സിനിമാക്കാരേ.... ബെൻസിന്റെ പുത്തൻ എസ്‌യുവി വിപണിയിൽ, കോടികൾ മുടക്കിയാൽ കിട്ടുന്നത് GLE പ്രതാപം
ആഡംബര കാർ എന്നാൽ മലയാളികൾക്ക് ബെൻസ് ആയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇടക്കാലത്ത് ബിഎംഡബ്ല്യുവും ഔഡിയും ജാഗ്വറുമൊക്കെ ട്രെൻഡായെങ്കിലും ഇന്നും പലർക്കും ലക്ഷ്വറി കാർ മെർസിഡീസ് ബെൻസായാലേ തൃപ്‌തിയുള്ളൂ. പഴയ പ്രതാപത്തിന് മങ്ങലേൽപ്പിക്കാതെ ജർമൻ ബ്രാൻഡ് ഇന്ത്യയിൽ കത്തിജ്വലിച്ച് നിൽക്കുകയാണ് ഇപ്പോഴും.
കൃത്യമായ ഇടവേളകളിൽ പുത്തൻ വാഹനങ്ങൾ ഇറക്കുന്നതാണ് മെർസിഡീസിന്റെ തന്ത്രം. പഴയതായെന്ന് തോന്നിയാൽ വണ്ടിയെ പരിഷ്ക്കരിച്ച് പുറത്തിറക്കാനും യാതൊരു മടിയുമില്ല. ഇപ്പോഴിതാ മെർസിഡീസ് ബെൻസ് 96.4 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ GLE ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയെ അവതരിപ്പിച്ചിരിക്കുകയാണ്. അതേസമയം ടോപ്പ് എൻഡ് വേരിയന്റിന് 1.15 കോടി രൂപയും ചെലവഴിക്കേണ്ടി വരുവേ.

രണ്ട് ഡീസൽ എഞ്ചിനുകളിലും ഒരു പെട്രോൾ എഞ്ചിനിലും വാഹനം വീട്ടിലെത്തിക്കാനാവും. കൂടാതെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി എല്ലാ മോഡലുകളിലും 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റം സ്റ്റാൻഡേർഡായി കമ്പനി ഉപയോഗിച്ചിട്ടുമുണ്ട്. 2023 സാമ്പത്തിക വർഷത്തിൽ ജർമ്മൻ ബ്രാൻഡിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായിരുന്നു GLE എസ്‌യുവി എന്നതും ശ്രദ്ധേയമാണ്.
ആയതിനാൽ കൃത്യസമയത്താണ് നവീകരിക്കാൻ കമ്പനി മിടുക്ക് കാണിച്ചത്. 2.0 ലിറ്റർ ഡീസൽ പ്രൊഫഷണൽ ലൈൻ, 3.0 ലിറ്റർ ഡീസൽ എഎംജി ലൈൻ, 3.0 ലിറ്റർ പെട്രോൾ എഎംജി ലൈൻ എന്നീ മൂന്ന് വകഭേദങ്ങളിൽ ഫെയ്‌സ്‌ലിഫ്റ്റഡ് GLE LWB ലഭ്യമാണ്. GLE 300d 4MATIC, GLE 450 4MATIC എന്നിവയുടെ ഡെലിവറി ഉടൻ തന്നെ ആരംഭിക്കുമെങ്കിലും വിലകൂടിയ GLE 450d പതിപ്പിന്റെ ഡെലിവറികൾ 2024 ജനുവരിയിൽ മാത്രമേ ആരംഭിക്കുകയുള്ളൂവെന്ന് ജർമൻ ബ്രാൻഡ് അറിയിച്ചു.

ഇനി മുൻഗാമിയിൽ നിന്നും എന്ത് മാറ്റമാണ് പുതിയ GLE ഫെയ്‌സ്‌ലിഫ്റ്റിലേക്ക് മെർസിഡീസ് കൊണ്ടുവന്നത് എന്നുനോക്കിയാൽ മുൻവശത്ത് പുതുക്കിയ സിംഗിൾ-സ്ലാറ്റ് ഗ്രില്ലും എൽഇഡി ഹെഡ് ലൈറ്റുകളുമാണ് ഇടംപിടിച്ചിരിക്കുന്നത്. ഇതോടൊപ്പം ഫ്രണ്ട് ബമ്പറും പുതുക്കിയ ടെയിൽ ലൈറ്റുകളും പിൻ ബമ്പറും ചെറുതായൊന്ന് മിനുക്കാൻ കമ്പനിക്കായിട്ടുണ്ട്. ഇത്തരം ലളിതമായ നവീകരണങ്ങളാണ് മുഖംമിനുക്കിയെത്തുന്ന ലക്ഷ്വറി എസ്‌യുവിക്ക് കമ്പനി സമ്മാനിച്ചിരിക്കുന്നത്.
പക്ഷേ അകത്തളത്ത് കാര്യങ്ങൾ കുറച്ചുകൂടി അടിപൊളിയാണ്. ഹാപ്‌റ്റിക് ഫീഡ്‌ബാക്ക് ബട്ടണുകളുള്ള മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ പോലെ S-ക്ലാസിൽ നിന്ന് കടമെടുത്ത ഘടകങ്ങൾ ഉൾപ്പെടുന്ന ഇന്റീരിയർ ആഡംബര പൂർണമായ യാത്രയാണ് സമ്മാനിക്കുന്നത്. എസി വെന്റുകൾക്ക് ക്രോം സറൗണ്ട് ലഭിക്കുന്നു കൂടാതെ വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റും 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും പ്രീമിയം ടച്ച് നൽകുന്നുണ്ട്.

13-സ്പീക്കർ ബർമെസ്റ്റർ സറൗണ്ട് സൗണ്ട് സിസ്റ്റം, വയർലെസ് ചാർജിംഗ്, യുഎസ്ബി ടൈപ്പ് സി പോർട്ടുകൾ, 360-ഡിഗ്രി ക്യാമറ, മെർസിഡീസിന്റെ 'ട്രാൻസ്‌പരന്റ് ബോണറ്റ്' ഫംഗ്‌ഷൻ എന്നിവയാണ് പ്രത്യേക പരാമർശം അർഹിക്കുന്ന ചില കംഫർട്ട് ഫീച്ചറുകൾ. ടോപ്പ് സ്‌പെക്ക് GLE 450, 450d എന്നിവയ്ക്ക് എയർ സസ്‌പെൻഷൻ ലഭിക്കുന്നുണ്ടെന്നും മെർസിഡീസ് ബെൻസ് പറയുന്നു.
GLE LWB ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിക്കൊപ്പം ലഭ്യമായ എല്ലാ എഞ്ചിൻ ഓപ്ഷനുകളും 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. അത് ജർമൻ ബ്രാൻഡിന്റെ 4MATIC ഓൾ-വീൽ-ഡ്രൈവ് സിസ്റ്റം വഴി നാല് വീലുകളിലേക്കും പവർ അയയ്ക്കുന്നു. മൂന്ന് എഞ്ചിനുകൾക്കും മൈൽഡ്-ഹൈബ്രിഡ് 48V ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ-ജനറേറ്റർ (ISG) ഉണ്ട്. അവയുടെ പീക്ക് ഔട്ട്‌പുട്ടുകളിൽ 20 bhp, 200 Nm torque എന്നിവ അധികമായി നൽകാൻ ഇവ സഹായിക്കുന്ന കാര്യമാണ്.

GLE 300d വേരിയന്റിന് 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 269 bhp പവറിൽ പരമാവധി 550 Nm torque ഉത്പാദിപ്പിക്കുന്ന നാല് സിലിണ്ടർ യൂണിറ്റാണ്. കൂടാതെ 6.9 സെക്കൻഡിനുള്ളിൽ ഈ എസ്‌യുവിക്ക് 100 കിലോമീറ്റർ വേഗത മറികടക്കാനും സാധിക്കും. അതേസമയം GLE 450d പതിപ്പുകൾ 367 bhp കരുത്തിൽ 750 Nm torque ഉത്പാദിപ്പിക്കുന്ന ആറ് സിലിണ്ടർ ഡീസൽ എഞ്ചിൻ ഉപയോഗിക്കുന്നത്.
ഈ മോഡലുകൾ 5.6 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ GLE ഫെയ്‌സ്‌ലിഫ്റ്റിനെ സഹായിക്കുന്നുണ്ട്. ആറ് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനുള്ള GLE 450 വേരിയന്റുകൾക്ക് 381 bhp പവറിൽ 500 Nm torque വരെയാണ് നൽകുന്നത്. ഇതിനും 5.6 സെക്കൻഡാണ് നൂറ് കിലോമീറ്റർ വേഗം മറികടക്കാനായി വേണ്ടി വരുന്ന സമയം. ഇന്ത്യയിൽ ബിഎംഡബ്ല്യു X5, ഔഡി Q7, റേഞ്ച് റോവർ വെലാർ തുടങ്ങിയ ലക്ഷ്വറി എസ്‌യുവികളുമായാണ് ബെൻസിന്റെ മത്സരം.


Click it and Unblock the Notifications








