പുലിക്കുട്ടികൾ വീണ്ടും വരുന്നു! ജി-വാഗൺ, GLS 600 മെയ്ബാക്ക് മോഡലുകൾക്കായുള്ള ബുക്കിംഗ് പുനാരംഭിച്ച് ബെൻസ്
ആഡംബര കാറുകളുടെ അവസാന വാക്കാണ് പലർക്കും മെർസിഡീസ് ബെൻസ്. പണ്ടു മുതലേ കേട്ടുംകണ്ടും പരിചയമുള്ള ഈ ബ്രാൻഡിനും അവരുടെ വണ്ടികൾക്കും പ്രത്യേക ആമുഖമൊന്നും ആവശ്യമില്ല. ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച ആദ്യത്തെ ആഡംബര വാഹന ബ്രാൻഡാണ് ബെൻസ് എന്നതും ചരിത്രം. 1994-ലാണ് കമ്പനി നമ്മുടെ രാജ്യത്ത് എത്തുന്നത്.
എന്തിനേറെ പറയുന്നു മെർസിഡീസ് ബെന്‍സ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒ വരെ ഒരു മലയാളിയാണ്. തങ്ങളുടെ നിരയിലെ മുന്തിയ ഇനം മോഡലുകള്‍ക്ക് എപ്പോഴും ആവശ്യക്കാരുണ്ടെന്ന് തെളിയിച്ച ജർമൻ വാഹന നിർമാതാക്കളിതാ പുതിയ G63 AMG, GLS 600 മെയ്ബാക്ക് ആഡംബര എസ്‌യുവികൾക്കുള്ള ബുക്കിംഗ് വീണ്ടും തുറന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ്. പുതിയ ഉപഭോക്താക്കൾക്ക് ഓഫർ ചെയ്യുന്നതിനുമുമ്പ് ബുക്കിംഗ് നിലവിലുള്ള മെർസിഡീസ് ബെൻസ് ഉപഭോക്താക്കൾക്കായി മാറ്റിവെച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഈ രണ്ട് മോഡലുകൾക്കും 'മുൻഗണനാ വിഹിതം' ലഭിച്ചതായി കമ്പനി അറിയിച്ചു. 2022-ൽ ആഗോളതലത്തിൽ മെർസിഡീസ് ബെൻസിന്റെ ഏറ്റവും വേഗത്തിൽ വളരുന്ന വിപണിയായി ഇന്ത്യ മാറിയെന്നും കമ്പനി ഈ വേളയിൽ വ്യക്തമാക്കുകയുണ്ടായി. കഴിഞ്ഞ വർഷം ഇന്ത്യയിൽ മുഴുവനായി 41 ശതമാനത്തിന്റെ വർധനവാണ് കമ്പനി രേഖപ്പെടുത്തിയത്. അതേസമയം കേരളത്തില്‍ 59 ശതമാനം വളര്‍ച്ചയും കൈയെത്തി പിടിക്കാൻ ബ്രാൻഡിനായിട്ടുണ്ട്.
പുതിയ മെർസിഡീസ് ബെൻസ് G63 AMG എസ്‌യുവിയുടെ ബുക്കിംഗ് കാലയളവ് 24-36 മാസത്തിൽ നിന്ന് 12-16 മാസമായി കുറയ്ക്കാൻ ഇത്തവണ ലക്ഷ്വറി വാഹന നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ട്. അതേസമയം GLS മെയ്ബാക്ക് 600 മോഡലിന്റെ കാത്തിരിപ്പ് കാലാവധി ഇപ്പോൾ സിംഗിൾ ടോൺ കളർ ഓപ്ഷൻ മോഡലിന് 8 മാസമായും ഡ്യുവൽ-ടോൺ പതിപ്പിന് 8-10 മാസമായും കുറച്ചിരിക്കുന്നുവെന്നും ബെൻസ് വ്യക്തമാക്കി.

G63 AMG, GLS മെയ്ബാക്ക് എന്നിവ നമ്മുടെ ആഭ്യന്തര വിപണിയിൽ കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായാണ് (CBU) വിൽപ്പനയ്ക്ക് എത്തുന്നത്. 585 bhp കരുത്തിൽ 850 Nm torque ഉത്പാദിപ്പിക്കുന്ന ട്വിൻ-ടർബോ 4.0 ലിറ്റർ V8 എഞ്ചിനാണ് G63 AMG പതിപ്പിന് തുടിപ്പേകുന്നത്. 4-മാറ്റിക് 4WD സിസ്റ്റം വഴി നാല് വീലുകളിലേക്കും പവർ അയക്കുന്ന ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.
ഈ എഞ്ചിൻ ഉപയോഗിച്ച് 4.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ G63 AMG മോഡലിനാവും. ഇന്ത്യയിൽ 2.50 കോടി രൂപയാണ് എസ്‌യുവിക്ക് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. അതേസമയം മറുവശത്ത് 549 bhp പവറിൽ 730 Nm torque ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റർ ട്വിൻ ടർബോ V8 പെട്രോൾ എഞ്ചിനാണ് GLS മെയ്ബാക്കിന് കരുത്തേകുന്നത്. എഞ്ചിൻ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കുന്നു.

GLS എസ്‌യുവിയിലും മെർസിഡീസ് ബെൻസ് 4-മാറ്റിക് AWD സിസ്റ്റം കോർത്തിണക്കിയിട്ടുണ്ട്. 2.92 കോടി രൂപയാണ് ഈ ലക്ഷ്വറി സ്പോർട്ട് യൂട്ടിലിറ്റി വാഹനത്തിനായി രാജ്യത്ത് മുടക്കേണ്ടി വരുന്ന വില. വലിയ പനോരമിക് മൂണ്‍റൂഫ്, 12.3 ഇഞ്ച് MBUX ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബര്‍മെസ്റ്റര്‍ സറൗണ്ട് സൗണ്ട് സിസ്റ്റം, 64 നിറങ്ങളുള്ള എല്‍ഇഡി ഒപ്റ്റിക്കല്‍ ഫൈബര്‍ ആംബിയന്റ് ലൈറ്റിംഗ്, വെന്റിലേഷന്‍, മസാജ് ഫംഗ്ഷനുകളുള്ള ഫുള്‍ റീക്ലൈനിംഗ് ലെതര്‍ സീറ്റുകൾ തുടങ്ങിയ ആഡംബര ഫീച്ചറുകളുമായാണ് മോഡൽ വിപണിയിൽ എത്തുന്നത്.
GLS 600 ഇ-ആക്ടീവ് ബോഡി കണ്‍ട്രോള്‍ സസ്‌പെന്‍ഷന്‍ സിസ്റ്റമാണ് വാഹനം ഉപയോഗിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമായ കാര്യമാണ്. ഇന്ത്യയിൽ ബിഎംഡബ്ല്യു X7, ബെന്റ്ലി ബെന്റയ‌്‌ഗ, ഔഡി Q8, വോൾവോ XC90, പോർഷ കയീൻ എന്നിവയുമായാവും മെയ്ബാക്കിന്റെ പ്രധാന മത്സരം. ഈ വർഷം ഇന്ത്യയിൽ 10 പുതിയ മോഡലുകൾ അവതരിപ്പിക്കുമെന്ന് മെർസിഡീസ് ബെൻസ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നവീകരിച്ച G-ക്ലാസ്, പുതുതലമുറ AMG SL, EQS എസ്‌യുവി എന്നിവ ഇതിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്.


Click it and Unblock the Notifications








