എൻഡവറിന് 'അപരൻ' ഫോർച്യൂണറുമായി മല്ലിടാൻ ഗ്ലോസ്റ്റർ ബ്ലാക്ക്സ്റ്റോം എഡിഷൻ വിപണിയിൽ
ഇന്ത്യൻ വിപണിയിലെ ഫുൾ-സൈസ് എസ്‌യുവി ശ്രേണിയിലെ അതികായകൻമാരായി വളർന്നവരായിരുന്നു ടൊയോട്ട ഫോർച്യൂണറും ഫോർഡ് എൻഡവറും. ഇരു മോഡലുകളും പരസ്പരം പോരാടി എന്തിനും പോന്നവരായി വളർന്നുപന്തലിച്ചപ്പോൾ ഒരവസം തേടി ഇന്ത്യയിലേക്ക് എത്തിയ മുതലായിരുന്നു എംജി ഗ്ലോസ്റ്റർ. എൻഡവറും ഫോർച്യൂണറും വാഴുന്ന സെഗ്മെന്റിൽ എന്തൂട്ട് കാട്ടാനയെന്ന് ചോദിച്ചവരൊക്കെ പിന്നീട് നിശബ്‌ദരാവുകയായിരുന്നു.
തന്നെകൊണ്ടും പലതും ഇവിടെ നടക്കുമെന്ന് ഗ്ലോസ്റ്റർ പിന്നീട് ഇന്ത്യൻ എസ്‌യുവി വിപണിക്ക് കാട്ടിക്കൊടുത്തു. പിന്നീട് ഫോർഡ് ഇന്ത്യ വിട്ടതോടെ എൻഡവറിന്റെ സ്ഥാനം പതിയെ ഗ്ലോസ്റ്റർ കൈയടക്കി. അപ്പോഴും ടൊയോട്ട ഫോർച്യൂണറിന്റെ തട്ട് താണുതന്നെയിരുന്നു. അഡ്വഞ്ചർ ട്രിപ്പുകൾക്ക് പോകുന്നവർക്കു ചേരുന്ന വാഹനമെന്ന ഖ്യാതിയെല്ലാം ഉണ്ടായിരുന്നുവെങ്കിലും ഇടയ്ക്ക് നിറം മങ്ങിയ ഗ്ലോസ്റ്റർ പല പല മാറ്റങ്ങളിലൂടെ ആളുകൾക്കിടയിൽ നിറഞ്ഞുനിൽക്കാനും പ്രത്യേകം ശ്രദ്ധിച്ചു. 60 ലക്ഷം കൊടുത്ത് ഫോർച്യൂണർ വാങ്ങാനാവത്തവരിൽ ചിലരെങ്കിലും ഗ്ലോസ്റ്ററിലേക്ക് ചേക്കേറുകയുണ്ടായി.

ഗ്ലോസ്റ്ററിനെ ജനകീയനാക്കാനുള്ള പരിശ്രമത്തിലാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ എംജി മോട്ടോർസ്. അതിന്റെ ഭാഗമായിതാ ഗ്ലോസ്റ്റർ ബ്ലാക്ക്‌സ്റ്റോം എഡിഷനെ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. ടാറ്റ മോട്ടോർസ് നേട്ടമുണ്ടായിക്കിയ അതേ തന്ത്രമാണ് ഫുൾ-സൈസ് പ്രീമിയം എസ്‌യുവി വിഭാഗത്തിൽ എംജി പയറ്റിനോക്കുന്നത്. ഗ്ലോസ്റ്ററിന്റെ പുതിയ സ്പെഷ്യൽ എഡിഷൻ മോഡലിന് 40.29 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്.
പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ബ്ലാക്ക്സ്റ്റോം എഡിഷൻ പൂർണമായും കറുപ്പിലാണ് ഒരുക്കിയിരിക്കുന്നത്. എക്സ്റ്റീരിയർ, ക്യാബിൻ വിഷ്വൽ എലമെന്റുകളിലേക്കുള്ള അപ്‌ഡേറ്റുകൾ ശരിക്കും ഞെട്ടിക്കുന്നതാണ്. ഒറ്റ നോട്ടത്തിൽ ഫോർഡ് എൻഡവറല്ലേ എന്നുവരെ തോന്നിപ്പോയേക്കാം. അതേഷേപ്പും ഭംഗിയുമാണ് കറുപ്പിൽ അണിഞ്ഞൊരുങ്ങിയ ഗ്ലോസ്റ്റർ ബ്ലാക്ക്സ്റ്റോം എഡിഷന്റെ പ്രധാന ഹൈലൈറ്റ്. 'ഗ്ലോസ്റ്റർ', 'ഇന്റർനെറ്റ് ഇൻസൈഡ്' എന്നീ ചിഹ്നങ്ങൾക്കൊപ്പം മെറ്റൽ ബ്ലാക്ക്, മെറ്റൽ ആഷ് നിറങ്ങളാൽ ഹൈലൈറ്റ് ചെയ്യപ്പെടുന്ന ബോഡി വർക്ക് അടിപൊളിയായാണ് പണിതിരിക്കുന്നത്.

മെഷ് പാറ്റേണുള്ള ഗ്രില്ലാണ് എംജി ഗ്ലോസ്റ്റർ ബ്ലാക്ക്സ്റ്റോം എഡിഷന് സമ്മാനിച്ചിരിക്കുന്നത്. സ്‌പോർട്ടി ഘടകങ്ങൾക്കൊപ്പം റെഡ് ആക്‌സന്റുകളും അവിടിവിടായി നൽകിയിരിക്കുന്നതും മനോഹരമാണ്. റൂഫ് റെയിൽ, സ്മോക്ക്ഡ് ബ്ലാക്ക് ടെയിൽലൈറ്റ്, വിൻഡോ സറൗണ്ട്, ഫെൻഡർ, ഫോഗ് ഗാർണിഷ് എന്നിവ എസ്‌യുവിയുടെ ഡാർക്ക് തീമിന് കൂടുതൽ പ്രാധാന്യം നൽകുന്നുമുണ്ട്. ഗ്ലോസ്റ്റർ ബ്ലാക്ക്സ്റ്റോം എഡിഷന്റെ അകത്തളത്തിലും സമാനമായ മാറ്റങ്ങൾ കാണാനാവും.
പൂർണമായും കറുപ്പിലാണ് പൂർത്തിയാക്കിയിരിക്കുന്നതെങ്കിലും സ്റ്റിയറിംഗ് വീലിലും ഹെഡ്‌ലാമ്പുകളിലും കാലിപ്പറുകളിലും ഫ്രണ്ട് ആൻഡ് റിയർ ബമ്പറിലും റെഡ് ആക്‌സന്റുകകൾ സ്പോർട്ടിനെസ് നൽകാൻ സഹായകരമായിട്ടുണ്ട്. റെഡ് സ്റ്റിച്ചുകളാൽ അലങ്കരിച്ച ഡാർക്ക് ലെതറെറ്റ് സീറ്റ് അപ്ഹോൾസ്റ്ററി മുഴുവൻ ഇന്റീരിയറിനും ഒരു സ്പോർട്ടി ഫീലാണ് സമ്മാനിക്കുന്നത്. ഗ്ലോസ്റ്റർ എസ്‌യുവി 2WD, 4WD എന്നീ ഓപ്ഷനുകളിൽ തന്നെ തെരഞ്ഞെടുക്കാനാവും. അതേസമയം ഏഴ് ഡ്രൈവ് മോഡുകൾ വൈവിധ്യമാർന്ന ഏത് ഭൂപ്രദേശവും കീഴടക്കാനും ഗ്ലോസ്റ്റർ ഡാർക്ക്സ്റ്റോമിനെ സഹായിക്കും.

ഈ മോഡലിൽ മെക്കാനിക്കൽ അല്ലെങ്കിൽ എഞ്ചിൻ പരിഷ്ക്കാരങ്ങൾ ഒന്നും തന്നെ മോറിസ് ഗരാജ് അവതരിപ്പിക്കുന്നില്ല. ബിഎസ്-VI ഫേസ് 2 കംപ്ലയിന്റായ 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം. വാഹനത്തിന്റെ ഫ്രണ്ട്-വീൽ ഡ്രൈവ് പതിപ്പ് 159 bhp കരുത്തിൽ പരമാവധി 373 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം എംജി ഗ്ലോസ്റ്റർ ഫോർ വീൽ ഡ്രൈവ് മോഡലിന് 214 bhp പവറിൽ 480 Nm torque വരെയും നൽകാനാവും.
രണ്ട് മോഡലുകളും സ്റ്റാൻഡേർഡായി 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഫുൾ-സൈസ് എസ്‌യുവിയിൽ മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ ഇല്ലെന്ന് സാരം. 360-ഡിഗ്രി ക്യാമറ, ബ്ലൈൻഡ്‌സ്‌പോട്ട് ഡിറ്റക്ഷനോടുകൂടിയ ലെവൽ 1, ഓട്ടോമേറ്റഡ് എമർജൻസി ബ്രേക്കിംഗ് (AEB), ഹീറ്റഡ് സീറ്റുകൾ, വയർലെസ് ചാർജിംഗ്, ഒരു എയർ ഫിൽട്ടർ, കണക്റ്റഡ് ടെക് എന്നീ സവിശേഷതകളും മറ്റുമാണ് ഗ്ലോസ്റ്ററിലുള്ളത്.

തെരഞ്ഞെടുക്കുന്ന വേരിയന്റുകളെ ആശ്രയിച്ച് ആറ്, ഏഴ് സീറ്റുകളിലും വാഹനം വീട്ടിലെത്തിക്കാം. പുത്തൻ വേരിയന്റിന്റെ വരവോടെ ടൊയോട്ട ഫോർച്യൂണറിന്റെ വിൽപ്പനയുടെ ഒരുഭാഗമാണ് എംജി ഉന്നമിട്ടിരിക്കുന്നത്. എന്നാൽ വിപണിയിൽ ഇത് എത്രത്തോളം വിജയംകാണുമെന്ന കാര്യം കാത്തിരുന്നു കാണാം. തീർച്ചയായും ഫോർച്യൂണറിനു മികച്ചൊരു ബദലാണ് എംജി ഗ്ലോസ്റ്റർ എന്ന കാര്യത്തിൽ തർക്കമൊന്നുമില്ല.


Click it and Unblock the Notifications








