ADAS ഉൾപ്പടെ ഞെട്ടിക്കുന്ന മാറ്റങ്ങൾ! ടാറ്റയുടെ റെഡ് ഡാര്‍ക്ക് എഡിഷന്‍ വിപണിയിൽ
പ്രതീക്ഷയോടെ കാത്തിരുന്ന റെഡ് ഡാർക്ക് എഡിഷൻ മോഡലുകളെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ മോട്ടോർസ്. നെക്സോൺ, ഹാരിയർ, സഫാരി എന്നീ എസ്‌യുവി മോഡലുകളെയാണ് കറുപ്പിൽ ചുവപ്പണിഞ്ഞ് ഒരുക്കിയെടുത്തിരിക്കുന്നത്. എക്കാലവും ടാറ്റയുടെ സ്പെഷ്യൽ എഡിഷൻ വേരിയന്റുകൾക്ക് ലഭിക്കുന്ന സ്വീകാര്യത ഈ പുതുപുത്തൻ പതിപ്പുകൾക്കും ലഭിക്കുമെന്നാണ് കമ്പനിയുടെ വിശ്വാസം.
ഹാരിയറിനും സഫാരിക്കുമൊപ്പം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായ നെക്‌സോണിനെയും ഇത്തവണ കൂടെക്കൂട്ടിയിട്ടുണ്ടെന്നതും ഡീലർഷിപ്പിലേക്ക് ആളെ എത്തിക്കാൻ സഹായിക്കുന്ന കാര്യമാണ്. അധിക ഫീച്ചറുകളും വിഷ്വൽ പരിഷ്ക്കാരങ്ങളും സഹിതമാണ് പുതിയ ഡാർക്ക് സീരീസിനെ കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്. പുതിയ റെഡ് ഡാർക്ക് എഡിഷനുകൾ വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ADAS സാങ്കേതികവിദ്യയും പോലുള്ള കിടിലൻ സവിശേഷതകളോടെയാണ് കാലുകുത്തിയിരിക്കുന്നത്.

കൃത്യമായ ഇടവേളകളിൽ അപ്‌ഡേറ്റുകൾ അവതരിപ്പിക്കുന്നതിനുള്ള തന്ത്രമാണ് ടാറ്റയുടെ വിജയത്തിന് പിന്നിലെ രുചിക്കൂട്ട്. അടുത്തിടെ നിർത്തലാക്കിയ നിർത്തലാക്കിയ ജെറ്റ് എഡിഷനുകളുടെ പിൻഗാമിയാണ് പുതിയ റെഡ് ഡാർക്ക് എഡിഷൻ. എന്നാൽ മുൻഗാമി വിപണിയിൽ കാര്യമായ ചലനങ്ങൾ സൃഷ്‌ടിക്കാതിരുന്നത് കമ്പനിക്ക് തിരിച്ചടിയായിരുന്നുവെന്നു വേണം പറയാൻ. ഈ ക്ഷീണവും പുതിയ വേരിയന്റുകൾ തീർക്കേണ്ടതുണ്ട്. അടുത്തിടെ ഹാരിയർ, സഫാരി എസ്‌യുവികൾക്ക് വിൽപ്പനയുടെ കാര്യത്തിലുണ്ടായ തിരിച്ചടിക്കുള്ള മറുപടിയും ഇതിലൂടെയുണ്ടാവും.
കാർനെലിയൻ റെഡ് ഹൈലൈറ്റുകൾ, ഒബെറോൺ ബ്ലാക്ക് എക്സ്റ്റീരിയർ കളർ ഓപ്ഷൻ, സിർക്കോൺ റെഡ് ആക്‌സന്റുകളോട് കൂടിയ പിയാനോ ബ്ലാക്ക് ഗ്രിൽ ഫിനിഷ്, കോൺട്രാസ്റ്റ് റെഡ് കാലിപ്പറുകളുള്ള 18 ഇഞ്ച് ചാർക്കോൾ ബ്ലാക്ക് അലോയ് വീലുകൾ, ഫെൻഡറുകളിലെ ഡാർക്ക് ലോഗോ എന്നിവയാണ് പുതിയ നെക്സോൺ, ഹാരിയർ, സഫാരി റെഡ് ഡാർക്ക് എഡിഷനുകളിലെ പ്രധാന പരിഷ്ക്കാരങ്ങൾ. ഈ പ്രത്യേക പതിപ്പുകൾക്കായുള്ള പ്രീ-ബുക്കിംഗും ടാറ്റ മോട്ടോർസ് ആരംഭിച്ചിട്ടുണ്ട്.

താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 2023 നെക്‌സോൺ, ഹാരിയർ, സഫാരി റെഡ് ഡാർക്ക് എഡിഷനുകൾ ഇപ്പോൾ അംഗീകൃത ടാറ്റ ഡീലർഷിപ്പുകളിൽ പോയി 30,000 രൂപ ടോക്കൺ തുക നൽകി ഇപ്പോൾ ബുക്ക് ചെയ്യാം. പുതിയ നെക്‌സോൺ പെട്രോൾ റെഡ് ഡാർക്ക് എഡിഷന് 12.35 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. അതേസമയം ഇതേ വേരിയന്റിന്റെ ഡീസൽ പതിപ്പിനായി 13.70 ലക്ഷം രൂപയും ചെലവഴിക്കേണ്ടി വരും.
ഹാരിയർ റെഡ് ഡാർക്ക് എഡിഷന്റെ വില 21.77 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നതെങ്കിൽ സഫാരി റെഡ് ഡാർക്ക് എഡിഷന് 22.61 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ഇനി പുത്തൻ വേരിയന്റുകളിലെ ഇൻ്റീരിയർ മാറ്റങ്ങളിലേക്ക് നോക്കിയാൽ ഡയമണ്ട് സ്റ്റൈൽ ക്വിൽറ്റിങ്ങോടുകൂടിയ കാർനെലിയൻ റെഡ് ലെതറെറ്റ് സീറ്റുകൾ, ഇൻറർ ഗ്രാബ് ഹാൻഡിലുകളിലും സെൻട്രൽ കൺസോളിലും സമാനമായ ഫിനിഷിംഗ്, ഹെഡ്‌റെസ്റ്റിലെ ഡാർക്ക് ലോഗോ, സ്റ്റീൽ ബ്ലാക്ക് ഫ്രണ്ട് ഡാഷ്‌ബോർഡ് ഡിസൈൻ, സ്റ്റിയറിങ്ങിൽ പിയാനോ ബ്ലാക്ക് ആക്‌സന്റ് തുടങ്ങിയ മാറ്റങ്ങളും കാണാം.

ആറ് ഭാഷകളിലായി 200-ൽ അധികം വോയ്‌സ് കമാൻഡുകൾ, മെമ്മറിയും വെൽക്കം ഫംഗ്‌ഷനുമുള്ള ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, 360-ഡിഗ്രി ക്യാമറ സിസ്റ്റം, ഏഴ് ഇഞ്ച് TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുതിയ UI സജ്ജീകരണമുള്ള വലിയ 10.25 ഇഞ്ച് ഹർമൻ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് എന്നിവയാണ് ഹാരിയർ, സഫാരി റെഡ് ഡാർക്ക് എഡിഷൻ മോഡുകളിലെ പ്രധാന സവിശേഷതകൾ. തീർന്നില്ല, ഇതിനു പുറമെ മറ്റ് കിടിലൻ ഫീച്ചറുകളും എസ്‌യുവികളിൽ ടാറ്റ കോർത്തിണക്കിയിട്ടുണ്ട്.
ഇലക്ട്രിക് ബോസ് മോഡ് സഹിതം ഫോർ-വേ പവർഡ് ഫ്രണ്ട് പാസഞ്ചർ സീറ്റുകൾ, സഫാരിയിൽ മൂഡ് ലൈറ്റിംഗ് ഉള്ള മജസ്റ്റിക് സൺറൂഫ് തുടങ്ങിയവയാണ് റെഡ് ഡാർക്ക് എഡിഷനുകളുടെ മറ്റ് പ്രത്യേകതകൾ. അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റമാണ് ഈ ഫ്ലാഗ്ഷിപ്പ് മോഡലുകളിൽ എത്തിയിരിക്കുന്ന മറ്റൊരു പ്രധാന കാര്യം. ഈ ഫീച്ചറിന്റെ വരവോടെ മുഖ്യ ശത്രുവായ മഹീന്ദ്ര XUV700, എംജി ഹെക്‌ടർ, പ്ലസ് എന്നിവയുമായി മുട്ടിനിൽക്കാൻ ടാറ്റയ്ക്ക് കൂടുതൽ കരുത്തുകിട്ടും.

ഫോർവേഡ് കൊളിഷൻ വാർണിംഗ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ഹൈ ബീം അസിസ്റ്റ്, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ്, ലെയ്ൻ ചേഞ്ച് അലർട്ട്, റിയർ കൊളിഷൻ വാർണിംഗ്, റിയർ ക്രോസ് ട്രാഫിക് അലേർട്ട് എന്നിവയാണ് ടാറ്റയുടെ ADAS ഫീച്ചറുകളിൽ ഉൾപ്പെടുന്നത്. ജനപ്രിയമായ നെക്സോണന് ഈ അഡ്വാൻസ്‌ഡ് ഫീച്ചർ നൽകാൻ കമ്പനി തയാറായില്ല.
അതേസമയം നെക്സോൺ റെഡ് ഡാർക്ക് എഡിഷന് മറ്റ് ചില നവീകരണങ്ങളാണ് ടാറ്റ മോട്ടോർസ് അവതരിപ്പിക്കുന്നത്. ഒബറോൺ ബ്ലാക്ക് ബോഡി കളർ, ഫ്രണ്ട് ഗ്രില്ലിൽ സിർക്കോൺ റെഡ് ഇൻസെർട്ടുകൾ, ചുവപ്പ് നിറത്തിലുള്ള ഫെൻഡറുകളിൽ ഡാർക്ക് ലോഗോ, 16 ഇഞ്ച് ബ്ലാക്ക്‌സ്റ്റോൺ അലോയ് വീലുകൾ എന്നിവയാണവ. 2023 ടാറ്റ നെക്‌സോൺ ഡാർക്ക് എഡിഷനിൽ കാർനെലിയൻ റെഡ് ഇന്റീരിയർ തീം, ലെതറെറ്റ് സീറ്റുകൾ, സ്റ്റീൽ ബ്ലാക്ക് ഫ്രണ്ട് ഡാഷ്‌ബോർഡ് ഡിസൈൻ, സ്റ്റിയറിംഗ് വീൽ, സെന്റർ കൺസോൾ, ഡോറുകൾ എന്നിവയിൽ ചുവന്ന ആക്‌സന്റുകൾ കോർത്തിണക്കിയിരിക്കുന്നതും മിഴിവേകുന്നുണ്ട്.


Click it and Unblock the Notifications








