നയൻതാര നേരത്തെ കാർ വാങ്ങിയത് നന്നായി, അല്ലെങ്കിൽ ലക്ഷങ്ങൾ പോയാനേ... പോക്കറ്റ് കീറുന്ന പ്രഖ്യാപനവുമായി ബെൻസ്
ആഡംബര കാറുകളെന്നാൽ ഇന്ത്യക്കാർക്ക് ബെൻസാണ്. ഈ പേര് നാം ചെറുപ്പം മുതലേ കേൾക്കാൻ തുടങ്ങിയ ഒന്നായതിനാൽ പരിചയക്കുറവുപോലും ഉണ്ടാവില്ല. ഇതുവരെ ഈ ജർമൻ കാറിൽ കയറാൻ പോലും സാധിച്ചിട്ടില്ലെങ്കിലും പലരുടേയും സ്വപ്‌നങ്ങളിൽ ഒന്നായിരിക്കാം മെർസിഡീസ് മോഡലുകൾ. അടുത്തിടെ നമ്മുടെ സ്വന്തം നയൻതാര വരെ കമ്പനിയുടെ അത്യാഡംബര എസ്‌യുവി സ്വന്തമാക്കിയിരുന്നു.
ഇതിനു പിന്നാലെയിതാ പുതുവർഷം മുതൽ മോഡൽ നിരയിൽ വില വർധനവും പ്രഖ്യാപിച്ചിരിക്കുകയാണ് മെർസഡീസ് ബെൻസ്. 2024 ജനുവരി 1 മുതൽ തങ്ങളുടെ ചില ആഡംബര കാർ മോഡലുകളുടെ വില രണ്ട് ശതമാനം വരെ വർധിപ്പിക്കുമെന്നാണ് ജർമൻ ആഡംബര വാഹന നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. വില വർധന നേരിടാൻ പോവുന്ന മോഡലുകളുടെ പൂർണമായ ലിസ്റ്റ് മെർസിഡീസ് നൽകിയിട്ടില്ലെങ്കിലും GLS എസ്‌യുവിക്ക് 2.6 ലക്ഷം രൂപ മുതൽ വില കൂട്ടിയേക്കും.

അതേസമയം ഏറ്റവും ഉയർന്ന മോഡലായ ഇറക്കുമതി ചെയ്യുന്ന മെർസിഡീസ് ബെൻസ് മെയ്ബാക്ക് S680 സെഡാന്. 3.40 ലക്ഷം രൂപ വരെയാണ് വർധനവ് കൊണ്ടുവരാൻ പോവുന്നതെന്നും നിർമാതാവ് സൂചിപ്പിക്കുന്നു. ബെൻസിന് പുറമെ രാജ്യത്തെ നിരവധി കാർ നിർമാതാക്കളും ബഹുജന വിപണിയിലും ആഡംബര വിപണിയിലും പുതുവർഷം മുതൽ വില പരിഷ്ക്കാരം നടപ്പിലാക്കുമെന്ന് ഇതിനോടകം അറിയിച്ചിട്ടുണ്ട്.
മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോർസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സിട്രൺ, വോൾവോ, ഔഡി പോലുള്ളവരെല്ലാമാണ് പുതുവർഷം മുതൽ വില കൂട്ടുന്ന ബ്രാൻഡുകൾ. ഇൻപുട്ട് ചെലവുകൾ, ചരക്ക് ചെലവുകൾ, ലോജിസ്റ്റിക് ചെലവുകൾ എന്നിവയിലെ വർധനവിനൊപ്പം പണപ്പെരുപ്പവും വാഹന വിലയിലെ ഈ മാറ്റത്തിന് കാരണമായിട്ടുണ്ട്. "ഈ ഘടകങ്ങളുടെ സംയോജനമാണ് മെർസിഡീസ് ബെൻസ് ഇന്ത്യയെ അതിന്റെ തിരഞ്ഞെടുത്ത മോഡലുകളുടെ എക്‌സ്ഷോറൂം വില ഉയർത്താൻ പ്രേരിപ്പിച്ചതെന്ന് കമ്പനി പത്രപ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

പഴയ പ്രതാപത്തിന് മങ്ങലേൽപ്പിക്കാതെ ജർമൻ ബ്രാൻഡ് ഇന്ത്യയിൽ കത്തിജ്വലിച്ച് നിൽക്കുകയാണ് ഇപ്പോഴും. അടിക്കടി പുത്തൻ കാറുകളുമായെത്തി നമ്മെ വിസ്‌മയിപ്പിക്കുന്നതിലും ബ്രാൻഡിന് മടിയൊന്നുമില്ല. ഇക്കൊല്ലത്തെ അവസാന ലോഞ്ചായി GLE എസ്‌യുവിയുടെ പുത്തൻ പതിപ്പും AMG C 43 സെഡാന്‍ മോഡലും അരങ്ങേറിയിരുന്നു. 98 ലക്ഷം രൂപയ്ക്കാണ് മെര്‍സിഡീസ് ബെന്‍സ് ഇന്ത്യ പുതിയ C 43 4MATIC പുറത്തിറക്കിയിരിക്കുന്നത്.
അതേസമയം 96.4 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് GLE ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയെ അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ടോപ്പ് എൻഡ് വേരിയന്റിന് 1.15 കോടി രൂപയും ഇന്ത്യയിൽ നൽകേണ്ടി വരും. 2023 സാമ്പത്തിക വർഷത്തിൽ ജർമ്മൻ ബ്രാൻഡിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായിരുന്നു GLE എസ്‌യുവി. GLE 300d 4MATIC, GLE 450 4MATIC, GLE 450d എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് ആഡംബര വാഹനം രാജ്യത്ത് എത്തിയിരിക്കുന്നത്.

ഇതിലെ പെട്രോൾ പതിപ്പുകളുടെ ഡെലിവറി ആരംഭിച്ചിട്ടുണ്ടെങ്കിലും GLE 450d പതിപ്പിന്റെ ഡെലിവറികൾ 2024 ജനുവരിയിൽ മാത്രമേ ആരംഭിക്കൂ. GLE 300d വേരിയന്റിന് 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 269 bhp പവറിൽ പരമാവധി 550 Nm torque ഉത്പാദിപ്പിക്കുന്ന നാല് സിലിണ്ടർ യൂണിറ്റാണ്. അതേസമയം GLE 450d മോഡലുകൾ 367 bhp കരുത്തിൽ 750 Nm torque ഉത്പാദിപ്പിക്കുന്ന ആറ് സിലിണ്ടർ ഡീസൽ എഞ്ചിൻ ഉപയോഗിക്കുന്നത്.
ആറ് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനുള്ള GLE 450 വേരിയന്റുകൾക്ക് 381 bhp പവറിൽ 500 Nm torque വരെയാണ് നൽകുന്നത്. എല്ലാ എഞ്ചിൻ ഓപ്ഷനുകളും 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. മൂന്ന് എഞ്ചിനുകൾക്കും മൈൽഡ്-ഹൈബ്രിഡ് 48V ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ-ജനറേറ്റർ (ISG) ഉണ്ട്. അവയുടെ പീക്ക് ഔട്ട്‌പുട്ടുകളിൽ 20 bhp, 200 Nm torque എന്നിവ അധികമായി നൽകാൻ ഇവ സഹായിക്കുന്ന കാര്യമാണ്.

പുതിയ C43 AMG 4MATIC പെര്‍ഫേമാന്‍സ് സെഡാന്റെ വിശേഷങ്ങളിലേക്ക് നോക്കിയാൽ ഇലക്ട്രിക് ടര്‍ബോചാര്‍ജറുള്ള പുതിയ 2.0 ലിറ്റര്‍, 4 സിലിണ്ടർ എഞ്ചിനാണ് ഇതിന്റെ ഹൃദയം. 408 bhp കരുത്തിൽ ഏകദേശം 500 Nm torque ഉത്പാദിപ്പിക്കുന്ന എഞ്ചിൻ 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് വരുന്നത്. ഒപ്പം 'റേസ് സ്റ്റാര്‍ട്ട്' പ്രവര്‍ത്തനക്ഷമതയോടെ 4MATIC ഡ്രൈവ് സിസ്റ്റവും വണ്ടിയിലുണ്ട്. 48V മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റത്തില്‍ നിന്ന് 14 bhp അഡീഷനല്‍ പവര്‍ ലഭിക്കും.


Click it and Unblock the Notifications








