MG Comet EV ചെറിയ വണ്ടിയും വലിയ സൗകര്യങ്ങളും, വരവ് മെർസിഡീസ് സ്റ്റൈലിൽ
ചെറുകാർ സങ്കൽപ്പങ്ങളെല്ലാം പൊളിച്ചെഴുതാൻ സമയമായെന്ന് ഉറക്കെ പറയുകയാണ് എംജി മോട്ടോർസ്. ടാറ്റ നാനോയും മഹീന്ദ്ര e2o എന്നീ ഇത്തിരി കുഞ്ഞൻമാർ തോറ്റുമടങ്ങിയിടത്തേക്ക് കോമെറ്റ് എന്ന ഇലക്ട്രിക് കാർ നിശബ്‌ദ വിപ്ലവത്തിനായി എത്തുകയാണ്. ഏപ്രിൽ 19-ന് അവതരണത്തിനുള്ള തീയതി കുറിച്ച് ഒരുക്കങ്ങളെല്ലാം എംജി പൂർത്തിയാക്കിയിട്ടുമുണ്ട്.
ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കൾ ഇന്ത്യന്‍ നിരത്തുകള്‍ക്കായി ഒരുക്കിയിട്ടുള്ള രണ്ടാമത്തെ ഇലക്ട്രിക് കാറാണിത്. ആദ്യത്തെ ZS ഇവിയുടെ അതേ പാത പിന്തുടരാനാണ് കമ്പനിയുടെ ലക്ഷ്യം. വിദേശ നിരത്തുകളില്‍ തിമിർത്താടുന്ന വൂലിംഗ് എയര്‍ ഇവിയുടെ റീ ബാഡ്ജിംഗ് പതിപ്പായതിനാൽ അധികം പരീക്ഷണങ്ങളൊന്നും ഇതിലുണ്ടാവില്ല. പക്ഷേ നമ്മൾ ഇന്ത്യക്കാർക്ക് പരിചിതമല്ലാത്ത പല കിടിലൻ ഫീച്ചറുകളും സംവിധാനങ്ങളും കോമെറ്റിനുണ്ടാവും.

വരാനിരിക്കുന്ന കോമെറ്റ് ഇവിയുടെ സാങ്കേതിക സവിശേഷതകൾ ടീസർ ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും ആളുകളിലേക്ക് എത്തിക്കുന്ന തിരക്കിലാണ് എംജി മോട്ടോർസ്. കഴിഞ്ഞ ദിവസം ഇന്റീരിയറിന്റെ സൂചനകൾ പങ്കുവെച്ച് സ്റ്റിയറിംഗ് വീലും അതിലെ കൗതുകങ്ങളും കമ്പനി വെളിപ്പെടുത്തിയിരുന്നു. ഐ-പോഡിലെ ടെക്‌നിക്കുകളുമായാണ് അകത്തളം ഒരുക്കിയിരിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമായി. ഇപ്പോഴിതാ രണ്ടാമതൊരു ടീസറും പുറത്തുവിട്ട് കൂടുതൽ കാര്യങ്ങൾ പറയുകയാണ് എംജി.
പുതിയ ടീസർ ചിത്രം കാറിന്റെ ഡാഷ്‌ബോർഡിലെ ഇരട്ട സ്‌ക്രീനുകൾക്കൊപ്പം ആപ്പിൾ ഐപോഡ്-പ്രചോദിത സ്റ്റിയറിംഗ് വീൽ നിയന്ത്രണങ്ങളാണ് വെളിപ്പെടുത്തുന്നത്. വരാനിരിക്കുന്ന എംജി കോമെറ്റ് ഇവിക്ക് ഇൻസ്ട്രുമെന്റ് കൺസോളിനും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും യഥാക്രമം രണ്ട് 10.25 ഇഞ്ച് ഡിജിറ്റൽ സ്ക്രീനുകൾ ലഭിക്കും. കൂടാതെ ഫ്ലോട്ടിംഗ് യൂണിറ്റുകൾക്ക് കസ്റ്റമൈസ് ചെയ്യാനാവുന്ന ഗ്രാഫിക്സും കാറിന് ലഭിക്കും. വലിപ്പത്തിൽ ചെറിയവനാണെങ്കിലും ശരിക്കും ഒരു ടെക്കിയായാണ് മൈക്രോ ഇവിയെ പണികഴിപ്പിച്ചിരിക്കുന്നതെന്ന് പറയാതെ വയ്യ.

ശരിക്കും 12 ലക്ഷത്തിന് കിട്ടുന്ന പല വാഹനത്തിലും കിട്ടാത്തത്ര പ്രീമിയം ഫീലാണ് എംജി കോമെറ്റിൽ നൽകുന്നത്. ഇവിയുടെ ഫ്ലോട്ടിംഗ് സ്‌ക്രീനുകൾ മെർസിഡീസ് ബെൻസ് കാറുകളിലും മഹീന്ദ്ര XUV700 എസ്‌യുവിയിലും ഉള്ളതിനെ അനുസ്മരിപ്പിക്കുന്നതാണ്. ഇടതുവശത്തുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വ്യത്യസ്ത അളവുകളുള്ള വിഡ്ജറ്റുകൾക്കൊപ്പം വരുന്നുവെന്നതും ശ്രദ്ധേയമാണ്. അതേസമയം ഉപഭോക്താവിന്റെ ഇഷ്ടത്തിനനുസരിച്ച് യൂസർ ഇന്റർഫേസ് രൂപകൽപ്പന ചെയ്യുന്നതിനായി പൂർണമായും കസ്റ്റമൈസ്‌ഡ് പാക്കേജുകളും ഉണ്ടാകും.
വിനോദം, നാവിഗേഷൻ, കണക്റ്റിവിറ്റി എന്നിവ കോർത്തിണക്കിയാണ് കോമെറ്റ് ഇവിയിലെ ഡിജിറ്റൽ സ്ക്രീനുകൾ എംജി ഒരുക്കിയിരിക്കുന്നത്. ഡ്രൈവർമാർക്ക് റോഡിൽ നിന്നും ശ്രദ്ധ തിരിക്കാതെ തന്നെ ചില ഫീച്ചറുകൾ ആക്‌സസ് ചെയ്യുന്നതിനായി വോയ്‌സ് കമാൻഡ് പോലുള്ള സവിശേഷതകളോടെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വരുമെന്ന് എംജി മോട്ടോർസ് ഇന്ത്യ പറയുന്നു. ചിത്രത്തിൽ കാണുന്ന ഐപോഡ് പോലെയുള്ള സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകളിൽ നിന്നും ഈ നിയന്ത്രണങ്ങളിൽ പലതും പ്രവർത്തിക്കും.

മൂന്ന് ഫംഗ്‌ഷനുകൾക്കും ഡയലുകൾ ലഭിക്കുന്ന HVAC യൂണിറ്റും ഇന്റീരിയർ ഇമേജ് വെളിപ്പെടുത്തുന്നുണ്ട്. കാറിന്റെ ചെറിയ അനുപാതങ്ങൾ കണക്കിലെടുത്ത് നേർത്ത എയർ വെന്റുകളും മനോഹരമായി ഒരുക്കുന്നതിലും എംജി വിജയിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പ്രീമിയം അപ്‌ഹോൾസ്റ്ററി, ഇലക്‌ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 12 ഇഞ്ച് അലോയ് വീലുകൾ, സിംഗിൾ പാൻ സൺറൂഫ് എന്നിവയും കുട്ടിക്കാറിന് പ്രീമിയം ഫീൽ ഒരുക്കാനായി കൂട്ടിനുണ്ടാവും.
എംജി കോമെറ്റ് ഇവി ബ്രാൻഡിന്റെ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് വാഹനമായിരിക്കും. ടാറ്റ ടിയാഗോ ഇവിയുടെ വിപണിയാണ് ചൈനീസ് ബ്രാൻഡ് ഉന്നംവെക്കുന്നത്. 60 ശതമാനത്തിലധികം പ്രാദേശികവൽക്കരണ നിലവാരത്തിൽ എംജി കോമെറ്റ് ഇവി പ്രാദേശികമായി കൂട്ടിച്ചേർക്കും. ആയതിനാൽ വില ഏകദേശം 10 ലക്ഷം രൂപ റേഞ്ചിൽ പിടിച്ചുനിലനിർത്താനായേക്കും. ഒറ്റ ചാർജിൽ ഏകദേശം 250 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 17.3 kWh ബാറ്ററി പായ്ക്കാണ് മൈക്രോ ഇവിയുടെ ഹൃദയം.
ഇന്ത്യയിലെ ചൂടുള്ള സാഹചര്യങ്ങൾക്ക് അനുസരിച്ച് എയർകോൺ, ബാറ്ററി തെർമൽ മാനേജ്മെന്റ് സിസ്റ്റം എന്നിവയിൽ മാറ്റം വരുത്തുമെന്നാണ് കമ്പനി പറയുന്നത്. നോർമൽ, സ്‌പോർട്ട് എന്നിങ്ങനെ രണ്ട് ഡ്രൈവിംഗ് മോഡുകളും എംജി കോമെറ്റിലുണ്ടാവും. കാറിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 100 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ടൂ-ഡോർ മോഡൽ തികച്ചും നഗര യാത്രകൾക്ക് അനുയോജ്യമാവും. 4-സീറ്റർ മോഡലാണെങ്കിലും മുന്നിൽ മുതിർന്ന രണ്ട് പേർക്കും പിന്നിൽ കുട്ടികൾക്കുമാവും ഇരിക്കാൻ അനുയോജ്യം.


Click it and Unblock the Notifications