MG Comet EV കാർ എന്ന സങ്കൽപം മാറ്റാൻ കോമെറ്റ് പറന്നെത്തുന്നു, ഏപ്രിൽ 19-ന് അവതരണം
ഇലക്‌ട്രിക് കാറുകൾ സ്വപ്നം കാണാൻ നമ്മെ പഠിപ്പിച്ചവരാണ് എംജി മോട്ടോർസ്. രാജ്യത്ത് ഇവി വിപ്ലവത്തിന് തുടക്കം കുറിച്ചത് ഹ്യുണ്ടായി ആയിരുന്നുവെങ്കിലും ഇതിനെ വേറെ തലത്തിൽ എത്തിച്ചവരാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വംശജരായ മോറിസ് ഗരാജസ്. ZS ഇവി എന്നൊരു ഒറ്റ പടയാളിയാണ് ഉണ്ടായിരുന്നതെങ്കിലും ഇതുവരെ ചീത്തപേരൊന്നും കേൾപ്പിക്കാതെ ഓടിതിമിർക്കാൻ മോഡലിനായിരുന്നു.
ദേ ഇപ്പോൾ രണ്ടാമതൊരു ഇലക്ട്രിക് കാർ (Electric Car) പുറത്തിറക്കാനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തയാക്കിയിരിക്കുകയാണ് എംജി മോട്ടോർസ് (MG Motors). ഇത്തവണ പരമ്പരാഗതമല്ലാത്തൊരു പരീക്ഷണത്തിനാണ് കമ്പനി ഒരുങ്ങുന്നത്. ഇന്ത്യൻ വിപണിയിലെ ഏറ്റവും ചെറിയ ഇലക്ട്രിക് വാഹനം എന്ന ലേബലിൽ കോമെറ്റാണ് (Comet) ഇത്തവണ വിൽപ്പനയ്ക്ക് എത്തുന്നത്. മറ്റ് വിദേശ വിപണിയിലുള്ള എയർ ഇവിയുടെ ഇന്ത്യൻ പതിപ്പിന്റെ ആദ്യ പ്രദർശനം ഏപ്രിൽ 19-ന് ഉണ്ടാവുമെന്നാണ് ഇപ്പോഴത്തെ സ്ഥിരീകരണം.

എംജി കോമെറ്റ് (MG Comet) എന്ന് പേരിട്ടിരിക്കുന്ന വാഹനത്തെ കുറിച്ച് ഇതിനോടകം ഏവരും അറിഞ്ഞിട്ടുണ്ടാവും. അടുത്തിടെ ബ്രാൻഡ് മോഡലിന്റെ ഔദ്യോഗിക ചിത്രങ്ങൾ പുറത്തുവിട്ട് ആരാധകരെ ആവേശഭരിതരാക്കിയിരുന്നു. ചെറിയ 3-ഡോർ ഇലക്ട്രിക് കാറിന് ധാരാളം പ്രത്യേകതകളുണ്ടാവുമെന്നതാണ് ശ്രദ്ധേയം. കാർ എന്ന സങ്കൽപം തന്നെ മാറ്റാൻ സമയമായെന്ന് എംജി ഇതിലൂടെ പറയാതെ പറയുന്നു. ഏകദേശം 2.9 മീറ്റർ നീളമുള്ള കോമെറ്റ് തിരക്കേറിയ നഗര യാത്രകൾക്ക് തികച്ചും ഉത്തമമായിരിക്കും.
പുതിയ എംജി കോമെറ്റ് ഇവിയുടെ മൊത്തത്തിലുള്ള വീതി, ഉയരം, വീൽബേസ് എന്നിവ യഥാക്രമം 150 5mm, 1631 mm, 2010 mm എന്നിങ്ങനെയാണ്. 8.69 ലക്ഷം രൂപ മുതൽ 11.99 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയുള്ള 7 വേരിയന്റുകളിൽ ലഭ്യമാകുന്ന ടാറ്റ ടിയാഗോ ഇവിയുടെ വിപണിയാണ് കോമെറ്റ് ഉന്നംവെക്കുന്നത്. ഇതിന്റെ വിലയാകട്ടെ 8.00 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെയായിരിക്കുമെന്നാണ് വിവരം.

എന്നാൽ ഇതുസംബന്ധിച്ച സ്ഥിരീകരണമൊന്നും എംജി ഇതുവരെ പുറത്തുവിട്ടിട്ടില്ല. 60 ശതമാനത്തിലധികം പ്രാദേശികവൽക്കരണ നിലവാരത്തിൽ എംജി കോമെറ്റ് ഇവി പ്രാദേശികമായി കൂട്ടിച്ചേർക്കും. SAIC ഗ്രൂപ്പിന്റെ ഗ്ലോബൽ സ്മോൾ ഇലക്ട്രിക് വെഹിക്കിൾ (GSEV) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമിക്കുന്ന ഈ ഇത്തിരി കുഞ്ഞൻ നിരവധി വേരിയന്റുകളിൽ എത്തിയേക്കുമെന്ന സൂചനയുമുണ്ട്. 4-സീറ്റർ മോഡലാണെങ്കിലും മുന്നിൽ മുതിർന്ന രണ്ട് പേർക്കും പിന്നിൽ കുട്ടികൾക്കുമാവും ഇരിക്കാൻ അനുയോജ്യം.
ലിഥിയം-അയൺ-ഫോസ്ഫേറ്റ് (LIP) ബാറ്ററിയുള്ള കോമെറ്റ് ഇവിക്ക് 30kW, 50kW എന്നിങ്ങനെ വ്യത്യസ്‌ത ഇലക്ട്രിക് മോട്ടോറുകളുണ്ടാവും. പരമാവധി 100 കിലോമീറ്റർ വേഗത കൈവരിക്കാനുള്ള ശേഷിയും വാഹനത്തിന്റെ പ്രത്യേകതയാണ്. DC ഫാസ്റ്റ് ചാർജറിനെ പിന്തുണയ്ക്കുന്നതിനാൽ ചാർജിംഗ് ഒരു പ്രശ്നമേയായിരിക്കില്ല. വെറും 45 മിനിറ്റിനുള്ളിൽ 30 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് കൈവരിക്കാൻ വാഹനത്തിനാവുമെന്നാണ് എംജി മോട്ടോർസിൽ നിന്നും ലഭിക്കുന്ന വിവരം.

ഇന്ത്യയിലെ ചൂടുള്ള സാഹചര്യങ്ങൾക്ക് അനുസരിച്ച് എയർകോൺ, ബാറ്ററി തെർമൽ മാനേജ്മെന്റ് സിസ്റ്റം എന്നിവയിൽ മാറ്റം വരുത്തുമെന്നാണ് കമ്പനി പറയുന്നത്. വലിപ്പത്തിന്റെ കാര്യത്തിൽ ആളിച്ചിരി കുഞ്ഞനാണെങ്കിലും ഇൻ്റീരിയറെല്ലാം അടിപൊളി ഫീച്ചറുകളുമായാണ് നിറഞ്ഞിരിക്കുന്നത്. നിലവിലുള്ള ബജറ്റ് കാറുകളിൽ പോലും കാണാത്തത്ര ആഡംബരവും പ്രീമിയം ഫീലുമാണ് കോമെറ്റിൽ നിറഞ്ഞിരിക്കുന്നത്. ഡ്യുവൽ-ടോൺ ഷേഡിലുള്ള ലേയേർഡ് ഡാഷ്‌ബോർഡ്, മിനുസമാർന്ന എയർ-കോൺ വെന്റുകൾ, എസി നിയന്ത്രണങ്ങൾക്കുള്ള റോട്ടറി നോബുകൾ എന്നിവയിലെല്ലാം ഫാൻസി സ്റ്റൈൽ കാണാം.
10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഡ്യുവൽടോൺ ഇന്റീരിയർ, കണക്റ്റഡ് കാർ ടെക്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ ഫീച്ചറുകളെല്ലാം എംജി കോമെറ്റ് ഇവിയിൽ കൊണ്ടുവരും. പോഡ് കൺട്രോളുകൾ കൂടുതൽ ഗാഡ്‌ജെറ്റ് ഫീൽ നൽകുന്നതിനായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്.

പരമ്പരാഗത കാറുകളെ മാത്രം സ്നേഹിച്ചിരുന്ന ഇന്ത്യക്കാർക്ക് മാറി ചിന്തിക്കാനുള്ള അവസരമാണ് എംജി മോട്ടോർസ് കോമെറ്റിലൂടെ ഒരുക്കുന്നത്. അടുത്തിടെ നിർത്തലാക്കിയ മാരുതി സുസുക്കി ആൾട്ടോ 800, ടാറ്റ നാനോ എന്നിവയേക്കാൾ വലിപ്പം കുറഞ്ഞ വാഹനമായതിനാൽ ആളുകൾ എങ്ങനെ സ്വീകരിക്കുമെന്ന കാര്യം കണ്ടറിയണം. കൂടാതെ വിലയും 10 ലക്ഷത്തിന് മുകളിലായതിനാൽ മാസ് വിൽപ്പനയൊന്നും പ്രതീക്ഷിക്കേണ്ടതില്ല. എങ്കിലും ഇവിയാണ് ഭാവിയെന്ന നിലപാട് കോമെറ്റിന് ഗുണകരമാവും.


Click it and Unblock the Notifications