ഒരു പ്രീമിയം കാർ ഫീൽ; കറുപ്പിൽ ഒരുങ്ങി കിടിലൻ ലുക്കുമായി വാഗൺആർ
Maruti Suzuki WagonR (മാരുതി സുസുക്കി വാഗൺആർ) എന്ന പേര് 1999 ഡിസംബർ മുതൽ നാം കേൾക്കാൻ തുടങ്ങിയതാണ്. രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറവും വിപണിയിൽ സജീവമായി നിൽക്കുന്ന ഈ ടോൾബോയ് ഹാച്ച്ബാക്ക് ഏറെക്കാലമായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന കാറുകളിൽ ഒന്നാണ്.
ഫാമിലി കാര്‍ എന്ന വിശേഷണം ശരിക്കും യോജിക്കുന്ന മോഡൽ പലതലമുറ ആവർത്തനങ്ങളിലൂടെയാണ് കടന്നുവന്നിരിക്കുന്നതെങ്കിലും പ്രതാപത്തിന് ഇതുവരെ മങ്ങലൊന്നും ഏറ്റിട്ടില്ല. കൃത്യമായ ഇടവേളകളിൽ വാഹനത്തെ മുനുക്കാനും പുതുതലമുറ പതിപ്പുകൾ പുറത്തിറക്കാനും മാരുതി കാണിച്ച മിടുക്കാണ് വാഗൺആർ ഇന്നും മിന്നി നിൽക്കാൻ കാരണം. ലോകത്ത് ഏറ്റവും പ്രചാരമുള്ള കാര്‍ നിറങ്ങളില്‍ ഒന്നാണ് കറുപ്പ്. പണ്ടൊക്കെ വാഗൺആറിലും ഈ നിറം ലഭ്യമായിരുന്നെങ്കിലും പിന്നീട് മാരുതി ഇത് തങ്ങളുടെ വാഹന നിരയിൽ നിന്നും ഒഴിവാക്കുകയുണ്ടായി.

കാറിന്റെ ആകാരഭംഗിയെ എടുത്തുകാണിക്കാന്‍ കറുത്ത നിറത്തിന് പ്രത്യേക കഴിവാണ്. അതുമല്ല, ഇന്ത്യയിൽ ബ്ലാക്ക് മോഡലുകൾക്ക് പ്രത്യേകം ഡിമാന്റുമുണ്ട്. ടാറ്റ ഡാർക്ക് എഡിഷൻ കാറുകളുടെ സ്വീകാര്യത തന്നെ ഇതിനുദാഹരണം. ഇത് കണക്കിലെടുത്ത് ഈ വർഷം ജനുവരിയിൽ മാരുതി സുസുക്കി ബ്ലാക്ക് എഡിഷൻ കാറുകൾ അവതരിപ്പിക്കുകയുണ്ടായി. അരീന, നെക്‌സ എന്നീ മോഡലുകൾക്ക് കീഴിൽ വിൽക്കുന്ന എല്ലാ കാറുകൾക്കും ഈ പുതിയ നിറം ലഭ്യമാണ്.
ജനപ്രിയമായ വാഗൺആറിലും ഉപഭോക്താക്കൾക്ക് ഇപ്പോൾ ബ്ലാക്ക് എഡിഷൻ സ്വന്തമാക്കാനാവും. രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ വാഹനം എത്തിത്തുടങ്ങിയിട്ടുണ്ട്. ടോൾബോയ് ഹാച്ചിന്റെ സാധാരണ നിറങ്ങളുമായി താരതമ്യം ചെയ്‌ത് നോക്കുമ്പോൾ ഒരു പ്രീമിയം കാർ ഫീലാണ് ഈ ബ്ലാക്ക് മോഡൽ നൽകുന്നതെന്ന് നിസംശയം പറയാം. കറുപ്പിൽ ഒരുങ്ങി കിടിലൻ ലുക്കുമായി എത്തിയ കാർ സ്വന്തമാക്കാൻ കൂടുതൽ ആളുകൾ എത്തുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

വാഗൺആർബ്ലാക്ക് എഡിഷൻ ഒരു മിഡ്‌നൈറ്റ് ബ്ലാക്കിലാണ് ഒരുങ്ങിയിരിക്കുന്നത്. കളർ ചേഞ്ച് മാറ്റിനിർത്തിയാൽ വാഹനത്തിൽ യാതൊരുവിധ പരിഷ്ക്കാരങ്ങളും സംഭവിച്ചിട്ടില്ല. ആയതിനാൽ ഡിസൈൻ എല്ലാം പരിചിതമായ രീതിയിൽ തന്നെയാണ് തുടരുന്നത്. ZXI, ZXI+ എന്നീ രണ്ട് ഹൈ എൻഡ് വേരിയന്റുകളിൽ മാത്രമാണ് വാഗൺആർ ബ്ലാക്ക് എഡിഷൻ മാരുതി സുസുക്കി പുറത്തിറക്കിയിരിക്കുന്നത്. ഫാൻസി ഫീച്ചറുകളൊന്നുമില്ലെങ്കിലും ഒരു സാധാരണക്കാരന് വേണ്ടിയ എല്ലാ കാര്യങ്ങളും കോർത്തിണക്കിയാണ് കാർ നിരത്തിലേക്ക് എത്തുന്നത്.
ബ്ലാക്ക് എഡിഷൻ്റെ ഇന്റീരിയറിലേക്ക് നോക്കിയാൽ സാധാരണ വേരിയന്റുകളുടെ അതേ ഡ്യുവൽ ടോൺ നിറത്തിൽ തന്നെയാണ് അകത്തളം ഒരുങ്ങിയിരിക്കുന്നത്. ZXI+ വേരിയന്റിൽ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ, ബ്ലൂടൂത്ത് കൺട്രോളുകൾ, ടാക്കോമീറ്റർ, റിമോട്ട് സെൻട്രൽ ലോക്കിംഗ് തുടങ്ങിയ ആധുനിക ഫീച്ചറുകൾ മാരുതി സുസുക്കി ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഈ വേരിയന്റിന് 14-ഇഞ്ച് ബ്ലാക്ക് അലോയ് വീലുകളാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. കൂടാതെ ബോഡി കളറിനോട് ഇഴുകിചേരുന്നുമുണ്ട്. ZXI+ ടോപ്പ് എൻഡ് വേരിയന്റിന് ഫ്രണ്ട് ഫോഗ് ലാമ്പുകളും റിയർ വൈപ്പറും വാഷറും വരെ കാണാം. ബ്ലാക്ക് എഡിഷൻ വാഗൺആർ ZXI, ZXI+ വേരിയന്റുകളിൽ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ എന്നതിനാൽ ഉപഭോക്താക്കൾക്ക് ഒരു എഞ്ചിൻ ഓപ്ഷൻ മാത്രമേ ലഭ്യമാവുകയുള്ളൂ.
ഈ 1.2 ലിറ്റർ നാല് സിലിണ്ടർ K12C ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിന് 88 bhp പവറിൽ പരമാവധി 113 Nm of torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് AMT ഗിയർബോക്‌സ് ഓപ്ഷനുകളിൽ ബ്ലാക്ക് എഡിഷൻ വാഗൺആർ സ്വന്തമാക്കാനാവും. രണ്ടാം ഘട്ട ബിഎസ്-VI ചട്ടങ്ങൾ, RDE മാനദണ്ഡങ്ങൾ എന്നിവ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരാനിരിക്കെ കാറിന്റെ രണ്ട് എഞ്ചിനിലും പരിഷ്ക്കാരങ്ങളുമായി കമ്പനി ഉടൻ രംഗത്തെത്തും.

ശരിക്കും വാഗൺആറിനും മാരുതിയുടെ മറ്റ് കാർ നിരയിലും അധിക തുകയ്ക്കാണ് പുതിയ ബ്ലാക്ക് എഡിഷൻ ലൈനപ്പ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും ഇത് ഏറെ സ്വീകാര്യമായ നടപടിയാണെന്നു വേണം പറയാൻ. മാറിവരുന്ന ഉപഭോക്തൃ ചിന്തകൾക്ക് അനുസൃമാണിത്. ഏതുകാറാണെങ്കിലും കറുപ്പിൽ ഒരുങ്ങി വന്നാൽ അതൊരു പ്രത്യേക അഴക് തന്നെയാണ്. വാഗൺആറിന്റെ മികച്ച ഡിസൈൻ, ഇന്റീരിയർ സ്പേസ്, കിടിലൻ മൈലേജ്, ശക്തമായ എഞ്ചിൻ ലൈനപ്പ് എന്നിവയോടൊപ്പം ഇക്കാര്യം കൂടി ചേരുന്നതോടെ സംഭവം ആകെ കളറാവുന്നു.


Click it and Unblock the Notifications