ഇത് പപ്പടം തന്നെ! ഇടിപരീക്ഷയിൽ പൊടിഞ്ഞ് മാരുതി വാഗൺആർ
വീട്ടിലേക്ക് ബജറ്റ് ഫ്രണ്ട്ലിയായി ഒരു കാർ വാങ്ങണമെന്ന് ആലോചിക്കുമ്പോൾ തന്നെ പലരും മാരുതി വാഗൺആറിന്റെ പേര് എടുത്തു പറയാറുണ്ട്. ഫാമിലി കാർ എന്ന പദത്തിന് ശരിക്കും അർഥം കൊടുത്ത ടോൾബോയ് ഹാച്ച്ബാക്ക് കൂടിയാണിത്. രണ്ട് പതിറ്റാണ്ടുകൾക്ക് മുകളിൽ പരമ്പര്യമുള്ള ഈ കാറിന്റെ പേര് കൊച്ചുകുട്ടികൾക്ക് വരെ സുപരിചിതവും.
ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ വിൽക്കുന്ന കാറുകളുടെ പട്ടികയെടുത്താൽ ഒന്നാമനായോ രണ്ടാമനായോ വാഗൺആറിന്റെ പേര് കാണാനാവും. ലക്ഷക്കണക്കിന് കുടംബങ്ങളുടെ വിശ്വസ്‌തൻ കൂടിയായ വാഗൺആർ ടോൾബോയ് ഹാച്ച്ബാക്കുകളെ ഇന്ത്യക്കാർക്കിടയിൽ ജനപ്രിയമാക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ സേഫ്റ്റിയുടെ കാര്യത്തിൽ മാരുതി സുസുക്കിയുടെ അംഗങ്ങളെല്ലാം വട്ടപൂജ്യമാണെന്നാണ് വിമർശകരുടെ വശം. പപ്പടമെന്നാണ് ആളുകൾ മാരുതി കാറുകളെ കളിയാക്കി വിളിക്കാറ് വരെ.

ഇടിച്ചാൽ പപ്പടം പൊടിയുന്ന പോലെ തവിടുപൊടിയാവുമെന്ന് സാരം. അതിനുള്ള പല ഉദാഹരണങ്ങളും നാം ഇതിനോടകം കണ്ടിട്ടുമുണ്ടാവുമല്ലോ. ദേ ഈ ചീത്തപ്പേരുകൾ എയറിൽ നിൽക്കുമ്പോൾ ജനപ്രിയ ഫാമിലി കാറിന്റെ ക്രാഷ് ടെസ്റ്റ് ഫലങ്ങൾ പുറത്തുവന്നിരിക്കുകയാണിപ്പോൾ. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകളുടെ ഏറ്റവും പുതിയ പരീക്ഷണത്തിൽ മാരുതി സുസുക്കിയുടെ ഹാച്ച്ബാക്ക് മുതിർന്നവരുടെ സുരക്ഷയിൽ 1-സ്റ്റാർ റേറ്റിംഗ് മാത്രം നേടിയാണ് മടങ്ങിയത്. അതേസമയം കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ വാഹനം സംപൂജ്യനായി നാണംകെടുകയും ചെയ്‌തു.
കൃത്യമായി പറഞ്ഞാൽ ക്രാഷ് ടെസ്റ്റിന്റെ ഏറ്റവും പുതിയ റൗണ്ടിൽ ഇന്ത്യൻ കാർ നിർമാതാക്കളിൽ നിന്നുള്ള ജനപ്രിയ ഹാച്ച്ബാക്ക് മുതിർന്നവരുടെ ഒക്കപ്പൻറ് പ്രൊട്ടക്ഷനിൽ 34-ൽ 19.69 പോയിന്റും കുട്ടികളുടെ സംരക്ഷണത്തിൽ 49-ൽ 3.40 പോയിന്റും മാത്രമാണ് സ്കോർ ചെയ്‌തിരിക്കുന്നത്. കുട്ടികൾക്കുള്ള ചൈൽഡ് റെസ്‌ട്രെയിന്റ് സിസ്റ്റം ഒരുക്കാത്തതാണ് ഇവിടെ ഇത്രയും വലിയ വ്യത്യാസം ഉണ്ടാവാൻ കാരണമായിരിക്കുന്നത്.

കൂടാതെ എല്ലാ സീറ്റുകളിലും ത്രീ-പോയിന്റ് ബെൽറ്റുകളുടെ അഭാവവും മുൻസീറ്റിംഗ് പൊസിഷനിൽ പിൻവശമുള്ള CRS-ന് സ്റ്റാൻഡേർഡ് എയർബാഗ് പ്രവർത്തനരഹിതമാക്കാത്തതുമാണ് വാഗൺആർ ക്രാഷ് ടെസ്റ്റിൽ മോശം പ്രകടനം കാഴ്ച്ചവെക്കാൻ കാരണമായത്. ഇടിപരീക്ഷണത്തിന് വിധേയമാക്കിയ വേരിയന്റിൽ ഇരട്ട എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, സീറ്റ് ബെൽറ്റ് റിമൈൻഡർ സിസ്റ്റം, സീറ്റ് ബെൽറ്റ് പ്രീ-ടെൻഷനറുകൾ, മുൻ നിരയിൽ യാത്ര ചെയ്യുന്നവർക്കുള്ള ലോഡ് ലിമിറ്ററുകൾ എന്നിവയുടെ രൂപത്തിലുള്ള സുരക്ഷാ സവിശേഷതകൾ സജ്ജീകരിച്ചിട്ടുണ്ട്.
മോഡലിന്റെ ബോഡി ഷെൽ അസ്ഥിരമായും ഗ്ലോബൽ NCAP റേറ്റുചെയ്‌തു. സേഫ്റ്റി അസസ്‌മെന്റ് ഓർഗനൈസേഷൻ രൂപപ്പെടുത്തിയ കർശനമായ ക്രാഷ് ടെസ്റ്റ് പ്രോട്ടോക്കോളുകൾക്ക് കീഴിൽ ഫോക്‌സ്‌വാഗൺ വെർട്ടിസ്, സ്‌കോഡ സ്ലാവിയ എന്നിവയ്‌ക്കൊപ്പം പരീക്ഷിച്ച ആദ്യത്തെ കാറുകളിൽ ഒന്നായിരുന്നു വാഗൺആർ. മുതിർന്നവരുടെയും കുട്ടികളുടെയും ഒക്യുപന്റ് പ്രൊട്ടക്ഷൻ ക്ലാസുകളിലെ ടെസ്റ്റുകൾ മികച്ച രീതിയിൽ വിജയിച്ചതിനാൽ വെർട്ടിസ്, സ്ലാവിയ സെഡാനുകൾക്ക് 5-സ്റ്റാർ സേഫ്റ്റിയാണ് ലഭിച്ചത്.
അതായത് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്ന ഏറ്റവും സുരക്ഷിതമായ കാറുകളിൽ ഒന്നാണിവയെന്ന് സാരം. പരിഷ്ക്കരിച്ച ക്രാഷ് ടെസ്റ്റ് പ്രോട്ടോക്കോളുകളിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), കാൽനട സംരക്ഷണം എന്നിവയ്‌ക്കൊപ്പം പരീക്ഷിച്ച എല്ലാ മോഡലുകൾക്കുമുള്ള ഫ്രണ്ടൽ, സൈഡ് ഇംപാക്ട് പ്രൊട്ടക്ഷൻ വിലയിരുത്തലുകൾ ഉൾപ്പെടുന്നു. ഏറ്റവും ഉയർന്ന സ്റ്റാർ റേറ്റിംഗ് സ്കോർ ചെയ്യുന്ന വാഹനങ്ങൾക്ക് സൈഡ് ഇംപാക്ട് പോൾ പ്രൊട്ടക്ഷൻ അസസ്മെന്റുകളും ആവശ്യമാണ്.
പരിമിതമായ ചില മെച്ചപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഏറ്റവും ജനപ്രിയമായ മാരുതി സുസുക്കി മോഡലുകൾ ക്രാഷ് ടെസ്റ്റുകളിൽ തുടരെ പരാജയപ്പെടുന്നത് ആശങ്കാകരമാണെന്ന് ലോബൽ എൻസിഎപിയുടെ സെക്രട്ടറി ജനറൽ അലജാൻഡ്രോ ഫ്യൂറസ് പറഞ്ഞു. ഇന്ത്യയിൽ വിൽക്കുന്ന പുതിയ മോഡലുകൾക്ക് ആറ് എയർബാഗുകൾ നിർബന്ധിതമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, മാരുതി സുസുക്കി ഈ ആവശ്യകത ഒരു ഓപ്ഷനായി പോലും ലഭ്യമാക്കുന്നില്ല എന്നത് ഗ്ലോബൽ NCAP-നെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടാറ്റ മോട്ടോർസും മഹീന്ദ്രയുമെല്ലാം സേഫ്റ്റിക്ക് കൂടുതൽ ഊന്നൽ നൽകി വാഹനങ്ങൾ പുറത്തിറക്കുന്ന സമയത്ത് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയിൽ നിന്നും ഇത്തരം വാഹനങ്ങൾ പുറത്തിറങ്ങുന്നത് തീർച്ചയായും നിരാശാജനകമാണ്. പ്രതിമാസം ഇന്ത്യയിൽ ഒന്നര ലക്ഷത്തോളം കാറുകൾ വിറ്റഴിക്കുന്ന കമ്പനി ഇക്കാര്യത്തിൽ ഉടൻ തന്നെ ഒരു പുരോഗതി കൈവരിക്കേണ്ടത് അത്യാവിശ്യമാണ്. ടാറ്റയുടെ എൻട്രി ലെവൽ മോഡലായ ടിയാഗോ വരെ 4-സ്റ്റാർ റേറ്റിംഗ് നേടിയുട്ടുണ്ടെന്നത് മാരുതി ഓർക്കേണ്ടതാണ്.


Click it and Unblock the Notifications