ഇതിന് ഒരു സെക്കൻഡ് ഹാൻഡ് ആൾട്ടോ കൂടി വാങ്ങിയിടാം, ഹെക്‌ടറിന് 1.29 ലക്ഷം രൂപ കുറച്ച് എംജി
ഇന്ത്യയിൽ ഇന്റർനെറ്റ് കണക്‌റ്റഡ് എസ്‌യുവികൾ ആദ്യമായി പുറത്തിറക്കിയ വാഹന നിർമാതാക്കളാണ് എംജി മോട്ടോർസ് എന്ന മോറിസ് ഗരാജസ്. ഡിസൈനിലായാലും ഫീച്ചറുകളിലായാലും അന്നേവരെ കാണാത്ത വിരുന്നാണ് വണ്ടിയിൽ കമ്പനി ഒരുക്കിയത്. അങ്ങനെ ആഭ്യന്തര വിപണിയിലും ഹെക്‌ടർ എന്ന ഒറ്റ മോഡലിലൂടെ എംജി തഴച്ചു വളർന്നു.
പിന്നീട് 7 സീറ്റർ പതിപ്പായ ഹെക്‌ടർ പ്ലസും കൂടി നിരയിലേക്ക് വന്നതോടെ ഷോറുമുകളിൽ തിക്കുംതിരക്കുമായി. അങ്ങനെ കൃത്യമായ പ്ലാനിംഗോടെ ഇന്ത്യയിൽ പ്രമുഖരായി മാറാനും കമ്പനിക്കായി. അടുത്തിടെ റീസെയിൽ വാല്യുവിന്റെ കാര്യത്തിൽ ഏറ്റവും മികച്ച ഡീസൽ എസ്‌യുവിയാണ് എംജി ഹെക്‌ടർ എന്നും ഒരു പഠനം വെളിപ്പെടുത്തുകയുണ്ടായി. ഹ്യുണ്ടായി ക്രെറ്റയ്ക്കും കിയ സെൽറ്റോസിനെയുമെല്ലാം പിന്തള്ളിയാണ് വാഹനം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

അതിനു പിന്നാലെയിതാ മോഡൽ നിരയിൽ വലിയൊരു വില പരിഷ്ക്കരണം കൊണ്ടുവന്ന് ഞെട്ടിച്ചിരിക്കുകയാണ് കമ്പനി. മഹീന്ദ്ര, കിയ എന്നിവർ കഴിഞ്ഞ ദിവസം നടപ്പിലാക്കിയതു പോലെ കൂട്ടുകയല്ല, എംജി മോട്ടോർ ഇന്ത്യ വില കുറക്കുകയാണ് ചെയ്‌തിരിക്കുന്നത്. ഹെക്‌ടർ, ഹെക്‌ടർ പ്ലസ് എസ്‌യുവികളുടെ വിലയിൽ ഗണ്യമായ വെട്ടിക്കുറക്കലാണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്.
5 സീറ്റർ ഹെക്‌ടറിൽ 1.29 ലക്ഷം രൂപ വരെയും 6-7 സീറ്റർ ഹെക്‌ടർ പ്ലസിന് 1.37 ലക്ഷം രൂപ വരെയുമാണ് കുറഞ്ഞിരിക്കുന്നത്. എന്നാൽ തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് മാറ്റങ്ങളുണ്ട് കേട്ടോ. രണ്ട് എസ്‌യുവികളുടെയും ഡീസൽ പതിപ്പുകൾക്കാണ് വില പരമാവധി കുറച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഉത്സവ സീസണിൽ കാര്യമായ വിൽപ്പന പിടിക്കാനാണ് കമ്പനിയിപ്പോൾ ഈ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത് എന്നാണ് വിവരം.

മഹീന്ദ്ര XUV700, സ്കോർപിയോ N തുടങ്ങിയ സെഗ്‌മെന്റ് എതിരാളികൾ ഇപ്പോൾ പ്രതിമാസം ശരാശരി 6,000 യൂണിറ്റിന് മുകളിൽ വിൽക്കുന്നുണ്ടെങ്കിലും ഹെക്‌ടർ ബ്രദേഴ്‌സ് എസ്‌യുവികൾക്ക് പ്രതിമാസം 2,000 യൂണിറ്റുകൾ മാത്രമേ വിൽക്കാനാവുന്നുള്ളൂ. ഇതിനെ ചെറുക്കാൻ പുതിയ നീക്കം എന്തായാലും സഹായകരമാവുമെന്നാണ് വിലയിരുത്തൽ. പുതിയ വില പരിഷ്‌കരണത്തിന് ശേഷം ഹെക്ടറിന് ഇപ്പോൾ 14.73 ലക്ഷം മുതൽ 21.73 രൂപ വരെയാണ് എക്‌സ്ഷോറൂം വില വരുന്നത്.
അടിസ്ഥാന പെട്രോൾ വേരിയന്റിന് ഏറ്റവും കുറഞ്ഞ വില 27,000 രൂപയും ടോപ്പ് എൻഡ് വേരിയന്റിന് 66,000 രൂപ വരെ വിലക്കുറവും ലഭിക്കും. അതേസമയം ഡീസൽ വേരിയന്റുകളാണ് ഇപ്പോൾ താങ്ങാനാവുന്ന വിലയിൽ വാങ്ങാനാവുന്നത്. 86,000 രൂപ മുതൽ 1.29 ലക്ഷം രൂപ വരെയാണ് വില കുറച്ചിരിക്കുന്നത്. ഇനി 7 സീറ്റർ ഹെക്ടർ പ്ലസ് മോഡലുകളിലേക്ക് വന്നാൽ പെട്രോൾ വേരിയന്റുകൾക്ക് 81,000 രൂപ വരെയാണ് കമ്പനി വെട്ടിക്കുറച്ചിരിക്കുന്നത്.

അതേസമയം, എല്ലാ ഡീസൽ വകഭേദങ്ങളും 1.04 ലക്ഷം മുതൽ 1.37 ലക്ഷം രൂപ വരെയാണ് വില കുറയുന്നത്. ഹെക്ടർ പ്ലസ് എസ്‌യുവിക്ക് ഇപ്പോൾ 17.50 ലക്ഷം മുതൽ 22.43 ലക്ഷം രൂപ വരെയുള്ള എക്‌സ്ഷോറൂം വിലയിൽ സ്വന്തമാക്കാനാവും. സ്മാർട്ട്, ഷാർപ്പ് പ്രോ, സ്മാർട്ട് പ്രോ, സാവി പ്രോ എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് എസ്‌യുവി വാങ്ങാനാവുന്നത്.
മറുവശത്ത് സ്‌റ്റൈൽ, ഷൈൻ, സ്‌മാർട്ട്, സ്‌മാർട്ട് എക്‌സ്, സ്‌മാർട്ട് പ്രോ, ഷാർപ്പ് പ്രോ, സാവി പ്രോ എന്നിങ്ങനെ ഏഴ് വേരിയന്റുകളിലാണ് 5 സീറ്റർ മിഡ്-സൈസ് എസ്‌യുവിയായ എംജി ഹെക്‌ടർ വാങ്ങാനാവുന്നത്. രണ്ട് എസ്‌യുവികളും പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ സ്വന്തമാക്കാനാവും. 1.5 ലിറ്റർ പെട്രോൾ 141 bhp പവറിൽ 250 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഗിയർബോക്‌സ് ഓപ്ഷനിലും വാങ്ങാം.

ഹെക്‌ടർ, ഹെക്‌ടർ പ്ലസിലെ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ 170 bhp കരുത്തിൽ പരമാവധി 350 Nm torque വരെയാണ് നൽകുന്നത്. 6 സ്പീഡ് മാനുവലിൽ മാത്രമാണ് ഇവ വിപണിയിൽ എത്തുന്നത്. ഓട്ടോമാറ്റിക് ഡീസൽ ലഭ്യമല്ലാത്തത് എതിരാളികൾക്ക് മേൽകൈ നൽകുന്ന കാര്യമാണ്. ഇന്ത്യൻ വിപണിയിൽ ടാറ്റ ഹാരിയർ, ജീപ്പ് കോമ്പസ്, മഹീന്ദ്ര XUV700 5-സീറ്റർ മോഡലുകളുമായാണ് എംജി ഹെക്‌ടറിന്റെ മത്സരം.
അതേസമയം ടാറ്റ സഫാരി, ഹ്യുണ്ടായി അൽകാസർ, XUV700 7-സീറ്റർ എന്നിവയുമായാണ് ഹെക്‌ടർ പ്ലസ് മാറ്റുരയ്ക്കുന്നത്. ഉയർന്ന റീസെയിൽ വാല്യു കിട്ടുന്ന പഠനം ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ എംജി മോട്ടോറിന് വരും ദിവസങ്ങളിൽ മൈലേജാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്‌യുവിയുടെ ഡീസൽ വേരിയന്റുകൾക്ക് 85 ശതമാനം വരെ റീസെയിൽ വാല്യുവുണ്ടെന്നാണ് ഇന്ത്യയിലെ പ്രമുഖ ഓട്ടോമൊബൈൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഡ്രൂം നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.


Click it and Unblock the Notifications








