കുഞ്ഞൻ ഇവി പോലും വാങ്ങുക എളുപ്പമാവില്ല, പുതിയ മുതലാളിക്കൊപ്പം കീശകീറുന്ന തീരുമാനവുമായി ഈ വണ്ടിക്കമ്പനി
ഹെക്‌ടർ എന്ന തട്ടുപൊളിപ്പൻ എസ്‌യുവിയിലൂടെ ഇന്ത്യക്കാരുടെ മനസിൽ കുടിയേറി പാർത്തവരാണ് എംജി മോട്ടോർസ്. ചൈനീസ് ബ്രാൻഡ് എന്ന ചീത്തപ്പേര് കൂട്ടിനുണ്ടാരുന്നെങ്കിലും തുടക്കകാലത്ത് ഇതൊന്നും ഒരു പ്രശ്‌നമേയായിരുന്നില്ല. പക്ഷേ പിന്നീട് ചെറിയ തോതിലെങ്കിലും തിരിച്ചടിയായെങ്കിലും ഇനിയങ്ങോട്ട് ഇന്ത്യൻ കമ്പനിയാവാൻ പോവുകയാണ് നമ്മുടെ എംജി.
എങ്ങനെയെന്നല്ലേ, ചൈനീസ് കമ്പനി SAIC ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എംജി മോട്ടോർ ഇന്ത്യയുടെ 35 ശതമാനത്തോളം ഓഹരി ജെഎസ്ഡബ്ല്യു സ്വന്തമാക്കിയതോടെയാണ് ഇന്ത്യൻ കമ്പനിയാവാൻ എംജിക്കും യോഗ്യതയുള്ളത്. ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ സജ്ജൻ ജിൻഡാലും SAIC മോട്ടോർ കോർപ്പറേഷനും എംജി മോട്ടോർ ഇന്ത്യ ഉൾപ്പെടുന്ന സഖ്യത്തിനുള്ള കരാർ വ്യവസ്ഥകൾ അന്തിമമാക്കിയിട്ടുണ്ട്. പുതിയ മുതലാളിക്കൊപ്പം കീശകീറുന്ന തീരുമാനവും ബ്രാൻഡിൽ നിന്നും പുറത്തുവന്നിരിക്കുകയാണിപ്പോൾ.

മറ്റൊന്നുമല്ല, 2024 ജനുവരി മുതൽ തങ്ങളുടെ ലൈനപ്പിലെ എല്ലാ മോഡലുകൾക്കും വില വർധിപ്പിക്കുമെന്ന് എംജി മോട്ടോർ ഇന്ത്യ ഒരു പ്രസ്താവനയിൽ അറിയിച്ചു. വിലക്കയറ്റത്തിന്റെ കൃത്യമായ അളവ് വ്യക്തമാക്കിയിട്ടില്ലെങ്കിലും അധികം വൈകാതെ ഇക്കാര്യവും പുറത്തുവിടുമെന്നാണ് അറിയാൻ കഴിഞ്ഞത്. മൊത്തം പണപ്പെരുപ്പവും ചരക്ക് വില വർധനയും കാരണം വർധിച്ചുവരുന്ന ചെലവുകളുമായി പൊരുത്തപ്പെടാനാണ് ചെറിയൊരു വില വർധനവ് നടപ്പിലാക്കാൻ പോവുന്നതെന്നാണ് കമ്പനി വൃത്തങ്ങൾ സൂചന നൽകിയിരിക്കുന്നത്.
എന്നാൽ 2023 ഡിസംബർ അവസാനത്തോടെ പ്രത്യേക വർഷാവസാന ഓഫറുകൾ പ്രഖ്യാപിക്കുമെന്നും ബ്രാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ എംജിക്ക് പുറമെ രാജ്യത്തെ മറ്റ് പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കി, ടാറ്റ മോട്ടോർസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര പോലുള്ള കമ്പനികളും ജനുവരി മുതൽ വില വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ കോമെറ്റ് ഇവി പോലുള്ള ബജറ്റ് മോഡലുകൾ മുതൽ ഗ്ലോസ്റ്റർ പ്രീമിയം എസ്‌യുവി വരെയുള്ള മോഡലുകൾക്ക് വില ജനുവരി മുതൽ കൂടും.

സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകളില്‍ കേന്ദ്രീകരിച്ച് ഇന്ത്യയുടെ വാഹന രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു തന്ത്രപരമായ സംയുക്ത സംരംഭത്തിലൂടെയാണ് ജെഎസ്ഡബ്ല്യു ചൈനീസ് കമ്പനിയായ SAIC-യുമായി തങ്ങളുടെ പങ്കാളിത്തം ഉറപ്പിച്ചത്. മോറിസ് ഗരാജിസിന്റെ ഓഹരി സ്വന്തമാക്കാൻ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമയായ അംബാനിയുടെ പേരടക്കം ഉയര്‍ന്നു കേട്ടിരുന്നു. പക്ഷേ ഒടുവിൽ വിജയിച്ചത് ജെഎസ്‌ഡബ്ല്യു ഗ്രൂപ്പ് തന്നെയാണ്.
സ്റ്റീല്‍, സിമന്റ്, പെയിന്റ്‌സ്, ഇ-കൊമേഴ്സ്, സ്പോര്‍ട്സ് തുടങ്ങി എല്ലാ മേഖലകളിലും സാന്നിധ്യമുള്ള ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പാണ് ജെഎസ്‌ഡബ്ല്യുവിന്റേത്. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ പ്രധാന ഉടമകളാണിവർ. പുതിയ സംയുക്ത പങ്കാളിത്തത്തിലൂടെ ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, ഉല്‍പ്പാദന ശേഷി വിപുലീകരണം, വാഹനങ്ങളുടെ വിപുലമായ ശ്രേണി അവതരിപ്പിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങളെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷങ്ങള്‍ കാരണം എംജി മോട്ടോര്‍ ഇന്ത്യയുടെ വിപുലീകരണ പദ്ധതികള്‍ വൈകിയിരുന്നു. ഇതിൻ പ്രകാരമാണ് ഓഹരി വിറ്റഴിച്ച് കമ്പനിയുടെ വളർച്ചക്ക് സഹായകരമാവുന്ന നടപടി സ്വീകരിക്കാൻ SAIC തീരുമാനമെടുത്തത്. ചൈനയുമായുള്ള പ്രശ്‌നങ്ങള്‍ കാരണം ചൈനീസ് നിക്ഷേപങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ കടമ്പ കമ്പനിക്ക് ഇതോടെ മറികടക്കാനാവും.
7,000 കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തില്‍ 2019 മുതലാണ് എംജി മോട്ടോര്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്നത്. അതിന്റെ ഭാഗമായി 2017-ല്‍ എംജി ജനറല്‍ മോട്ടോര്‍സിന്റെ ഗുജറാത്തിലെ ഹാലോളിലുള്ള പ്ലാന്റ് വാങ്ങി. ഇന്ത്യയുടെ ആദ്യ ഇന്റര്‍നെറ്റ് കാര്‍ എന്ന ഖ്യാതിയുമായി എത്തിയ ഹെക്ടര്‍ എസ്‌യുവിയായിരുന്നു എംജിയുടെ കന്നി ഉല്‍പ്പന്നം. ഇത് പ്രതീക്ഷച്ചതിലും വലിയ വിജയമാണ് കൈവരിച്ചത്.

പിന്നീട് ഹെക്ടര്‍ പ്ലസ്, ZS ഇവി, ഗ്ലോസ്റ്റര്‍ എന്നീ മോഡലുകളും കൊണ്ടുവന്ന് എംജി ഞെട്ടിച്ചു. മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ADAS, AI പോലുള്ള സംവിധാനങ്ങൾ കൊണ്ടുവന്ന് തരംഗം തീർത്ത ആസ്റ്ററും പ്രധാന ശക്തിയായിരുന്നു. ഇപ്പോൾ കോമെറ്റ് ഇവിയെന്ന രാജ്യത്തെ ഏറ്റവും ബജറ്റ് ഫ്രണ്ട്ലിയായ ഇലക്ട്രിക് കാറും പുറത്തിറക്കുന്നത് എംജിയാണ്. വില വർധനവ് വിൽപ്പനയെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. എങ്കിലും കാര്യമായ രീതിയിൽ പോക്കറ്റ് കീറുമെന്ന ഊഹാപോഹങ്ങളൊന്നും വേണ്ട.


Click it and Unblock the Notifications








