ഡിക്യൂ... ദേ ബെൻസിന്റെ ഒരു സ്പെഷ്യൽ മോഡൽ വന്നിട്ടുണ്ടേ, ഈ എസ്‌യുവി എല്ലാവർക്കും കിട്ടില്ല
പ്രത്യേകിച്ച് ഒരു ആമുഖവും വേണ്ടാത്ത ആഡംബര വാഹന നിർമാതാക്കളാണ് മെർസിഡീസ് ബെൻസ്. കുട്ടിക്കാലം മുതലേ നാം കേട്ടുപരിചയിച്ച ബ്രാൻഡ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ലക്ഷ്വറി കാർ മാനുഫാക്ച്ചേഴ്‌സാണ്. ഇന്ത്യയിലും സ്ഥിരസാന്നിധ്യമായ കമ്പനി AMG G 63 ഗ്രാൻഡ് എഡിഷൻ എന്നൊരു സ്പെഷ്യൽ എസ്‌യുവിയുമായി കടന്നുവന്നിരിക്കുയാണിപ്പോൾ.
ആഗോളതലത്തിൽ നിർമിക്കുന്ന ഗ്രാൻഡ് എഡിഷന്റെ 1,000 യൂണിറ്റുകളിൽ വെറും 25 യൂണിറ്റുകൾ മാത്രമാണ് ഇന്ത്യയിലേക്ക് എത്തുന്നത്. പക്ഷേ എല്ലാവർക്കും വണ്ടികിട്ടില്ല കേട്ടോ. അതിനും ചില നിബന്ധനകളുണ്ട്. മെർസിഡീസ് മെയ്ബാക്ക്, മെർസിഡീസ് AMG അല്ലെങ്കിൽ മെർസിഡീസ് S-ക്ലാസ് ഉടമയാണെങ്കിൽ മാത്രമേ പുതിയ AMG G 63 ഗ്രാൻഡ് എഡിഷൻ വാങ്ങാനാവൂ എന്നാണ് കമ്പനി പറയുന്നത്.

ഗോൾഡൻ ഗ്രാഫിക്‌സോടുകൂടിയ എക്‌സ്‌ക്ലൂസീവ് മാനുഫാക്തൂർ നൈറ്റ് ബ്ലാക്ക് മാഗ്നോ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങിയാണ് മെർസിഡീസ് AMG G 63 ഗ്രാൻഡ് എഡിഷൻ വിപണിയിൽ എത്തുന്നത്. അതുപോലെ തന്നെ ഗോൾഡൻ നിറത്തിൽ ഒരുങ്ങിയിരിക്കുന്ന വലിയ, 22 ഇഞ്ച്, സെന്റർ ലോക്ക് ഫോർജ്ഡ് AMG അലോയ് വീലുകളോടെയാണ് എസ്‌യുവി വിപണിയിലേക്ക് വരുന്നത്.
മുന്നിലും പിന്നിലും ബമ്പറുകളിൽ ഗോൾഡ് ഇൻലേകൾ, മുൻവശത്ത് ഒപ്റ്റിക്കൽ അണ്ടർറൈഡ് പ്രൊട്ടക്ഷൻ, സ്പെയർ വീൽ ഇൻലേയിൽ മെർസിഡീസ് സ്റ്റാർ, സ്പെയർ വീൽ റിംഗ് എന്നിവയും സ്റ്റാൻഡേർഡ് പതിപ്പിനെ അപേക്ഷിച്ച് ഗ്രാൻഡ് എഡിഷന് ലഭിക്കുന്നുണ്ട്. ഇന്റീരിയറിലും ചില പരിഷ്ക്കാരങ്ങൾ കാണാനാവും. ഇലുമിനേറ്റഡ് ബോർഡറുകളുള്ള ബ്ലാക്ക് ഡോർ സിലുകളിൽ AMG എംബ്ലത്തോടുകൂടിയ ബ്ലാക്ക്, ഗോൾഡൻ ക്യാബിനാണ് ലക്ഷ്വറി എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്നത്.

കോൺട്രാസ്റ്റ് ഗോൾഡ് സ്റ്റിച്ചിംഗിനൊപ്പം ബ്ലാക്ക് നാപ്പാ ലെതറിലാണ് സീറ്റുകൾ അപ്‌ഹോൾസ്റ്റേർ ചെയ്തിരിക്കുന്നത്. ബാക്ക്‌റെസ്റ്റുകളിൽ ഗോൾഡൻ എലമെന്റുകളും നൽകിയിരിക്കുന്നതും ശ്രദ്ധേയമാണ്. കോൺട്രാസ്റ്റ് ഗോൾഡ് സ്റ്റിച്ചിംഗിനൊപ്പം ഫ്ലോർ മാറ്റുകളും കറുപ്പിലാണ് ഒരുക്കിയിരിക്കുന്നത്. സാധാരണ AMG G 63 എസ്‌യുവിയുടെ അതേ 4.0 ലിറ്റർ ട്വിൻ-ടർബോ V8 എഞ്ചിൻ തന്നെയാണ് ഗ്രാൻഡ് എഡിഷനും തുടിപ്പേകുന്നത്.
ഇത് 585 bhp കരുത്തിൽ പരമാവധി 850 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്. വെറും 4.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ ലക്ഷ്വറി എസ്‌യുവിക്ക് സാധിക്കും. അതേസമയം 220 കിലോമീറ്റർ ആണ് മെർസിഡീസ് AMG ഗ്രാൻഡ് എഡിഷന് കൈവരിക്കാനാവുന്ന ഉയർന്ന വേഗത. മെർസിഡീസിന്റെ 4 വീൽ ഡ്രൈവ് സംവിധാനമായ 4MATIC സിസ്റ്റമാണ് സ്പോർട് യൂട്ടിലിറ്റി വാഹനത്തിലെ മറ്റൊരു ഹൈലൈറ്റ്.

മോഡലിനായുളഅള ഡെലിവറി 2024 ആദ്യപാദത്തിൽ ആരംഭിക്കുമെന്നും ബെൻസ് അറിയിച്ചിട്ടുണ്ട്. നിലവിൽ ഇലക്‌ട്രിക് കാറുകളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന കമ്പനി EQE ഇലക്‌ട്രിക് എസ്‌യുവിയെയും വിപണിയിൽ അവതരിപ്പിച്ചിരുന്നു. 1.39 കോടി രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഈ മോഡലിനെ കമ്പനി വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. 90.56 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കിൽ നിന്ന് ഒറ്റ ചാർജിൽ എസ്‌യുവിക്ക് 765 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവുമെന്നാണ് ബെൻസ് അവകാശപ്പെടുന്നത്.
ഇവിയിൽ ഓൾ-വീൽ ഡ്രൈവ് (AWD) സംവിധാനം സ്റ്റാൻഡേർഡായി ലഭിക്കുന്നുണ്ട്. ഇലക്‌ട്രിക് വാഹനങ്ങൾക്കായുള്ള മെർസിഡീസ് ബെൻസിന്റെ പുതിയ EVA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് EQE ഒരുക്കിയിരിക്കുന്നത്. 500 4MATIC എന്ന ഒരൊറ്റ വേരിയന്റിലെത്തുന്ന ആഡംബര വാഹനം 10 വർഷത്തെ ബാറ്ററി വാറണ്ടിയോടെയാണ് വരുന്നത് എന്നകാര്യവും ഏറെ ശ്രദ്ധേയമാണ്.

ഇനി ചാർജിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ 170 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജിംഗ് വേഗതയെ പിന്തുണയ്ക്കാനും വണ്ടിക്ക് കഴിയും. കാറിന്റെ വിലയിൽ 11kW വാൾബോക്‌സ് ചാർജറാണ് ഉൾപ്പെടുന്നത്. എന്നാൽ ഒരു മണിക്കൂറിനുള്ളിൽ ഫുൾ ചാർജാവാൻ സഹായിക്കുന്ന 170kW DC ഫാസ്റ്റ് ചാർജറും മെർസിഡീസ് ബെൻസിന്റെ പുതിയ EQE ഇലക്ട്രിക് എസ്‌യുവിക്കൊപ്പം ഓപ്ഷണലായി വാഗ്‌ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








