MG Comet EV ഒരുപാടുണ്ടാവും പല വിധത്തിൽ പല സൈസിൽ വേരിയന്റുകൾ
എംജി കോമെറ്റിന്റെ (MG Comet) വരവിനേയും കാത്ത് പലരുമിരിക്കുകയാണ്. ചെറിയ വലിപ്പം, ഇലക്‌ട്രിക് കാർ, എംജി ബ്രാൻഡിംഗ്, കിടിലൻ ഡിസൈൻ, മനോഹരമായ ഇന്റീരിയർ, ആധുനിക ഫീച്ചറുകൾ എന്നിങ്ങനെ ധാരാളം പ്രത്യേകതകളാണ് ഈ മൈക്രോ ഇവിക്കുള്ളത് എന്നതു തന്നെയാണ് കാത്തിരിപ്പിന്റെ സുഖം വർധിപ്പിക്കുന്നത്.
ഏപ്രിൽ 26-ന് വിപണിയിൽ അവതരിപ്പിക്കാനിരിക്കുന്ന എംജി കോമെറ്റിന്റെ വിലയിലേക്കാണ് ഏവരുടേയും നോട്ടം. കുഞ്ഞനാണെങ്കിലും ആളിച്ചിരി മുറ്റാണെന്ന വർത്തമാനം എയറിലുണ്ട്. അതിന്റെ കാരണം വിദേശ വിപണികളിൽ വൂലിങ് എയർ ഇവിയുടെ പുനർനിർമിത പതിപ്പാണിത് എന്നതു തന്നെയാണ്. അവിടെ സംഭവം വൻഹിറ്റാണ്. എന്നാൽ ഇത്തരമൊരു കാർ ഇവിടെ ഓളമുണ്ടാക്കുമോയെന്നാണ് വിമർശകരുടെ ചോദ്യം. എന്തായാലും പ്രതിമാസം 10,000 യൂണിറ്റ് വിൽപ്പനയൊന്നും നടത്താൻ എംജി ഉദ്ദേശിക്കുന്നില്ലെന്ന് ആദ്യമേ പറയാമല്ലോ.

തിരക്കേറി വരുന്ന ഡൽഹി, ബെംഗളൂരു, ഹൈദരാബാദ് പോലുള്ള വലിയ നഗരങ്ങളിലാണ് ഇവന്റെ ഉപയോഗം കാര്യക്ഷമമാവുന്നതെങ്കിലും കൊച്ചി, തിരുവന്തപുരം, കോഴിക്കോട് പോലുള്ള നമ്മുടെ നഗരങ്ങളിലും ഇവന് ശോഭിക്കാനാലും. നഗരങ്ങളിൽ മാത്രമല്ല, കേരളത്തിലെ ഏത് ഗ്രാമ പ്രദേശങ്ങളിലും ഇവൻ അനുയോജ്യൻ തന്നെയാണ്. ചെറിയ നഗര യാത്രകളെ ലക്ഷ്യമിട്ടാണ് വണ്ടിയെ പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും റേഞ്ചിന്റെ കാര്യത്തിലൊന്നും എംജി കോമെറ്റ് പിശുക്കൊന്നും കാണിക്കില്ല.
ഒരൊറ്റ വേരിയന്റിലൊന്നും കോമെറ്റ് ഇവിയെ എംജി അവതരിപ്പിക്കില്ല എന്നതാണ് ഏറ്റവും പുതിയ വാർത്ത. അതായത് ആളുകളെ പിടിക്കാനായി ഒരുപാടുണ്ടാവും പല വിധത്തിൽ പല സൈസിൽ വേരിയന്റുകൾ. ഇത് എന്തായാലും ഏറെ സ്വാകാര്യമായ നീക്കം തന്നെയാണ്. മുൻ റിപ്പോർട്ടുകൾക്ക് വിരുദ്ധമായി കോമെറ്റ് ഇലക്ട്രിക് വാഹനം വിശാലമായ വില ബ്രാക്കറ്റിന് അനുസൃതമായി ഒന്നിലധികം വേരിയന്റുകളിൽ വാഗ്ദാനം ചെയ്യും. അതേ വിലയുടെ അടിസ്ഥാനത്തിൽ ഉപഭോക്താക്കളെ കൈയിലെടുക്കാനാണ് ശ്രമമെന്ന് ചുരുക്കം.

ബേസ് വേരിയന്റിന് ചില ഫീച്ചറുകൾ നഷ്ടമാകുമെന്നിരിക്കെ വേരിയന്റ് ലൈനപ്പിലുടനീളം ബാറ്ററി പായ്ക്കും റേഞ്ചും ഒരുപോലെയായിരിക്കുമെന്നാണ് എംജിയിൽ നിന്നും ലഭിക്കുന്ന സൂചന. അതെന്തായലും പൊളിക്കും. ബാറ്ററിയെയും മോട്ടോറിനെയും പറ്റി കാര്യമായ വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ലെങ്കിലുംഈ മോഡലിന് 17.3kWh ബാറ്ററി പാക്ക് ഉണ്ടായിരിക്കുമെന്നാണ് പുറത്തുവന്ന ബ്രോഷർ വിവരങ്ങൾ പറയുന്നത്. ഇത് ഒറ്റ ചാർജിൽ 230 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ പ്രാപ്‌തമായിരിക്കുമെന്നാണ് സാരം.
അതായത് അന്തർജില്ലാ യാത്രകൾക്കൊക്കെ ഇവൻ മതിയായ റേഞ്ച് നൽകുമെന്ന് ഊഹിക്കാം. എംജി കോമെറ്റിലെ ബാറ്ററി പായ്ക്കിന് 41 bhp പവറിൽ പരമാവധി 110 Nm torque വരെ നിർമിക്കാനായേക്കും. ഏഴ് മണിക്കൂറിനുള്ളിൽ 0-100 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ കഴിയുന്ന 3.3kW യൂണിറ്റിലേക്ക് ചാർജിംഗ് ഓപ്ഷനുകൾ പരിമിതപ്പെടുത്തുമെന്നാണ് സൂചനകൾ. ഇന്ത്യയിലെ ചൂടുള്ള കാലാവസ്ഥയ്ക്ക് അനുസരിച്ച് എയർകോൺ, ബാറ്ററി തെർമൽ മാനേജ്മെന്റ് സിസ്റ്റം എന്നിവയിൽ കമ്പനി മാറ്റം വരുത്തുകയും ചെയ്യും.

ബാറ്ററി പ്രാദേശികമായി ടാറ്റ ഓട്ടോകോമ്പിൽ നിന്ന് ലഭ്യമാക്കുമെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട് ഇത് LFP സെല്ലുകൾ ഉപയോഗിക്കും. 10 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. എങ്കിലും 60 ശതമാനത്തിലധികം പ്രാദേശികവൽക്കരണത്തോടെ നിർമിക്കുന്നതിനാൽ ഇവിക്ക് മത്സരാധിഷ്ഠിത വില നൽകാനും എംജി മോട്ടോർ ഇന്ത്യക്കാവും. ഇതിന്റെ പശ്ചാത്തലത്തിലാവും വ്യത്യസ്‌ത വേരിയന്റുകളിൽ മൈക്രോ ഇവിയെ പുറത്തിറക്കുന്നതും.
കുട്ടികാറാണെങ്കിലും അകത്തേക്ക് കയറിയാൽ പ്രീമിയം ഫീലാണ് വണ്ടിക്കുള്ളത്. മെർസിഡീസ് ബെൻസ് കാറുകളിൽ കണ്ടു പരിചയിച്ച ഡ്യുവൽ 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ ലേഔട്ടാണ് ഏറ്റവും ശ്രദ്ധേയം. അതോടൊപ്പം ആപ്പിൾ ഐപോഡ്-പ്രചോദിത കൺട്രോളുകളുള്ള ടു-സ്പോക്ക് സ്റ്റിയറിംഗ് വീലും ശ്രദ്ധേയമാവും. കണക്റ്റഡ് കാർ ടെക്, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, കീലെസ് എൻട്രി ആൻഡ് ഗോ, ഡ്രൈവ് മോഡുകൾ, വോയ്‌സ് കമാൻഡുകൾ എന്നീ ഫീച്ചറുകളും കുട്ടികാറിനുണ്ടാവും.

സേഫ്റ്റിയുടെ കാര്യത്തിലും ആശങ്കകളൊന്നും വേണ്ടെന്നാണ് എംജിയുടെ അവകാശവാദം. ടാറ്റ ടിയാഗോ ഇവിയുമായാണ് മുട്ടുന്നതെന്നാണ് വിവരം. അങ്ങനെയെങ്കിൽ ഇതേ വില നിലവാരത്തിലെത്തിയാൽ ആളുകൾ അൽപം കൂടി വലിപ്പമുള്ള ടിയാഗോ ഇലക്ട്രിക്കിനെ തെരഞ്ഞെടുക്കാനല്ലേ സാധ്യത? പരമ്പരാഗത വാഹനങ്ങൾ ഇഷ്‌ടപ്പെടുന്ന ഇന്ത്യക്കാർ എംജി കോമെറ്റിനെ എങ്ങനെ സ്വീകരിക്കുന്നമെന്ന കാര്യം കണ്ടുതന്നെ അറിയേണം.


Click it and Unblock the Notifications








