MG Comet EV വലിപ്പം ചെറുതാണ്, യാത്ര രാജകീയമാവും; കോമെറ്റ് ഇവിയുടെ ഇന്റീരിയർ കാണാം
പരമ്പരാഗതമല്ലാത്ത കാറുകൾക്ക് ഒരിക്കലും വിപണിയില്ലാത്ത ഒരിടമാണ് ഇന്ത്യ. നമ്മുടെ മനസിൽ ഒരു കാർ എന്നാൽ പല സങ്കൽപ്പങ്ങളുമുണ്ടാവും അല്ലേ... എന്നാൽ ഈ ചിന്താഗതിയൊന്നും മാറ്റിമറിക്കാൻ നാം തയാറാവാറുമില്ല പലപ്പോഴും. ടാറ്റ നാനോയും (Tata Nano) മഹീന്ദ്ര e2o ഇവിയുമെല്ലാം വൻ പരാജമായി മാറാനുള്ള കാരണവും ഇതൊക്കെ തന്നെയാണ്.
എന്നാൽ ഇന്ന് നാനോയ്ക്കും e20 ഇവിക്കുമെല്ലാം ബെംഗളൂരു പോലുള്ള വലിയ തിരക്കേറിയ നഗരങ്ങളിലുള്ളത് വലിയ ഡിമാന്റാണ്. പുതിയത് കിട്ടില്ലെങ്കിലും ഈ മോഡലുകളുടെ സെക്കൻഡ് ഹാൻഡ് പതിപ്പുകൾ പൊന്നുംവിലയ്ക്കാണ് ഇവിടെയൊക്കെ വിറ്റുപോവുന്നത്. തിക്കിനും തിരക്കിനുമിടയിൽ വലിപ്പം കുറഞ്ഞ ഈ കാറുകൾ കൊണ്ടുനടക്കാൻ വളരെ എളുപ്പമാണെന്നതാണ് ഹൈലൈറ്റ്. കാലത്തിന് മുന്നേ സഞ്ചരിച്ച് വിപണിയിലെത്തിയ ഇവരെ നാം പുച്ഛിച്ച് തള്ളിയപ്പോൾ ഭാവിയിൽ ഇവയുടെ പ്രധാന്യം എത്രത്തോളമുണ്ടാവുമെന്ന് നാം വിചാരിച്ചിരുന്നേയില്ല.

ഇപ്പോൾ ഇത്തരമൊരു കാർ വാങ്ങാൻ കൊതിച്ചാൽ പുതിയതൊന്ന് കിട്ടുകയുമില്ല അല്ലേ... എന്നാൽ പേടിക്കേണ്ട സിറ്റി യാത്രകളിൽ കൂടെക്കൂട്ടാനായി ഒരു ഇത്തിരി കുഞ്ഞൻ കാർ ഒരുങ്ങി കഴിഞ്ഞിരിക്കുകയാണിപ്പോൾ. അതും ബ്രിട്ടീഷ് ബ്രാൻഡായ എംജി മോട്ടോർസിൽ (MG Motor) നിന്നും ഒരു മൈക്രോ ഇലക്ട്രിക് കാറാണ് ഉടൻ ഇന്ത്യൻ നിരത്തുകളിൽ വരാനിരിക്കുന്നത്. എംജി കോമെറ്റ് (MG Comet) എന്ന് പേരിട്ടിരിക്കുന്ന വാഹനത്തെ കുറിച്ച് ഇതിനോടകം ഏവരും അറിഞ്ഞിട്ടുണ്ടാവും.
പരീക്ഷണയോട്ട ഘട്ടങ്ങളെല്ലാം പൂർത്തിയാക്കിയ ഇവി ഈ മാസം തന്നെ അരങ്ങേറ്റം കുറിക്കും. ചൈനയിലെ വൂലിംഗ് എയറിന്റെ റീബാഡ്ജ് ചെയ്ത ഈ പതിപ്പാണിത്. ഇന്ത്യയിലുള്ള എംജിയുടെ ഫാക്ടറിയിലായിരിക്കും നിര്‍മാണം. നേരത്തെ ഔദ്യോഗിക ചിത്രങ്ങളിലൂടെ കോമെറ്റിന്റെ എക്സ്റ്റീരിയറും ഡിസൈനും പരിചയപ്പെടുത്തിയ കമ്പനി ഇപ്പോൾ കാറിന്റെ ഇന്റീരിയറും വെളിപ്പെടുത്തിയിരിക്കുകയാണ്. വലിപ്പത്തിന്റെ കാര്യത്തിൽ ആളിച്ചിരി ചെറുതാണെങ്കിലും മറ്റ് ഫീച്ചറുകളിലും സവിശേഷതകളിലും കോമെറ്റ് പുലിയായിരിക്കും.

സാങ്കേതികവിദ്യകളും സവിശേഷതകളും കൊണ്ട് സമ്പന്നമായ അകത്തളത്ത് മറ്റ് ബജറ്റ് കാറുകളിൽ പോലും കാണാത്തത്ര ആഡംബരവും പ്രീമിയവുമായ ഫീലും കിട്ടും. മൗണ്ടഡ് കൺട്രോളുകളുള്ള സ്റ്റിയറിംഗ് വീലാണ് ഇപ്പോൾ ടീസറിൽ എംജി മോട്ടോർ വെളിപ്പെടുത്തിയിരിക്കുന്നത്. എങ്കിലും 2-ഡോർ മിനി ഇവി ഒരു ഫ്യൂച്ചറിസ്റ്റിക് ക്യാബിനോടെയാണ് വരുന്നതെന്ന് ഇത് പറയാതെ പറയുന്നുണ്ട്. ഒതുക്കമുള്ളതാണെങ്കിലും എംജി കോമെറ്റ് ഇവി യാത്രക്കാർക്ക് നിരവധി സുഖസൗകര്യങ്ങൾ വാഗ്ദാനം ചെയ്യും.
നാല് സീറ്റർ കാറായിട്ടാണ് ഒരുക്കിയിരിക്കുന്നതെങ്കിലും പിന്നിൽ കുട്ടികൾക്ക് ഇരിക്കാനായിരിക്കും അനുയോജ്യം. ഡ്യുവൽ-ടോൺ ഷേഡിലുള്ള ലേയേർഡ് ഡാഷ്‌ബോർഡ്, മിനുസമാർന്ന എയർ-കോൺ വെന്റുകൾ, എസി നിയന്ത്രണങ്ങൾക്കുള്ള റോട്ടറി നോബുകൾ, ഡ്യുവൽ 10.25 ഇഞ്ച് സ്‌ക്രീൻ എന്നിവ ക്യാബിനെ അലങ്കരിക്കുന്നു. പോഡ് കൺട്രോളുകൾ കൂടുതൽ ഗാഡ്‌ജെറ്റ് ഫീൽ നൽകുന്നതിനായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നും കമ്പനി പറയുന്നു.
ബ്രാൻഡിന്റെ പുതിയ ഗ്ലോബൽ സ്മോൾ ഇലക്ട്രിക് വെഹിക്കിൾസ് (GSEV) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് എംജി കോമെറ്റ് ഇവിയെ പണികഴിപ്പിച്ചിരിക്കുന്നത്. ഇത് ബ്രാൻഡിന്റെ ഭാവി കോംപാക്റ്റ് ഇലക്ട്രിക് എസ്‌യുവിക്കും അടിവരയിടും. 1934 ലെ ബ്രിട്ടീഷ് വിമാനത്തിൽ നിന്നാണ് കോമെറ്റ് എന്ന പേര് ഉരുത്തിരിഞ്ഞിരിക്കുന്നത്. ഇലക്ട്രിക് വാഹനത്തിന്റെ ആകെ നീളം വെറും 2.9 മീറ്റർ മാത്രമാണ്. ആയതിനാൽ ഇത് ഇന്ത്യയിലെ ഏറ്റവും ചെറിയ ഫോർ വീലർ പാസഞ്ചർ കാറായി വിശേഷിപ്പിക്കപ്പെടും.
ഇനി കൂടുതൽ ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ എംജി ബ്രാൻഡിംഗുള്ള മുൻവശത്തെ ഫാസിയയുടെ മധ്യത്തിലാണ് ചാർജിംഗ് പോർട്ട് സ്ഥാപിച്ചിരിക്കുന്നത്. ഇതിന് ട്വിൻ, വെർട്ടിക്കൽ ഹെഡ്‌ലാമ്പുകൾ, സംയോജിത ടേൺ ഇൻഡിക്കേറ്ററുകളുള്ള എൽഇഡി ഡിആർഎല്ലുകൾ, ഡ്യുവൽ-ടോൺ ഫ്രണ്ട് ബമ്പർ, വലിയ പിൻ ക്വാർട്ടർ ഗ്ലാസ് എന്നിവയും ലഭിക്കുന്നു. വീൽ കവറുകളുള്ള ചെറിയ 12 ഇഞ്ച് സ്റ്റീൽ വീലുകളിലായിരിക്കും മിനി കാർ നിരത്തിലോടുക.

നാനോ പോലെ ചെറിയ കാറായതിനാൽ വില കുറവായിരിക്കുമെന്ന് കരുതിയാരും ഇരിക്കേണ്ട. ക്യാബിനിനുള്ളിൽ വാഗ്ദാനം ചെയ്യുന്ന ഉയർന്ന സവിശേഷതകൾ കാരണം ഏകദേശം 10 ലക്ഷം രൂപയോളം എക്സ്ഷോറൂം വില എംജി കോമെറ്റിന് വരുമെന്നാണ് കണക്കുകൾ. എന്നാൽ ബാറ്ററി കപ്പാസിറ്റിയോ കുറിച്ചോ റേഞ്ചിനെ കുറിച്ചുള്ള വിവരങ്ങളോ എംജി മോട്ടോർസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 17.3 kWh ബാറ്ററി പായ്ക്കിൽ നിന്ന് പവർ എടുക്കുന്ന ഫ്രണ്ട്-ആക്‌സിൽ മോട്ടോറാണ് കോംപാക്റ്റ് ഇലക്ട്രിക് കാറിൽ ഘടിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.
ഇലക്ട്രിക് മോട്ടോറിന് 40 bhp പവറോളം കാറിന് നൽകാനാവും. അങ്ങനെയെങ്കിൽ ഇത് ഏകദേശം 200-250 കിലോമീറ്റർ റേഞ്ച് വരെ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചാർജിംഗിന്റെ കാര്യത്തിലേക്ക് നോക്കിയാൽ ഏതാണ്ട് 8.5 മണിക്കൂർ കൊണ്ട് ബാറ്ററി പൂർണമായി ചാർജ് ചെയ്യാം. വിപണിയിൽ ഇതേ വിലയ്ക്ക് സിട്രൺ eC3, ടാറ്റ ടിയാഗോ ഇവി എന്നിവയുള്ളതിനാൽ കുഞ്ഞൻ കാറിനെ ആളുകൾ എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടറിയണം.


Click it and Unblock the Notifications








