ഏത് ലോങ് ട്രിപ്പും പിടിക്കാം, 765 കിലോമീറ്റർ റേഞ്ചുമായി ഒരു ഇലക്‌ട്രിക് എസ്‌യുവി ഇന്ത്യയിലെത്തി
ലക്ഷ്വറി കാർ എന്ന് കേൾക്കുമ്പോഴെ മനസിലേക്ക് ഓടിയെത്തുന്ന പേരാണ് മെർസിഡീസ് ബെൻസിന്റേത്. ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് മലയാളികൾക്ക് ആഡംബര വാഹനമെന്നാൽ ഈ ജർമൻ ബ്രാൻഡ് തന്നെയാണ്. പണ്ടൊക്കെ ബെൻസ് എന്നുകേൾക്കുമ്പോഴെ നാട്ടിലെ പ്രമാണിമാരെയാവും ഓർമവരിക. ഇന്ന് വൈദ്യുത വാഹന രംഗത്തും വലിയ വിപ്ലവം സൃഷ്‌ടിച്ചുകൊണ്ടു മുന്നേറുകയാണ് മെർസിഡീസ്.
ഇന്ത്യയിൽ ആദ്യത്തെ ലക്ഷ്വറി ഇലക്ട്രിക് കാർ ഇറക്കിയ ബഹുമതിയും ബെൻസിനുള്ളതാണ്. ഇപ്പോഴിതാ ഇവി വിഭാഗത്തെ അടക്കി ഭരിക്കാനായി ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ് ഇന്ത്യൻ വിപണിയിൽ ഏറ്റവും പുതിയ EQE ഇലക്‌ട്രിക് എസ്‌യുവിയെ കൊണ്ടുവന്നിരിക്കുകയാണ്. 1.39 കോടി രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഈ മോഡലിനെ കമ്പനി വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

ഇലക്‌ട്രിക് വാഹനങ്ങൾക്കായുള്ള മെർസിഡീസ് ബെൻസിന്റെ പുതിയ EVA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് EQE ഒരുക്കിയിരിക്കുന്നത്. 500 4MATIC എന്ന ഒരൊറ്റ വേരിയന്റിലെത്തുന്ന ആഡംബര വാഹനം 10 വർഷത്തെ ബാറ്ററി വാറണ്ടിയോടെയാണ് വരുന്നത് എന്നകാര്യവും ഏറെ ശ്രദ്ധേയമാണ്. 402 bhp കരുത്തിൽ പരമാവധി 858 Nm torque വരെ വികസിപ്പിക്കുന്ന കാറിൽ രണ്ട് മോട്ടോറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. അതിൽ ഒന്ന് ഫ്രണ്ട് ആക്സിലിലും മറ്റൊന്ന് റിയർ ആക്സിലിലുമാണ് ഘടിപ്പിച്ചിരിക്കുന്നത്.
0-100 കിലോമീറ്റർ വേഗത വെറും 4.9 സെക്കൻഡിനുള്ളിൽ കെവരിക്കാൻ മെർസിഡീസ് ബെൻസ് EQE ഇലക്‌ട്രിക്കിനാവും. അതേസമയം പരമാവധി വേഗത 210 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. 90.56 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കിൽ നിന്ന് ഒറ്റ ചാർജിൽ എസ്‌യുവിക്ക് 765 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇവിയിൽ ഓൾ-വീൽ ഡ്രൈവ് (AWD) സംവിധാനം സ്റ്റാൻഡേർഡായി ലഭിക്കുന്നുണ്ട്.

കൂടാതെ 170 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജിംഗ് വേഗതയെ പിന്തുണയ്ക്കാനും വണ്ടിക്ക് കഴിയും. കാറിന്റെ വിലയിൽ 11kW വാൾബോക്‌സ് ചാർജറാണ് ഉൾപ്പെടുന്നത്. എന്നാൽ ഒരു മണിക്കൂറിനുള്ളിൽ ഫുൾ ചാർജാവാൻ സഹായിക്കുന്ന 170kW DC ഫാസ്റ്റ് ചാർജറും മെർസിഡീസ് ബെൻസിന്റെ പുതിയ ഇലക്ട്രിക് കാറിനൊപ്പം ഓപ്ഷണലായി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇതിനായി അധിക പണം മുടക്കേണ്ടി വരുമെന്നാണ് ബ്രാൻഡ് പറയുന്നത്. ഇനി ഡിസൈനിലേക്ക് നോക്കിയാൽ ജർമൻ കാറുകളുടെ അതേ രൂപഭംഗിയിലാണ് ഇവിയെ പണിതെടുത്തിരിക്കുന്നത്.
ICE മോഡലിൽ നിന്ന് വ്യത്യസ്തമായി EQE എസ്‌യുവി ലോവർ സെറ്റ് റൂഫ്‌ലൈൻ, ഫ്ലേഡ് വീൽ ആർച്ചുകൾ, ഡയമണ്ട് കട്ട് അലോയ് വീലുകൾ, ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ എന്നിവയ്‌ക്കൊപ്പം കൂടുതൽ ക്രോസ്ഓവർ പോലെയുള്ള ഡിസൈനാണ് മെർസിഡീസ് സമ്മാനിച്ചിരിക്കുന്നത്. അങ്ങനെ കാഴ്ച്ചയിൽ ആഡംബരത്തം നിറഞ്ഞുതുളുമ്പി നിൽക്കുകയാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലാക്കാം. ഇനി അകത്തേക്ക് കയറിയാലും സംഭവം ലക്ഷ്വറി ഫീൽ തന്നെയാണ് നൽകുന്നത്.

56 ഇഞ്ച് വലിപ്പമുള്ള MBUX ഹൈപ്പർസ്ക്രീനാണ് ഇന്റീരിയറിലെ ഹൈലൈറ്റ്. ഇത് മൂന്ന് സ്ക്രീനായാണ് വിഭജിച്ചിരിക്കുന്നത്. നടുക്കത്തേത് ഒരു ഇൻഫോടെയ്ൻമെന്റ് യൂണിറ്റായി പ്രവർത്തിക്കുമ്പോൾ വലത് ഭാഗം ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററായും ഇടത് ഭാഗത്ത് ഫ്രണ്ട് പാസഞ്ചർക്കുള്ള ഡിസ്‌പ്ലേയുമാണ് ഒരുക്കിയിരിക്കുന്നത്. സ്റ്റിയറിംഗ് വീലിൽ ഹാപ്റ്റിക് കൺട്രോൾ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, ലെതറെറ്റ് അപ്‌ഹോൾസ്റ്ററി, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ, ഒമ്പത് എയർബാഗുകൾ, എബിഎസ്, ഇബിഡി, ട്രാക്ഷൻ കൺട്രോൾ എന്നിവയും എസ്‌യുവിയുടെ പ്രധാന ഫീച്ചറുകളാണ്.
EQE ഇലക്‌ട്രിക് എസ്‌യുവിയുടെ മറ്റൊരു ഹൈലൈറ്റ് ഫീച്ചറാണ് ലെവൽ-2 ADAS. ആക്റ്റീവ് ലെയ്ൻ കീപ്പ് അസിസ്റ്റ്, ആക്റ്റീവ് ബ്രേക്ക് അസിസ്റ്റ്, ആക്റ്റീവ് സ്റ്റിയറിംഗ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, എമർജൻസി സ്റ്റോപ്പ് അസിസ്റ്റ് എന്നിവയെല്ലാമാണ് മെർസിഡീസ് ബെൻസ് പുതിയ ഇവിയിൽ കോർത്തിണക്കിയിട്ടുള്ള അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റത്തിലെ പ്രധാന ഫീച്ചറുകൾ.

വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാൽ പുതിയ EQE എസ്‌യുവിക്ക് 4,863 mm നീളവും 1,685 mm ഉയരവും 3,030 mm വീൽബേസുമാണുള്ളത്. ആഡംബര ഇലക്ട്രിക് കാറിന്റെ അലോയ് വീലുകൾക്ക് 20 ഇഞ്ച് വലിപ്പമാണുള്ളത്. കൂടാതെ റൈഡ് ഹൈറ്റ് 25 mm വർധിപ്പിക്കാൻ കഴിയുന്ന എയർ സസ്പെൻഷനും ലഭിക്കുന്നു. ഇന്ത്യയിൽ സ്റ്റാൻഡേർഡായി ഓഫ്-റോഡ് പാക്കേജും ഇതിന് ലഭിക്കുന്നു. ദൃശ്യപരമായി, മികച്ച എയറോഡൈനാമിക്സിനായി സീൽഡ് ഓഫ് ബ്ലാക്ക്ഡ്-ഔട്ട് ഗ്രില്ലും എയറോഡൈനാമിക് വീലുകളും സഹായിക്കുന്നുണ്ട്.
ഔഡി Q8 ഇ-ട്രോൺ, ബിഎംഡബ്ല്യു iX, ജാഗ്വർ ഐ-പേസ് എന്നിവയുമായാണ് മെർസിഡീസ് ബെൻസ് EQE ഇലക്‌ട്രിക് എസ്‌യുവി ഇന്ത്യയിൽ മാറ്റുരയ്ക്കുന്നത്. കൂടാതെ വോൾവോ, മസെരാട്ടി എന്നിവയിൽ നിന്നുള്ള ഭാവി മോഡലുകളിൽ നിന്നും വാഹനത്തിന് മത്സരം നേരിടേണ്ടി വരും. 2020-ൽ ഇന്ത്യയിൽ ആദ്യ ഇവി അവതരിപ്പിച്ചതിനു ശേഷം ജർമൻ ലക്ഷ്വറി ബ്രാൻഡ് രാജ്യത്ത് പുറത്തിറക്കുന്ന നാലാമത്തെ ഇലക്ട്രിക് വാഹനമാണ് EQE.


Click it and Unblock the Notifications








