കാർ വാങ്ങൽ എളുപ്പമാവില്ല... ജൂലൈ 11-ന് ശേഷം ഇത്തരം വാഹനങ്ങൾക്ക് വില കൂടും
ചരക്ക് സേവന നികുതി അഥവാ ജിഎസ്‌ടി (GST) എന്നു പറഞ്ഞാൽ അറിയാത്തവരായി ആരും തന്നെയുണ്ടാവില്ല അല്ലേ. 2017 ജൂലൈ ഒന്നിനാണ് ഈ സംവിധാനം ഇന്ത്യയിൽ നടപ്പിലാക്കുന്നത്. സ്വതന്ത്ര ഇന്ത്യയിൽ പരോക്ഷ നികുതി സംവിധാനത്തിലെ ഏറ്റവും വലിയ പരിഷ്ക്കരണ നടപടിയായാണ് ഇതിനെ കാണപ്പെടുന്നതു തന്നെ.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന ഒന്നിലധികം നികുതികൾക്ക് പകരമായാണ് ജിഎസ്ടി ഏർപ്പെടുത്തിയിരിക്കുന്നത് എന്നതെല്ലാം വലിയ ചർച്ചകൾക്കെല്ലാം വിധേയമായിരുന്നു. വാഹന വിപണിയിലും വലിയ ചലനങ്ങളാണ് ജിഎസ്‌ടി കൊണ്ടുവന്നത്. 2023 ജൂലൈ 11-ന് നടക്കാനിരിക്കുന്ന ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ വാഹന മേഖലയിലും സുപ്രധാനമായ തീരുമാനങ്ങൾക്ക് വഴിവെക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അതായത് മൾട്ടി യൂട്ടിലിറ്റി വാഹനങ്ങൾ (MUV), ക്രോസ്ഓവർ യൂട്ടിലിറ്റി വെഹിക്കിൾ (XUV) എന്നിവയുടെ നിർവചനം ജിഎസ്‌ടി കൗൺസിൽ വ്യക്തമാക്കാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ജൂലൈ 11-ന് ചേരുന്ന യോഗത്തിൽ കൗൺസിൽ ഇക്കാര്യം വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചരക്ക് സേവന നികുതിയുടെ (GST) ആവശ്യത്തിനായി സ്പോർട്ട് യൂട്ടിലിറ്റി വാഹനങ്ങൾക്ക് (SUV) തുല്യമായി എംയുവികളും എക്‌സ്‌യുവികളും നിർവചിക്കാൻ കേന്ദ്ര-സംസ്ഥാനങ്ങളിലെ നികുതി ഉദ്യോഗസ്ഥർ അടങ്ങുന്ന ഫിറ്റ്‌മെന്റ് കമ്മിറ്റി ജിഎസ്ടി കൗൺസിലിനോട് ശുപാർശ ചെയ്തു.
4 മീറ്ററിൽ കൂടുതൽ നീളം, 1500 സിസിയിൽ കൂടുതൽ എഞ്ചിൻ കപ്പാസിറ്റി, 170 മില്ലീമീറ്ററിൽ കൂടുതൽ ഗ്രൗണ്ട് ക്ലിയറൻസ് എന്നിങ്ങനെ മൂന്ന് മാനദണ്ഡങ്ങൾ പാലിച്ചാൽ എല്ലാ യൂട്ടിലിറ്റി വാഹനങ്ങൾക്കും 22 ശതമാനം സെസ് ഈടാക്കുമെന്നാണ് കമ്മിറ്റി ശുപാർശ. ചരക്ക് സേവന നികുതിയുടെ ചട്ടങ്ങൾ രൂപപ്പെടുത്തുന്നതിനായാണ് നിലവിലെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ നേതൃത്വത്തിൽ ജിഎസ്‌ടി കൗൺസിലിനെ സർക്കാർ നിയമിച്ചത്.

കേന്ദ്ര ധനമന്ത്രി ചെയർമാനും, സംസ്ഥാന പ്രതിനിധികൾ ഉൾപ്പെടുന്നതുമായ ജിഎസ്ടി കൗൺസിലിൽ 33 അംഗങ്ങളാണ് ഉൾപ്പെടുന്നത്. ഈ അംഗങ്ങളുൾപ്പെട്ട കൗൺസിൽ കഴിഞ്ഞ വർഷം ഡിസംബറിൽ എസ്‌യുവികളുടെ നിർവചനം എന്തായിരിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. അന്ന്, ചില സംസ്ഥാനങ്ങൾ മൾട്ടി യൂട്ടിലിറ്റി വാഹനങ്ങൾക്കും (MUV) സമാനമായ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിൻ പ്രകാരമാണ് ഇപ്പോൾ വ്യക്തത വരുത്താൻ കൗൺസിൽ തീരുമാനിച്ചിരിക്കുന്നത്.
ഇപ്പോൾ എല്ലാ എസ്‌യുവികളും മൾട്ടി യൂട്ടിലിറ്റി വാഹനങ്ങളും 28 ശതമാനം ജിഎസ്ടി സ്ലാബിലാണ് ഉൾപ്പെടുന്നത്. ജിഎസ്ടി കൗൺസിലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ 2017 സെപ്റ്റംബറിൽ നടന്ന 21-ാമത് യോഗത്തിൽ സ്പോർട്ട് യൂട്ടിലിറ്റി വാഹനങ്ങൾക്ക് (SUV) 22 ശതമാനം കോംപൻസേഷൻ സെസ് വിജ്ഞാപനം ചെയ്‌തിരിന്നു. ഏത് നാട്ടിലും വാഹനങ്ങളുടെ വില നിശ്ചയിക്കുന്നതിലെ ഒരു പ്രധാന ഘടകമാണ് നികുതി എന്നതിനാൽ പുതിയ തീരുമാനം വിപണിയെ എത്തരത്തിൽ ബാധിക്കുമെന്നത് കണ്ടറിയാം.

ബോഡി സ്‌റ്റൈല്‍, എഞ്ചിന്‍ ശേഷി, നീളം, വില എന്നിവയുള്‍പ്പെടെ വിവിധ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി വാഹന നികുതിയിൽ മാറ്റമുണ്ടാകും. കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന ജിഎസ്ടി കൗണ്‍സിൽ യോഗം പറയുന്നത് ഒരു വാഹനം എസ്‌യുവിയായി വിശേഷിപ്പിക്കപ്പെടണമെങ്കില്‍ അത് 4,000 മില്ലീമീറ്ററിലധികം നീളവും 1500 സിസിയില്‍ കൂടുതല്‍ എഞ്ചിന്‍ ശേഷിയും 170 മില്ലീമീറ്ററില്‍ കൂടുതല്‍ ഗ്രൗണ്ട് ക്ലിയറന്‍സും ഉണ്ടായിരിക്കണം എന്നാണ്.
ജിഎസ്ടിയുടെ പരിധിയില്‍ എസ്‌യുവിയായി യോഗ്യത നേടിയ വാഹനങ്ങള്‍ക്ക് 28 ശതമാനം ജിഎസ്ടിയും 22 ശതമാനം സെസും അല്ലെങ്കില്‍ 50 ശതമാനം മൊത്തം നികുതിയും ആയിരിക്കും ഏറ്റവും ഉയര്‍ന്ന നികുതി നിരക്ക്. ഇനി ഒരു വാഹനം ഈ മാനദണ്ഡങ്ങളിൽ ഏതെങ്കിലും ഒന്ന് പാലിക്കുന്നില്ലെങ്കില്‍, എസ്‌യുവികളില്‍ ഇതിനകം ഉള്ള 28 ശതമാനം ജിഎസ്ടിക്ക് മുകളിലുള്ള സെസ് നിരക്ക് കുറയും.
ഇതേ തന്ത്രമാണ് ഇനി മൾട്ടി യൂട്ടിലിറ്റി വാഹനങ്ങൾ (MUV), ക്രോസ്ഓവർ യൂട്ടിലിറ്റി വെഹിക്കിൾ (XUV) എന്നിവയുടെ നിർവചനത്തോടെയും വ്യക്തമാവാൻ പോവുന്നത്. അങ്ങനെ എസ്‌യുവികൾക്ക് തുല്യമായി എംയുവികളും എക്‌സ്‌യുവികളും നിർവചിക്കപ്പെട്ടാൽ 22 ശതമാനം സെസ് ഈടാക്കാൻ യോഗ്യമാവും. അല്ലെങ്കിൽ ഈ സെസിൽ നിന്നും ഒഴിവാകാനും മോഡലുകൾക്കാവും.


Click it and Unblock the Notifications








