ഓട്ടോ എക്‌സ്‌പോയിൽ ആറാടാൻ എംജി; MG5 എസ്റ്റേറ്റ് ഇവിയും ഇന്ത്യയിൽ പ്രദർശിപ്പിക്കും
അടുത്തയാഴ്ച്ച ആരംഭിക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ കളംനിറയാൻ ഒരുങ്ങുകയാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ എംജി മോട്ടോർസ്. ഇത്തവണ ഇലക്ട്രിക് മോഡലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇതിന്റെ ഭാഗമായി എയർ ഇവി ഉൾപ്പടെ കുറഞ്ഞത് രണ്ട് ഇലക്ട്രിക് വാഹനങ്ങളെങ്കിലും പ്രദർശിപ്പിക്കുമെന്ന് ബ്രിട്ടീഷ് വംശജരായ എംജി മോട്ടോർസ് ഇതിനകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
ജനുവരി 13 മുതൽ 18 വരെ ഗ്രേറ്റർ നോയിഡ എക്‌സ്‌പോ മാർട്ടിൽ നടക്കുന്ന ദ്വിവത്സര ഓട്ടോ എക്‌സിബിഷനിൽ മൈക്രോ ഇലക്ട്രിക് മോഡലായ എയർ ഇവിയാവും ഹൈലൈറ്റ് എങ്കിലും MG4 ഇലക്ട്രിക് ക്രോസ്ഓവറിനെയും ബ്രാൻഡ് പരിചയപ്പെടുത്തും. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം MG5 എന്ന ഇലക്ട്രിക് എസ്‌യുവിയും എക്സ്പോയിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് എംജി മോട്ടോർസ് എന്നാണ് ലഭിക്കുന്ന വിവരം. MG5 ഇലക്ട്രിക് എസ്റ്റേറ്റ് പതിപ്പായാണ് ബ്രാൻഡ് രൂപം കൊടുത്തിരിക്കുന്നത്.

2017-ൽ ചൈനയിൽ ആദ്യമായി അവതരിപ്പിച്ച MG5 ഇവി ശരിക്കും 2020-ലാണ് യൂറോപ്യൻ വിപണിയിൽ അരങ്ങേറ്റം നടത്തുന്നത്. തുടർന്ന് 2021 മധ്യത്തിൽ മോഡലിന് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും കമ്പനി സമ്മാനിച്ചു. ഒരു അഞ്ച് ഡോർ ഫൈവ് സീറ്റർ ഇലക്ട്രിക് എസ്‌യുവിയായാണ് എംജി വാഹനത്തിനെ ഡിസൈൻ ചെയ്‌തിരിക്കുന്നത്. ആഗോള വിപണിയിൽ സ്റ്റേഷൻ വാഗൺ അല്ലെങ്കിൽ എസ്റ്റേറ്റ് എന്നും ഇത് അറിയപ്പെടുന്നുണ്ട്. വലിപ്പത്തിന്റെ കാര്യത്തിലും ഇന്റീരിയർ സ്പേസിവും മോഡൽ വേറെ ലെവലാണെന്നു വേണം പറയാൻ.
വലിപ്പത്തിന്റെ കാര്യത്തിൽ MG5 എസ്റ്റേറ്റിന് 4,600 mm നീളവും 1,818 mm വീതിയും 1,543 mm ഉയരവും 2,659 mm വീൽബേസും വാഗ്ദാനം ചെയ്യുന്നുണ്ട്. 1,367 ലിറ്റർ ലഗേജ് സ്പേസ് നൽകാനാകുന്ന വലിയ ബൂട്ട് സ്പേസും മോഡലിന്റെ ഹൈലൈറ്റുകളിൽ ഒന്നാണ്. ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ എംജി ഇവിയുടെ ഏറ്റവും പുതിയ ആവർത്തനം മുമ്പത്തെ മോഡലിനേക്കാൾ കൂടുതൽ കാര്യക്ഷമമായ രൂപകൽപ്പനയാണ് അവതരിപ്പിക്കുന്നതെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാകും.

ഇടുങ്ങിയ ക്ലോസ്ഡ്-ഓഫ് ഗ്രില്ലിന് അരികിലുള്ള മെലിഞ്ഞ സ്വീപ്‌ബാക്ക് ഹെഡ്‌ലാമ്പുകളും സെൻട്രൽ എയർ ഡാമും ആംഗുലാർ വെന്റുകൾ ഫീച്ചർ ചെയ്യുന്ന വൃത്തിയുള്ള ബമ്പറുമാണ് മുൻവശത്തെ പ്രധാന സവിശേഷതകൾ. പിന്നിലേക്ക് നീളുന്ന വൃത്തിയായി ഒഴുകുന്ന ഷോൾഡർ ലൈനാണ് വശക്കാഴ്ച്ചയിൽ മതിപ്പുളവാക്കുന്നത്. അലങ്കോലമില്ലാത്ത ബമ്പർ, റേക്ക് ചെയ്ത പിൻ വിൻഡ്‌സ്‌ക്രീൻ, വൈ ആകൃതിയിലുള്ള എൽഇഡി ലൈറ്റ് ഗൈഡുകളുള്ള വലിയ ടെയിൽ ലാമ്പുകൾ എന്നിവയാണ് പിൻഭാഗത്തിലെ മറ്റ് സവിശേഷതകൾ.
സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളും ഫ്രീ-സ്റ്റാൻഡിംഗ് സെൻട്രൽ ടച്ച്‌സ്‌ക്രീനും ഉപയോഗിച്ചുള്ള ലേയേർഡ് ഡാഷ്‌ബോർഡ് ഡിസൈൻ തന്നെയാണ് MG5 എസ്റ്റേറ്റ് ഇലക്ട്രിക് എസ്‌യുവിയുടെ ശ്രദ്ധാകേന്ദ്രം. മറ്റ് ആകർഷകമായ ഫീച്ചറുകൾ നൽകാനും എംജി മറന്നിട്ടില്ലെന്നു വേണം പറയാൻ. ആഗോളതലത്തിൽ എംജി മോട്ടോർസ് രണ്ട് സെറ്റ് ബാറ്ററി പായ്ക്കുകളോട് കൂടിയാണ് ഇലക്ട്രിക് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. ചെറിയ 50.3 kWh ലിഥിയം അയൺ യൂണിറ്റ് ഒരു തവണ ചാർജ് ചെയ്താൽ 320 കിലോമീറ്റർ വരെ റേഞ്ച് നൽകുമെന്നാണ് ബ്രാൻഡ് പറയുന്നത്.

അതേസമയം MG5 എസ്റ്റേറ്റിലെ വലിയ 61.1 kWh ബാറ്ററി പായ്ക്ക് റീചാർജ് ചെയ്യാതെ തന്നെ 400 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഇവിക്കൊപ്പം 11 kW എസി ചാർജർ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ഒരാൾ DC ഫാസ്റ്റ് ചാർജർ ഉപയോഗിക്കുകയാണെങ്കിൽ MG5 ഇലക്ട്രിക്കിന് വെറും 40 മിനിറ്റിനുള്ളിൽ അഞ്ച് ശതമാനം മുതൽ 80 ശതമാനം വരെ റീചാർജ് ചെയ്യാൻ കഴിയും. ഷോർട്ട് റേഞ്ച്, ലോംഗ് റേഞ്ച് എന്നീ വേരിയന്റുകളിലാണ് കാറിനെ വിപണിയിൽ എത്തിച്ചിരിക്കുന്നത്.
ബാറ്ററിയുടെ വലുപ്പം അനുസരിച്ച് ഷോർട്ട് റേഞ്ച് MG5 ഇവിക്ക് പരമാവധി 177 bhp വരെ കരുത്തും 280 Nm torque ഉം സൃഷ്ടിക്കാൻ കഴിയും. അതേസമയം ലോംഗ് റേഞ്ച് പതിപ്പിന് 156 bhp പവറിൽ പരമാവധി 280 Nm torque വരെയും നൽകാനാവും. 8.3 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ എസ്റ്റേറ്റ് മോഡലിന് കഴിയും. കൂടാതെ 185 കിലോമീറ്ററാണ് ഇലട്രിക് വാഹനത്തിന്റെ പരമാവധി വേഗതയായി എംജി മോട്ടോർസ് നിശ്ചയിച്ചിരിക്കുന്നത്.


Click it and Unblock the Notifications








