എംജിയുടെ അഡാറ് ഇയർ എൻഡ് ഓഫർ, കുഞ്ഞൻ ഇലക്‌ട്രിക് കാർ വരെ ലാഭത്തിൽ വാങ്ങാം
ഇന്ത്യയിൽ പുതിയ ഉടമയെ കണ്ടെത്തിയ സന്തോഷത്തിലാണ് എംജി മോട്ടോർസ്. ഹെക്‌ടർ ബ്രദേഴ്‌സിലൂടെ നമ്മുടെ മനസിലേക്ക് കുടിയേറിയ കമ്പനി പിന്നീട് ഗ്ലോസ്റ്റർ, ആസ്റ്റർ പോലുള്ള തട്ടുപൊളിപ്പൻ എസ്‌യുവികൾ ഇന്ത്യക്ക് സമ്മാനിച്ചതിനു പുറമെ ZS ഇവി, കോമെറ്റ് ഇവി എന്നിങ്ങനെ രണ്ട് ഇലക്‌ട്രിക് കാറുകൾ കൂടി പുറത്തിറക്കി ഭാവി ഭദ്രമാക്കിയിട്ടുണ്ട്. ബാറ്ററി കാറുകൾ സാധാരണക്കാർക്കും വാങ്ങാനാവുന്ന രീതിയിലേക്കെത്തിക്കാൻ ബ്രാൻഡ് വഹിച്ച പങ്ക് മറക്കാവാത്തതാണ്.
നിലവിൽ പ്രലോഭിപ്പിക്കുന്ന ഇയർ എൻഡ് ഓഫറുകൾ വാഗ്ദാനം ചെയ്യുന്ന കാർ നിർമാതാക്കളുടെ നീണ്ട പട്ടികയിലേക്ക് എംജി മോട്ടോർസും ചേരുകയാണ്. കോമെറ്റ് ഇവി ഹാച്ച്ബാക്കും ZS ഇവി എസ്‌യുവിയും ഉൾപ്പെടെ മുഴുവൻ എംജി കാറുകൾക്കും എസ്‌യുവി ലൈനപ്പിലും ഓഫറുകൾ അണിനിരത്തിയാണ് ഡിസംബർ മാസം കൈപ്പിടിയിലാക്കാൻ കമ്പനി തയാറെടുക്കുന്നത്. ഇനി എംജിയുടെ വണ്ടികളെല്ലാം വൻ ലാഭത്തിൽ വാങ്ങാനിരിക്കുന്നവർക്കായി ഇയർ എൻഡ് ഓഫറുകൾ എങ്ങനെയെന്ന് വിശദീകരിക്കാം.

എംജി മോട്ടോർ ഇന്ത്യ തങ്ങളുടെ ഗ്ലോസ്റ്റർ, ആസ്റ്റർ, ZS ഇവി എന്നീ മൂന്ന് എസ്‌യുവികൾക്ക് 1.50 ലക്ഷം രൂപ വരെയാണ് ഇയർ എൻഡ് ഓഫറായി ഒരുക്കിയിരിക്കുന്നത്. ഇതിൽ 1 ലക്ഷം രൂപ ക്യാഷ് ഡിസ്കൌണ്ടാണ്. ഫോർച്യൂണറിന് എതിരാളിയായി ഗ്ലോസ്റ്ററിന് ഈ മാസം ആറാടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയുമായി മത്സരിക്കുന്ന ആസ്റ്ററും സ്വന്തമാക്കാനുള്ള സുവർണാവസരമാണിത്.
മൂന്ന് എസ്‌യുവികൾക്കും ക്യാഷ് ഡിസ്കൌണ്ടിന് പുറമെ എക്‌സ്‌ചേഞ്ച് ആനുകൂല്യമായി 50,000 രൂപയും ലഭിക്കും. ജനപ്രിയമായ ഹെക്‌ടർ മോഡലുകളിലേക്ക് നോക്കിയാൽ 50,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ് ഇയർ എൻഡ് ഓഫറിനു കീഴിൽ കമ്പനി ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളായി 50,000 രൂപയും എംജി വാഗ്ദാനം ചെയ്യുന്നുണ്ട്. അങ്ങനെ മൊത്തം തുക ഒരു ലക്ഷം രൂപയായി ഉപഭോക്താക്കൾക്ക് ഉപയോഗപ്പെടുത്താം.

ഹെക്ടർ എസ്‌യുവി ഈ വർഷമാദ്യം രണ്ടാമത്തെ ഫെയ്‌സ്‌ലിഫ്റ്റിലൂടെ കൂടുതൽ സവിശേഷതകൾ നൽകി അപ്‌ഡേറ്റ് ചെയ്തു. 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 2.0 ലിറ്റർ ഡീസലുമായാണ് എസ്‌യുവി വരുന്നത്. ഇത് ഹാരിയർ, സഫാരി, ജീപ്പ് കോമ്പസ് എന്നിവയിലും പ്രവർത്തിക്കുന്ന അതേ എഞ്ചിൻ ഓപ്ഷനാണ്. ഇനി ബ്രാൻഡിന്റെ ഏറ്റവും ചെറിയ കാറായ കോമെറ്റിന്റെ കാര്യത്തിലേക്ക് വന്നാൽ എംജിയുടെ ഇലക്ട്രിക് കാറിന്റെ വേരിയന്റിനെ ആശ്രയിച്ച് 65,000 രൂപ വരെ കിഴിവോടെ സ്വന്തമാക്കാം.
17.3kWh ബാറ്ററി പായ്ക്കുമായാണ് മോഡലിന്റെ വരവ്. വാട്ടർ, ഡസ്റ്റ് എന്നിവയുട പ്രതിരോധത്തിനായി IP67-റേറ്റുചെയ്തിട്ടുമുണ്ട്. സിംഗിൾ ചാർജിൽ ARAI സാക്ഷ്യപ്പെടുത്തിയ 230 കിലോമീറ്റർ റേഞ്ചാണ് വാഹനത്തിന് ലഭിക്കുന്നത്. ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ 7 മണിക്കൂർ എടുക്കുന്ന സിറ്റി ഇവി ക്കായി 3.3kW ഓൺബോർഡ് ചാർജറും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കാഴ്ച്ചയിൽ കുഞ്ഞനാണെങ്കിലും ഫീച്ചറുകളാൽ സമ്പന്നമാണ് മോഡൽ.

ടോപ്പ്-സ്പെക്ക് കോമെറ്റിന് രണ്ട് 10.25 ഇഞ്ച് സ്‌ക്രീനുകളാണ് ലഭിക്കുന്നത്. ഒന്ന് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും മറ്റൊന്ന് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനുമായാണ് ഉപയോഗിക്കുന്നത്. ഫ്രണ്ട് പാസഞ്ചർ സീറ്റിന് വൺ-ടച്ച് ടംബിൾ ആൻഡ് ഫോൾഡ് ഫീച്ചർ ഉണ്ട്. പിൻ സീറ്റുകൾക്ക് 50:50 സ്പ്ലിറ്റ് ലഭിക്കും. എബിഎസ്, ഇബിഡി, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), റിവേഴ്സ് ക്യാമറയും സെൻസറുകളും കൂടാതെ ഡ്യുവൽ ഫ്രണ്ട് എയർബാഗുകളും കോമെറ്റ് ഇവിയിലെ സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുന്നു.
2024 ജനുവരി മുതൽ തങ്ങളുടെ നിരയിലെ എല്ലാ കാറുകൾക്കും വില വർധിപ്പിക്കുമെന്ന് എംജി മോട്ടോർ ഇന്ത്യ അടുത്തിടെ ഒരു പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായാണ് ഗംഭീര ഇയർ എൻഡ് ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. വിലക്കയറ്റത്തിന്റെ കൃത്യമായ അളവ് വ്യക്തമാക്കിയിട്ടില്ലെങ്കിലും അധികം വൈകാതെ ഇക്കാര്യവും പുറത്തുവിടുമെന്നാണ് അറിയാൻ കഴിഞ്ഞത്.

മൊത്തത്തിലുള്ള പണപ്പെരുപ്പവും ചരക്ക് വില വർധനയും കാരണം വർധിച്ചുവരുന്ന ചെലവുകളുമായി പൊരുത്തപ്പെടാനാണ് ചെറിയൊരു വില വർധനവ് നടപ്പിലാക്കാൻ പോവുന്നത്. എംജിക്ക് പുറമെ രാജ്യത്തെ മറ്റ് പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കി, ടാറ്റ മോട്ടോർസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹ്യുണ്ടായി പോലുള്ള വമ്പൻ കമ്പനികളും ജനുവരി മുതൽ വില വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.


Click it and Unblock the Notifications








