ഫോർച്യൂണറിനെ വീഴ്ത്താൻ എംജിയുടെ വജ്രായുധം, തീപ്പൊരി മാറ്റങ്ങളുമായി ഈ എസ്‌യുവി പണിപ്പുരയിൽ
ഇന്ത്യൻ വിപണിയിലെ എസ്‌യുവികളുടെ അവസാനവാക്കാണ് ടൊയോട്ട ഫോർച്യൂണർ. ഈ വണ്ടി വീട്ടുമുറ്റത്തുണ്ടെങ്കിൽ അതൊരു ഗമ തന്നെയാണ്. ആഡംബര കാറിനു പോലും നൽകാനാവാത്ത സ്റ്റാറ്റസുള്ള ഈ വാഹനം പകരക്കാരില്ലാതെ ഓടിത്തിമിർക്കുകയാണ്. എന്നാൽ ജാപ്പനീസ് ബ്രാൻഡിന്റെ കുത്തക തകർത്തെറിഞ്ഞ് സെഗ്മെന്റ് പിടിക്കാനെത്തിയ മിടുക്കനായിരുന്നു എംജി ഗ്ലോസ്റ്റർ.
കാഴ്ച്ചയിൽ ഗാംഭീര്യതയും ഫീച്ചറുകളാൽ സമ്പന്നമായതുമെല്ലാം ഗ്ലോസ്റ്ററിനെ തുടക്കകാലത്ത് വേറിട്ടു നിർത്തിയിരുന്നു. ഫോർഡ് എൻഡവർ പടിയിറങ്ങിയപ്പോൾ പകരക്കാരനായി പലരും കണ്ടത് എംജിയുടെ ഈ സ്പോർട് യൂട്ടിലിറ്റി വാഹനത്തെയായിരുന്നു. വാങ്ങാൻ ആളെത്തുന്നുണ്ടെങ്കിലും വിപണിയിൽ ഒരു ഇംപാക്‌ട് ഉണ്ടാക്കിയെടുക്കാൻ ഇതുവരെ മോഡലിനായില്ലെന്നു വേണം പറയാൻ.

ലെവൽ-1 ADAS പോലുള്ള ഫീച്ചറുകൾ മാസ് മാർക്കറ്റ് വിഭാഗത്തിലേക്ക് പരിചയപ്പെടുത്തിയെങ്കിലും ഫോർച്യൂണറിന് മുന്നിൽ ഇതൊന്നും വിലപ്പോയില്ലെന്ന് വേണം പറയാൻ. ഗ്ലോസ്റ്ററിനെ ജനകീയനാക്കാനുള്ള പരിശ്രമത്തിലാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ മോറിസ് ഗരാജസ് എന്ന എംജി മോട്ടോർസ്. അതിന്റെ ഭാഗമായി ഫുൾ-സൈസ് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ പണിതിറക്കാൻ പോവുകയാണ് ചൈനീസ് ബ്രാൻഡ്.
ഇന്ത്യയിൽ പരീക്ഷിണയോട്ടം നടത്തുന്ന പുത്തൻ ഗ്ലോസ്റ്ററിന്റെ സ്പൈ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. മിക്ക ബോഡി പാനലുകളും മറയ്ക്കുന്ന രീതിയിൽ പൊതിഞ്ഞാണ് മോഡൽ നിരത്തിലെത്തിയതെങ്കിലും ആരാധകർ ആവേശത്തിലാണെന്ന് വേണം പറയാൻ. ഗ്ലോസ്റ്ററിന്റെ നിലവിലെ പതിപ്പ് 2020 മുതൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്നതാണ്.

എക്സ്റ്റീരിയറിലേക്കും ഫീച്ചറുകൾ റിവിഷനിലേക്കും കുറച്ച് മിഡ്-ലൈഫ് അപ്‌ഡേറ്റുകൾ ലഭിച്ചുവെങ്കിലും കാര്യമായൊരു നവീകരണത്തിന് ഗ്ലോസ്റ്റർ ഇതുവരെ വിധേയമായിട്ടില്ല. എന്നാൽ അടുത്ത വർഷത്തോടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് എത്തുന്നതോടെ ഫോർച്യൂണറിന്റെ കാര്യത്തിൽ ചിലപ്പോൾ തീരുമാനമായേക്കും. സ്പൈ ചിത്രത്തിൽ കാണുന്നത് പോലെ, മൂന്ന് നിരകളുള്ള എസ്‌യുവിക്ക് പുതിയ ബമ്പർ, ടെയിൽ ലൈറ്റുകൾ, റീ പൊസിഷൻ ചെയ്‌ത റിഫ്‌ളക്ടറുകൾ എന്നിവയ്‌ക്കൊപ്പം പുനർരൂപകൽപ്പന ചെയ്ത റിയർ പ്രൊഫൈൽ ലഭിക്കും.
സംയോജിത ഹൈ-മൌണ്ടഡ് സ്റ്റോപ്പ് ലാമ്പ് ഉള്ള റൂഫ് സ്‌പോയിലർ, വാഷറുള്ള റിയർ വൈപ്പർ, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ടിപ്പ്, സൈഡ് സ്റ്റെപ്പുകൾ, ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഡോർ മൌണ്ട് ചെയ്ത ORVM-കൾ എന്നിവയും ദൃശ്യമാകുന്ന മറ്റ് മാറ്റങ്ങളിൽ ഉൾപ്പെടുന്നുണ്ട്. നിലവിലെ ആവർത്തനത്തിൽ സ്റ്റാൻഡേർഡായി കിട്ടുന്ന റൂഫ് റെയിലുകളിൽ പരീക്ഷണയോട്ടത്തിന് വിധേയമാക്കിയ ഫെയ്‌സിലിഫ്റ്റ് മോഡലിൽ നിന്നും എംജി ഒഴിവാക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാവുന്നുണ്ട്.

മെക്കാനിക്കലായി എംജി ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റിന് മെച്ചപ്പെട്ട പെർഫോമൻസ് ലഭിക്കാനായി റീട്യൂൺ ചെയ്‌ത എഞ്ചിൻ ഓപ്ഷൻ ലഭിക്കും. നിലവിലെ പതിപ്പിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് ഫുൾ-സൈസ് പ്രീമിയം എസ്‌യുവിയിൽ കിട്ടുന്നത്. ഇതിൽ 2.0 ലിറ്റർ ടർബോ ഡീസൽ, 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എന്നിവയാണ് ഉൾപ്പെടുന്നത്. ട്രാൻസ്മിഷൻ ഓപ്ഷനുകൾ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. അതായത് മാനുവൽ വാഹനത്തിൽ ലഭ്യമല്ലെന്ന് സാരം.
എംജി ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റ് 2024-ൽ എത്തുമെന്നാണ് അനുമാനം. ലോഞ്ച് ചെയ്‌താൽ ഫുൾ സൈസ് എസ്‌യുവി സെഗ്‌മെന്റിൽ ടൊയോട്ട ഫോർച്യൂണർ, ജീപ്പ് മെറിഡിയൻ, സ്കോഡ കൊഡിയാക്ക് എന്നിവയുമായുള്ള മത്സരം തുടരും. അടുത്തിടെ ഉത്സവ സീസണിന് മുന്നോടിയായി വിൽപ്പന കൂട്ടാനായി വാഹനത്തിന്റെ ബ്ലാക്ക് സ്റ്റോം എഡിഷനും ബ്രാൻഡ് പുറത്തിറക്കിയിരുന്നു.

പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ പൂർണമായും കറുപ്പിലാണ് എംജി ബ്ലാക്ക് സ്റ്റോം എഡിഷൻ വിപണിയിൽ എത്തുന്നത്. ടാറ്റ ഹാരിയർ, സഫാരി റെഡ് ഡാർക്ക് എഡിഷൻ അല്ലെങ്കിൽ മാരുതി സുസുക്കി നിന്നുള്ള ബ്ലാക്ക് എഡിഷൻ മോഡലുകളിൽ പരീക്ഷിച്ച് വിജയിച്ച തന്ത്രമാണ് ചൈനീസ് വാഹന നിർമാതാക്കൾക്കും പ്രചോദനമായത്. ബ്ലാക്ക് അലോയ് വീലുകൾ, പുതുക്കിയ ഗ്രിൽ, കറുപ്പിൽ ഒരുങ്ങിയ മറ്റ് ഘടകങ്ങൾ, ഡാർക്ക് ഇന്റീരിയർ എന്നിവ ഗ്ലോസ്റ്ററിന് ഫ്രഷ് ഫീലാണ് നൽകുന്നത്.


Click it and Unblock the Notifications








