ഇക്കാര്യത്തിൽ ക്രെറ്റ എലിയായി, റീസെയിൽ വാല്യൂവിൽ പുലി ഹെക്‌ടർ ബ്രദേഴ്‌സ്; പിന്നാലെ XUV700
ഒരു പുതിയ കാർ വാങ്ങുമ്പോൾ മൈലേജും സേഫ്റ്റിയുമെല്ലാം പരിഗണിക്കുന്നവരാണ് നാം മലയാളികൾ. എന്നാൽ ഇതിനെല്ലാം അപ്പുറം ചിന്തിക്കുന്നവരും നമുക്കിടയിലുണ്ടെന്നതാണ് രസകരമായ കാര്യം. എന്തെന്നല്ലേ, പിന്നൊരു സാഹചര്യത്തിൽ വണ്ടി കൊടുക്കുമ്പോൾ മികച്ച റീസെയിൽ വാല്യുവിന്റെ കിട്ടുന്ന കാർ നോക്കി വാങ്ങുന്നവരാണ് അത്തരക്കാർ. മാരുതി സുസുക്കിയുടെ മോഡലൊക്കെ ആണെങ്കിൽ ഇക്കാര്യത്തിലൊന്നും സംശയമേ വേണ്ട.
ഇന്ന് സെക്കൻഡ് ഹാൻഡ് വിപണിയിൽ സ്വിഫ്റ്റിനും റിറ്റ്സിനും എല്ലാം കിട്ടുന്ന ഡിമാന്റ് തന്നെ ഇതിന് ഉദാഹരണമാണ്. വാങ്ങിയ വിലയിൽ വലിയ വ്യത്യാസമൊന്നുമില്ലാതെ മാരുതി കാറുകൾ മറിച്ചുവിൽക്കാനാവും. ഇനി എസ്‌യുവി വിപണിയിലേക്ക് വന്നാൽ കാര്യങ്ങൾ എങ്ങനെയാണെന്ന് അറിയാൻ പലർക്കും താത്പര്യം കാണും അല്ലേ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹ്യുണ്ടായി ക്രെറ്റയ്ക്കും കിയ സെൽറ്റോസിനുമെല്ലാമാണ് റീസെയിൽ വാല്യു കൂടുതലെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ ആ ധാരണയൊന്ന് മാറ്റിവെച്ചോ.

കാരണം ഈ കൊറിയൻ മോഡലുകളേക്കാൾ കൂടുതൽ വിലയും ഡിമാന്റുമാണ് മറ്റൊരു എസ്‌യുവിക്കെന്നാണ് പുതിയ പഠനങ്ങൾ സൂചന നൽകുന്നത്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയെ അപേക്ഷിച്ച് എംജി മോട്ടോർസിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായ ഹെക‌്ടറാണ്ന് ഇന്ത്യയിൽ മികച്ച പുനർവിൽപ്പന മൂല്യം ലഭിക്കുന്നതെന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. ഇതനുസരിച്ച് എസ്‌യുവിയുടെ ഡീസൽ വേരിയന്റുകൾക്ക് 85 ശതമാനം വരെ റീസെയിൽ വാല്യുവുണ്ട്.
ഇന്ത്യയിലെ പ്രമുഖ ഓട്ടോമൊബൈൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഡ്രൂമാണ് ഏത് എസ്‌യുവിയാണ് മികച്ച പുനർവിൽപ്പന മൂല്യം വാഗ്ദാനം ചെയ്യുന്നതെന്ന് കണ്ടെത്താനുള്ള പഠനം നടത്തിയത്. മഹീന്ദ്രയുടെ XUV700, XUV300, ഹ്യുണ്ടായി അൽകാസർ, ടാറ്റ ഹാരിയർ എന്നിവ ഉൾപ്പെടുന്ന കുറഞ്ഞത് ആറ് എസ്‌യുവികളുമായി ഇതിനെ താരതമ്യം ചെയ്താണ് ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്.

85 ശതമാനം വരെ പുനർവിൽപ്പന മൂല്യം നേടിയ ഹെക്ടർ ഡീസലുമായി താരതമ്യപ്പെടുത്തുമ്പോൾ XUV700 ആണ് ഇക്കാര്യത്തിൽ രണ്ടാമതെത്തിയത്. മഹീന്ദ്രയിൽ നിന്നുള്ള മുൻനിര എസ്‌യുവിക്ക് 75 ശതമാനം വരെ റീസെയിൽ വാല്യുവുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും സമാനമായ രീതിയിൽ 65 ശതമാനം വരെ പുനർവിൽപ്പന മൂല്യം ഉണ്ടെന്ന് തെളിയിച്ചു. ടാറ്റ ഹാരിയറും മഹീന്ദ്ര XUV300 എസ്‌യുവിക്കും 60 വരെ മാത്രമാണ് നേടാനായത്.
ക്രെറ്റ, സെൽറ്റോസ് എന്നിവയെ തോൽപ്പിക്കാൻ ഹെക്ടറിനെ സഹായിച്ച പ്രധാന ഘടകങ്ങൾ അതിന്റെ എഞ്ചിൻ, ഇന്ധനക്ഷമത, കൂടാതെ അത് നൽകുന്ന സുഖസൗകര്യങ്ങൾ എന്നിവയാണെന്നും പഠനം പറയുന്നു. ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ എംജി മോട്ടോർസ് ഈ വർഷം ആദ്യം പുതിയ ഹെക്ടർ എസ്‌യുവിയെ 14.72 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിൽ പുറത്തിറക്കിയിരുന്നു.

മോഡലിന്റെ ഡീസൽ വേരിയന്റുകളുടെ വില 17.99 ലക്ഷം രൂപ മുതലാണ് തുടങ്ങുന്നതും. ശരിക്കും ഇന്ത്യയിലെ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെ മാറ്റങ്ങൾക്ക് തുടക്കമിട്ട അതിഥി കൂടിയാണ് ഹെക്‌ടർ. രാജ്യത്തെ ആദ്യത്തെ ഇൻ്റർനെറ്റ് കണക്‌റ്റഡ് എസ്‌യുവി കൂടിയാണിത്. കിടിലൻ ഡിസൈനിനൊപ്പം മികച്ച നിർമാണ നിലവാരവും ലോകോത്തര ഫീച്ചറുകളും ഡീസൽ, പെട്രോൾ എഞ്ചിനുകളുടെ പെർഫോമൻസുമെല്ലാം കോർത്തിണക്കിയാണ് എംജി ഹെക്‌ടറിന് രൂപംകൊടുത്തിരിക്കുന്നത്.
എംജി ഹെക്ടർ ഡീസൽ വേരിയന്റുകൾ 2.0 ലിറ്റർ എഞ്ചിനോടൊപ്പമാണ് വാഗ്ദാനം ചെയ്യുന്നത്. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഇതിന് 167.67 bhp കരുത്തിൽ പരമാവധി 350 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഹെക്ടർ എസ്‌യുവി ലിറ്ററിന് 21 കിലോമീറ്റർ വരെ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നതായി പഠനം കണ്ടെത്തി.

താരതമ്യപ്പെടുത്തുമ്പോൾ ക്രെറ്റ അല്ലെങ്കിൽ ഹാരിയർ പോലുള്ള എസ്‌യുവികൾ ലിറ്ററിന് 18 കിലോമീറ്റർ വരെ മാത്രമാണ് മൈലേജ് നൽകുന്നത്. പഠനത്തിലെ മറ്റ് മോഡലുകളെ അപേക്ഷിച്ച് എംജി ഹെക്‌ടർ എസ്‌യുവിയുടെ ഇന്റീരിയർ കൂടുതൽ സൗകര്യപ്രദവും വിശാലവുമാണെന്നും കണ്ടെത്തിയിട്ടുണ്ട്. 14 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ലെവൽ 2 ADAS എന്നിവ പോലുള്ള ഫീച്ചറുകളോടെയാണ് ഇത് വരുന്നത്. ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ നാല് ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെ അഞ്ച് ഭാഷകളിലെ വോയ്‌സ് കമാൻഡുകൾ പിന്തുണയ്ക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
ട്രാഫിക് ജാം അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവയ്‌ക്കൊപ്പം മെച്ചപ്പെട്ട സുരക്ഷയും ADAS വാഗ്ദാനം ചെയ്യുന്നു. വയർലെസ് ചാർജിംഗ്, യുഎസ്ബി, യുഎസ്ബി സി-ടൈപ്പ് ചാർജിംഗ്, വോയ്സ് റെക്കഗ്നിഷൻ, 75-ലധികം കണക്റ്റഡ് ഫീച്ചറുകൾ തുടങ്ങിയ സവിശേഷതകളുടെ അകമ്പടിയും ഹെക്‌ടറിനുണ്ട്. സേഫ്റ്റിയുടെ കാര്യത്തിൽ ഡ്യുവൽ എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, റിയർ വ്യൂ ക്യാമറ എന്നിവയും വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








