പേരിടീൽ കഴിഞ്ഞു; എംജിയുടെ കുഞ്ഞൻ ഇലക്‌ട്രിക് കാർ 'കോമെറ്റ്' റെഡി!
എംജിയുടെ കുഞ്ഞൻ ഇലക്‌ട്രിക് കാർ വരുന്നൂ വരുന്നൂവെന്ന് കേൾക്കാൻ തുടങ്ങിയിട്ട് നാളിമ്മിണിയായെങ്കിലും സംഭവം ഇതുവരെ യാഥാർഥ്യമായില്ല. പലതവണ നമ്മുടെ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തിയ മൈക്രോ ഇവി ഇക്കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുമെന്ന പ്രതീക്ഷയും ഏവരിലുമുണ്ടായിരുന്നു. എന്നാൽ വാഹന മേളയിലും ഇത്തിരികുഞ്ഞന്റെ വരവുണ്ടായില്ല.
ഇതോടെ നിരാശയാര ആരാധകർ എംജി മോട്ടോർസ് ഈ പദ്ധതി ഉപേക്ഷിച്ചുവെന്ന് കരുതിയിരിക്കുകയായിരുന്നു. ഇതിനിടയിൽ സംഭവം അത്ര പ്രയോഗികമല്ലെന്നും ഇന്ത്യക്കാരുടെ 'കാർ' സങ്കൽപ്പം വേറെയാണെന്നമുള്ള വാദപ്രതിവാദങ്ങളും വിമർശകരും ഉന്നയിച്ചു. പ്രീയിയം ശൈലിയിൽ ബജാജ് ക്യൂട്ട് എത്തുന്നുവെന്ന കളിയാക്കലുകളും പലകോണുകളിൽ നിന്നും ഉയരുകയും ചെയ്‌തു. എന്നാൽ ഇതൊന്നും കേട്ട് തളരാൻ എംജിയെ കിട്ടിയില്ല. ചൈന പോലുള്ള വിദേശ രാജ്യങ്ങളിൽ ഈ മൈക്രോ ഇലക്ട്രിക് കാറിന് ലഭിച്ച സ്വീകാര്യത തന്നെയാണ് കമ്പനിയുടെ മൈലേജ്.

പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും മൈക്രോ ഇലക്ട്രിക് കാർ ഇന്ത്യക്കാർക്കായി ഉടൻ സമർപ്പിക്കുമെന്ന ഉറപ്പുമായി എംജി മോട്ടോർ രംഗത്തെത്തിയിരിക്കുകയാണിപ്പോൾ. എംജി എയർ ഇവിയെന്ന് വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന വാഹനത്തിന് കോമെറ്റ് എന്നാണ് എംജി പേര് സമ്മാനിച്ചിരിക്കുന്നത്. ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ മാക്‌റോബർട്ട്‌സൺ എയർ റേസിൽ പങ്കെടുത്ത 1934 ലെ ബ്രിട്ടീഷ് വിമാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വാഹനത്തിന് ഈ പേര് നൽകിയിരിക്കുന്നതെന്നും ബ്രാൻഡ് അവകാശപ്പെടുന്നു.
1930 കളുടെ അവസാനത്തിൽ നിർമിച്ച രണ്ടാം ലോകമഹായുദ്ധത്തിൽ ഉപയോഗിച്ച യുദ്ധവിമാനമായ ബ്രിട്ടീഷ് ബൈപ്ലെയിനിൽ നിന്നാണ് ഹെക്ടർ മിഡ്‌സൈസ് എസ്‌യുവിയുടെ പേര് ഉരുത്തിരിഞ്ഞത് എന്നതും രസകരമായ വസ്‌തുത. സമാനമായ രീതിയിൽ ബ്രിട്ടനിൽ നിർമിച്ചതും 1941-ൽ ആദ്യമായി പറന്നതുമായ ഒരു പ്രോട്ടോടൈപ്പ് ജെറ്റ് എഞ്ചിൻ വിമാനത്തിന്റെ പേരിലാണ് ഗ്ലോസ്റ്ററിന് പേര് നൽകിയിരിക്കുന്നത്. കമ്പനി നിലവിൽ ഹെക്ടർ, ഹെക്ടർ പ്ലസ്, ഗ്ലോസ്റ്റർ, ആസ്റ്റർ, ZS ഇവി എന്നിവയാണ് ഇന്ത്യയിൽ അണിനിരത്തിയിരിക്കുന്നത്.

ഇനി കോമെറ്റ് ഇവിയുടെ കൂടുതൽ വിശദാംശങ്ങളിലേക്ക് നോക്കിയാൽ സിറ്റി യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഇലക്ട്രിക് വാഹനത്തിനെ ചെറിയ വലിപ്പത്തിൽ ഒരുക്കുന്നത്. വെറും 2.9 മീറ്റർ നീളത്തോടെ എംജി എയർ ഇവി രാജ്യത്തെ ഏറ്റവും ചെറിയ കാറായി ഇത് മാറുകയും ചെയ്യും. 2010 മില്ലീമീറ്റർ വീൽബേസും ആയിരിക്കും എംജിയുടെ വരാനിരിക്കുന്ന രണ്ടാമത്തെ ഇവിക്ക് ഉണ്ടായിരിക്കുക.
ചെറിയ നീളവും ബോക്‌സി സ്റ്റൈലിംഗും താരതമ്യേന നീളമുള്ള വീൽബേസും എംജി എയർ ഇവിക്ക് വിചിത്രവും ധീരവുമായ രൂപം സമ്മാനിക്കും. ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ ധാരാളം ഉപഭോക്താക്കളെ ആകർഷിക്കാനും പ്രാപ്‌തമായിരിക്കും. ഫുൾ-വീഡ്ത്ത് ലൈറ്റ് ബാറും ക്രോം സ്ട്രിപ്പുകളും പ്രീമിയം ഫീലാണ് വാഹനത്തിലേക്ക് കൊണ്ടുവരിക. ഡ്യുവൽ-ടയർ ഹെഡ്‌ലൈറ്റുകൾ, ബ്ലാക്ക് റൂഫ്, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, ഷോൾഡർ ലൈനുകൾ എന്നിവയും ഡിസൈനിനോട് നീതി പുലർത്തുന്നവയാകും.

വരാനിരിക്കുന്ന എംജി കോമെറ്റ് ഇവി ഇന്തോനേഷ്യയിൽ ഇതിനകം വിൽപ്പനയ്ക്ക് എത്തുന്ന വൂലിംഗ് എയർ ഇവിയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന് മൊത്തത്തിൽ 2.9 മീറ്റർ നീളവും 2.01 മീറ്റർ വീൽബേസും ഉണ്ട്. അതേ അനുപാതം ഇന്ത്യയിലും നിലനിർത്താൻ തന്നെയാവും എംജി പരിശ്രമിക്കുക. രണ്ട് ഡോറുകളുള്ള മോഡലിന്റെ അകത്തളത്തിൽ ഡ്യുവൽ 10.25 ഇഞ്ച് ഡിസ്‌പ്ലേ ഉൾപ്പെടെയുള്ള സവിശേഷതകൾ സമ്മാനിക്കുകയും ചെയ്യും. ഇതിൽ ഒന്ന് ഇൻഫോടെയ്ൻമെന്റിനും മറ്റൊന്ന് ഇൻസ്ട്രുമെന്റേഷനുമായാണ് സജ്ജീകരിക്കുക.
ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റേഷനുമുള്ള ഡ്യുവൽ 10.2 ഇഞ്ച് സ്‌ക്രീനുകൾ, 2-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, പ്രീമിയം അപ്‌ഹോൾസ്റ്ററി, ഇലക്‌ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 12 ഇഞ്ച് അലോയ് വീലുകൾ, സിംഗിൾ പാൻ സൺറൂഫ് എന്നീ സവിശേഷതകളാൽ എംജിയുടെ കോമെറ്റ് സമ്പുഷ്‌ടമായിരിക്കും. ഒന്നിലധികം ബാറ്ററി പായ്ക്കുകളിൽ വാഹനം ലഭ്യമാവുമെങ്കിലും ഔദ്യോഗിക വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

150 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ചുള്ള 20-25 kWh ബാറ്ററി പായ്ക്കുകൾക്കൊപ്പം വൂലിംഗ് എയർ ഇവി ലഭ്യമായതിനാൽ ഇതേ ശേഷിയിലുള്ള ബാറ്ററി പായ്ക്ക് തന്നെ ഇന്ത്യയിൽ നൽകാനാവും എംജിയുടെ ശ്രമം. ബാറ്ററി പ്രാദേശികമായി ടാറ്റ ഓട്ടോകോമ്പിൽ നിന്ന് ലഭ്യമാക്കുമെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട് ഇത് എൽഎഫ്പി സെല്ലുകൾ ഉപയോഗിക്കും. കാറിന്റെ അടിസ്ഥാന വില ഏകദേശം 10.5 ലക്ഷം രൂപയിൽ നിന്നും ആരംഭിക്കുന്ന ഇതിന് ഇന്ത്യയിൽ നേരിട്ടുള്ള എതിരാളികളുണ്ടാകില്ല.
എന്നിരുന്നാലും ടാറ്റ ടിയാഗോ ഇവി, ടാറ്റ ടിഗോർ ഇവി, സിട്രൺ eC3, വരാനിരിക്കുന്ന മഹീന്ദ്ര eKUV100 തുടങ്ങിയ ഇലക്ട്രിക് വാഹനങ്ങളുമായി മാറ്റുരയ്ക്കും. നിലവിൽ ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത കുറഞ്ഞ വില നൽകിയാൽ എംജിക്ക് മുതലെടുക്കാനാവും. പിന്നെ മൈക്രോ കാറുകളൊന്നും ഇന്ത്യൻ വിപണിയിൽ ഇതുവരെ ക്ലച്ചുപിടിച്ചിട്ടില്ലാത്ത സങ്കൽപ്പങ്ങളും എംജി കോമെറ്റിന് തകർക്കേണ്ടതുണ്ട്. വിപണിയുടെ സ്വഭാവം പാടെ മാറിയതിനാൽ ഈ ഇത്തിരി കുഞ്ഞന് ഭാവിയുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.


Click it and Unblock the Notifications








