ആളുകൾ ഇരച്ചെത്തും, പുതിയ ഹാരിയർ, സഫാരി മോഡലുകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ച് ടാറ്റ
പുതിയ മാറ്റങ്ങളുമായി എത്തുന്ന 2023 മോഡൽ ഹാരിയർ, സഫാരി എസ്‌യുവികൾക്കായുള്ള ബുക്കിംഗ് ആരംഭിച്ച് ടാറ്റ മോട്ടോർസ്. കാഴ്ച്ചയിൽ കാര്യമായ പരിഷ്ക്കാരങ്ങളൊന്നുമില്ലെങ്കിലും കിടിലൻ ഫീച്ചറുകളും സവിശേഷതകളുമായാണ് ജനപ്രിയർ വീണ്ടും വിപണിയിലേക്ക് എത്തുന്നത്. അടുത്തിടെ വിൽപ്പനയുടെ കാര്യത്തിൽ പിന്നോക്കം പോയെങ്കിലും ADAS സാങ്കേതികവിദ്യ ഉപയോഗിച്ച് ആളുകളെ വീണ്ടും കൈയിലെടുക്കാം എന്ന വിശ്വാസത്തിലാണ് ടാറ്റ.
2023 ഓട്ടോ എക്‌സ്‌പോയിൽ റെഡ് ഡാർക്ക് പതിപ്പിനൊപ്പം അടുത്തിടെ പ്രദർശിപ്പിച്ച പുതിയ ഫീച്ചറുകളും ADAS സാങ്കേതികവിദ്യയും ആളുകളെ കൂട്ടാൻ ടാറ്റ മോട്ടോർസിനെ സഹായിച്ചേക്കും. പ്രീമിയം മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ പ്രധാന മോഡലുകളാണ് ഹാരിയറും സഫാരിയും. പെട്രോൾ എഞ്ചിനുകൾ പൂർണമായും ഒഴിവാക്കിയിട്ടും നിരവധി ഉപഭോക്താക്കളെ കണ്ടെത്തിയ ചരിത്രവും വാഹനങ്ങൾക്ക് കൂട്ടിനായുണ്ട്.

അഡ്വാൻസ്ഡ് ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റവും ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഉള്ള ടാറ്റ ഹാരിയർ, സഫാരി എസ്‌യുവികൾക്കായുള്ള ബുക്കിംഗും കമ്പനി ഇപ്പോൾ ഔദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്. ശക്തമായ റോഡ് സാന്നിധ്യം, പ്രബലമായ സ്റ്റൈലിംഗ്, താരതമ്യേന വിശാലമായ ക്യാബിൻ, ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിംഗ് എന്നിവയാണ് ടാറ്റ എസ്‌യുവികളുടെ പ്രധാന ഹൈലൈറ്റുകളിൽ ചിലത്. അടുത്തിടെ മഹീന്ദ്ര മോഡലുകൾക്ക് മുന്നിൽ ചെറിയ ക്ഷീണം അനുഭപ്പെട്ടിട്ടുണ്ടെങ്കിലും ഇത് മറികടക്കാനാവുമെന്നാണ് പ്രതീക്ഷ.
ഇതിനായി ADAS ടെക്കിന് പുറമെ 360-ഡിഗ്രി ക്യാമറ, മെമ്മറി ഫംഗ്‌ഷനുള്ള പവർഡ് സീറ്റുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോയുള്ള വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വലിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ TFT ഡിസ്‌പ്ലേ എന്നിവയും അതിലേറെയും പോലുള്ള പുതിയ ഫീച്ചറുകളാണ് ടാറ്റ ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമെ വയർലെസ് ചാർജിംഗും ടൈപ്പ്-സി പോർട്ടുകൾ, ആറ് ഭാഷകളിൽ 200-ൽ അധികം വോയ്‌സ് കമാൻഡുകൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയും മോഡുകളിലേക്ക് ചേക്കേറും.

അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റത്തിൽ സാധാരണ എല്ലാ മോഡലുകളിലും കാണുന്ന അതേ സുരക്ഷാ ക്രമീകരണങ്ങൾ തന്നെ ടാറ്റ അവതരിപ്പിക്കും. അതായത് ഓട്ടോ എമർജൻസി ബ്രേക്കിംഗ്, ഫോർവേഡ്, റിയർ കൊളിഷൻ വാർണിംഗ്, റിയർ ക്രോസ്-ട്രാഫിക് അലേർട്ട്, ബ്ലൈൻഡ്‌സ്‌പോട്ട് ഡിറ്റക്ഷൻ, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ഹൈ ബീം അസിസ്റ്റ്, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ്, ലെയിൻ ചേഞ്ച് അലർട്ട് എന്നിവ പുതിയ ഹാരിയർ, സഫാരി മോഡലുകളിൽ വാഗ്ദാനം ചെയ്യുമെന്ന് സാരം
2023 ടാറ്റ ഹാരിയറിന്റെ മറ്റ് ഫീച്ചറുകളിൽ ആറ് തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, സെൻസറുകളുള്ള റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, എയർ പ്യൂരിഫയർ, ഫ്രണ്ട് ആംറെസ്റ്റ്, കൂൾഡ് സ്റ്റോറേജ്, ടിൽറ്റ്, ടെലിസ്‌കോപ്പിക് അഡ്ജസ്റ്റ് ചെയ്യാവുന്ന സ്റ്റിയറിംഗ് വീൽ, പുഷ് സ്റ്റാർട്ട് ബട്ടൺ ലാപ്‌ടോപ്പ് ട്രേ ഉള്ള ഗ്ലൗബോക്സ്, പിൻ എസി വെന്റുകൾ എന്നിവയും ഉൾപ്പെടുന്നുണ്ട്.

ഇത്തരം മാറ്റങ്ങളൊഴികെ എസ്‌യുവികളിൽ കാര്യമായ പരിഷ്ക്കാരങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ലാൻഡ് റോവറിൽ നിന്നും ഉരുത്തിരിഞ്ഞ ഒമേഗ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ടാറ്റ ഹാരിയർ, സഫാരി എന്നിവ ഒരുങ്ങിയിരിക്കുന്നത്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളിനെക്കുറിച്ച് ടാറ്റ ഇപ്പോൾ ഒന്നും വിശദമാക്കിയിട്ടില്ല. 170 bhp കരുത്തിൽ പരമാവധി 350 Nm torque ഉത്പാദിപ്പിക്കാൻ കഴിവുള്ള അതേ 2.0 ലിറ്റർ ക്രയോടെക് ടർബോ ചാർജ്‌ഡ് ഡീസൽ എഞ്ചിനുമായാവും ഇരുമോഡലുകളും വിപണിയിലെത്തുക.
ഇത് ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി കമ്പനി പരിഷ്ക്കരിച്ചിട്ടുമുണ്ട്. റിയൽ ഡ്രൈവ് എമിഷൻ ചട്ടങ്ങളും പാലിക്കും. ഗിയർബോക്‌സ് ഓപ്ഷനുകളിൽ പുതിയ ഓട്ടോമാറ്റിക് ഓപ്ഷനും മാനുവലും ഉൾപ്പെടും. ADAS ടെക്കും മറ്റ് പരിഷ്ക്കാരങ്ങളും ഉള്ളതിനാൽ ഇവയ്ക്ക് നിലവിലുള്ള മോഡലുകളേക്കാൾ വില കൂടുതലായിരിക്കുമെന്നതിലും സംശയമൊന്നും വേണ്ട.

ഇന്ത്യയിൽ മഹീന്ദ്ര XUV700, ഹ്യുണ്ടായി അൽകസാർ, എംജി ഹെക്ടർ, ജീപ്പ് കോമ്പസ്, കിയ സെൽറ്റോസ്, ഹ്യുണ്ടായി ക്രെറ്റ എന്നിവയുടെ ടോപ്പ് എൻഡ് വേരിയന്റുകളുമായാണ് ഹാരിയർ, സഫാരി മോഡലുകൾ മാറ്റുരയ്ക്കുക. കഴിഞ്ഞ മാസം 2023 ഓട്ടോ എക്‌സ്‌പോയിൽ ഹാരിയർ ഇവിയുടെ 4×4 ടാറ്റ പ്രദർശിപ്പിച്ചിരുന്നു. ഇത് അടുത്ത വർഷം ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. പുതിയ മാറ്റങ്ങൾ മോഡലിന്റെ വിൽപ്പന വർധിപ്പിക്കാൻ സഹായിക്കും.


Click it and Unblock the Notifications








