ഇന്ത്യയിൽ എത്തിയതിൽ പിന്നെ ആദ്യം, വിൽപ്പനയിൽ വൻകുതിപ്പുമായി എംജി
ഇന്ത്യയിലെ എസ്‌യുവി സെഗ്മെന്റിന്റെ മുഖംമാറ്റുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുള്ള നിർമാതാക്കളാണ് എംജി മോട്ടോർസ്. ബ്രിട്ടണിലാണ് ജനനമെങ്കിലും ഇന്ന് കർമംകൊണ്ട് ചൈനക്കാരനാണ് കമ്പനിയെന്നു പറായാം. കാരണം ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള വാഹന നിർമാതാക്കളായ SAIC മോട്ടോർ കോർപ്പറേഷൻ ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണ് എംജി പ്രവർത്തിക്കുന്നത് എന്നതു തന്നെ.
ആഭ്യന്തര വിപണിയിൽ 2019-ൽ അരങ്ങേറ്റം കുറിച്ച എംജി ഹെക്‌ടർ എന്ന ഇന്റർനെറ്റ് കണക്‌റ്റഡ് എസ്‌യുവി അവതരിപ്പിച്ചാണ് തുടക്കമിട്ടത്. പിന്നീട് രാജ്യത്ത് സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെ വിൽപ്പനയിൽ വൻ ഉയർച്ചയാണ് ഉണ്ടായത്. എംജി കൊണ്ടുവന്ന കണക്റ്റഡ് കാർ ടെക് പിന്നീട് രാജ്യത്തെ എല്ലാ ബ്രാൻഡുകളും ഏറ്റെടുക്കുകയുണ്ടായി. വൈവിധ്യമാർന്ന ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഹെക്‌ടറിന് ശേഷം ZS ഇവി, ഹെക്‌ടർ പ്ലസ്, ഗ്ലോസ്റ്റർ എന്നിവ ഇന്ത്യയിൽ എത്തിയതോടെ കമ്പനി രാജ്യത്ത് ചുവടുറപ്പിച്ചു.

എന്നാൽ ഹെക്ടർ അതിന്റെ ഏറ്റവും മികച്ച വിൽപ്പനക്കാരനായി ഇന്നും തുടരുകയാണ്. 2019-ൽ രാജ്യത്ത് അരങ്ങേറ്റം കുറിച്ചതിന് ശേഷം തങ്ങളുടെ എക്കാലത്തെയും മികച്ച പ്രതിമാസ വിൽപ്പന രേഖപ്പെടുത്തിയതെന്ന് എംജി മോട്ടോർ ഇന്ത്യ ഇപ്പോൾ ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. 2023 മാർച്ച് മാസത്തിൽ 6,051 യൂണിറ്റുകളുടെ റീട്ടെയിൽ വിൽപ്പനയാണ് കമ്പനി നേടിയതെന്നാണ് അറിയിച്ചിരിക്കുന്നത്. അതായത് വാർഷിക വിൽപ്പന കണക്കിൽ ഏതാണ്ട് 28 ശതമാനം വളർച്ചയാണ് ചൈനീസ് വാഹന നിർമാതാക്കൾ കൈവരിച്ചിരിക്കുന്നതെന്ന് സാരം.
ഗുജറാത്തിലെ ഹലോളിൽ നിന്നാണ് കമ്പനി തങ്ങളുടെ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നത്. വിവിധ പ്രാദേശികവൽക്കരണ സംരംഭങ്ങളിലൂടെ അർദ്ധചാലക വിതരണത്തെ ശക്തിപ്പെടുത്തുന്നതും ലോജിസ്റ്റിക്കൽ തടസങ്ങൾ ലഘൂകരിച്ചതും ഈ നേട്ടം കൈവരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതായി എംജി മോട്ടോർ ഇന്ത്യ പ്രസ്‌താവനയിലൂടെ അറിയിച്ചിട്ടുണ്ട്. ടൊയോട്ട ഫോർച്യൂണറിനെതിരെ മത്സരിക്കുന്ന ഗ്ലോസ്റ്റർ ഫുൾ സൈസ് എസ്‌യുവിയുടെ വിൽപ്പന ക്രമാനുഗതമായി ഉയർന്നെന്നും കമ്പനി പറയുന്നു. സെഗ്മെന്റിലെ രണ്ടാമനായിരുന്ന ഫോർഡ് എൻഡവർ കളമൊഴിഞ്ഞതാണ് ഗ്ലോസ്റ്ററിന് ഗുണമായത്.

ADAS സാങ്കേതികവിദ്യയും ഇൻ-കാർ കണക്റ്റിവിറ്റി സവിശേഷതകളും ജനങ്ങളിലേക്ക് എത്തിക്കുന്ന ആദ്യത്തെ ബ്രാൻഡുകളിലൊന്നായി വേണം എംജിയെ വിശേഷിപ്പിക്കാൻ. അതായത് ഇന്ന് ട്രെൻഡിംഗായ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റവും രാജ്യത്തെ മാസ്-മാർക്കറ്റ് വാഹനങ്ങളിൽ അവതരിപ്പിച്ച ആദ്യ ബ്രാൻഡാണ് എംജി എന്നതു തന്നെ. ഇനി ഉടൻ തന്നെ രാജ്യത്തെ ആദ്യത്തെ മൈക്രോ ഇലക്ട്രിക് കാർ പുറത്തിറക്കിയാണ് കമ്പനി വിപ്ലവം തീർക്കാൻ ഒരുങ്ങുന്നത്.
വരാനിരിക്കുന്ന എംജി കോമറ്റ് അന്താരാഷ്ട്ര വിപണിയിൽ വിൽക്കുന്ന വുലിംഗ് എയർ ഇവി അടിസ്ഥാനമാക്കിയുള്ള രണ്ട് ഡോറുകളുള്ള ചെറിയ ഇലക്ട്രിക് വാഹനമാണ്. ഒറ്റ ചാർജിൽ ഏകദേശം 300 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് അവകാശപ്പെടുന്ന ഇതിന് കോമറ്റ് എന്നാണ് പേരിട്ടിരിക്കുന്നതും. ഈ മാസം അവസാനത്തോടെ ഇവിയെ വിപണിക്കായി സമർപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. എംജിയുടെ ഇന്ത്യയിലെ രണ്ടാമത്തെ സമ്പൂർണ-ഇലക്‌ട്രിക് മോഡലായിരിക്കും ഇത്.

എന്നാൽ പല തരത്തിൽ ZS ഇവിയിൽ നിന്ന് കാര്യമായ വ്യത്യാസമാണ് ഈ ഇത്തിരി കുഞ്ഞൻ കാറിനുണ്ടാവുക. ഏകദേശം 10 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന എംജി കോമറ്റ് ശരിക്കും വലിയ സിറ്റി യാത്രകൾക്ക് ഉപയോഗപ്രദമായ രീതിയിലാണ് മെനഞ്ഞെടുത്തിരിക്കുന്നത്. 17.3 kWh ബാറ്ററി പായ്ക്ക് ഉള്ള കാറിന് ഏകദേശം 250 കിലോമീറ്റർ റേഞ്ച് എങ്കിലും ഉണ്ടാവുമെന്നാണ് വിവരം. അതേസമയം ഉയർന്ന വേഗത മണിക്കൂറിൽ 100 കിലോമീറ്ററുമായിരിക്കും.
വെറും 2.9 മീറ്റർ നീളത്തോടെ എംജി എയർ ഇവി രാജ്യത്തെ ഏറ്റവും ചെറിയ കാറായി ഇത് മാറുകയും ചെയ്യും. 2010 മില്ലീമീറ്റർ വീൽബേസും ആയിരിക്കും എംജിയുടെ വരാനിരിക്കുന്ന രണ്ടാമത്തെ ഇവിക്ക് ഉണ്ടായിരിക്കുക. ചെറിയ കാറാണെങ്കിലും എംജിയുടെ പാരമ്പര്യം നിലനിർത്താനായി അകത്തളം വളരെ പ്രീമിയമായാവും ഒരുങ്ങുക. ഇതിനായി രണ്ട് ഡോറുകളുള്ള കോമറ്റിന്റെ ഇന്റീരിയറിൽ ഡ്യുവൽ 10.25 ഇഞ്ച് ഡിസ്‌പ്ലേ ഉൾപ്പെടെയുള്ള സവിശേഷതകളാണ് സമ്മാനിക്കാൻ ഒരുങ്ങുന്നത്.

ഇതിൽ ഒന്ന് ഇൻഫോടെയ്ൻമെന്റിനും മറ്റൊന്ന് ഇൻസ്ട്രുമെന്റേഷനുമായാണ് ഉപയോഗിക്കുക. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റേഷനുമുള്ള ഡ്യുവൽ 10.2 ഇഞ്ച് സ്‌ക്രീനുകൾ, 2-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, പ്രീമിയം അപ്‌ഹോൾസ്റ്ററി, ഇലക്‌ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 12 ഇഞ്ച് അലോയ് വീലുകൾ, സിംഗിൾ പാൻ സൺറൂഫ് എന്നിവയായിരിക്കും മറ്റ് ഹൈലൈറ്റുകൾ. എന്തായാലും എംജിയുടെ പുതിയ കാർ നിരത്തുകൾക്ക് ഒരു പുതുയുള്ള കാര്യമായിരിക്കും. ഇത്രയും ഉയർന്ന വില നൽകി ഒരു വലിപ്പം കുറഞ്ഞ കാർ ഇന്ത്യക്കാർ വാങ്ങുമോ എന്ന കാര്യം കാത്തിരുന്നു തന്നെ കാണാം.


Click it and Unblock the Notifications








