2.30 ലക്ഷം രൂപ കുറച്ചിട്ടുണ്ട്, ഈ ഇലക്‌ട്രിക് എസ്‌യുവിയുടെ കൂടെ ഒരു യൂസ്‌ഡ് കാറും വാങ്ങി മുറ്റത്തിടാം
ഇന്ത്യയിൽ ഇലക്‌ട്രിക് കാറുകൾ ട്രെൻഡാക്കിയവരാണ് ടാറ്റ മോട്ടോർസ്. നെക്സോൺ ഇവിയിലൂടെ കളംപിടിച്ച കമ്പനി ഇന്ന് രാജ്യത്തെ നമ്പർ വൺ വൈദ്യുത വാഹന നിർമാതാക്കളാണ്. എന്നാൽ ഇന്ത്യൻ ബ്രാൻഡിന് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്നത് ആരെന്ന് ചോദിച്ചാൽ അതൊരു ചൈനീസ് കമ്പനിയാണെന്ന് വേണം പറയാൻ.
ബജറ്റ് സെഗ്മെന്റിൽ ടിയാഗോയ്ക്ക് എതിരെ കോമെറ്റിനെയും പ്രീമിയം വിഭാഗത്തിൽ നെക്സോൺ ഇവിക്കെതിരെ ZS ഇവിയും പുറത്തിറക്കുന്ന എംജി മോട്ടോർസ് തന്നെയാണ് ടാറ്റയുടെ ഇപ്പോഴത്തെ വില്ലൻ. ഉടൻ തന്നെ ഇന്ത്യൻ കമ്പനിയാവാൻ പോവുന്ന മോറിസ് ഗരാജസ് ഇപ്പോഴിതാ തങ്ങളുടെ ജനപ്രിയ ഇലക്‌ട്രിക് എസ്‌യുവിയായ ZS ഇവിയുടെ വിലയിൽ വലിയ കിഴിവ് കൊണ്ടുവന്നിരിക്കുകയാണ്. വരുന്ന ഉത്സവ സീസണിൽ വിൽപ്പന കൂടുതൽ പിടിക്കാനുള്ള നീക്കം വിപ്ലവം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എംജി മോട്ടോർ ഇന്ത്യ തങ്ങളുടെ ഇലക്ട്രിക് എസ്‌യുവിയായ ZS ഇവിയുടെ വില പുതുക്കിയത് ടാറ്റയ്ക്ക് വലിയ തിരിച്ചടിയായേക്കും. ഏറ്റവും പുതിയ വില പരിഷ്‌ക്കരണങ്ങൾക്കൊപ്പം മുൻനിര മോഡൽ കൂടുതൽ താങ്ങാനാവുന്നതായി. ഇപ്പോൾ 22.88 ലക്ഷം രൂപ മുതലാണ് വൈദ്യുത കാറിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ്, എക്‌സ്‌ക്ലൂസീവ് പ്രോ എന്നിങ്ങനെ നാല് വേരിയന്റുകളിൽ എംജിയുടെ ഈ തട്ടുപൊളിപ്പൻ സ്പോർട് യൂട്ടിലിറ്റ് വാഹനം സ്വന്തമാക്കാനുമാവും.
ZS ഇവിയുടെ എക്‌സൈറ്റ് പതിപ്പിന്റെ വില 50,000 രൂപയോളം വെട്ടിക്കുറച്ചപ്പോൾ ഇലക്‌ട്രിക് എസ്‌യുവിയുടെ എക്‌സ്‌ക്ലൂസീവ്, എക്‌സ്‌ക്ലൂസീവ് പ്രോ വേരിയന്റുകൾക്ക് യഥാക്രമം 2.30 ലക്ഷം രൂപയും. 2.00 ലക്ഷം രൂപയുമാണ് ചൈനീസ് വാഹന നിർമാതാക്കളായ എംജി മോട്ടോർസ് കുറച്ചിരിക്കുന്നത്. അതായത് ഈ പൈസ ലാഭിച്ച് പുത്തനൊരു സെക്കൻഡ് ഹാൻഡ് കാർ കൂടി നിങ്ങടെ ചെറിയ ഉപയോഗങ്ങൾക്കായി വീട്ടിൽ വാങ്ങിയിടാമെന്ന് സാരം.

അതായത് വേരിയന്റ് തിരിച്ചുള്ള കൃത്യമായ പുതുക്കിയ വില വിവരങ്ങൾ പറഞ്ഞാൽ എംജി ZS ഇവിയുടെ എക്സൈറ്റ് വേരിയന്റിന് 22.88 ലക്ഷമാണ് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. അതേസമയം രണ്ടാമത്തെ എക്സ്ക്യൂസീവ് പതിപ്പിന് 24.99 ലക്ഷവും എക്സ്ക്ലൂസീവ് ഐക്കണിക് ഐവറി മോഡലിന് 25.10 ലക്ഷം രൂപയും മാത്രം മുടക്കിയാൽ മതിയാവും. ഇനി ടോപ്പ് എൻഡ് വേരിയന്റായ എക്സ്ക്യൂസീവ് പ്രോ വേരിയന്റിന് 25.89 ലക്ഷമാണ് പുതുക്കിയ വില.
എക്സ്ക്യൂസീവ് പ്രോയുടെ ഐക്കണിക് ഐവറി കളർ ഓപ്ഷനായി 25.99 ലക്ഷവും എക്സ്ഷോറൂം വിലയായി നൽകണം. ADAS സേഫ്റ്റി ഫീച്ചറുമായി എംജി ZS ഇവി ജൂലൈയിൽ പുറത്തിറക്കിയിരുന്നു. ആ സമയത്ത് ഇലക്‌ട്രിക് എസ്‌യുവിയുടെ ബേസ് വേരിയന്റിന് 23.38 ലക്ഷം രൂപയും ടോപ്പ് എൻഡ് ഡ്യുവൽ ടോൺ വേരിയന്റിന് 28 ലക്ഷം രൂപയുമായിരുന്നു ചെലവഴിക്കേണ്ടി വന്നിരുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ വില എന്തായാലും ആളെക്കൂട്ടാൻ സഹായിക്കും.

വിപണിയിലെ പ്രാരംഭ ഓൾ-ഇലക്‌ട്രിക് കാർ മോഡലുകളിലൊന്നാണ് ZS ഇവി. ഇതുവരെ കമ്പനിക്ക് ന്യായമായ രീതിയിൽ വിൽപ്പന പിടിച്ചുകൊടുക്കാനും കാറിനായിട്ടുണ്ട്. അധികം കംപ്ലയിന്റുകളോ പരാധികളോ ഒന്നും കേൾപ്പിക്കാതെ ഇ-എസ്‌യുവി മുന്നോട്ടു പോവുകയാണ്. ഡിസി ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 50.3 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്.
ഡസ്റ്റിൽ നിന്നും വെള്ളത്തിൽ നിന്നും ബാറ്ററിയെ പ്രതിരോധിക്കാൻ കഴിയുന്ന തരത്തിലാണ് കമ്പനി ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സിംഗിൾ മോട്ടോർ സജ്ജീകരണത്തിലൂടെ 174 bhp കരുത്തിൽ പരമാവധി 280 Nm torque വരെ ഉത്പാദിപ്പിക്കുന്ന തരത്തിലാണ് മോട്ടോർ ട്യൂൺ ചെയ്തിരിക്കുന്നത്. ഒറ്റ ചാർജിൽ 419 കിലോമീറ്റർ റേഞ്ച് നൽകാനും ZS ഇവിയുടെ 50.3kWh ബാറ്ററി പായ്ക്കിന് സാധിക്കും.

വാഹനത്തിന്റെ പ്രവർത്തനച്ചെലവ് 60 പൈസ/കിമി ആണെന്നാണ് എംജി പറയുന്നത്. കർശനമായ സുരക്ഷയും പെർഫോമൻസ് ആവശ്യകതകളും നിറവേറ്റുന്നതിായി വികസിപ്പിച്ച ബാറ്ററിയാണ് ZS ഇവിയിൽ പ്രവർത്തിക്കുന്നതെന്നും കമ്പനി പറയുന്നുണ്ട്. ഇതോടൊപ്പം UL2580 സേഫ്റ്റി മാനേജ്‌മെന്റ് സിസ്റ്റവും ASIL-D മെച്ചപ്പെടുത്തിയ സുരക്ഷാ ഇന്റഗ്രിറ്റി ലെവൽ റേറ്റിംഗും കാറിലെ ബാറ്ററി പായ്ക്കിനുണ്ടെന്നാണ് എംജി മോട്ടോർസ് അവകാശപ്പെടുന്നുണ്ട്.


Click it and Unblock the Notifications