ വെല്ലാൻ ഒരാൾക്കും സാധിച്ചിട്ടില്ല. കുറഞ്ഞ മെയിന്റനെൻസും കിടിലൻ മൈലേജും ചേർത്താണ് കമ്പനി ഇപ്പോഴും ആളെപിടിക്കുന്നത്. ഹ്യുണ്ടായിയും ടാറ്റയുമെല്ലാം വിപണിയിൽ അടിപൊളായായി നിരത്തുകളിലുണ്ടെങ്കിലും ഈ വലിയ കണക്കുകൾ ഇതുവരെ തൊടാനായിട്ടില്ല.
ഇന്ത്യക്കാരുടെ പൾസറിഞ്ഞ് വാഹനം പുറത്തിറക്കാൻ ഇത്രയും മിടുക്കള്ള മറ്റൊരു കമ്പനിയുമല്ലെന്ന് സാരം. സുരക്ഷയുടെ കാര്യമെല്ലാം പറഞ്ഞ് പലരും കളിയാക്കുമെങ്കിലും ഇന്നിറങ്ങുന്ന പല മോഡലുകളിലും സേഫ്റ്റിക്കും പരിഗണനകൊടുത്താണ് കമ്പനി പുറത്തിറക്കുന്നത്. 2023 മാർച്ച് മാസത്തേയും വിൽപ്പന കണക്കുകൾ പുറത്തുവിട്ടാണ് മാരുതി സുസുക്കി ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. കഴിഞ്ഞ മാസം 1,70,071 യൂണിറ്റുകളുടെ വിൽപ്പനയാണ് ബ്രാൻഡിനെ തേടിയെത്തിയിരിക്കുന്നത്.

ആഭ്യന്തര വിപണിയിൽ വിറ്റ 1,36,787 യൂണിറ്റുകളും മറ്റ് ഒഇഎമ്മുകൾക്ക് വിറ്റ 3,165 യൂണിറ്റുകളും 30,119 യൂണിറ്റുകളുടെ കയറ്റുമതി കണക്കുകളുമായാണ് കമ്പനി 1.70 ലക്ഷം കാറുകളുടെ വിൽപ്പന 2023 മാർച്ചിൽ നേടിയത്. ബലേനോ, സെലേറിയോ, ഇഗ്‌നിസ്, ടൂർ എസ്, സ്വിഫ്റ്റ്, ഡിസയർ എന്നിവയുൾപ്പെടെ ഏറ്റവും കൂടുതൽ കോംപാക്ട് വാഹനങ്ങൾ പോയ മാസം വിറ്റഴിച്ചതും മാരുതി സുസുക്കിയാണ്. കഴിഞ്ഞ ഫെബ്രുവരി മാസവും ഏകദേശം 1.72 ലക്ഷം കാറുകളാണ് മാരുതി നിരത്തിലെത്തിച്ചിരുന്നത്.
2022-23 സാമ്പത്തിക വർഷത്തിൽ നിർമാതാവിന് ഇലക്ട്രോണിക് ഘടകങ്ങളുടെ ക്ഷാമം നേരിടേണ്ടിവന്നുവെങ്കിലും ആഘാതം കുറയ്ക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി ബ്രാൻഡ് പറയുന്നു. 2022-2023 സാമ്പത്തിക വർഷത്തിൽ മാരുതി സുസുക്കി 19,66,164 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. ഇത് കമ്പനിയുടെ എക്കാലത്തെയും ഉയർന്ന വിൽപ്പന കണക്കുകളിൽ ഒന്നാണ്.

ആൾട്ടോയും എസ്-പ്രെസോയും ഉൾപ്പെടുന്ന മിനി സെഗ്‌മെന്റ് 2023 മാർച്ചിൽ 15,491 യൂണിറ്റുകൾ വിറ്റു. മാരുതി സുസുക്കി മാർച്ചിൽ 1,384 സിയാസ് വിറ്റഴിച്ചു. ഇത് കഴിഞ്ഞ വർഷത്തെ 300 യൂണിറ്റുകളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. പ്രത്യേകിച്ച് സ്കോഡ സ്ലാവിയ, ഫോക്‌സ്‌വാഗൺ വെർട്ടിസ്, ഹോണ്ട സിറ്റി, ഹ്യുണ്ടായി വെർണ പോലുള്ള തട്ടുപൊളിപ്പൻ വാഹനങ്ങൾ അരങ്ങുവാഴുന്ന സമയത്താണീ കണക്കുകൾ സിയാസിന് നേടാനായത്.
അതേസമയം 2023 മാർച്ചിൽ യൂട്ടിലിറ്റി വാഹനങ്ങളുടെ വിൽപ്പന 25,001 യൂണിറ്റായി. ഈ സെഗ്‌മെന്റിൽ ഗ്രാൻഡ് വിറ്റാര, ബ്രെസ, എസ്-ക്രോസ്, XL6, എർട്ടിഗ എന്നീ മോഡലുകളാണ് ഉൾപ്പെടുന്നുത്. കൊമേഴ്‌സ്യൽ വാഹമായ ഇക്കോയുടെ വിൽപ്പന 11,995 യൂണിറ്റുകളിൽ നിന്ന് 9,221 യൂണിറ്റായി കുറഞ്ഞത് കമ്പനിയെ സംബന്ധിച്ച് തിരിച്ചടിയാണ്. വരുന്ന 2023-24 സാമ്പത്തിക വർഷത്തിൽ പുതിയ മോഡലുകൾ പുറത്തിറക്കി വിൽപ്പന ഉയർത്താനുള്ള ശ്രമത്തിലാണ് കമ്പനി.

നിലവിൽ മാരുതി സുസുക്കി ഫ്രോങ്ക്സും ജിംനിയും ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് മാരുതി. രണ്ട് വാഹനങ്ങളും ഇക്കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയിൽ അനാച്ഛാദനം ചെയ്തിരുന്നു. ബലേനോയ്ക്കും ബ്രെസയ്ക്കും ഇടയിലാണ് ഫ്രോങ്ക്‌സ് സ്ഥാനംപിടിക്കുക. ഓഫ്-റോഡറിന്റെ പ്രായോഗികത വർധിപ്പിക്കാനാണ് ജിംനി അതിന്റെ 5-ഡോർ പതിപ്പിൽ ഇന്ത്യയിലെത്തുന്നത്. കൂടാതെ മഹീന്ദ്ര ഥാർ, ഫോഴ്‌സ് ഗൂർഖ പോലുള്ള കൊമ്പൻമാരുമായാവും മോഡൽ മാറ്റുരയ്ക്കാൻ എത്തുന്നത്.
ജിംനി രണ്ട് വേരിയന്റുകളിൽ വിൽക്കാനാണ് മാരുതി പദ്ധതിയിട്ടിരിക്കുന്നത്. രണ്ടും 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 4-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവയിൽ വാഗ്ദാനം ചെയ്യും. എഞ്ചിൻ 1.5 ലിറ്റർ, നാല് സിലിണ്ടർ യൂണിറ്റായിരിക്കും. ഇത് 103 bhp പവറിൽ ഏകദേശം 134 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. പവർ കണക്കുകൾ എതിരാളികളുമായി തട്ടിച്ചു നോക്കുമ്പോൾ കുറവാണെന്ന് തോന്നുമെങ്കിലും നിരത്തിലെത്തുമ്പോൾ സംഗതി ഉഷാറാവുമെന്നാണ് കരുതുന്നത്.

വില പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഞെട്ടിക്കുന്ന ബുക്കിംഗുകള്‍ നേടി ജിംനിയും ഫ്രോങ്ക്‌സും അടുത്ത ഹിറ്റ് മോഡലുകളെന്ന സൂചന നൽകിയിട്ടുമുണ്ട്. ബലേനോയുടെ ക്രോസ്ഓവർ പതിപ്പായ ഫ്രോങ്ക്‌സ് ഏപ്രിൽ മാസം വിൽപ്പനയ്ക്ക് എത്തുമ്പോൾ എസ്‌യുവി വിപണിയിൽ വിപ്ലവം തീർക്കാൻ ജിംനി ജൂൺ-ജൂലൈ മാസത്തോടെയും നിരത്തിലെത്തും. പിന്നാലെ ഈ വർഷം അവസാനത്തോടെ ഗ്രാൻഡ് വിറ്റാരയുടെ 7 സീറ്റർ പതിപ്പിനെയും മാരുതി സുസുക്കി പുറത്തിറക്കുമെന്നാണ് വിവരം. എന്തായാലും മാരുതിയുടെ തന്ത്രങ്ങൾ കാത്തിരുന്നു കാണാം.


Click it and Unblock the Notifications