MG Comet EV 7.98 ലക്ഷം രൂപയ്ക്ക് വാങ്ങാം, പണികിട്ടി ടിയാഗോ ഇവി, ഞെട്ടി വാഹനലോകം
ഇലക്‌ട്രിക് കാർ (Electric Car) വിപ്ലവത്തിന് പുതിയ തുടക്കം കുറിക്കാനായി എത്തിയ കോമെറ്റിന്റെ (Comet EV) വില പ്രഖ്യാപിച്ച് എംജി മോട്ടോർസ്. ടാറ്റ ടിയാഗോ ഇവിയുമായി മത്സരിക്കുന്ന കുട്ടിക്കാറിന് 7.98 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. അതായത് രാജ്യത്തെ ഏറ്റവും വില കുറഞ്ഞ വൈദ്യുത വാഹനമായി കോമെറ്റ് അറിയപ്പെടുമെന്ന് സാരം.
ഏകദേശം 10 മുതൽ 12 ലക്ഷം രൂപ വരെ പ്രതീക്ഷിച്ചിരുന്ന സമയത്താണ് കുറഞ്ഞ വിലയിൽ കോമെറ്റിന്റെ വരവ്. വാഹനത്തെ സ്വീകരിക്കുമോ എന്ന സംശയങ്ങളും ചോദ്യങ്ങളുമെല്ലാം ഇതോടെ കാറ്റിൽ പാറുമെന്ന് ഉറപ്പാണ്. കോമെറ്റ് ഇവി ഏപ്രിൽ 27 മുതൽ ടെസ്റ്റ് ഡ്രൈവുകൾക്കായി ലഭ്യമാകും. മെയ് 15 മുതൽ ഇവിയുടെ ബുക്കിംഗ് ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മെയ് മൈക്രോ ഇലക്ട്രിക് കാറിനായുള്ള ഡെലിവറികളും കമ്പനി ആരംഭിക്കും.

1,000 കിലോമീറ്റർ ഓടാൻ വെറും 519 രൂപ മാത്രമാണ് കോമെറ്റിന് വേണ്ടി വരിക അതായത് ഇന്നത്തെ പെട്രോൾ ഡീസൽ വിലയിൽ മറ്റൊരു കാറിലും ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണിത്. 17.3 കിലോവാട്ട് ബാറ്ററി പായ്ക്കാണ് ഈ കുഞ്ഞൻ കാറിൽ പ്രവർത്തിക്കുന്നത്. 42 bhp കരുത്തിൽ പരമാവധി 110 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന ഇലക്ട്രിക് മോട്ടോറാണ് എംജി കോമെറ്റ് ഇവിയിൽ അണിനിരത്തുന്നത്.
പൂർണമായി ചാർജ് ചെയ്‌ത ബാറ്ററിയിൽ 230 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ ഈ മിടുക്കനാവും എന്ന കാര്യവും ഏറെ കൈയടി അർഹിക്കുന്നുണ്ട്. വെള്ളത്തിന്റെയും പൊടിയുടെയും പ്രതിരോധത്തിന് IP67 റേറ്റഡ് ബാറ്ററി പായ്ക്കാണ് കാറിൽ വാഗ്‌ദാനം ചെയ്യുന്നത്. ചാർജിംഗിന്റെ കാര്യത്തിലും വലിയ തലവേദനകളൊന്നുമുണ്ടാവില്ല. അതായത് 3.3 kW ചാർജർ വഴി 5 മണിക്കൂറിനുള്ളിൽ 10-80 ശതമാനവും 7 മണിക്കൂറിനുള്ളിൽ 0-100 ശതമാനവുമായി കോമെറ്റ് ചാർജ് ചെയ്യാൻ സാധിക്കും.

ഇനി ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ ശരിക്കും ഒരു സിറ്റി കാറായാണ് കോമെറ്റ് ഇവിയെ പണികഴിപ്പിച്ചിരിക്കുന്നതെന്ന് ആദ്യകാഴ്ച്ചയിൽ തന്നെ മനസിലാവും. 2,974 mm നീളവും 1,505 mm വീതിയും 1,640 mmm ഉയരവും 2,010 mm വീൽബേസുമാണ് കുട്ടികാറിനുള്ളത്. വിദേശ വിപണികളിലുള്ള വുലിംഗ് എയർ ഇവിയെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന വാഹനത്തിന്റെ രൂപകൽപ്പന ശരിക്കും മികവുറ്റതാണെന്ന് വേണം പറയാൻ. ഫുൾ-വീഡ്ത്ത് എൽഇഡി ലൈറ്റ് ബാർ പോലുള്ള രസകരമായ ടച്ചുകളുള്ള ബോക്‌സി ഡിസൈനാണ് കോമെറ്റിൽ പരീക്ഷിച്ചിരിക്കുന്നത്.
ഇവിയിലെ എൽഇഡി ലൈറ്റ് ബാറിനെ എംജി എക്സ്റ്റെൻഡഡ് ഹൊറൈസൺ കണക്റ്റിംഗ് ലൈറ്റുകൾ എന്നാണ് വിളിക്കുന്നത്. ഒപ്പം രണ്ട് വിംഗ് മിററുകളെയും ബന്ധിപ്പിക്കുന്ന ക്രോമിന്റെയും പിയാനോ ബ്ലാക്കിന്റെയും ഒരു സ്ട്രിപ്പും ഒരുക്കിയിരിക്കുന്നതും ശ്രദ്ധേയമാണ്. കാറിന്റെ ചാർജിംഗ് പോർട്ട് മുൻവശത്ത് സെറ്റ് ചെയ്‌തിരിക്കുന്നതും ശരിയായ തീരുമാനമാണ്. രണ്ട് ഡോറുകളും നാല് സീറ്റുകളുമുള്ള ചെറു ഇവിക്ക് റോഡ് പ്രസന്‍സും കുറവാണെങ്കിലും പ്രായോഗികതയുടെ കാര്യത്തിൽ ആളിച്ചിരി മുറ്റാണ്.

തിരക്കിനും ഗതാഗതക്കുരുക്കുകള്‍ക്കും പേര് കേട്ട ഇന്ത്യന്‍ നഗരങ്ങളിലെ യാത്രകള്‍ക്ക് എംജി കോമെറ്റ് ഒരു മികച്ച ഓപ്ഷനാവും. എക്സ്റ്റീരിയറിൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, മുന്നിലും പിന്നിലും എൽഇഡി ലൈറ്റ് ബാറുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, ക്രോം ഡോർ ഹാൻഡിലുകൾ, വീൽ കവറുകളുള്ള 12 ഇഞ്ച് സ്റ്റീൽ വീലുകൾ എന്നിവയാണ് കോമെറ്റ് ഇവിയിൽ എംജി മോട്ടോർ ഒരുക്കിയിരിക്കുന്ന പ്രധാന സവിശേഷതകൾ. അകത്തളവും കിടിലൻ ഫീച്ചറുകളാൽ അതിസമ്പന്നമാണ്.
സ്‌പേസ് ഗ്രേ ഇന്റീരിയർ തീം, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന റിയർവ്യു മിററുകൾ, ടിൽറ്റ് അഡ്ജസ്റ്റുള്ള സ്റ്റിയറിംഗ് വീൽ തുടങ്ങിയ ഫീച്ചറുകളാണ് എംജിയുടെ ചെറിയ ഇലക്ട്രിക് വാഹനത്തിന്റെ അകത്തളത്തിന് ലഭിക്കുക.

ഇതുകൂടാതെ പവർ വിൻഡോകൾ, ലെതർ സ്റ്റിയറിംഗ് വീൽ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, കീലെസ് എൻട്രി, 50:50 സ്പ്ലിറ്റ് പിൻ സീറ്റുകൾ. ഡ്യുവൽ എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ സിസ്റ്റം, സ്പീഡ് അലേർട്ട് സിസ്റ്റം, ടിപിഎംഎസ്, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ഇംപാക്ട് സെൻസിംഗ് ഓട്ടോ ഡോർ അൺലോക്ക് ഫംഗ്ഷൻ, സ്പീഡ് സെൻസിംഗ് ഡോർ ലോക്ക് ഫംഗ്ഷൻ തുടങ്ങിയ ആധുനിക സംവിധാനങ്ങളും എംജി കോമെറ്റിന്റെ ഭാഗമാണ്.
മുന്നിലും പിന്നിലും യഥാക്രമം ഡിസ്‌ക്, ഡ്രം ബ്രേക്കുകൾ വഴിയാണ് ബ്രേക്കിംഗും സസ്‌പെൻഷനും മുൻവശത്ത് മക്‌ഫെർസൺ സ്‌ട്രട്ടും പിന്നിൽ മൾട്ടി-ലിങ്ക് കോയിൽ സസ്പെൻഷനും ഈ കുട്ടിക്കാറിനുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിപ്പം കുറഞ്ഞ വാഹനമെന്ന ഖ്യാതിക്കൊപ്പം ടാറ്റയുടെ ഇലക്ട്രിക് കാറുകളുടെ വിൽപ്പനയാണ് എംജി ഉന്നംവെക്കുന്നത്. പരമ്പരാഗത രീതികളോട് ചേർന്നുനിൽക്കുന്ന സ്വഭാവമല്ലെങ്കിലും യുവതലമുറയിലുള്ളവരെ കൈയിലെടുക്കാനുള്ള സാങ്കേതിക സവിശേഷതകളും മറ്റും കോമെറ്റിനുണ്ടെന്ന കാര്യം വിസ്‌മരിക്കാനാവില്ല.


Click it and Unblock the Notifications








